നിലപാടുള്ള മുഖചിത്രം
'മരണംവരെ ഇവർ തടവിൽ കഴിയണോ' എന്ന ചാട്ടുളിപോലെയുള്ള ചോദ്യവുമായി പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1274) സാംസ്കാരിക മാസികകളിൽനിന്നും വേറിട്ടുനിന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് സ്വയം മേനിനടിക്കുന്ന ഇന്ത്യയിൽ നടക്കുന്ന ഇത്തരം കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ തിരസ്കരിക്കുകയാണ് മാധ്യമങ്ങളുടെ പൊതുവിലുള്ള രീതി. രാജ്യദ്രോഹിയെന്നോ തീവ്രവാദിയെന്നോ മാവോവാദിയെന്നോ മുദ്രകുത്തി ജയിലിടക്കപ്പെട്ട ഒരാൾക്കുവേണ്ടി സംസാരിക്കാൻ മാധ്യമങ്ങൾക്കും ഭയം. മാധ്യമം വേറിട്ടുനിൽക്കുന്നത് അവിടെയാണെന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നു. പലതരം ഭീഷണികൾക്കും പ്രതികാര നടപടികൾക്കും ഇരയാകുന്ന കാലത്തും ധൈര്യസമേതം നീതിക്കൊപ്പം നിലകൊള്ളുന്ന ഈ ധാർമികതയെ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നു. ഉള്ളടക്ക വിഷയത്തെ ഗഹനമായി പ്രതിപാദിക്കണമായിരുന്നു എന്ന അഭിപ്രായമുണ്ട്.
ജയപ്രകാശ്, കണ്ണൂർ
കൂരിരുട്ടിലെ കൊള്ളിയാൻ വെട്ടങ്ങൾ
അനീതികൾക്കും അധർമത്തിനുമെതിരെ അരുതെന്നു പറയാൻ കഴിയാത്തവണ്ണം അധരങ്ങൾക്ക് അർബുദം ബാധിച്ചുകഴിഞ്ഞ ഒരു സമൂഹത്തിൽ എഴുന്നേറ്റുനിന്ന് അപരന്റെ പ്രശ്നങ്ങളിൽ ധീരമായി ഇടപെട്ടതിന്റെ പേരിൽ ഭരണകൂടം തുറുങ്കിലടച്ച മനുഷ്യരെക്കുറിച്ചുള്ള കരുതൽ പതിപ്പ് (ലക്കം: 1274) കണ്ടു നിൽക്കുകയല്ല ഇടപെടുകയാണ് എന്ന ആഴ്ചപ്പതിപ്പിന്റെ പരസ്യവാചകത്തെ അന്വർഥമാക്കി.
വിശാലമായ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്ന ഒരു നാട്ടിൽ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ, അല്ലെങ്കിൽ ഇംഗിതമല്ലാത്തത് ചെയ്തതിന്റെ പേരിൽ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ തുറുങ്കിനുള്ളിൽ തളക്കപ്പെടുന്ന മനുഷ്യജീവിതങ്ങളെ കുറിച്ച് വേദനയോടെ ഓർമിപ്പിച്ച മാധ്യമം ആഴ്ചപ്പതിപ്പ് പൈങ്കിളിവാർത്തകൾക്ക് പിറകെ പോവുന്ന മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് വ്യത്യസ്തമായി. നന്മകൾ കെട്ടുപോകുന്ന സത്യാനന്തരകാലത്ത് മാനവികതയുടെ വിതാനത്തിൽനിന്നും ഉറവകൊള്ളുന്ന ഇത്തരം സർഗാത്മക ഇടപെടലുകൾ കൂരിരുട്ടിലെ കൊള്ളിയാൻ വെട്ടങ്ങളാണ്.
ഇസ്മായിൽ പതിയാരക്കര
കഥകൊണ്ടൊരു വിരുന്നൂട്ട്
'സ്നേഹംകൊണ്ടും വിശ്വാസംകൊണ്ടും പണിത ത്രാസുകൾ' എന്ന കൗതുകപ്പേരിലുള്ള ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ചു (ലക്കം: 1272). ഒരു കഥപറച്ചിലിന്റെ ഔപചാരികതകൾ അപ്പാടെ മാറ്റിവെച്ച്, ഒരടുത്ത സുഹൃത്തിനോട് വീട്ടു/നാട്ടു വിശേഷങ്ങൾ പറയുന്നപോലെയുള്ള നമ്മോട് സംവദിക്കുന്ന ശൈലി എനിക്ക് 'ശ്ശി' പിടിച്ചു.
