ആഗസ്റ്റ് 30ന് മോസ്കോ നഗരത്തിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ 96ാമത്തെ വയസ്സിൽ നീണ്ടകാലത്തെ രോഗാവസ്ഥക്കുശേഷം മുൻ സോവിയറ്റ് യൂനിയന്റെ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. റഷ്യൻ ഭൂമികയുടെയും അതിന്റെ ഘടനാപരമായ തകർച്ചയുടെയും കാരണഭൂതനായിട്ടാണ് ഗോർബച്ചേവ് കമ്യൂണിസ്റ്റുകൾക്കിടയിൽപോലും അറിയപ്പെടുന്നത്. ആശുപത്രി...
ആഗസ്റ്റ് 30ന് മോസ്കോ നഗരത്തിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ 96ാമത്തെ വയസ്സിൽ നീണ്ടകാലത്തെ രോഗാവസ്ഥക്കുശേഷം മുൻ സോവിയറ്റ് യൂനിയന്റെ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. റഷ്യൻ ഭൂമികയുടെയും അതിന്റെ ഘടനാപരമായ തകർച്ചയുടെയും കാരണഭൂതനായിട്ടാണ് ഗോർബച്ചേവ് കമ്യൂണിസ്റ്റുകൾക്കിടയിൽപോലും അറിയപ്പെടുന്നത്. ആശുപത്രി അധികാരികൾ മരണത്തെക്കുറിച്ച് കൂടുതലായൊന്നും വിശദീകരിക്കാനും തയാറായില്ല.
1985 മുതൽ 1991 വരെയുള്ള ഏഴുവർഷക്കാലം മാത്രമേ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും റഷ്യൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചുള്ളൂവെന്നത് വാസ്തവം. പക്ഷേ, കമ്യൂണിസത്തിന്റെയും സോവിയറ്റ് യൂനിയെന്റയും ഘടനാപരമായ തകർച്ചയുടെയും പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ പേരിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം മോസ്കോയിൽ ഗോർബച്ചേവ് ഫൗണ്ടേഷന്റെ മേധാവിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം. വിശാലമായ പ്രഭാഷണ പരമ്പരകളിൽ പങ്കെടുക്കുകയും ചെയ്തു. 1990ലെ നൊബേൽ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് റഷ്യക്കുള്ളിൽ അന്ന് നിലവിലിരുന്ന തണുപ്പൻ യുദ്ധത്തിന്റെ അന്ത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പേരിലായിരുന്നു. ഇതിനൊക്കെ ശേഷം അത്രക്കൊന്നും അറിയപ്പെടാതെ നീണ്ടകാലം നിശ്ശബ്ദനായി കഴിഞ്ഞ ഗോർബച്ചേവിന്റെ കഥയുടെ പൂർണമായതലം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സോവിയറ്റ് റഷ്യയുടെ തകർച്ചക്ക് കാരണഭൂതൻ എന്ന് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകൾ വിശ്വസിക്കുമ്പോഴും ഈ മനുഷ്യന്റെ ജീവിതത്തിലെ യാഥാർഥ്യങ്ങൾക്കുള്ളിൽ പൊരുത്തപ്പെടാത്ത നിരവധി വസ്തുതകളുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സോവിയറ്റ് ആധിപത്യത്തിൽനിന്നും മോചനം നൽകി സ്വതന്ത്രരാക്കുന്നതിനായി അദ്ദേഹം കാണിച്ച പ്രവർത്തന രീതികൾ ചരിത്രത്തിൽ പ്രാധാന്യം നേടിക്കഴിഞ്ഞതാണ്. അക്കാലത്തെക്കുറിച്ച് പെരിസ്ട്രോയിക്കയും റഷ്യ-അമേരിക്കൻ ബന്ധങ്ങളും (Perestroika and Soviet American Relations), ദി സെർച് ഫോർ എ ന്യൂ ബിഗിനിങ്, ദി ആഗസ്റ്റ് കുപ്-ട്രൂത്ത് ആൻഡ് ദിലെസൺസ് തുടങ്ങിയ ഗ്രന്ഥങ്ങൾ ഗോർബച്ചേവ് രചിച്ചിട്ടുണ്ട്.
