ലക്കം 1264ൽ ഡോ. സിബു മോടയിലും ആൽവിൻ അലക്സാണ്ടറും ചേർന്നെഴുതിയ '(അ)സാമാന്യതയുടെ പ്രത്യയശാസ്ത്രവും ദർശനവും സി.ബി.ഐ സിനിമകളിൽ' എന്ന ലേഖനത്തോട് അനുബന്ധമായി ഒരു കാര്യം കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. യഥാർഥത്തിൽ മലയാളികൾക്ക് കുറ്റാന്വേഷണ സിനിമകളോട് താൽപര്യക്കുറവുണ്ടോ? അല്ലെങ്കിൽ മലയാളം ഗുണനിലവാരമുള്ള കുറ്റാന്വേഷണ സിനിമകൾ ഉൽപാദിപ്പിക്കുന്നുണ്ടോ? യഥാർഥത്തിൽ ഉള്ളടക്കത്തിലും പ്രമേയ വൈവിധ്യങ്ങളിലും ഇന്ത്യൻ സിനിമയിലെ സമ്പന്ന ശാഖയായ മലയാളം കുറ്റാന്വേഷണ സിനിമകളുടെ കാര്യത്തിൽ അൽപം പിന്നിലാണെന്ന് പറയേണ്ടിവരും. മലയാളത്തിലെ എണ്ണംപറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ എണ്ണം എടുത്താൽ വിരലിലെണ്ണാനേ ഉണ്ടാകൂ. എൺപതുകളിൽ കെ.ജി. ജോർജ്, പത്മരാജൻ, കെ. മധു, വി.കെ. പവിത്രൻ അടക്കമുള്ള സംവിധായകർ കുറ്റാന്വേഷണ സിനിമ വിഭാഗത്തിലേക്ക് കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അടുത്തിടെ ജിത്തു ജോസഫ്, റോഷൻ ആൻഡ്രൂസ് അടക്കമുള്ളവർ നൽകിയ സംഭാവനയും വിലകുറച്ചുകാണുന്നില്ല. ഒ.ടി.ടിയുടെ വരവോടെ കൂടുതൽ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രങ്ങൾ അധികരിക്കുന്നുണ്ട്. കുറ്റാന്വേഷണ സിനിമകളുടെ ഉള്ളടക്കവും അനുഭവവും പ്രാദേശിക വ്യതിയാനങ്ങളില്ലാതെ ഏവർക്കും അനുഭവിക്കാനാകും എന്നതാണ് ഇതിന് കാരണം. ലോക ചലച്ചിത്രമേളകളിലും അക്കാദമി അവാർഡുകളിലുമെല്ലാം കുറ്റാന്വേഷണ സിനിമകളെ വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമ്പോൾ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും അത്തരം പരിഗണനയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതാണ്ടെല്ലാ മലയാളികളും വായന തുടങ്ങിയത് ഡിറ്റക്ടിവ്, ക്രൈം സാഹിത്യങ്ങൾ വായിച്ചുകൊണ്ടാണെങ്കിലും അത് എഴുതുന്നവരെ എന്നും പുറമ്പോക്കിൽ പ്രതിഷ്ഠിക്കുന്നതായിരുന്നു രീതി. സിനിമയിൽ അത് സംഭവിച്ചുകൂടാ. കാണികളെ പിടിച്ചിരുത്തുന്ന കുറ്റാന്വേഷണ സിനിമകൾ ഇവിടെയുണ്ടാകട്ടെ.
