‘‘അനുഭവത്താൽ എനിക്കു തോന്നുന്നത് ദാരിദ്ര്യം ശവക്കച്ചപോലെയാണെന്നാണ്. അത് നമ്മെ ആകെ പൊതിഞ്ഞിരിക്കും എന്ന്. എന്നാലോ നമ്മൾ ശവത്തെപ്പോലെ ശയിക്കുകയുമില്ല. ഇടിഞ്ഞുകൊണ്ടിരിക്കുന്ന മനസ്സുമായി ശരീരം നമ്മെ പേറി നടക്കുകയായിരിക്കും. അല്ലെങ്കിൽ ഒട്ടിപ്പിടിച്ച വയറുമായി നമ്മൾ ജീവിതത്തെ കെട്ടിപ്പിടിച്ച് കെഞ്ചുകയാവും, 'എന്നെ വേർപെടുത്തല്ലേ, വേർപെടുത്തല്ലേ'യെന്ന്.
നമ്മൾ കുടുംബനാഥനോ നാഥയോ ആണെങ്കിൽ മറ്റ് അംഗങ്ങൾക്കുവേണ്ടിയാവും ആ കെഞ്ചൽ. നമ്മുടെ വില അതിനോടൊപ്പം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നുമുണ്ടാവും. എന്നാലും...’’
സി.വി. രവീന്ദ്രന്റെ 'നൂറ്റൊന്നിതൾപ്പൂവ്' എന്ന കഥാസമാഹാരത്തിലെ ‘ശവക്കച്ച’ എന്ന കഥയാണിത്. ദാരിദ്ര്യത്തെ ഒരു ശവക്കച്ചയായി കാണുന്ന കഥാകൃത്ത് അത് തന്റെ ശരീരത്തെയും മനസ്സിനെയും എങ്ങനെയാണ് മൂടിയിരിക്കുന്നത് എന്ന് ലളിതമായും തത്ത്വചിന്താപരമായും അവതരിപ്പിക്കുകയാണിവിടെ. സാമാന്യവത്കരിക്കാൻ കഴിയുന്ന ആത്മാനുഭവങ്ങളെ ഒരു കുറുങ്കഥയാക്കി മാറ്റാൻ സി.വി. രവീന്ദ്രൻ എന്ന എഴുത്തുകാരന് ഏതാനും ചില വാക്കുകൾ മതി. നിമിഷാർധങ്ങൾകൊണ്ട് ആ വാക്കുകളിലൂടെ കടന്നുപോയി ഒരു കഥയുടെ വൻകര ചുറ്റിവരാൻ കഥാകൃത്ത് വായനക്കാർക്ക് അവസരമൊരുക്കുന്നു.
മനുഷ്യജീവിതത്തിലെ വിവിധ സന്ദർഭങ്ങളെ തികച്ചും ലളിതമായി ചിത്രീകരിച്ചിരിക്കുകയാണ് നൂറ്റൊന്ന് കുറുങ്കഥകളുടെ ഈ സമാഹാരത്തിൽ. ഒറ്റയിരിപ്പിൽ ഒഴുക്കോടെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മിൽ ഇടയ്ക്കിടെ ചിരി പൊട്ടിയേക്കാം. തൊട്ടടുത്ത നിമിഷം ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കിയേക്കാം. അതിനടുത്ത കഥ നമ്മെ തത്ത്വചിന്തയുടെ ആഴത്തിലേക്ക് തള്ളിയിട്ടേക്കാം. വാക്കിനോളം തൂക്കമില്ലീയൂക്കൻ ഭൂമിക്കുപോലുമേ എന്ന കവിവാക്യം ഈ പുസ്തകത്തിന്റെ ഓരോ താളിലും മുഴങ്ങുന്നത് കേൾക്കാം.
വിവിധ കാലങ്ങളിൽ എഴുതിയ കഥകളുടെ സമാഹാരം എന്ന നിലയിൽ ഭാവുകത്വത്തിന്റെ വ്യത്യസ്തതകൾ ഈ പുസ്തകത്തിൽ നമുക്ക് ദർശിക്കാനാവും. പല കാലങ്ങളിൽ എഴുതിയവ ആണെങ്കിലും കഥാകൃത്ത് അറിഞ്ഞുകൊണ്ടോ അറിയാതെയോ, വിഷയങ്ങൾ തിരഞ്ഞെടുത്തതിൽ സ്വീകരിച്ചിട്ടുള്ള വൈവിധ്യം നമ്മെ അതിശയിപ്പിക്കും. ദാരിദ്ര്യവും ജീവിതദുഃഖങ്ങളും പ്രേമവും പ്രേമനൈരാശ്യവും വിവാഹവും വൈധവ്യവും മുതൽ സെൽഫിയും കൊറോണയും ഫേസ് മാസ്കും വരെ കഥകൾക്ക് വിഷയങ്ങളായിരിക്കുന്നു. മനുഷ്യമനസ്സുകളിലെ ലഘുവിചാരങ്ങളും വന്യകാമനകളും സ്വപ്നങ്ങളും പൊട്ടിച്ചിരികളും ചുണ്ടിലെ ചെറുചിരിപോലും ഇതിൽ കഥാതന്തുക്കളായി മാറിയിരിക്കുന്നു.
കണക്കറിവുള്ള മകൻ, ഞായം, പഴയ സാധനങ്ങൾ, ഒരു അടിയന്തിര ആത്മഹത്യ തുടങ്ങിയ കഥകൾ നമ്മെ ചിരിപ്പിക്കുകയും മനസ്സിൽ ലാഘവത്വം നിറക്കുകയും ചെയ്യുമ്പോൾ, സ്റ്റെഫിയുടെ സെൽഫി, അയക്കൂറ എന്ന പൂതി, മകനും മകന്റെ മകനും, വിധവ എന്ന വിറക് തുടങ്ങിയ കഥകൾ വായനക്കാരെ ചിന്തിപ്പിക്കുകയും ഹൃദയത്തെ ആർദ്രമാക്കുകയും ചെയ്യുന്നു. ഇണകൾ തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ചില കഥകളിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാനാവും. പ്രണയത്തെ എത്രത്തോളം ഹൃദയഹാരിയായി അവതരിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചുവോ അത്രത്തോളം ഭംഗിയായിത്തന്നെ നമ്മുടെ പൊങ്ങച്ചത്തെയും ആഡംബരഭ്രമത്തെയും അഹങ്കാരത്തെയും പരിഹസിക്കാനും ഇതിലെ കഥകൾക്ക് കഴിഞ്ഞിരിക്കുന്നു.
2011ൽ തലശ്ശേരിയിലെ ഓപ്പൺ ബുക്സ് പുറത്തിറക്കിയ 'ശയനസൂത്രം' എന്ന നാടകത്തിനുശേഷം സി.വി. രവീന്ദ്രൻ രചിച്ച രണ്ടാമത്തെ പുസ്തകമാണ് നൂറ്റൊന്നിതൾപ്പൂവ്. ഗുജറാത്തിലെ ബുക്ക്ഷെൽഫ് പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.