ഇതിനൊക്കെ ഉപരി ഗോർബച്ചേവിന്റെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥം അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞത് വായനക്കിടയിൽ അത്യപൂർവമായി ലഭിക്കുന്ന ഒരു മഹാഭാഗ്യമായിട്ടാണ് തോന്നുന്നത്. എന്റെ രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും (Gorbachev- On My Country and the World) എന്ന തലക്കെട്ടിലെ ഓർമക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റി പ്രസാണ് (Columbia University Press- New york) പുറത്തിറക്കിയിരിക്കുന്നത്. വിഖ്യാതനായ ജോർജ് ഷ്റീവറാണ് (George Shriver) പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
റഷ്യയുടെ അവസാനത്തെ സ്റ്റിവാർഡായ മനുഷ്യൻ വെളിപ്പെടുത്തുന്ന രീതിയിൽ പറഞ്ഞിരിക്കുന്ന ഈ പുസ്തകം റഷ്യയിലെ അന്നത്തെ പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും സമ്പൂർണ വീശിയടിക്കലായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അനുഭവങ്ങൾക്കുള്ളിൽനിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഗോർബച്ചേവിനെ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് പറയാൻ പ്രാപ്തനാക്കിയിരിക്കുന്നു. റഷ്യയുടെ പൂർവകാലവും വർത്തമാനകാലവും ഭാവികാലവും ലോക മനസ്സാക്ഷിക്കു മുന്നിൽ അതിന് ലഭിക്കാൻ പോകുന്ന പരിഗണനയെക്കുറിച്ച് വളരെ വിശദമായിതന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. 1917ലെ ഒക്ടോബർ വിപ്ലവവും ശീതയുദ്ധവും രണ്ടാം ലോകയുദ്ധവും ലെനിൻ, സ്റ്റാലിൻ, യെൽറ്റ്സിൻ തുടങ്ങിയ സുപ്രധാന വ്യക്തിപ്രഭാവങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതുകൂടാതെ നാറ്റോയുടെ വികാസവും ആണവ ആയുധങ്ങളെക്കുറിച്ചുള്ള യു.എന്നിന്റെ പങ്കിനെക്കുറിച്ചും എഴുതുന്നു. മൂന്ന് പ്രധാന ഭാഗങ്ങളിലൂടെയാണ് പുസ്തകത്തിന്റെ രൂപരേഖ ഗോർബച്ചേവ് തയാറാക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് വിഖ്യാതമായ ഒക്ടോബർ വിപ്ലവവും അതിന്റെ അർഥവും പ്രാധാന്യവും (October Revolution: Its Sense and significance) എന്നതിനെക്കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്ത് യൂനിയനെ ശരിക്കും രക്ഷപ്പെടുത്താമായിരുന്നു (The Union could have been preserved) എന്ന വിഷയത്തെക്കുറിച്ചും മൂന്നാം ഭാഗത്ത് പുതിയ ചിന്തകൾ: ഇന്നലെ... ഇന്ന് നാളെ (The New Thinking Yesterday, Today and Tomorrow) എന്ന വിഷയത്തെക്കുറിച്ചും സ്വന്തം അനുഭവങ്ങൾക്കുള്ളിൽനിന്നുകൊണ്ട് അദ്ദേഹം മനസ്സ് തുറക്കുന്നു.