യദുകൃഷ്ണ, പാലക്കാട്
പേടി മാറണമെങ്കിൽ കോടതികൾ മലയാളം പറയണം
ലക്കം 1264ൽ സുബൈർ അരിക്കുളത്തിന്റെ 'കോടതികൾ എന്തിനാണ് മലയാളത്തെ പേടിക്കുന്നത്?' എന്ന ലേഖനം സാധാരണക്കാരുടെ ഭാഷ സംസാരിക്കാത്ത കോടതി സംവിധാനം നിലനിൽക്കുന്നിടത്ത് ജനാധിപത്യം പൂർണമാകില്ലെന്ന തിരിച്ചറിവു നൽകി. കൊളോണിയൽ ആധിപത്യത്തിനു മുമ്പുള്ള നിയമവ്യവസ്ഥ, ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് കാലത്തെ നീതി, മലബാർ-തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിലെ സാമൂഹിക മാറ്റം എന്നിവ അവലോകനം ചെയ്ത് കോടതി ഭാഷകൾ പ്രാദേശിക ഭാഷയിലായിരിക്കണമെന്ന ഭരണഘടന സാധുതയും ഗവേഷക ബുദ്ധിയോടെ ലേഖകൻ അവതരിപ്പിക്കുന്നു.
കോടതിയിലെ ഭാഷാമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മാറ്റം സംഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഭാഷാമാറ്റ ശ്രമങ്ങളുടെ ചരിത്രം ലേഖനത്തിൽ വിശദമാക്കുന്നത് പ്രത്യേക പരാമർശമർഹിക്കുന്നു. ഇംഗ്ലീഷിലെ നിയമ പദാവലികൾക്കനുയോജ്യമായ മലയാള പദങ്ങൾ ഇല്ലെന്നുള്ളതുൾപ്പെടെയുള്ള എതിർവാദങ്ങൾ ബാലിശമെന്നേ പറയാനാകൂ. ശാസ്ത്രവിഷയങ്ങൾപോലും മാതൃഭാഷയിൽ പഠിക്കാമെന്നും പഠിപ്പിക്കാമെന്നുമിരിക്കെ, ആ മേഖലയിൽ മാതൃഭാഷയിൽ പുതിയ പദങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് നിയമമേഖലയിൽ മാത്രം ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിയാതെ പോകുന്നത്. ''വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും'' എന്ന സാമാന്യ തത്ത്വമേ ഇവിടെ പറയാനുള്ളൂ.
കോടതികളിലെ ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് കാലാകാലങ്ങളായി ഉണ്ടായിട്ടുള്ള കമീഷനുകളും, മന്ത്രിതല ഉന്നത സമിതികളുമെല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിരിക്കെ, ഇനി അതൊക്കെ അയവിറക്കിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉത്തരവാദിത്തബോധമുള്ള, ആർജവമുള്ള ഒരു ഭരണകൂടത്തിന് കൈകാര്യം ചെയ്യാവുന്ന വിഷയമേയുള്ളൂ, കോടതികളുടെ ഭാഷ. സാധാരണക്കാർക്കും കോടതി വ്യവഹാരങ്ങൾ മനസ്സിലാക്കാൻ അതു വേണ്ടിവരും എന്നതു മാത്രമല്ല, സാധാരണക്കാർക്ക് കോടതി എന്നു കേൾക്കുമ്പോഴുള്ള ഭയപ്പാട് ഒരു വലിയ പരിധിവരെയെങ്കിലും മാറാനും ഇത്തരത്തിലുള്ള ഭാഷാമാറ്റം സഹായകമാകും.
നവകേരളം ചർച്ചചെയ്യേണ്ട ഒരു പ്രധാന വിഷയം ഉയർത്തിക്കാട്ടി കവർ സ്റ്റോറി അവതരിപ്പിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും ലേഖകൻ സുബൈർ അരിക്കുളത്തിനും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.