ആക്രി പോലെ തുരുമ്പെടുത്തു പോകുന്ന ചില മൂല്യങ്ങളെക്കുറിച്ച്, ചില ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ ശോഷണത്തെക്കുറിച്ച്, കഥാകാരന്റെ ഉള്ളിലിരുന്ന് വേപഥുകൊള്ളുന്ന അച്ഛനെ നമുക്ക് തൊട്ടറിയാവുന്ന വാഗ് വിലാസം...
എത്രയോ യാതനകളിലൂടെ, കഠിന തപസ്സിലൂടെ ആറ്റിക്കുറുക്കിയെടുത്ത അറിവുകളുടെ, വൈകാരികാവിഷ്കാരങ്ങളുടെ അക്ഷയഖനികളാണ് പാഴ് കടലാസുകളായി ആക്രി വിൽപനക്കാരന്റെ യാർഡുകളിൽ കുമിഞ്ഞു കൂടുന്നത് എന്ന എഴുത്തുകാരന്റെ ആത്മനൊമ്പരം നമ്മിലേക്ക് കൂടി പകരുന്നു.
അകക്കാമ്പുള്ള നല്ല കഥയുമായി വീണ്ടും വിരുന്നൂട്ടിയതിന് കഥാകൃത്തിന് നന്ദി.
ഇസ്മായിൽ കൂളത്ത്
തരിശുഭൂമിയിലെ മഴ
'എലിയട്ടോർമ: തരിശുഭൂമിയിൽ വീണ്ടും' കെ. ബാബുജോസഫിന്റെ കവിത മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1273) വായിച്ചു. ടി.എസ്. എലിയട്ട് എന്ന ആംഗലേയ മഹാകവി ആധുനിക കവിതയുടെ തലതൊട്ടപ്പൻ ആണെന്നതിൽ തരിമ്പും സന്ദേഹമില്ല. മലയാളത്തിൽ അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, എൻ.എൻ. കക്കാട് എന്നീ മലയാള കവികളിൽ എലിയട്ടിന്റെ പ്രബല സ്വാധീനങ്ങൾ ദൃശ്യമാണ്. 'ആഷ് വെനസ്ഡേ', 'വേസ്റ്റ് ലാൻഡ്' എന്നീ മഹാകൃതികൾ എലിയട്ടിന്റെ മതബോധത്തിലൂന്നിയതാണ്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ മൂല്യരാഹിത്യത്തിന്റെ മരുഭൂവത്കരണം തന്റെ വ്യവസ്ഥാപിത കവിതാ മാർഗത്തിൽനിന്നും ഒരു വഴിമാറിനടത്തത്തിന് മഹാകവി എലിയട്ടിനെ പ്രേരിതനാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ യൗവനദശയിലാണ് എലിയട്ടിന്റെ 'വേസ്റ്റ്ലാൻഡ്' പ്രസിദ്ധീകരിക്കുന്നത്. ഭൗതികതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങൾ തകർന്നുവീഴുന്നത് എലിയട്ട് കണ്ടു. അവിടെയാണ് അദ്ദേഹത്തിന് മതബോധമുണരുന്നത്. സെമിറ്റിക് മതങ്ങളായ ഇസ്ലാം-ക്രിസ്ത്യൻ ഫിലോസഫികൾ, വെളിപാടുകളായ വേദപുസ്തകങ്ങൾ, ഇന്ത്യയിലെ ഋഷിപ്രോക്തങ്ങളായ തത്ത്വങ്ങൾ എന്നിവയുടെയെല്ലാം നൈതിക കാഴ്ചപ്പാടുകൾക്ക് മാത്രമേ ഇനിയൊരു നവലോകത്തെ സൃഷ്ടിക്കാൻ കഴിയൂ എന്നാ മഹാകവി തിരിച്ചറിഞ്ഞു. മനുഷ്യരിലെ നന്മകളെ പ്രഫുല്ലമാക്കുന്നത് പ്രവാചക ദർശനങ്ങളാണെന്ന് അദ്ദേഹം മനസ്സിലാക്കി. സമകാലികതയുടെ മരുഭൂവത്കരിക്കപ്പെട്ട മണ്ണിൽ മതനൈതികതയുടെ പ്രവാചക-ഋഷിവചനങ്ങൾ മഴയായി പെയ്യുന്നത് അദ്ദേഹം വിഭാവനംചെയ്തു. ആ മഹാകവിയുടെ 'വേസ്റ്റ്ലാൻഡ്' എന്ന മഹാകാവ്യത്തിന്റെ ശതാബ്ദി വർഷമാണിത്.