ഒക്ടോബർ വിപ്ലവത്തെക്കുറിച്ച ഓർമകളിലൂടെയാണ് ഗോർബച്ചേവ് അതിന്റെ അവബോധത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കുന്നത്. ''മഹത്തായ ഒക്ടോബർ വിപ്ലവം എന്ന് റഷ്യക്കാർ വിശേഷിപ്പിക്കുന്ന സംഭവം നടന്നിട്ട് 80 വർഷങ്ങളിൽ കൂടുതലായിരിക്കുന്നു. ഇന്നതിനെ കുറിച്ചുള്ള തീവ്രമായ വിലയിരുത്തലുകളും നടക്കുന്നുണ്ട്. അതുണ്ടാക്കിയ ദിശാബോധത്തെക്കുറിച്ചും അനന്തര ഫലങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. ഇപ്പോഴും അവസാനിക്കാത്ത വിചിന്തനങ്ങൾ. പക്ഷേ, ചരിത്രം ഇതിനെ ലക്ഷ്യമാക്കുന്നത്, മറ്റെന്തൊക്കെയോ ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ അരങ്ങേറിയ ഫ്രഞ്ച് വിപ്ലവം കഴിഞ്ഞിട്ട് 200 സംവത്സരങ്ങളിൽ കൂടുതലായിരിക്കുന്നു. പക്ഷേ, ഈയൊരുദിവസം വരെ വിപ്ലവം എന്ന യാഥാർഥ്യം പ്രചോദനം കൊടുക്കുന്നത് പൊരുത്തമില്ലാത്തതും വൈരുധ്യാത്മകവുമായ വിധിന്യായങ്ങളും അഭിപ്രായങ്ങളുമാണ്. ഒക്ടോബർ വിപ്ലവത്തെക്കുറിച്ചും കൂടുതൽ ആലോചിക്കുമ്പോൾ ഇത് യാഥാർഥ്യമായി വരുന്നുണ്ട്. ഫ്രഞ്ച് വിപ്ലവം ഏതാണ്ട് 19ാം നൂറ്റാണ്ടിനെ പൂർണമായും റഷ്യൻ ഒക്ടോബർ വിപ്ലവം 20ാം നൂറ്റാണ്ടിനെയും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അങ്ങനെ ഈ നൂറ്റാണ്ട് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായി രൂപാന്തരപ്പെടുകയുംചെയ്തു.'' വിപ്ലവം നേരിൽ ദർശിച്ച അമേരിക്കൻ പത്രപ്രവർത്തകൻ ജോൺ റീഡ് ''ലോകത്തെ നടുക്കിയ പത്ത് ദിനങ്ങൾ'' (Ten Days that Shook the WorId) എന്ന പേരിൽ പ്രശസ്തമായ ഗ്രന്ഥം രചിക്കുകയുംചെയ്തു. ഇംഗ്ലീഷുകാരൻ എറിക് ഹോബ്സാം (ചരിത്രകാരനും സാമൂഹ്യശാസ്ത്രകാരനും) ഒക്ടോബർവിപ്ലവത്തെ പരിഗണിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു സാർവലൗകികമായ ശാശ്വതരൂപമെന്നാണ്. ഇവർ രണ്ടുപേരും പറഞ്ഞത് ശരിയാണെന്നാണ് ഗോർബച്ചേവ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും അറിയാനും ഗോർബച്ചേവിന്റെ തന്നെ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊടുത്തു. ഇത് റഷ്യൻ ജനതക്കിടയിൽ സൃഷ്ടിച്ച വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പേക്ഷ, ഗോർബച്ചേവിന് ഇൗ നയങ്ങൾ അവതരിപ്പിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടായിരുന്നു. തന്റെ കാലത്ത് കൂടുതൽ ജനാധിപത്യപരമായ വീക്ഷണങ്ങളോടെ നടത്താൻ ശ്രമിച്ച കാര്യങ്ങളെ ചൊല്ലി ഗോർബച്ചേവിന് വലിയ കുറ്റബോധമൊന്നും തോന്നുന്നില്ല. വിപ്ലവാനന്തര ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുമ്പോൾ റഷ്യൻ ഭൂമികയിൽ അരങ്ങേറിയ പല കാര്യങ്ങൾക്കും മനുഷ്യസ്വാതന്ത്ര്യത്തിന്റെ കൽപനകൾക്കനുസരിച്ചിട്ടുള്ള ഘടനാപരമായ ചിട്ടകൾ ഒന്നുമുണ്ടായിരുന്നില്ല. പ്രാധാന്യത്തോടെ മാറ്റങ്ങളെ കാണാനോ ഉൾക്കൊള്ളാനോ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുമില്ല. 80 വർഷങ്ങൾക്കുശേഷം പുതിയ ഒരു ദർശനത്തോടെ ഇതിനെ കാണുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറയുന്നു. സോവിയറ്റ് റഷ്യയുടെ അവസാനത്തെ പരിചാരകൻ നടത്തിയ ഈ ഓർമക്കുറിപ്പുകൾ അതിന്റേതായ പ്രാധാന്യത്തോടെ ലോകമെമ്പാടുമുള്ള വായനക്കാർ ഏറ്റെടുത്തതിന് പിന്നിൽ ഈ മനുഷ്യന്റെ കാലത്തെ സംഭവങ്ങൾ വലിയ രീതിയിൽ മാർഗദർശിയായിത്തീരുന്നു എന്നതുകൊണ്ടുകൂടിയാണ്.