ദിലീപ് വി. മുഹമ്മദ്, കാലാമ്പൂര്
കോടതിയുടെ ഭാഷ; സർക്കാർ ഇടപെടണം
കോടതികളിൽ മലയാള ഭാഷ ഉപയോഗിക്കണമെന്ന് അർഥശങ്കക്ക് ഇടയില്ലാതെ എഴുതിയ സുബൈർ അരിക്കുളത്തിന്റെ മാതൃഭാഷാ പ്രണയം പ്രശംസനീയംതന്നെ! (ലക്കം 1264.) മാധ്യമം ആഴ്ചപ്പതിപ്പിൽ സമീപകാലത്ത് വായിച്ച ഒരു ഉജ്വല എഴുത്താണ് സുബൈറിന്റേത്. കേരളത്തിൽ കോടതികൾ സ്ഥാപിക്കപ്പെടുന്ന പശ്ചാത്തലവും വർഷവും വായിക്കാൻ കഴിഞ്ഞതിലൂടെ പുതിയ അറിവാണ് എന്നെപ്പോലുള്ളവർക്ക് ലഭിച്ചത്. സുബൈറിന്റെ വിജ്ഞാനപ്രദമായ ലേഖനം ജഡ്ജിമാരും അഭിഭാഷകരും ഹൃദിസ്ഥമാക്കേണ്ടതാണ്.
നീതിതേടി കോടതിയിൽ എത്തുന്നവർക്ക് വക്കീലുമാർ തങ്ങൾക്കുവേണ്ടി വാദിക്കുന്നത് എന്താണെന്ന് അറിയാൻ കഴിയാത്ത ദുരവസ്ഥ അപലപനീയമാണ്. മാതൃഭാഷ കോടതികളിൽ ഉപയോഗിച്ച് നിയമനടപടികൾ സുതാര്യമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതിയിലായാലും സമൂഹത്തിന്റെ ഏത് മേഖലയിലായാലും പൊതുജനത്തിന് മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കേരളത്തിലെ കോടതികളിൽ കേസുമായി എത്തുന്ന തൊണ്ണൂറു ശതമാനവും മലയാളികളാണ്. അതിനാൽ കോടതി നടപടികൾ മലയാളത്തിലാക്കാനുള്ള മാർഗനിർദേശം സർക്കാറിൽനിന്ന് ഉടനടി ഉണ്ടാകേണ്ടതാണ്.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ
ശരത് കൃഷ്ണയുടെ കഥ ഒരു നാഴികക്കല്ലാണ്
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1264) ശരത് കൃഷ്ണ എഴുതിയ 'കഠാരക്കാറ്റിലെ ചോരമണം' വായിച്ചു. സിനിമാ മേഖല പശ്ചാത്തലമാക്കി നമ്മുടെ ഭാഷയിലുണ്ടായ മികച്ച കഥകളിലൊന്നാണിത്. മലയാള സാഹിത്യത്തിലെ വൈരുധ്യങ്ങൾ തിരയുന്നൊരു സാഹിത്യപഠിതാവിനെ അത്ഭുതപ്പെടുത്തുന്നൊരു വസ്തുതയുണ്ട്.
നമ്മുടെ ലബ്ധപ്രതിഷ്ഠരായ എല്ലാ എഴുത്തുകാരുടെയും കൃതികൾ ഇവിടെ ചലച്ചിത്രങ്ങളായിട്ടുണ്ട്. സിനിമ നിർമിക്കാനായി തങ്ങളുടെ കഥയോ നോവലോ നൽകുക മാത്രമല്ല അവർ ചെയ്തത്. പലരും തിരക്കഥയും രചിച്ചിരുന്നു. സിനിമാമേഖലയുമായി അവരിൽ പലരും അങ്ങനെ പരിചിതരാണ്.
എന്നിട്ടും കഥയോ നോവലോ എഴുതിയപ്പോൾ ചലച്ചിത്രമേഖലയെ അവരധികംപേരും പശ്ചാത്തലമാക്കിയില്ല!
എം.ടി, പത്മരാജൻ, സി. രാധാകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി എത്രയോ അതികായർ ഉണ്ടായിട്ടും! ഇങ്ങേ അറ്റത്ത് സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും കെ.ആർ. മീരയും ഹരീഷും വിനോയ് തോമസും വരെ അസംഖ്യം പേർ. പക്ഷേ, കേശവദേവിന്റെ നടി പോലെ ചുരുക്കം ചില കൃതികൾ മാത്രമാണ് സിനിമ പശ്ചാത്തലമായി നമുക്ക് കിട്ടിയ രചനകൾ.
