വർത്തമാന ഇന്ത്യ കവിതയാകുന്നുപുഴുവിനെ പിടിച്ചു പൂമ്പാറ്റ ആക്കുന്ന പ്രകൃതിയുടെ ശിൽപവൈഭവംപോലെ ലളിതവും ആശയസമ്പുഷ്ടവുമാണ് ലക്കം 1267ൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ 'ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ'. വില്യം വേർഡ്സ് വർത്ത് എഴുതിയപോലെ പ്രശാന്തതയിൽ അയവിറക്കപ്പെടുന്ന വികാരമാണ് കവിത. മനുഷ്യസന്തതികളെ ആശയങ്ങളിലേക്ക് നയിക്കുകയാണ് ഏതൊരു കവിതയുടെയും പ്രഥമധർമം. കാലത്തിന്റെ തടവുകാരൻകൂടിയാണ് കവി. ഇതുകൊണ്ടാവണം രാജഭരണം...
വർത്തമാന ഇന്ത്യ കവിതയാകുന്നു
പുഴുവിനെ പിടിച്ചു പൂമ്പാറ്റ ആക്കുന്ന പ്രകൃതിയുടെ ശിൽപവൈഭവംപോലെ ലളിതവും ആശയസമ്പുഷ്ടവുമാണ് ലക്കം 1267ൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ 'ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ'. വില്യം വേർഡ്സ് വർത്ത് എഴുതിയപോലെ പ്രശാന്തതയിൽ അയവിറക്കപ്പെടുന്ന വികാരമാണ് കവിത. മനുഷ്യസന്തതികളെ ആശയങ്ങളിലേക്ക് നയിക്കുകയാണ് ഏതൊരു കവിതയുടെയും പ്രഥമധർമം. കാലത്തിന്റെ തടവുകാരൻകൂടിയാണ് കവി. ഇതുകൊണ്ടാവണം രാജഭരണം കവികളെ ഏൽപിക്കണമെന്ന് കാവ്യമീമാംസകർ പണ്ടേ എഴുതിവെച്ചത്.
ജനിച്ചത് ഇവിടെ ആണെന്നുപോലും അറിയാതെ ഓർമവെച്ച നാൾ മുതൽ ഞാൻ ഇവിടെയാണെന്ന ബോധത്തോടുകൂടി വളർന്നുപോരുന്ന മനുഷ്യരുടെ/രാജ്യത്തിന്റെ/ജുഡീഷ്യറിയുടെ പരിച്ഛേദമാണ് 'ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ'. ശവപ്പെട്ടി എന്ന പ്രയോഗം കേവല ആലങ്കാരികമാണ്.
പുറപ്പെട്ടുപോകുന്ന വാക്കുകളുടെ ഘടനാവിഷ്കാരം, തിരഞ്ഞെടുത്ത പദങ്ങളുടെ ക്രോഡീകരണം എന്നിവ എല്ലാതരം വായനക്കാരെയും വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. കവിയായതുകൊണ്ടാകണം മൗനം വാചാലം ആവാതെ ഒതുങ്ങിക്കൂടുന്നത്. മറിച്ചായിരുന്നെങ്കിൽ ഇതിനകം ഗൗരി ലങ്കേഷ് ആയേനെ. വിരക്തിയുടെ വികാരമാണ് കവിത. രാജ്യം ഒട്ടുക്കും സംഭവിക്കുന്ന ദേശീയപ്രശ്നങ്ങളെല്ലാം കവിതയിൽ അന്തർലീനമാണ്. നിലവിലെ ഇന്ത്യൻ അവസ്ഥയാണ് കവിതയുടെ ഉള്ളടക്കം. നന്ദി കവിക്കും മാധ്യമം അണിയറശിൽപികൾക്കും.
