ഒരു തെരഞ്ഞെടുപ്പിനും സാധിക്കാത്ത ചിലതുണ്ട്തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് എം.കെ.എം. ജാഫർ എഴുതിയ വിശകലനം (ലക്കം: 1268) വായിച്ചു. ഇപ്പോൾ രാഷ്ട്രീയത്തിൽ കാണുന്ന യുക്തിഭദ്രമല്ലാത്ത അവകാശവാദങ്ങളെക്കുറിച്ചു കൂടി എഴുതണമായിരുന്നു. ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ ഒരു ക്രിമിനൽ കുറ്റം ചെയ്തുവെന്ന ആരോപണം ചർച്ചചെയ്യുമ്പോഴോ ഏജൻസികൾ അന്വേഷിച്ച് തുമ്പില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴോ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് വിചാരിക്കുക. അവിടെ സ്ഥാനാർഥിയാകുന്ന...
ഒരു തെരഞ്ഞെടുപ്പിനും സാധിക്കാത്ത ചിലതുണ്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് എം.കെ.എം. ജാഫർ എഴുതിയ വിശകലനം (ലക്കം: 1268) വായിച്ചു. ഇപ്പോൾ രാഷ്ട്രീയത്തിൽ കാണുന്ന യുക്തിഭദ്രമല്ലാത്ത അവകാശവാദങ്ങളെക്കുറിച്ചു കൂടി എഴുതണമായിരുന്നു. ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ ഒരു ക്രിമിനൽ കുറ്റം ചെയ്തുവെന്ന ആരോപണം ചർച്ചചെയ്യുമ്പോഴോ ഏജൻസികൾ അന്വേഷിച്ച് തുമ്പില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴോ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് വിചാരിക്കുക. അവിടെ സ്ഥാനാർഥിയാകുന്ന ആൾ മേൽപറഞ്ഞ കുറ്റാരോപിതരുടെ പാർട്ടിസ്ഥാനാർഥിയായി വിജയിച്ചു എന്നും സങ്കൽപിക്കുക. അപ്പോൾ ജനം വിജയിപ്പിച്ചു എന്ന ഒറ്റക്കാരണത്താൽ കുറ്റാരോപിതനായ ആളോ ഗ്രൂപ്പോ കുറ്റവിമോചിതനായി എന്ന് മിക്ക രാഷ്ട്രീയക്കാരും ഒരു മിടുക്കൻ ന്യായം കണ്ടെത്തിയതുപോലെ വിളിച്ചുകൂകുന്ന പ്രവണതയുണ്ട്. ഇതെങ്ങനെ പ്രബുദ്ധരായ ആളുകൾക്ക് വകെവച്ചുകൊടുക്കാനാവും?
സ്വർണക്കടത്ത് കേസ് എങ്ങും എത്താതെ അന്വേഷണം മരവിച്ചപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ഒരുപക്ഷം ജയിച്ചപ്പോൾ ആ കേസിന്റെ വിധി ജനം പറഞ്ഞെന്ന രീതിയിൽ വ്യാഖ്യാനിച്ചത് ബുദ്ധിപരമായ സത്യസന്ധതയില്ലായ്മ അല്ലേ? കോവിഡ് കാലത്തും പ്രളയകാലത്തും പുലർത്തിയ ഉത്തരവാദിത്തവും കെ.കെ. ശൈലജയുടെ ആർദ്രവും വിനയപൂർവവുമായ പെരുമാറ്റവും ആണ് ആ വിജയത്തിന്റെ പിന്നിലെന്ന് ഞാൻ പറയും.
ഗോധ്രാ കലാപശേഷം വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ബി.ജെ.പി കുറ്റമുക്തരായോ? അടിയന്തരാവസ്ഥക്കുശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടി വൻഭൂരിപക്ഷം നേടിയപ്പോൾ കേരളത്തിലെ എല്ലാ അനിഷ്ടസംഭവങ്ങളും സാധൂകരിക്കപ്പെട്ടോ? ജനാധിപത്യം കുറെ അക്കങ്ങളുടെ കളി മാത്രമായി കണ്ട രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ഏതും സ്വന്തം ന്യായീകരണ സിദ്ധാന്തം െവച്ച് തങ്ങളുടേതാക്കി മാറ്റാമെന്നാണ് ഓരോ നേതാവും കാണിച്ചുതരുന്നത്. നിയമവ്യവസ്ഥക്കു കീഴെ വരുന്നതിന്റെ നെല്ലും പതിരും വേർതിരിക്കാൻ ഒരു തെരഞ്ഞെടുപ്പിനും സാധിക്കില്ല എന്നതല്ലേ സത്യം?