അസാധാരണ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് ചലച്ചിത്രരംഗത്തുള്ളവരൊന്നടങ്കം.
എന്നിട്ടുമെന്തോ, ആ മേഖല പരിചയമുള്ള എഴുത്തുകാർപോലും കഥകൾക്കും നോവലിനും അവ പശ്ചാത്തലമാക്കിയേയില്ല. ശ്രദ്ധേയമായ ഒരു കൃതിയും ചലച്ചിത്ര പശ്ചാത്തലത്തിൽ മലയാളത്തിലുണ്ടെന്ന് പറയാനാകില്ല. നല്ല ആത്മകഥകളോ ജീവചരിത്രമോപോലും.
ഈ സാഹചര്യത്തിലാണ് ശരത്കൃഷ്ണയുടെ കഥ ഒരു നാഴികക്കല്ലാകുന്നത്. ശരത്കൃഷ്ണയുടേത് സിനിമയുടെ പശ്ചാത്തലത്തിൽ പറയുന്ന ഒരു പ്രണയകഥയാണ്. അതിമനോഹരമാണ് ശരത്തിന്റെ കഥാഭാഷ. ചിലയിടത്തെങ്കിലും അത് കവിതയെ തൊടുന്നു.
ഉണ്ണികൃഷ്ണൻ, ശ്രീകണ്ഠപുരം
പാതയോര സവാരിപോലെ ഒരു കഥ
ജിസ ജോസ് ആഴ്ചപ്പതിപ്പി (ലക്കം: 1265)ൽ എഴുതിയ 'അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങി പോകുന്നു' എന്ന കഥ വായിച്ചു. വണ്ടിയെ പ്രണയിച്ച ഒരുവനും വണ്ടിയെ പ്രണയിക്കാത്ത മറ്റൊരുവനും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു പെണ്ണിനെ കരുവാക്കി മുതലാളി-തൊഴിലാളി ബന്ധത്തെ ചൂഷണം ചെയ്യുന്നതും അവിടെ തൊഴിലാളി ഉണരുന്നതും ഒരു പെണ്ണും ആണും തമ്മിലുള്ള അവിഹിതത്തിൽ പെണ്ണിനെ ചരക്ക് മാത്രമാക്കി ഒതുക്കിയ നേരത്ത് പെണ്ണ് ഉണരുന്നതും കഥയാക്കി മാറ്റുകയായിരുന്നു. കഥ ഒരു സുഖകരമായ പാതയോര സവാരിപോലെ ആഹ്ലാദകരംതന്നെ. ഒരിടത്തും ബ്ലോക്കാകാതെയുള്ള പൊരിസവാര.
താൻ അനുഭവിച്ച പെണ്ണിനെ ചരക്കെന്ന് മറ്റൊരുവനോട് പറയുമ്പോൾ പറയുന്നവന്റെ ഭാര്യ ചരക്കല്ലേയെന്ന് തിരിച്ചു ചോദ്യമെറിയുമ്പോൾ അവന്റെ ചോര തിളക്കും. അഥവാ 'അവിഹിതത്തിന്' വിധേയമാക്കുന്ന പെണ്ണിനോട് ഭാര്യക്ക് മേലേ പൊതിഞ്ഞ ബന്ധരുചിയില്ല. ഭാര്യ തന്റെ സ്വന്തമെന്ന ബോധം വിവാഹത്തിലൂടെ അയാൾക്ക് ലഭിക്കുന്നു. അവിഹിതം അങ്ങനെയല്ലല്ലോ, അത് വേണമെങ്കിൽ അവൻ കൂട്ടുകാരനും പങ്കായി നൽകും.
വണ്ടിപ്രണയം കഥയിൽ വിസ്താരമായി. ഉപയോഗിച്ച് മതിയായത് വലിച്ചെറിയുക എന്നത് മുതലാളിത്ത ക്ലീഷേയാണല്ലോ? വിനീത് എസ്. പിള്ളയുടെ വരകൾ കഥയറിഞ്ഞു.