വി.കെ.എം കുട്ടി, ഈസ്റ്റ് മലയമ്മ
സച്ചിദാനന്ദന്റെ കവിത ബോറടിപ്പിച്ചു
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം: 1267 ലെ 'ശവപ്പെട്ടിക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ' എന്ന സച്ചിദാനന്ദന്റെ കവിത ബോറടിപ്പിച്ചു. പ്രമേയത്തിലോ ആലോചനയിലോ ഭാഷയിലോ ഒരു പുതുമയുമില്ലാത്ത, നൂറുവട്ടം പറയപ്പെട്ട ഒരു വിഷയം. 'കാവിയും വന്ദേമാതരവും' പറഞ്ഞു തീരുമ്പോഴേക്കും കവിത്വത്തിന്റെ ഗരിമയും ചൂടും ചോർന്ന് വരികൾ കേവല പ്രസ്താവനയിലേക്ക് കൂപ്പുകുത്തുന്നു. വായനക്കാരന്റെ സമയം നഷ്ടമായതു മിച്ചം. സച്ചിദാനന്ദൻ ആയതുകൊണ്ടാണോ മലയാളത്തിലെ ഈടുറ്റ ഒരു പ്രസിദ്ധീകരണത്തിന്റെ തുടക്ക പേജിൽ ആഴദരിദ്രമായ ഈ സൃഷ്ടി ഇടം കണ്ടെത്തിയത്?
സലാം കരുവമ്പൊയിൽ
ഹിമാലയൻ വയാഗ്ര മികച്ച അനുഭവം
വാർത്തയിലേക്ക്..! 'ഹിമാലയന്‍ വയാഗ്ര' തേടിപ്പോയ 8 പേര് മരിച്ചു.
കാഠ്മണ്ഡു: നേപ്പാളിലെ ദോല്പ ജില്ലയില്‍ 'ഹിമാലയന്‍ വയാഗ്ര' എന്നറിയപ്പെടുന്ന ഔഷധഗുണങ്ങളുള്ള അപൂര്‍വയിനം ഫംഗസായ യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ മരിച്ചു. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമെന്ന് പേരുകേട്ട യര്‍സഗുംബ 10,000 അടി ഉയരത്തിലുള്ള ഹിമാലയന്‍ മലനിരകളില്‍ മാത്രമാണ് കാണപ്പെടുന്നത്. എല്ലാ വേനൽക്കാലത്തും അമൂല്യമായ ഈ വസ്തു തേടി ആളുകള്‍ ഹിമാലയം കയറാറുണ്ട്. ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഗ്രാമിന് 100 ഡോളര്‍വരെയാണ് ഇതിന്റെ വില.
നാഷനൽ ജിയോഗ്രഫിക്കിന്റെ 2012ൽ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നതുപ്രകാരം ഏറ്റവും ഗുണനിലവാരമുള്ള ഹിമാലയൻ വയാഗ്രക്ക് ഒരു പൗണ്ടിനു 50,000 ഡോളറാണ് അമേരിക്കൻ വിപണിയിലെ വില. അതായത് ഒരു കിലോഗ്രാമിനു ഏകദേശം '70 ലക്ഷം ഇന്ത്യൻ രൂപ.'
പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം' എന്ന ഗ്രന്ഥത്തിലാണ് യർസഗുംബയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത്. ഈ 'അന്യൂനമായ നിധി' കഴിക്കുന്നവർക്ക് അസാധ്യമായ നേട്ടങ്ങൾ ലഭിക്കുമെന്നാണ് ഈ ഗ്രന്ഥം ഇതിനെക്കുറിച്ചു പറയുന്നത്. ''ഇതൊരൽപം ഒരു കപ്പ് ചായയിലോ സൂപ്പിലോ ഇട്ടു തിളപ്പിച്ചു കുടിച്ചാൽ നിങ്ങളുടെ എല്ലാ രോഗങ്ങളും പമ്പകടക്കും'' എന്നും ഗ്രന്ഥം പറയുന്നു.
ഹിമാലയൻ വയാഗ്രയെ കുറിച്ച് ഗൂഗ്ൾ ചെയ്തപ്പോൾ കിട്ടിയ ഒരു വാർത്തയുടെ കുറച്ച് ഭാഗമാണിത്. ആഴ്ചപ്പതിപ്പ് ലക്കം: 1265 പ്രസിദ്ധീകരിച്ച മിനി പി.സിയുടെ 'ഹിമാലയൻ വയാഗ്ര' എന്ന കഥ വായിച്ചപ്പോൾ തോന്നിയ കൗതുകത്തിലാണ് കൂടുതലറിയാൻ തേടിപ്പോയത്.