ഒക്ടോബർ വിപ്ലവത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ പിറകോട്ടുപോയി പഴയ സാർ ചക്രവർത്തിമാരുടെ റഷ്യയെക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നുണ്ട്. അന്ന് പലരും ചിന്തിച്ചിരുന്നതുപോലെ റഷ്യ പിറകോട്ടുപോയ ഒരു ഭൂമികയായിരുന്നില്ലെന്നും അദ്ദേഹം തുറന്നു ചിന്തിക്കുന്നു. ബോൾഷെവിക് വിപ്ലവം അന്ന് അനിവാര്യമായ ഒരു വിഭാവനം തന്നെയായിരുന്നു. റഷ്യയെ ആധുനികവത്കരിക്കാൻ അത് വളരെക്കാര്യങ്ങൾക്ക് വഴിയൊരുക്കി. അദ്ദേഹം കൂടുതൽ ശക്തമായി ചിന്തിക്കുന്നത് പാശ്ചാത്യനാടുകളുടെ സാമൂഹിക നിയമസംവിധാനങ്ങളുടെ കാര്യത്തിൽ വിപ്ലവത്തിന് മികച്ച രീതിയിലുള്ള സ്വാധീനം ചെലുത്താനും കഴിഞ്ഞു. അതേസമയം സ്റ്റാലിന്റെ കാലത്തെ സമഗ്ര ഏകാധിപത്യ സംവിധാനം സോഷ്യലിസ്റ്റ് സംവിധാനങ്ങളുടെ വികസനത്തിന് വലിയ രീതിയിൽ എതിർപ്പുകൾ ഉണ്ടാക്കാനും ശ്രമം നടന്നു. ഇതിനെ നിരാകരിച്ചിട്ട് വലിയ കാര്യമില്ലെന്ന് ഗോർബച്ചേവ് ആധികാരികമായി തുറന്നു സംവേദിക്കുന്നുമുണ്ട്.
20ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽതന്നെ റഷ്യൻ ഭൂമികയിൽ വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളും അനുമാനങ്ങളും നിലവിലുണ്ടായിരുന്നു. ചരിത്രപരമായി അനിവാര്യമായി രൂപാന്തരപ്പെട്ട വിപ്ലവത്തിൽനിന്നും ലെനിന്റെ മരണത്തിനുശേഷം സ്റ്റാലിൻ നടത്തിയ അധികാര കടന്നുകയറ്റങ്ങൾ പൊറുക്കാനാവാത്ത തെറ്റുകളിലൂടെയാണ് പുതിയ ലക്ഷ്യങ്ങൾ തേടിയത്. അന്നത്തെ ചരിത്രവും സാഹിത്യവും ഇതിന് കൂടുതൽ ശക്തിപകർന്നുകൊണ്ട് സജീവവുമായിരുന്നു. ഒക്ടോബർ വിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവമായാണ് പരിഗണിച്ചത്. സോവിയറ്റ് യൂനിയനെ ഒരു സോഷ്യലിസ്റ്റ് സ്റ്റേറ്റായും മാതൃകയായും പരിഗണിക്കപ്പെട്ടിരുന്നു. സോഷ്യലിസം ശരിക്കും റഷ്യയിൽ സൃഷ്ടിക്കപ്പെട്ടിരുന്നോ എന്നാണ് ഗോർബച്ചേവ് ചോദിക്കുന്നത്.