ആർ. രാധാകൃഷ്ണൻ, പാലക്കാട്
ഹൃദയത്തിൽ സൂക്ഷിക്കുന്ന ലക്കം
അച്ചടിമാധ്യമരംഗം ശക്തമായ വെല്ലുവിളികളുടെ ലോകത്താണ്. എന്നിട്ടും പുതുതലമുറയുടെ കഥയും കവിതയും പ്രസിദ്ധീകരിച്ച പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിനെ ഞാൻ അഭിനന്ദിക്കുന്നു. പുതുതലമുറ അച്ചടിമാധ്യമം ഉപേക്ഷിച്ചുവെന്നാണ് എന്റെ ബോധ്യം. മൊെബെലിൽ എല്ലാം കിട്ടുമ്പോൾ എന്തിനാണ് അച്ചടിമാധ്യമങ്ങളിലെ വായന എന്ന് ചോദിക്കുന്ന ഇന്നുകളിൽ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം (ലക്കം: 1269) ഹൃദയത്തിൽ സൂക്ഷിക്കാം. കൂടാതെ ലോകത്തെ എഴുതുന്ന ചെറുപ്പം എന്ന തലക്കെട്ടിൽ നിരൂപകൻ രാഹുൽ രാധാകൃഷ്ണൻ എഴുതിയ ലേഖനം മനോഹരവും അതിശയിപ്പിക്കുന്നതുമാണ്. ആഴ്ചപ്പതിപ്പിന് ആശംസകൾ.
സന്തോഷ് ഇലന്തൂർ
ആ കഥ ഹൃദയത്തെ മുറിവേൽപിച്ചിരിക്കുന്നു
ചില കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുന്നു. അപ്പൂപ്പന്താടിപോലെ അതെന്നെ ഏതോ ലോകത്തേക്ക് പറത്തിക്കൊണ്ടുപോകുന്നു. സൂത്രശാലികളായ പോരാളികളാണ് കഥയെഴുത്തുകാര്‍. അവര്‍ ശരീരത്തെയല്ല ഹൃദയത്തെയാണ് ആക്രമിക്കുന്നത്. ലക്കം: 1268ൽ എം. പ്രശാന്ത് സൃഷ്ടിച്ച 'വേട്ട' എന്ന കഥ എന്റെ ഹൃദയത്തെ ആക്രമിച്ച് മുറിവേൽപിച്ചിരിക്കുന്നു. ആ കഥ ആഴ്ചപ്പതിപ്പിന്റെ താളുകളില്‍നിന്നും എന്നോടൊപ്പം ഇറങ്ങിപ്പോന്നു.
വായിച്ചു വായിച്ചു ഉന്മാദിയായ എന്നെപ്പോലെ ഒരാളുടെ കഥയായതു കൊണ്ടാകാം എനിക്കത് ഇഷ്ടമായതെന്ന് തോന്നുന്നു. അതില്‍ മിത്തും, യാഥാർഥ്യവും ഒരു 'ബ്ലാക്ക് ഫോറസ്റ്റ്' കേക്കിലെന്നപോലെ ബ്ലെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. വൈകാരികതയും വൈയക്തികതയും അതിരുകളില്ലാത്ത ഭാവനയും സംഗീതാത്മകതയോടെ തുള്ളിക്കളിക്കുന്നു. കഥ തികച്ചും അനുപമം, അവർണനീയം, അനുഭൂതിജനകം. കഥയെ ചിത്രമെഴുത്തിനാൽ മനോഹരമാക്കിയ മറിയം ജാസ്മിനെയും അഭിനന്ദിക്കുന്നു. പുസ്തകങ്ങളുടെ ഇടയില്‍ ഇരിക്കുന്ന 'കൊച്ചി'ന്റെ കണ്ണിലെ തിളക്കം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്ന ചിത്രകാരി കഥാകാരന്റെ ഉള്ളറിഞ്ഞിരിക്കുന്നു. മാത്രമല്ല, ചിത്രീകരണത്തിന്റെ ആത്മാവെന്ന് പറയുന്നത് കണ്ണുകളില്‍ ഭാവംകൊണ്ടുവരുന്ന 'നേത്രോത്മീലന'മാണ്. അതില്‍ ചിത്രകാരി വിജയിച്ചിരിക്കുന്നു.