'ശൂന്യത', 'സ്വയംകൃതം', 'ക്രമരാഹിത്യം', 'വെള്ളമടി', 'ശാന്തി' എന്നീ അഞ്ച് ഗീതകങ്ങളിലൂടെ എലിയട്ട് കവിതയുടെ സമകാലിക ഭൂമി ബാബു ജോസഫ് നമുക്കായി കാട്ടിത്തരുന്നു. ഇതിലെ 'ക്രമരാഹിത്യം' ഗീതകം അർഥപൂർണമാണ്. ''മാനവ സ്വപ്നങ്ങള്പോലെ കാലാവസ്ഥയിലും ക്രമമില്ല'' എന്നുതുടങ്ങുന്ന വരികൾ ഒരുപാട് അർഥങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഈ ക്രമരാഹിത്യം നമ്മുടെ സ്വയംകൃതാനർഥമാണ്. പ്രകൃതിനശീകരണത്തിന്റെ ദുരന്തഫലങ്ങളെ ചൂണ്ടുന്ന ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതത്തിൽ ഇത്തരമൊരു അനുഭവ സമാനതയുണ്ട്.
ടി.എസ്. എലിയട്ട് എന്ന മഹാകവിയുടെ മഹത്ത്വമാർന്ന 'വേസ്റ്റ്ലാൻഡ്' എന്ന കൃതിയുടെ സമകാലികമായൊരു പരിച്ഛേദമാണീ കവിത. അഭിനന്ദനം, ആഴ്ചപ്പതിപ്പിനും കവിക്കും.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
ജയ് ഗോസ്വാമി കവിതകൾ
പ്രശസ്ത കവി സച്ചിദാനന്ദൻ ഏത് മത, ജാതി, രാഷ്ട്രീയ വക്താവാണ്? ജന്മംകൊണ്ട് അദ്ദേഹം ആരുമായിക്കൊള്ളട്ടെ. പക്ഷേ, അദ്ദേഹം തന്റെ രചനകൾകൊണ്ടും കർമംകൊണ്ടും ദലിത് ചിന്തകനും മതന്യൂനപക്ഷ വിമോചകനും തീവ്ര ഇടതുപക്ഷക്കാരനുമാണ് എന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന അദ്ദേഹത്തിന്റെ കവിതകൾ സൂചിപ്പിക്കുന്നത്. ജയ് ഗോസ്വാമിയുടെ കവിതയുടെ വിവർത്തനവും ഈ വെളിപാടിലേക്ക് വെളിച്ചം വീശുന്നു. ജയ് ഗോസ്വാമിക്ക് ഇപ്പോൾ 68 വയസ്സുണ്ട്. നേരത്തേ 19ാം വയസ്സിൽതന്നെ കവിതകൾ എഴുതിത്തുടങ്ങിയ ആളാണ് ഗോസ്വാമി. കവിതയിലെ പഴയ കെട്ടുകൾ പൊട്ടിക്കാൻ ജയ് ഗോസ്വാമിയെ പഠിപ്പിച്ചത് കവി ശാഖാഘോഷ് ആയിരുന്നു. ജിബനാനന്ദ ദാസിന്റെ കവിതയുടെ ധന്യാത്മകതയും ഗോസ്വാമിയെ ധന്യനാക്കി. ശിഥിലമായ ഭാഷയിലും ബിംബങ്ങളിലും പ്രതീകങ്ങളിലും കൂടി മനുഷ്യാവസ്ഥയെ സംബോധന ചെയ്യുന്നതാണ് ജയ്ഗോസ്വാമിയുടെ രീതി. വിജനമായ പ്രകൃതിദൃശ്യങ്ങൾ, കുട്ടികളെ പോലെ വാക്കുകളോടുള്ള സമീപനം, മൃഗങ്ങളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള ഓർമകൾ തുടങ്ങിയവയാലാണ് ജയ് ഗോസ്വാമിയുടെ കവിതകൾ ശ്രദ്ധേയമാകുന്നത്.