1917 ഒക്ടോബറിൽ വിപ്ലവകരമായ പോരാട്ടങ്ങളിൽ വിജയികളായ കമ്യൂണിസ്റ്റുകൾ നേരിട്ടത് ലോകയുദ്ധം നശിപ്പിച്ച സാമൂഹികാവസ്ഥകളുടെ ഏറ്റവും പരിതാപകരമായ അവസ്ഥയെയാണ്. ലെനിന്റെ പെട്ടെന്നുണ്ടായ മരണത്തിനുശേഷം റഷ്യക്കു മുന്നോട്ടുപോകുന്നതിലുണ്ടായ വൈഷമ്യങ്ങൾ ഏറെയായിരുന്നു. എന്താണ് മുന്നോട്ടുള്ള ഗതിയെന്ന ആശങ്കയും നിലനിന്നിരുന്നു. 1930കളായപ്പോൾ സ്റ്റാലിനിസം സോവിയറ്റ് യൂനിയനിൽ വിജയം കണ്ടെത്തി. സ്റ്റാലിനിസം എന്ന പദത്തിന്റെ ഉപയോഗംതന്നെ നിബന്ധനയോടുകൂടിയുള്ള ഒന്നായിരുന്നു. ഭൂതകാലത്തിന്റെ മേധാവിത്വത്തെയാകെ ഇത് ചോദ്യംചെയ്തു. എല്ലാത്തരത്തിലും വേറിട്ട ഒരു പുതിയ ഉൾക്കാഴ്ചക്കുള്ളിലാണിതിന്റെ ആഗമനമുണ്ടായത്. ഗോർബച്ചേവ് പറയുന്നു: ''എന്നെ സംബന്ധിച്ചിടത്തോളം സ്റ്റാലിൻ ഒരു സൂത്രശാലിയും കൗശലക്കാരനും ക്രൂരനും അനുകമ്പയില്ലാത്ത വ്യക്തിയുമായിരുന്നു. കനത്ത സംശയസ്വഭാവം അയാളുടെ സ്വഭാവത്തിന്റെ പ്രത്യേകതയുമായിരുന്നു. ഇന്നത്തെ റഷ്യയിൽനിന്നുപോലും വീണ്ടുമൊരു ശബ്ദമുയർന്നു കേൾക്കുന്നുണ്ട്. നമുക്ക് ഒരു പുതിയ സ്റ്റാലിനെയാണ് വേണ്ടത്.'' ആകെ സംഭ്രമത്തിലാണ്ട് കഴിയുന്ന ഒരു തലമുറയുടെ ആശങ്കകളായിട്ടേ ഗോർബച്ചേവിന്റെ വാക്കുകളെ കാണാൻ കഴിയൂ. 1920കളുടെ അവസാനം സോവിയറ്റ് സമൂഹത്തിന്റെ നിയന്ത്രണം മൊത്തത്തിൽ പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനുമായിരുന്നു. അങ്ങനെ ഒരു സമഗ്ര ഏകാധിപത്യത്തിലേക്കുള്ള പാതകൾ തുറന്നുകൊണ്ടിരുന്നു. പിന്നീട് ലക്ഷക്കണക്കിനു മനുഷ്യരുടെ അവസാനംകണ്ട ക്യാമ്പുകളും പീഡനകേന്ദ്രങ്ങളും വഴി വികൃതമായ ഒരു റഷ്യയുടെ മുഖം ലോകമനസ്സാക്ഷിക്കു മുന്നിൽ വിരിഞ്ഞുനിന്നു. അങ്ങനെ മാതൃകയായി റഷ്യയിൽ സൃഷ്ടിക്കപ്പെട്ട ലോകം ഒരിക്കലും സോഷ്യലിസത്തിന്റേതായിരുന്നില്ല. മറിച്ച്, സമഗ്ര ഏകാധിപത്യത്തിന്റേതായിരുന്നു.
