പന്തുരുളട്ടെ, മാനവികതക്കൊപ്പം'പന്തുരുളട്ടെ' (Let the ball roll) എന്ന മുഖ്യശീർഷകത്തിൽ ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ലോകകപ്പ് സ്പെഷൽ പതിപ്പ് (ലക്കം: 1290) ശ്രദ്ധേയമായി. കാൽപന്തുകളി ഒരു വിനോദത്തിനപ്പുറം എങ്ങനെയൊക്കെയാണ് നമ്മുടെ വിചാരങ്ങളെയും രാഷ്ട്രീയചിന്തകളെയുമെല്ലാം നയിച്ചതെന്ന് ഓർമപ്പെടുത്തുന്ന...
പന്തുരുളട്ടെ, മാനവികതക്കൊപ്പം
'പന്തുരുളട്ടെ' (Let the ball roll) എന്ന മുഖ്യശീർഷകത്തിൽ ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ലോകകപ്പ് സ്പെഷൽ പതിപ്പ് (ലക്കം: 1290) ശ്രദ്ധേയമായി. കാൽപന്തുകളി ഒരു വിനോദത്തിനപ്പുറം എങ്ങനെയൊക്കെയാണ് നമ്മുടെ വിചാരങ്ങളെയും രാഷ്ട്രീയചിന്തകളെയുമെല്ലാം നയിച്ചതെന്ന് ഓർമപ്പെടുത്തുന്ന ഒന്നാംതരം ലേഖനങ്ങളാണ് ആ പതിപ്പിൽ.
ഭാഗ്യനിർഭാഗ്യങ്ങളുടെ കളികൂടിയാണ് ഫുട്ബാൾ എന്നതിന് അതിന്റെ ചരിത്രംതന്നെയാണ് സാക്ഷി. ഗാലറികളുടെ ആരവങ്ങൾക്കിടയിലൂടെ കണ്ണീരുമായി സ്റ്റേഡിയം വിട്ട ഒരുപാട് ദുരന്തനായകരെ നാം കണ്ടിട്ടുണ്ട്. രാഷ്ട്രതന്ത്രത്തിന്റെയും യുദ്ധത്തിന്റെയും വേദിയായും ഫുട്ബാൾ കളങ്ങൾ ഒരുപാടുതവണ മാറിയിട്ടുണ്ട്. ഫുട്ബാളിലൂടെ യുദ്ധം തുടങ്ങിയതും സമാധാനം പുനഃസ്ഥാപിക്കാൻ കാൽപന്തുകളി ഒരു മാർഗമായി അവലംബിച്ചതുെമാന്നും കെട്ടുകഥകളല്ല; ചരിത്ര യാഥാർഥ്യങ്ങളാണ്. കളിക്കപ്പുറം, ഇത്തരത്തിൽ ഒേട്ടറെ മാനങ്ങൾ നിരീക്ഷിക്കപ്പെടുന്ന കാൽപന്തുകളിയുടെ ലോക പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുേമ്പാൾ, പല വിമർശനങ്ങളും നിലനിൽെക്കതന്നെ അത് സ്വാഗതം ചെയ്യപ്പെടുന്നത് ഇൗ കാരണങ്ങൾ കൊണ്ടുകൂടിയാണ്. പക്ഷേ, കളി ഖത്തറിലെത്തുമ്പോൾ വീണ്ടും രാഷ്ട്രീയ കളം മാറുകയാണ്. മുൻകാലങ്ങളിൽ കേട്ടതിനും കണ്ടതിനുമപ്പുറമുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പലപ്പോഴും അത് വിദ്വേഷപ്രചാരണത്തിന്റെ ഉപകരണങ്ങളായും മാറുന്നു. അതിനെ യഥാവിധി തുറന്നുകാണിക്കാൻ 'മർഹബൻ ബികും' (കെ. ഹുബൈബ്) എന്ന ലേഖനത്തിന് കഴിഞ്ഞിട്ടുണ്ട്. ''കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും, കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികം പേരെ ഉൾക്കൊള്ളും, ഗതാഗത സൗകര്യങ്ങളോ സ്റ്റേഡിയങ്ങളോ ഇല്ല, മതാധിഷ്ഠിത രാജ്യം ലോകകപ്പിലെ ബഹുമുഖ സംസ്കാരം എങ്ങനെ സഹിക്കും തുടങ്ങി ആരോപണങ്ങളും അന്താരാഷ്ട്രതലത്തിലെ പ്രചാരണവും കെട്ടഴിച്ചുവിട്ടു. ലോകകപ്പ് തുടങ്ങിയപ്പോൾതന്നെ ഈ സന്ദേഹങ്ങൾക്കെല്ലാം ഉത്തരമായിട്ടുണ്ട്. ലോകത്തിന്റെ തന്നെ അനുഭവസാക്ഷ്യമാണത്. ഖത്തർ വലിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ആ ചരിത്രസന്ധിയിലേക്ക് ഖത്തറിലെ പൗരന്മാരെയും പ്രവാസികളെയും ഭരണകൂടം ഒരുക്കിയതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് 'ആതിഥേയർ' (സജ്ന സാക്കി കോളക്കോടൻ) എന്ന ലേഖനം.