സണ്ണിജോസഫ്, മാള
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സർക്കാർ നൽകേണ്ടതുണ്ട്
ആഴ്ചപ്പതിപ്പിന്റെ ലക്കം: 1267 ന്റെ 'തുടക്കം' വിരൽചൂണ്ടുന്നത് ആദിവാസികളോട് കേരളസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വകുപ്പ് കഴിഞ്ഞമാസം കാണിച്ച നീതിരഹിതമായ, മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഒരു ചെയ്തിയെ കുറിച്ചാണ്. മാധ്യമം ദിനപത്രവും മേയ് 31ന് അതിന്റെ മുഖപ്രസംഗത്തിലൂടെ ഗൗരവപൂർവം ഇക്കാര്യം എഴുതിയിട്ടുണ്ട്. 'ഊര്' എന്ന വാക്കിന്റെ അർഥം പ്രദേശം, വാസസ്ഥലം, കര എന്നൊക്കെയാണ്. എന്നാൽ, കേരളത്തിൽ ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലമായ കോളനികളും വീടുകളും മാത്രം ഊര് എന്ന വാക്കിനാൽ അറിയപ്പെടുന്നു.
പട്ടികവർഗ വകുപ്പ് കഴിഞ്ഞമാസം ഇറക്കിയ B 2- 1740/22 എന്ന സർക്കുലർ, ആദിവാസി ഊരുകളിലേക്കുള്ള ഇന്ത്യൻ പൗരന്റെ സന്ദർശനത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുന്നു . ഇത് കേവലം മനുഷ്യത്വവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ മാത്രമല്ല, ഭരണഘടനാ വിരുദ്ധം കൂടിയാണ് എന്നറിയുക. നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ എഴുതപ്പെട്ട, പൗരനു നൽകിയിരിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിത്. 19 -1 (d) വകുപ്പ് പ്രകാരം നൽകിയിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ് ഈ 'ഊരുവിലക്ക്'.
പതിറ്റാണ്ടുകളായി ഖജനാവിൽനിന്നും കോടികൾ ഒഴുക്കി കേരളം മാറി ഭരിച്ച ഇടതു-വലതു സർക്കാറുകൾ ആദിവാസിമേഖലകളിൽ സത്യത്തിൽ എന്താണ് ചെയ്തത്? ഒരു പുനരവലോകനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. വംശീയസ്വത്വം കാത്തുസൂക്ഷിച്ചു പോരുന്ന ആദിവാസികൾ ഇന്ന് പെരുവഴിയിലാണ്, വംശഹത്യയുടെ വക്കിലുമാണ്. അവർക്കായി ചെലവാക്കുന്ന ഫണ്ടുകൾ യഥാവിധി അവരിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സംവിധാനമോ കുറ്റങ്ങൾ ഉണ്ടെങ്കിൽ അവക്കുള്ള പരിഹാരമാർഗങ്ങളോ സർക്കാറിന്റെ പക്കലില്ല.
എന്നാൽ, പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ആദിവാസി മേഖലകളിൽ നടക്കുന്ന നിയമലംഘനങ്ങൾ പൊതുജനം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പലരും ഒറ്റക്കും കൂട്ടമായും ചെന്ന് ആദിവാസികളുടെ ദൈന്യാവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ നിയോഗിക്കുന്ന പഠനസമിതികൾക്കപ്പുറം ആദിവാസി ദലിത് സംഘടനകൾ നേരിൽ നടത്തുന്ന പഠനങ്ങൾ ആത്മാർഥത നിറഞ്ഞതാണ്. അവയിലൂടെ സത്യം പുറത്തു വരുന്നു. ഇത്തരത്തിൽ പരമമായ സത്യം വെളിവാക്കപ്പെടുന്നതിനെയാണ് സർക്കാർ ഭയക്കുന്നത്.