നസ്റു ഷമി, കറുപ്പംവീട്
കഥകൾ പൂത്തുലഞ്ഞ പതിപ്പ്
പുതിയ കഥയെഴുത്തുകാര്‍ക്ക് സ്വഛന്ദമായ കഥാസരിത്സാഗരത്തിലേക്ക് കടന്നുവരാനുള്ള വാതിലുകള്‍ തുറന്നിട്ടുകൊണ്ട് ആഴ്ചപ്പതിപ്പ് ഇടവേളകളിൽ ഇറക്കുന്ന കഥാപ്പതിപ്പുകള്ക്ക് വലിയ പ്രസക്തിയുണ്ട്. അതിലൂടെ കഥയുടെ പുതുലോകം പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു.
ലക്കം: 1264 കഥാപ്പതിപ്പിലെ അഞ്ചു കഥകളും മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും 'അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങിപ്പോകുന്നു' എന്ന ജിസ ജോസിന്റെ കഥ ജെയിംസ് ഹാഡ്ലി ചെയ്സിന്റെ നോവലുകള്‍പോലെ എന്നെ അത്ഭുതപ്പെടുത്തി. അനിതരസാധാരണമായ ഭാവനയില്‍ വിരിഞ്ഞ ഒരു സൗഗന്ധികപ്പൂവാണ് ആ കഥയെന്ന് എനിക്ക് തോന്നുന്നു. ആകാംക്ഷയുടെ കണികകള്‍ പടിപടിയായി വായനക്കാരില്‍ നിറയ്ക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. മിനി പി.സിയുടെ 'ഹിമാലയന്‍ വയാഗ്ര' സൗമ്യമായി ഒഴുകിപ്പരക്കുന്ന സരയൂ നദിപോലെ ശാന്തം - ലളിതം. പ്രവീണ്‍ ചന്ദ്രന്റെ 'ജ്വാലാ ലൈബ്രറിയിലെ തീപ്പിടിത്തം' പ്രമേയത്തില്‍ പുതുമയില്ലെങ്കിലും ആവിഷ്കാരചാരുതകൊണ്ട് നന്നായിരിക്കുന്നു. ശ്രീജിത്ത് കൊന്നോളിയുടെ 'കളിപ്പന്തല്‍' അനുപമമായ ലയഭംഗിയാലും വൈകാരിക ഭാവനയാലും അക്ഷരാർഥത്തിലുള്ള വാങ്മയ സാക്ഷ്യമായി. അനില്‍ ദേവസ്സിയുടെ 'ഡാര്‍വിന്റെ ജ്ഞാനസ്നാനം' പുതുമ നിറഞ്ഞൊരു കഥയാണെങ്കിലും തുടക്കത്തിലെ കൈയടക്കം അന്ത്യംവരെ സൂക്ഷിക്കാന്‍ കഥാകൃത്തിനായോ എന്നൊരു സംശയം തോന്നി.
പുതുമയുള്ള മേച്ചില്‍പ്പുറങ്ങളിലൂടെ ഇന്നത്തെ തലമുറ സാർഥവാഹകസംഘങ്ങളെപ്പോലെ നടന്നുനീങ്ങുന്നതു കാണുമ്പോള്‍ മനസ്സു നിറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിനും കഥാകൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.