ജീവിച്ചിരുന്നപ്പോൾ സ്റ്റാലിനെ ഒരിക്കലും താൻ ദർശിച്ചിട്ടില്ലെന്ന് ഗോർബച്ചേവ് സമ്മതിക്കുന്നു. ''പേടകത്തിനുള്ളിൽ വിറങ്ങലിച്ചുകിടക്കുന്ന സ്റ്റാലിന് വിടചൊല്ലുവാനുള്ള അഭിലാഷം തീവ്രമായ ഒന്നായിരുന്നു. ജനങ്ങളുടെ ഒരു വലിയ വേലിയേറ്റമാണവിടെയുണ്ടായത്. ജനങ്ങൾ നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു. പക്ഷേ, ഇന്ന് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾക്കാകെ മാറ്റം സംഭവിച്ചു. പെരിസ്ട്രോയിക്കയുടെ സമയത്ത് സ്റ്റാലിനിസത്തെക്കുറിച്ച് ശരിക്കും വ്യക്തമായ ധാരണ വീണ്ടെടുക്കുവാനും കഴിഞ്ഞിരുന്നു. ജനങ്ങളുടെ അവബോധങ്ങൾക്കുള്ളിൽ എന്താണത് പ്രതിനിധാനംചെയ്തിരുന്നത്? ഇന്നുമതിന്റെ സാന്നിധ്യം എവിടെയൊക്കെയോ മറഞ്ഞുകിടക്കുന്നു.'' ഗോർബച്ചേവിന്റെ ചിന്തകൾ കടന്നുപോകുന്ന തലങ്ങൾ ആരെയും അസ്വസ്ഥമാക്കും. ''സമഗ്ര ഏകാധിപത്യം എന്റെ നാടിനു വരുത്തിയ വീഴ്ചകളുടെ തിരിച്ചറിവ് അധികാരത്തിലേറിയപ്പോൾ ജനാധിപത്യത്തിനും നവീകരണത്തിനുമുള്ള ലക്ഷ്യങ്ങളിലെത്തിച്ചേരാനുള്ള തീരുമാനങ്ങളിലേക്ക് എന്നെ കൊണ്ടുവന്നു. ജനാധിപത്യം എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു സ്വപ്നം മാത്രമായിരുന്നില്ല. സമഗ്ര ഏകാധിപത്യത്തിന്റെ പതനംകൊണ്ടേ കാര്യങ്ങൾക്കു പുരോഗതിയുണ്ടാകൂ എന്ന വിശ്വാസങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു കിട്ടി. പൊതുജനങ്ങളുടെ നിരീക്ഷണങ്ങൾക്കായി അധികാരി വർഗത്തിന്റെ ചെയ്തികൾക്ക് ജാലകങ്ങൾ തുറന്നുകിട്ടി.'' ഒരു സാധാരണ പൗരന്റെ അവകാശമായിട്ടാണിതിനെ ഗോർബച്ചേവ് ദർശിച്ചത്. ''സ്വാതന്ത്ര്യത്തിന്റെ വീഴ്ചയും ജനാധിപത്യ വിശ്വാസങ്ങളുടെ മൂല്യത്തകർച്ചയും ശരിക്കും വിപ്ലവത്തിന്റെ അടിസ്ഥാന ദർശനങ്ങളെയാണ് തകർക്കുന്നത്. അല്ലെങ്കിൽ ഇവിടെ റഷ്യയിൽ ഒരു പരിധിവരെ അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.''