കേവലം കളിയെഴുത്തുകളായി ഈ പതിപ്പിലെ ലേഖനങ്ങളെ കാണാനാവില്ല. മലയാളികൾക്ക് എങ്ങനെയൊക്കെയാണ് കാൽപന്തുകളി ഒരു സംസ്കാരമാകുന്നതെന്ന് ചരിത്രത്തിന്റെ അകമ്പടിയോടെ വിശദീകരിക്കുകയാണ് മുസഫർ അഹമ്മദ്. ചാമ്പ്യൻ പദവിയുടെ സാധ്യതകളെ കാവ്യാത്മകമായി അവതരിപ്പിക്കുന്നു എൻ.എസ്. നിസാറിന്റെ ലേഖനം (ടിറ്റെയും സ്കലോനിയും ഖത്തറിൽ എന്തു ചെയ്യും). 1930ൽ ആരംഭിച്ച ഇൗ സോക്കർ മാമാങ്കത്തിൽ ഇപ്പോഴും കാഴ്ചക്കാരാകാൻ വിധിക്കപ്പെട്ട നാം ഇന്ത്യക്കാരുടെ ദുരവസ്ഥകൂടി ഇൗ സന്ദർഭത്തിൽ ചർച്ചചെയ്യേണ്ടതുണ്ട്. അധിനിവേശവും ആഭ്യന്തര കലഹങ്ങളും വലിയ ദുരിതങ്ങൾ വിതച്ച ചെറു രാഷ്ട്രങ്ങൾപോലും ലോകകപ്പിന് യോഗ്യത നേടിയിട്ടും എന്തുകൊണ്ടാകും നാം ഇപ്പോഴും പിന്നിൽതന്നെ നടക്കുന്നത്? ഫുട്ബാളിനെ സ്നേഹിക്കുന്ന വലിയൊരു ജനത ഇവിടെയുണ്ടെങ്കിലും ലോകനിലവാരത്തിലുള്ള ടീമിനെ വാർത്തെടുക്കാൻ സാധിക്കാത്തത് അടിസ്ഥാനപരമായി നമ്മുടെ മനോഭാവത്തിലുള്ള വൈകൃതങ്ങൾ കൊണ്ടുതന്നെയാണ്. എന്നാൽ, അടുത്തകാലത്തായി ചില മാറ്റങ്ങൾ പ്രകടമാകുന്നത് കാണാതിരുന്നുകൂടാ. 2014 മുതൽ ആരംഭിച്ച െഎ.എസ്.എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങൾ ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷയുടെ പുതുനാമ്പുകൾ സമ്മാനിച്ചിട്ടുണ്ട്. കേരളത്തിലും കൊൽക്കത്തയിലും ഗോവയിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യൻ ഫുട്ബാളിനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കാൻ െഎ.എസ്.എല്ലിലൂടെ സാധിച്ചിട്ടുണ്ട്. സമീപഭാവിയിൽ നാം ആ ലക്ഷ്യത്തിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ജാസിം മുഹമ്മദ്, വയനാട്
അംബേദ്കറുടെ സന്ദർശനം
ഡോ. അംബേദ്കർ കേന്ദ്ര നിയമ മന്ത്രിയായിരിക്കെ, പാർലമെന്റിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഹിന്ദു കോഡ് ബില്ലിനു വേണ്ട വിവരങ്ങൾ ശേഖരിക്കാനായി 1950 ജൂൺ എട്ടു മുതൽ 11ാം തീയതി വരെ നാലുദിവസം സർക്കാറിന്റെ ഔദ്യോഗിക അതിഥിയായി കേരളത്തിൽ വന്നു താമസിച്ചെന്നും, എന്നാൽ അക്കാര്യം സർക്കാർ ആരെയും അറിയിക്കാതെ പൂഴ്ത്തിവെച്ചെന്നും ചെറായി രാമദാസ് ചരിത്രരേഖകൾ കണ്ടെടുത്തും അവ വിശദമായി പരിശോധിച്ചും തികച്ചും ആധികാരികമായ ഒരു ലേഖനം