സണ്ണി ജോസഫ്, മാള
ഉദ്വേഗത്തിന്റെ വിത്തെറിഞ്ഞ കഥ
ആകസ്മികതകളുടെ സമാഹാരമാണ് ജീവിതം. എല്ലാ പ്രതീക്ഷകൾക്കിടയിലും ഒരു അപ്രതീക്ഷിതത്വം കരുതിെവച്ചിട്ടുണ്ടാവും. അത്രമേൽ ഗാഢമെന്നു കരുതുന്ന ബന്ധങ്ങൾക്കിടയിലും ഒരു ശൂന്യത തളംകെട്ടികിടപ്പുണ്ടാവും. ഏതു നിമിഷവും ഭൂമി പിളർന്നുപോവുകയോ പർവതങ്ങൾ ഇടിഞ്ഞുവീഴുകയോ പേമാരി പെയ്യുകയോ ചെയ്യാം. അവിചാരിതമായ ഒന്ന് സംഭവിക്കാനിരിക്കുന്നു ഏതൊരാളുടെ ജീവിതത്തിലും എന്നതാണ് മനോഹര ഭാഷയിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ ആഴ്ചപ്പതിപ്പിലെ 'ദൈവത്തിന്റെ ഏകാന്തത' എന്ന കഥയിലൂടെ വായനക്കാരോട് പറയുന്നത് (ലക്കം: 1263).
ഒരാൾക്ക് നായകനാകാൻ എന്തെങ്കിലും പ്രത്യേകത വേണോ സർ? താങ്കളുടെ ജീവിതത്തിൽ താങ്കളല്ലേ നായകൻ. എന്റെ ജീവിതത്തിൽ ഞാൻ തന്നെയാണ്. എല്ലാവരുടെയും കാര്യത്തിൽ അങ്ങനെതന്നെയാവും. ചിലരുടെ കാര്യത്തിൽ നായകനും പ്രതിനായകനും അയാൾതന്നെയായിരിക്കും, അല്ലേ സർ?വായനക്കാരുടെ ഹൃദയത്തിലേക്ക് നുഴഞ്ഞു കയറുന്ന സൂപ്പർ ഡയലോഗുമായി ഉദ്വേഗത്തിന്റെ വിത്തെറിഞ്ഞ കഥ ഒറ്റയിരുപ്പിൽ വായിച്ചാസ്വദിച്ചു.
നല്ല വായനാനുഭവം പകർന്ന മികച്ച കഥ. മനോഹരമായ എഡിറ്റിങ്.അത്യുഗ്രൻ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും.വളരെ കുറച്ച് മാത്രം കഥ എഴുതുന്ന ഉണ്ണികൃഷ്ണന് ഹൃദയപൂർവം അഭിനന്ദനം.
സന്തോഷ് ഇലന്തൂർ
സാംസ്കാരിക കേരളം മുന്നിട്ടിറങ്ങണം
കോടതികൾ എന്തിനാണ് മലയാളത്തെ പേടിക്കുന്നത് എന്ന ശീർഷകത്തിൽ (ലക്കം: 1264) വന്ന മുഖ ലേഖനമാണ് ഈ കുറിപ്പിന്നാധാരം. ലോകസമൂഹത്തിൽ മാതൃഭാഷക്ക് അപരത്വം കൽപിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ അഭിമാനം കണ്ടെത്താൻ ശ്രമിക്കുന്ന കാപട്യത്തിന്റെ പൊയ്മുഖം പേറുന്ന തോറ്റ ഒരു സമൂഹമാണ് നാം മലയാളികൾ. കോടതി വ്യവഹാരങ്ങൾ മാത്രമല്ല, സർക്കാർ ഉത്തരവുകൾക്ക് പോലും ആംഗലേയപ്രാധാന്യം നൽകാൻ വല്ലാതെ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിൽ മലയാള ഭാഷക്കുവേണ്ടി നിലകൊള്ളാൻ ശക്തമായ ജനമുന്നേറ്റങ്ങൾ അത്യാവശ്യമാണ്.
ഒപ്പം അറിയാതെപോലും മാതൃ ഭാഷ മൊഴിഞ്ഞുപോയാൽ പിഴയിടുന്ന സ്ഥാപനങ്ങളിൽ വമ്പൻ ഫീസ് കൊടുത്ത് മക്കളെ പഠിക്കാനയക്കുന്ന പൊങ്ങച്ചത്തിന്റെ മസ്തകം അടിച്ചു പൊട്ടിക്കാനും സാംസ്കാരിക കേരളം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ഇസ്മായിൽ പതിയാരക്കര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.