എന്താണ് ഇത്തരത്തിലുള്ള വിലക്ക് ഏർപ്പെടുത്തിയതിനുള്ള മൂലകാരണമായി സർക്കാർ പറയാതെ പറയുന്നത് ? കേരളത്തിലെ ആദിവാസി മേഖലകളിൽ നക്സൽ / മാവോവാദി സ്വാധീനമുണ്ടുപോലും! ഈ സർക്കാർ ഭാഷ്യത്തിന് മുന്നിൽ നിരവധിയായ ചോദ്യങ്ങളുയരുന്നുണ്ട്. മാവോവാദികൾ / നക്സലുകൾ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നുണ്ടോ? ആദിവാസികൾ മാവോവാദികളാണോ? എന്തുകൊണ്ട് ആദിവാസി മേഖലകളിൽ സർക്കാർ പറയുന്നതുപോലെ നക്സൽ / മാവോവാദി പ്രവർത്തനം കാണപ്പെടുന്നു? കേരളത്തിൽ നടന്ന 'ഏറ്റുമുട്ടൽ കൊല' കളിൽ ഇന്നേവരെ എത്ര ആദിവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട് ? പ്രസക്തമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സർക്കാർ നൽകേണ്ടതുണ്ട്, വിശദമാക്കേണ്ടതുമുണ്ട്.
വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതിയിലേക്ക് ജനങ്ങളെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വികസന വകുപ്പ് പ്രവർത്തിക്കുന്നതെന്നും, അതേസമയം തന്നെ വികസന ക്ഷേമ പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് പൂർവാധികം ശക്തിയോടെ ഉറപ്പുവരുത്തുന്നുണ്ടെന്നും ഇപ്പോഴത്തെ പട്ടികജാതി / വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറയുന്നു. പട്ടികവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തിനും അക്ഷരവും അറിവും അധികാരവും സമ്പത്തും നിഷേധിക്കപ്പെട്ട ഇരുണ്ടകാലം ഓർമയായി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇരുണ്ടകാലം ഓർമയിലേക്ക് മാഞ്ഞുപോയിട്ടുണ്ടെങ്കിൽ, ആയിരത്താണ്ടുകളായി അസ്പൃശ്യത അനുഭവിച്ച ഈ വിഭാഗങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നടന്നുനീങ്ങിയിട്ടുണ്ടെങ്കിൽ, ഇപ്പോഴും എന്തിനാണ് ഈ വകുപ്പുകൾ ഇവിടെ നിലകൊള്ളുന്നത്? മന്ത്രി മറുപടി പറഞ്ഞാൽ കൊള്ളാം.
പി.ടി. വേലായുധൻ, പയ്യോളി
വായനക്കാരൻ അനുഭവിക്കുന്ന ചെമ്പകഗന്ധം
മിനി പി.സിയുടെ ഹിമാലയൻ വയാഗ്ര ഒട്ടും കലുഷിതമല്ലാതെ ഒഴുകുന്ന അരുവിപോലെ വായനക്ഷമതയുള്ള ചെറുകഥയാണ്. വായനക്കാരൻ ഒരുപക്ഷേ അതേ അരുവിയിലൂടെ സോഫിയയുടെ കൃഷിയിടവും കണ്ട് ഒരു ചങ്ങാടത്തിൽ ഒഴുക്കിനൊപ്പം യാത്രചെയ്യുന്നു, യാത്രാന്ത്യത്തിൽ കയറിയ അതേയിടത്തിലെന്നപോലെ മറ്റൊരു കരയിലിറങ്ങുന്നു, അവിടെയപ്പോൾ പൂത്തുനിന്നിരുന്ന ചെമ്പകത്തിൽനിന്നും പൂവുകൾ അടർന്നുവീണ് സുഗന്ധംപരത്തിക്കൊണ്ടിരുന്നു. നാളെയെക്കുറിച്ചുള്ള ശുഭചിന്തകൾ നിറച്ചുകൊണ്ട് കഥ തീരുമ്പോൾ എവിടെനിന്നോ ഒരു ചെമ്പകഗന്ധം വായനക്കാരൻ അനുഭവിക്കുന്നു.