മുമ്പ് എഴുതുകയുണ്ടായി. അംബേദ്കർക്ക് സംസ്ഥാനത്തുള്ള ചില ദലിത് കോളനികൾ സന്ദർശിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്ന് പിന്നാക്ക സമുദായ ഉന്നമന കമീഷൻ അപേക്ഷിച്ചെങ്കിലും, ഗവൺമെന്റ് ചീഫ് സെക്രട്ടറി ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സന്ദർശനത്തിനുള്ള ഏർപ്പാടുകൾ തന്ത്രപൂർവം ഒഴിവാക്കിയതിനെപ്പറ്റിയും ലേഖനത്തിൽ അദ്ദേഹം വിശദമായി എഴുതി. കേരള നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ സുവർണ ജൂബിലി പ്രദർശനത്തിൽ ആ ചരിത്രസംഭവത്തിന്റെ സൂചനപോലും ഇല്ലായിരുന്നു. പല കോണുകളിൽനിന്നും ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ കേരള നിയമസഭ മുറ്റത്ത് അംബേദ്കർ പ്രതിമ സ്ഥാപിച്ചപ്പോഴും ആ 'ഭാരതരത്ന'ത്തിന്റെ പഴയ സന്ദർശനം നാട് ഓർത്തില്ലെന്ന് അദ്ദേഹം വല്ലാതെ പരിതപിക്കുന്നു. നാലു ദിവസങ്ങളിലായി ഡോ. അംബേദ്കറുടെ 66 മണിക്കൂർ കൈയിൽ കിട്ടിയിട്ടും അതിൽ വെറും മൂന്ന് മണിക്കൂർ മാത്രമാണ് കഴമ്പുള്ള രണ്ട് പരിപാടികൾക്ക് (ഹിന്ദു കോഡ് ബില്ലുമായി ബന്ധപ്പെട്ട മരുമക്കത്തായ ചർച്ചയും പൊതുയോഗവും) നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ മാറ്റിവെച്ചത് എന്ന കാര്യം വേദനയോടെ ലേഖനത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം എഴുതി.
ചരിത്രാന്വേഷണം എന്നും നെഞ്ചോട് ചേർത്തുപിടിച്ചു പോരുന്ന അന്വേഷണകുതുകിയായ ചെറായി രാമദാസിന്റെ ചരിത്രബോധത്തെയും അന്വേഷണത്വരയെയും നിയതമാക്കുന്നതാണ് 1937ലെ അംബേദ്കറുടെ തിരുവിതാംകൂർ വരവിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'അംബേദ്കറുടെ തിരുവിതാംകൂർ ബന്ധത്തിനുമുണ്ട് തെളിവ്!' എന്ന ലേഖനം (ലക്കം: 1284). 20 വർഷം എന്നത് ഒരു മനുഷ്യായുസ്സിൽ വലിയൊരു കാലയളവാണ്. അത്രയും കാലയളവിനുള്ളിൽ അദ്ദേഹം ഡോ. അംബേദ്കറുടെ കേരള സന്ദർശന വിവരം ഒരുപാട് ക്ലേശങ്ങളനുഭവിച്ച് തേടുകയായിരുന്നു എന്ന് പറയുന്നു. ഇത് തികച്ചും അമ്പരപ്പിക്കുന്നതാണ്. അംബേദ്കറുടെ തിരുവിതാംകൂർ സന്ദർശനത്തിന്റെ ചരിത്രശേഷിപ്പുകൾ തേടി അദ്ദേഹം കണ്ടെത്തിയ രേഖകളിലൂടെ ഒരു വലിയ സഞ്ചാരമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരു യഥാർഥ ചരിത്രകാരന്റെ ഒടുങ്ങാത്ത അർപ്പണബോധം നമുക്കിവിടെ വായിച്ചെടുക്കാം.