അനിൽ രാമചന്ദ്രൻ കൃഷ്ണപുരം
മനസ്സിനെ സ്വാധീനിക്കുന്ന കഥ
ആകാശത്ത് തെങ്ങോല വരക്കാൻ ശ്രമിക്കുന്ന ചില ചിത്രങ്ങളുണ്ട്. വരച്ചില്ലെങ്കിലും തലയാട്ടി ചിരിച്ചുകൊണ്ട് വരച്ചുവെക്കുന്ന ചില ചിത്രങ്ങൾ നമ്മുടെ ചിന്തകളോടോപ്പം ചേർന്ന് പീലി വിടർത്താറുണ്ട്. ആകാശം തെങ്ങിന്റെ സ്വാതന്ത്ര്യത്തിന്റെ ഒരു അതിരാണ്. ഒരു ഗ്രാമത്തെ ഏഴടിയുയരമുള്ള ഒരു തെങ്ങ് മനുഷ്യൻ റിപ്പർ ചന്ദ്രൻ എന്നു കേൾക്കുംവിധത്തിൽ വിറപ്പിച്ച ജാഗ്രതയെ പൊലീസ് മുന്നറിയിപ്പും ഏമാൻമാരുടെ ഉടായിപ്പും കലർത്തി മനോഹരമായി വരച്ചു കൃത്യമാക്കിയ കഥയാണ് മൈക്കിൾ ലൂയിസിന്റെ രണ്ട് അധ്യായങ്ങൾ (ലക്കം: 1273).
കഥയുടെ ക്ലൈമാക്സിൽ അയ്യൻകാളി വില്ലുവണ്ടിയിൽ വന്നപോലെ മൈക്കിളിന്റെ ഒരു വരവുണ്ട്. ഒരിക്കൽ ഈ തെങ്ങിൽ കയറിയാൽ പിന്നെ കുറെ നേരത്തേക്ക് അനുവാചകനെ ഭ്രമാത്മകമാക്കി മേഘപാളികൾ കാണിക്കുന്ന സുനു എ.വി എന്ന കഥാകാരൻ ആദ്യവായനയിൽ തന്നെ സ്വാധീനിച്ചു. സജീവ് കീഴരിയൂരിന്റെ ചിത്രീകരണവും നന്നായി. ഇതിലെ ഓരോ മനുഷ്യജീവിതങ്ങളും ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളായി വിജയിച്ച് നിൽക്കുമ്പോൾ പരാജയപ്പെട്ടവരുടെ ഉയിർപ്പുകൂടി ഈ കഥകാണിച്ചുതരുന്നുണ്ട്.
അജിത്രി ബാബു
പൊരുതുക, വിജയം കാണുന്നതു വരെ
വിരൽ ചൂണ്ടുന്ന സമരങ്ങൾ (ലക്കം: 1273) മാധ്യമത്തിന്റെ മുൻകാല പരിസ്ഥിതി, സമര നിലപാടുകളെ ഓർമിപ്പിക്കുന്നതായി. കവർചിത്രം സമരത്തിന്റെ മുഴുവൻ തീക്ഷ്ണതയും ഉൾകൊള്ളുന്നതായി. ആവിക്കൽ തോട്ടിൽ നിലനിൽപിനായി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിക്കുന്നവർക്ക് എങ്ങനെയാണ് ഇടതുപക്ഷം എന്ന് അറിയപ്പെടാനാകുക എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 'ഇടതുപക്ഷ' സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഏതെല്ലാം സമരങ്ങൾ വന്നാലും അതിനെയെല്ലാം തീവ്രവാദ, മാവോവാദ മുദ്രകൾ ചാർത്തുന്നതാണ് പതിവ്. ദേശീയപാത, ഗെയിൽ, പുതുവൈപ്പിൻ, കീഴാറ്റൂർ, കെ-റെയിൽ എന്നിവിടങ്ങളിലെല്ലാം നാമത് കണ്ടു. സമരം ചെയ്യുന്നവരെ വ്യത്യസ്ത പേരുകളിൽ ബ്രാൻഡ് ചെയ്യുന്ന കേന്ദ്രസർക്കാർ രീതി തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. സമരക്കാരോട് പറയാനുള്ളത് ഇതിലൊന്നും വീഴാതെ നിരന്തരമായി പൊരുതണം എന്നാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഫൈസൽ കെ.കെ മലപ്പുറം
അറിയിപ്പ്
ഒ.വി. വിജയൻ സ്മാരക പുരസ്കാരം
ഒ.വി. വിജയൻ സ്മാരക സമിതി, മലയാളത്തിലെ മികച്ച രചനകൾക്ക് എല്ലാ വർഷവും നൽകുന്ന ഒ.വി. വിജയൻ സ്മാരക പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. നോവൽ, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്കാരങ്ങൾ.