മനുഷ്യന്റെ മനസ്സ് ആരാലും അളന്ന് തിട്ടപ്പെടുത്താൻ കഴിയില്ല. ഒരു മനുഷ്യന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഒരു മനുഷ്യൻ എങ്ങനെയായിരിക്കുമെന്നും നമുക്കൂഹിക്കാൻ കഴിയില്ല. ഒരിക്കലും നിജപ്പെടുത്താൻ കഴിയാത്ത ഒന്നാണ് മനുഷ്യൻ എന്ന് രേഖപ്പെടുത്തുന്ന കഥയാണ് 'ഹിമാലയൻ വയാഗ്ര'. ആരാണ് യഥാർഥ മനുഷ്യൻ എന്ന ചോദ്യവും കഥ ഉന്നയിക്കുന്നുണ്ട്. തന്റെ മനസ്സിന്റെ പിറകെ സഞ്ചരിക്കുന്നവരും മറ്റുള്ളവർ വിചാരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്നവരുണ്ട്. ബേബിയും ബെന്നിയും മറിയവും കുഞ്ഞന്നവും സോഫിയും സാന്ദ്രയും നേപ്പാളുകാരൻ ഗൂർഖയും തുടങ്ങി വളരെക്കുറച്ചു പേർ മാത്രം അഭിനയിക്കുന്ന/ജീവിക്കുന്ന കഥയാണ് ഹിമാലയൻ വയാഗ്ര. ഓരോരുത്തരും ഓരോ വിഭാഗം മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
സമൂഹത്തിന്റെ ചിന്ത, സ്വന്തം മനസ്സിന്റെ ചിന്ത എന്ന ദ്വന്ദ്വത്തിലൂന്നിയാണ് ഈ കഥ മുന്നേറുന്നത്. ഈ കഥ വായനയെ മികച്ച അനുഭവമാക്കി.
സുജീഷ് പിലിക്കോട്
രാഷ്ട്രീയവും പ്രതിഷേധവുമുള്ള കഥ
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1268 പ്രസിദ്ധീകരിച്ച എം. പ്രശാന്തിന്റെ 'വേട്ട' സമകാലികതയിലേക്ക് വാതിലുകൾ മലർക്കെ തുറന്നിടുന്നു.
ഈ ലോകം കഥയിൽ നിന്ന് കത്തുകയാണ്.
അപ്പനില്ലാത്ത തക്കം നോക്കി മിഖായേൽ താക്കോൽ എടുത്ത് മുറി തുറന്നു. നിറയെ പുസ്തകങ്ങൾ. നാൽപത് വാട്ടിന്റെ ബൾബിന്റെ വെളിച്ചം. മിഖായേലിന്റെ സ്വപ്നങ്ങളിൽ രണ്ടു കാലങ്ങൾ ഉണരുന്നു. ഉറക്കത്തിന്റെ ഏതോ ദ്വീപിൽവെച്ച് വായിച്ച നോവലിലെ വേട്ടക്കാരനും ഇരകളും വർത്തമാനകാലവും കടന്നുപോകുന്നവരാവുന്നു. വായിക്കുന്നവരോടും എഴുതുന്നവരോടും എന്നും അസ്വസ്ഥതകളുണ്ട്. വായിക്കുന്നവരുടെ മനസ്സും കൂടുതൽ അസ്വസ്ഥമാണ്. വായിക്കാത്തവരിലേക്ക് ഈ അസ്വസ്ഥതകളൊന്നും ചേക്കേറുന്നില്ല. അവർ മറ്റൊരു ലോകം സ്വയം സൃഷ്ടിച്ച് ആനന്ദം കണ്ടെത്തുന്നു.
ഭരണകൂടങ്ങൾക്കുപോലും ഇക്കാര്യത്തിൽ ഇരട്ടമുഖമാണ്. കഥക്കുള്ളിലെ കഥ നോവലിലൂടെ നമ്മെ വൈറസിലേക്കും വാക്സിൻ ചലഞ്ചിലേക്കും വഴിനടത്തുന്നു. വാക്സിനുവേണ്ടിയുള്ള മനുഷ്യന്റെ നെട്ടോട്ടം ജീവനുവേണ്ടിയുള്ളതായിരുന്നു. കടൽ കടന്ന് ആരെയൊക്കെയോ കൂട്ടിച്ചേർക്കാൻ ശ്രമിക്കുമ്പോഴും സ്വന്തം കുടുംബത്തിന്റെ നിലവിളികളെ പൂട്ടി താക്കോലെടുത്തു. പരസ്യത്തിനും നിലനിൽപിനും മാത്രമായുള്ള അധികാരികളുടെ ദൂരക്കാഴ്ചകൾ ഇല്ലാത്ത തീരുമാനങ്ങൾ എലിയെ പേടിച്ച് ഇല്ലം ചുടുന്നു.