കഥയിലുടനീളം അസ്വസ്ഥരായ ജീവിതങ്ങളാണ് - ബേബി, ബെന്നി, മറിയം, കുഞ്ഞന്നം... എന്തിന്, അസുഖക്കാരിയായ സാന്ദ്രമോൾപോലും പെറ്റമ്മയോട് കലഹിച്ചിരുന്നു. സോഫിയ മാത്രം ജീവിതത്തിന്റെ ഋതുക്കളിൽ ഭ്രമിക്കാതെ സ്വച്ഛമായ പ്രകൃതിയിൽ അഭയം കൊള്ളുകയും അതിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു. അവർക്ക് മാനുഷികമായ ഭാവഭേദങ്ങളില്ല. ഉണ്ടായേക്കാവുന്ന ഭാവങ്ങൾ പ്രകൃതിയുടേതിനോ മൃഗങ്ങളുടേതിനോ സസ്യങ്ങളുടേതിനോ സമമായിരിക്കാം, അവയൊട്ടു സാധാരണ മനുഷ്യൻ അറിയുകയുമില്ല. അതുകൊണ്ടുതന്നെയായിരിക്കണം കുഞ്ഞന്നത്തിന് സോഫിയയെ അനുകരിക്കാൻ കഴിയാത്തത്.
കുറ്റത്തിനൊരു ഹിമാലയൻ വയാഗ്ര! വാസ്തവത്തിൽ വയാഗ്ര എന്തുപിഴച്ചു. വയാഗ്ര പ്രയോഗത്തിന് മുമ്പുതന്നെ ബേബിയും കുഞ്ഞന്നവും വേണ്ടാതീനം തുടങ്ങിയിരുന്നു. ഒരുപക്ഷേ വയാഗ്ര പ്രയോഗിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞന്നം ഗർഭിണിയാകില്ലായിരിക്കാം, പക്ഷേ 'പാപം' തുടരുകതന്നെ ചെയ്യും. ആ പാപബോധം അവരെ ജീവിതകാലം മുഴുവൻ വേട്ടയാടുകയും ചെയ്യും.
പാപത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിലേക്ക് നയിക്കപ്പെട്ട സംഭവങ്ങളെ ഇഴപിരിച്ചെടുക്കേണ്ടി വരും. പാപം ചെയ്തയാൾ മാത്രമായിരിക്കുമോ ദൈവത്തിന്റെ കണ്ണിൽ പാപി, ആ പാപത്തിലേക്ക് നയിച്ച സംഭവങ്ങളും വ്യക്തികളുമൊക്കെ പ്രതിക്കൂട്ടിൽ കയറേണ്ടിവരില്ലേ?
അപ്പോൾ കുഞ്ഞന്നം മാത്രമല്ല പാപി...അവളെ തനിച്ചാക്കി വിദേശത്തേക്കുപോയ ബെന്നിയും സ്വർണനിറമുള്ള പാമ്പിനെപ്പോലെ ബേബിയുടെ കഴുത്തിൽ ചുറ്റിക്കിടക്കാൻ അനുവദിച്ച മറിയവും ബേബിയുമെല്ലാം കൂട്ടുപ്രതികളാണ്. സമൂഹം, സദാചാരം (ധാര്‍മികജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം) ഈ ദർശനങ്ങൾ മനുഷ്യജീവിതത്തിന് ഇതര ജീവികൾക്കില്ലാത്ത ചാരുത നൽകിയിട്ടുണ്ടെന്ന് ദൃഢമായി വിശ്വസിക്കുമ്പോഴും ജൈവചോദനയെ നിയന്ത്രിക്കാൻ ഏതെങ്കിലും ദർശനത്തിനു കഴിയുമോ എന്ന കാതലായ ചോദ്യം കഥ ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം കഥാകൃത്ത് കുഞ്ഞന്നത്തിന് ശുഭസൂചകമായൊരു നാളെ ആശംസിക്കുന്നതും.
ജയപ്രകാശ് വിശ്വനാഥൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.