ഗോർബച്ചേവിനെക്കുറിച്ച് വ്യക്തിയെന്നനിലയിൽ നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സോവിയറ്റ് റഷ്യ ഒരു യൂനിയൻ എന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് സൂചിപ്പിക്കുന്നു. എന്നാൽ, രണ്ടാം ഭാഗത്ത് യു.എസ്.എസ്.ആറിലെ ജനതക്ക് പെരിസ്ട്രോയിക്ക എന്താണ് കൊണ്ടുവന്നതെന്ന് അദ്ദേഹം ഓർക്കുന്നു. 1991 ഡിസംബർ ആയപ്പോൾ പെരിസ്ട്രോയിക്ക എന്ന ദർശനംതന്നെ പരാജയപ്പെടുകയും സോവിയറ്റ് യൂനിയൻ എന്ന യാഥാർഥ്യം ഇല്ലാതാവുകയുംചെയ്തു. ഇതെങ്ങനെയാണ് സംഭവിച്ചത്. അതിനുള്ള ഉത്തരം കെണ്ടത്താനുള്ള ഒരു ശ്രമമാണ് ഈ ഭാഗത്ത് അദ്ദേഹം ഏറ്റെടുക്കുന്നത്. ''ഇങ്ങനെ ഒരു തകർച്ച ആരും മുൻകൂട്ടി കണ്ടിരുന്നില്ല. ഈ സംഭവ വികാസങ്ങൾ സമാന്തരമായി ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ശരിക്കും അതൊരു മഹാദുരന്തം തന്നെയായിരുന്നു. സോവിയറ്റ് പൗരന്മാർക്കും റിപ്പബ്ലിക്കിനും സംഭവിച്ച ഒരു ദുരന്തം. ഇത്തരമൊരു ഘടനാപരമായ തകർച്ച തന്റെ സ്വപ്നത്തിൽപോലുമുണ്ടായിരുന്നില്ല. യൂനിയൻ സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ച യാഥാർഥ്യങ്ങൾക്കെതിരെ വെറുതെ പ്രതികരിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. ഇത് യൂറോപ്പിലെയും ലോകത്തിലെയും അവസ്ഥകളെയാകെ മാറ്റിമറിച്ചു. ജിയോ പൊളിറ്റിക്കൽ അനുപാതത്തെയാണിത് തകിടം മറിച്ചത്. സാമ്പത്തികവും രാഷ്ട്രീയപരവും നിയമപരവും ശാസ്ത്രപരവുമായ സംവിധാനങ്ങൾക്ക് തകർച്ചയുണ്ടായി. നൂറ്റാണ്ടുകൾകൊണ്ട് ഞങ്ങൾ നേടിയെടുത്ത മികച്ച സംവിധാനങ്ങളുടെ തകർച്ച അതീവദുഃഖകരമായി.''
മിഖായേൽ ഗോർബച്ചേവ് (രണ്ട് കാലങ്ങളിൽ)
ഗോർബച്ചേവിന്റെ ഓർമകളിൽ നാടിന്റെ തകർച്ചയുടെ ഭീകരമായ ദൃശ്യങ്ങളുണ്ട്. ''ആഗസ്റ്റ് 22ന് ബോറിസ് യെൽറ്റ്സിൻ ഒരു കൽപന പുറപ്പെടുവിച്ചു. ശരിക്കും ഇതയാളുടെ ഒരുഗൂഢാലോചനയുടെ അനന്തരഫലമായിരുന്നു. സോവിയറ്റ് യൂനിയൻ എന്ന വലിയ സങ്കൽപത്തെയാണിത് ബാധിക്കുകയും തകർക്കുകയും ചെയ്തത്. ആദ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ആഗസ്റ്റ് 24ന് യുെക്രയ്നാണ്. 25ന് മൾഡോവയും അസർബൈജാനും കിർഗിസ്താനും ഉസ്ബെകിസ്താനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.'' യെൽറ്റ്സിന്റെ കുതന്ത്രങ്ങൾ ഇതിന് വേഗത്തിൽ സഹായകമായെന്ന് ഗോർബച്ചേവ് തിരിച്ചറിയുന്നുണ്ട്. യൂനിയനിൽനിന്ന് ഓരോ രാജ്യങ്ങളായി വിട്ടുപോകുന്നതിന്റെ അസാധാരണ ദൃശ്യങ്ങൾ ഗോർബച്ചേവ് വിവരിക്കുന്നു. യെൽറ്റ്സിൻ എന്ന അധികാരി അവസരോചിതമായി ഇതിന്റെ പിന്നിൽ കളിച്ച കളികൾ നിസ്സഹായതയുടെ വീഴ്ചകളായി എടുത്തുകാട്ടി ഗോർബച്ചേവ് തന്റെ നിലപാട് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതുപോലൊരു തകർച്ച ഒരിക്കലും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.