അംബേദ്കർ നിലപാടുകളിലെ ശരികൾ ഇന്ന് ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ അംഗീകരിക്കുന്നുവെങ്കിലും, അദ്ദേഹം ജീവിച്ചിരുന്നപ്പോഴും ശേഷവും ഇന്ത്യ അദ്ദേഹത്തെ വേണ്ടവിധത്തിൽ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് കാലങ്ങളായി മറച്ചുവെക്കപ്പെട്ട 1950ലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കേരള സന്ദർശനം. അംബേദ്കർ എന്ന മഹാനായ ഭാരതപുത്രന്റെ ആരുമറിയാതെ കിടന്നിരുന്ന മഹത്തായ രണ്ട് സന്ദർശനങ്ങളുടെ വിവരങ്ങൾ ഏറെ വേദന സഹിച്ച് പൊതുജനങ്ങളുടെ മുന്നിൽ തുറന്നിട്ട ചെറായി രാമദാസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
പി.ടി. വേലായുധൻ, ഇരിങ്ങത്ത്, പയ്യോളി
കാണാതെ പോകരുത് മാരുതീയം
മാധ്യമം ആഴ്ചപ്പതിപ്പിന്റെ കഥാ പേജിൽ നീല മാരുതി 800. മാരുതി 800 കഥാപാത്രമാകുന്ന കഥ വേറെയുണ്ടോ?
പവനാ, നീ ആ എണ്ണൂറെടുത്ത് നമ്മുടെ വീട്ടിൽച്ചെന്ന്, ഒരുടുപ്പുമായിട്ട് ജില്ലാശുപത്രിയുടെ മോർച്ചറി വരെ വരാമോ? തിരിച്ചൊന്നും ചോദിക്കാനായില്ല, അമ്പോറ്റി സാറ് ഫോൺ കട്ടാക്കി. എന്നും ചിരികളോടെയാണ് ആ വിളിയവസാനിക്കുക. ഇന്ന് ശബ്ദത്തിലൊരു പതർച്ച.
ആ പതർച്ചയുടെ രഹസ്യം തേടിയുള്ള യാത്രയിൽ വായനക്കാരെ ചേർത്തുനിർത്തി കാട്ടിത്തരുന്ന ശൈലിയിലൂടെയാണ് കെ.എസ്. രതീഷ് മാധ്യമം ആഴ്ചപ്പതിപ്പിലെ കഥ 'മാരുതീയം' (ലക്കം: 1290) അവതരിപ്പിച്ചിരിക്കുന്നത്. സലീം റഹ്മാന്റെ ചിത്രീകരണത്തിലൂടെ വായനക്കാരെ ത്രില്ലടിപ്പിച്ചാണ് മദ്യമണമുള്ള കഥ വളരുന്നത്. പവനൻ, അമ്പോറ്റി സാറ്, ഭാര്യ നാൻസി ഫിലിപ്പ്, കൈത എന്നീ അത്യുഗ്രൻ കഥാപാത്രങ്ങളോടൊപ്പം മാരുതി 800ഉം ഹോണ്ടാ സിറ്റിയും. കഥയുടെ തലക്കെട്ട് ആരെയും കൊതിപ്പിക്കും. പവനന്റെയും പോറ്റിസാറിന്റെയും ആത്മബന്ധത്തിലൂടെ കഥ പറയുന്ന രതീഷ് പഠിപ്പിക്കാനെളുപ്പമാണ് പാടാനല്ലേ പാട് എന്ന് വായനക്കാരോട് പറയുന്നു. കഥയിൽ നാൻസിയുടെ ജീവിതം നമ്മളിൽ ചോദ്യങ്ങളുണ്ടാക്കും. കെണികളിലൂടെ മനുഷ്യരെ പെടുത്തിക്കളയുന്ന ചിലരുടെ കഥയാണിത്. ആശംസകൾ രതീഷ്, സലീം റഹ്മാൻ... എല്ലാവിധ നന്മകളും നേരുന്നു.
സന്തോഷ് ഇലന്തൂർ (ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.