2019 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിലുള്ള കാലയളവിൽ ഒന്നാംപതിപ്പായി പുറത്തിറങ്ങിയ മലയാള നോവൽ, കഥാസമാഹാരം എന്നിവ അയക്കാം. വിവർത്തനങ്ങൾ പാടില്ല. പ്രസാധകർക്കോ രചയിതാക്കൾക്കോ വായനക്കാർക്കോ പുസ്തകങ്ങൾ അയക്കാം. രണ്ട് കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധിയില്ല.
യുവകഥാപുരസ്കാരത്തിന് 2022 ആഗസ്റ്റ് 31ന് 35 വയസ്സ് കവിയാത്തവർക്ക് പങ്കെടുക്കാം. ഡി.ടി.പി ചെയ്ത കഥയുടെ ഒരു കോപ്പി തപാലിലോ ഇ-മെയിലിലോ അയക്കണം. രചന മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമാകണം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് പങ്കുചേരാം. ഒ.വി. വിജയൻ സ്മാരക സമിതി അംഗങ്ങളും കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളും മത്സരത്തിൽ പങ്കുചേരാൻ പാടുള്ളതല്ല.
സ്ക്രീനിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന കൃതികൾ\രചനകൾ വിലയിരുത്തി വിദഗ്ധ ജൂറി മികച്ചവ തെരഞ്ഞെടുക്കും. ജൂറിയുടെ തെരഞ്ഞെടുപ്പ് അന്തിമമായിരിക്കും.
മികച്ച നോവലിനും കഥാസമാഹാരത്തിനും 25,000 രൂപയും പുരസ്കാരഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥക്ക് 10,000 രൂപയും പുരസ്കാരഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം.
യുവകഥയും കൃതികളും 2022 ആഗസ്റ്റ് 31നകം കിട്ടുന്ന വിധം തപാലിലോ കൊറിയറിലോ അയക്കുക.
ഒ.വി. വിജയൻ സ്മാരക പുരസ്കാരം
ഒ.വി. വിജയൻ സ്മാരക സമിതി, തസ്രാക്ക്
കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678 701
0vvijayansmarakam@gmail.com.
കവറിന് മുകളിൽ നോവൽ/കഥാസമാഹാരം/യുവകഥ എന്ന് രേഖപ്പെടുത്തുക.
വിശദവിവരങ്ങൾക്ക് :
8547456222, 9447319967.
എം. സുകുമാരൻ സ്മാരക സാഹിത്യ അവാർഡ്
എം. സുകുമാരൻ ഫൗണ്ടേഷൻ 2021ലെ സാഹിത്യ പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി 2018, 2019, 2020 വർഷങ്ങളിൽ ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച സാഹിത്യകൃതിയെ കുറിച്ചോ എഴുത്തുകാരെ കുറിച്ചോ ഉള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്നും ക്ഷണിക്കുന്നു.
നിർദേശങ്ങൾ സെക്രട്ടറി, എം. സുകുമാരൻ ഫൗണ്ടേഷൻ, ജ്യോതിസ്സ്, ടി.സി -28/890,
കൈതമുക്ക്, പേട്ട (പി.ഒ.), തിരുവനന്തപുരം-24 എന്ന വിലാസത്തിൽ 2022 ആഗസ്റ്റ് 14ന് മുമ്പ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.