''കുറച്ചുപേർക്കൊക്കെ പൂച്ചയെ കിട്ടി.
പൂച്ചയെ കിട്ടാത്തവർ ഇനിയും വറ്റിയിട്ടില്ലാത്ത
പുഴയിലേക്കെന്നപോലെ പ്രതീക്ഷവെച്ചു''
പ്രതീക്ഷകളിലേക്കു എന്നും ജനത ടോർച്ചടിക്കുന്നു.
ചിലർ വലയെറിയുന്നു.
യഥാർഥത്തിൽ മിഖായേൽ ഒരു ഭ്രാന്തനായിരുന്നോ? അവൻ സത്യങ്ങളിലേക്ക് നടക്കുകയായിരുന്നു. അത് വിളിച്ചുപറയുകയായിരുന്നു.
അങ്ങനെയുമുള്ളവരെ ലോകം ഭ്രാന്തരെന്നു വിളിച്ചു. തുറുങ്കിലടച്ചു. വെളിച്ചം കണ്ണുകളിൽനിന്ന് പിഴുതെടുത്തു. കഥയിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. സമൂഹത്തോടുള്ള കടപ്പാടുണ്ട്. തുറന്ന പ്രതിഷേധമുണ്ട്. വിമർശനമുണ്ട്. പച്ചയായ ജീവിതമുണ്ട്. മുളകീറുന്നതുപോലെ ഒരു കരച്ചിൽ വായനക്കാരനിലും രൂപപ്പെടുത്താൻ കഥാകൃത്തിനു കഴിഞ്ഞു. എം. പ്രശാന്തിന് അഭിനന്ദനങ്ങൾ. വരകളിലൂടെ കഥക്ക് നിറമേകിയ മറിയം ജാസ്മിനും അഭിനന്ദനങ്ങൾ.
ഹരീഷ് റാം, ഫേസ്ബുക്ക്
കടം: പരിഹാരങ്ങൾകൂടി വേണമായിരുന്നു
സെൻസേഷനൽ വിഷയങ്ങൾക്കും ഏതാനും ദിവസംമാത്രം നീണ്ടുനിൽക്കുന്ന മസാലക്കഥകൾക്കും പിന്നാലെ മാധ്യമങ്ങൾ പായുന്ന കാലത്ത് അതിൽനിന്ന് മാധ്യമം ആഴ്ചപ്പതിപ്പ് വേറിട്ടുനിൽക്കുന്നു. ലക്കം 1268 കേരളത്തിന്റെ കടത്തെക്കുറിച്ചുള്ള വൈവിധ്യമായ വിഷയങ്ങളാൽ സമ്പന്നമായിരുന്നു. കേരളത്തിന്റെ കടം വർധിച്ചതെങ്ങനെയെന്നും അതിന്റെ ചരിത്രപശ്ചാത്തലം എന്തെന്നും അത് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും തുറന്നുകാട്ടാൻ ആഴ്ചപ്പതിപ്പിനായി. പക്ഷേ, പൊതുവിൽ നമ്മുടെ ജേണലിസത്തിനുള്ള ഒരു പരിമിതി ഈ വിഷയത്തിലും ദർശിക്കാൻ സാധിക്കുന്നുണ്ട്. പ്രശ്നങ്ങളെ മാത്രം ഉയർത്തിക്കാട്ടുന്നതാണ് ഇന്ത്യൻ മാധ്യമങ്ങളുടെ രീതി. പരിഹാരങ്ങളെ അവ അവഗണിക്കുന്നു. കുന്നോളമുള്ള കടത്തിൽനിന്നു സാധാരണക്കാരനെ ബാധിക്കാതെ പുറത്തുകടക്കാനുള്ള പരിഹാരങ്ങളെ പ്രതിപാദിക്കുന്നതിൽ സമഗ്രത പുലർത്താൻ ലേഖകർക്കായില്ല. അതുകൂടി ഉൾപ്പെട്ടിരുന്നെങ്കിൽ മാറ്റുകൂടുമായിരുന്നു.
സത്യൻ വടകര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.