ആംനെസ്റ്റി

സഹീറ തങ്ങൾ

പബ്ലിഷേഴ്സ്: എംപ്റ്റി കാൻവാസ് പേജ്: 154

വില: 225

ആംനെസ്റ്റി: അതിരുകളില്ലാത്ത ലോകം

ഗൾഫ് പ്രവാസത്തിന്റെ വ്യത്യസ്ത നോവുകളെ പ്രമേയമാക്കി നിരവധി നോവലുകൾ മലയാളത്തിൽ വന്നിട്ടുണ്ട്. ബെന്യാമിന്റെ ആടുജീവിതം ആ മേഖലയിൽ സംഭവിച്ച വലിയ ഒരു വഴിത്തിരിവാണല്ലോ? ആ കൃതിയിലെ കേന്ദ്ര കഥാപാത്രമായ നജീബ് വായനക്കാരെ പെട്ടെന്നൊന്നും വിട്ടുപോകില്ല. പ്രവാസിയുടെ ആഴത്തിലുള്ള മുറിവുകളാൽ നെയ്തെടുക്കപ്പെട്ട അക ഭൂപടങ്ങളാണ് ആടുജീവിതത്തിന്റെ താളുകൾ. വായനക്കാരിൽ ഇത്തരമൊരാലോചന വീണ്ടും സജീവമാക്കുന്നു സഹീറ തങ്ങളുടെ ആംനെസ്റ്റി എന്ന ഇംഗ്ലീഷ് നോവൽ.

‘നീ യഥാർഥത്തിലുണ്ടെങ്കിൽ,

എന്നെ സന്തോഷിപ്പിക്കൂ;

നീയെന്നെ സന്തോഷിപ്പിക്കുംവരെ, എനിക്ക് സത്യത്തിൽ വിശ്വസിക്കാനാവില്ല'

ആംനസ്റ്റി എന്ന നോവലിലേക്കുള്ള വാതായനമായിട്ട് ഈ വാക്കുകളെ കാണാം. നോവലിന്റെ തിലകക്കുറിയായി നിലനിൽക്കുന്ന വാചകം. കേന്ദ്രകഥാപാത്രമായ ആൽഫിയുടെ ഹൃദയമൊഴികൾപോലെ അവ നമ്മോടൊപ്പം ചേർന്നുനിൽക്കും!

‘ആംനസ്റ്റി’ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നംകാണുന്ന, എന്നെങ്കിലും അങ്ങനെ ഒരു രാഷ്ട്രീയക്രമം വന്നുകാണാനാശിക്കുന്ന നിഷ്കളങ്ക ജന്മങ്ങളുടെ കൂടാരമാണ്. ഭൂമിയിൽ എല്ലായിടത്തും ആത്മവിശ്വാസത്തോടെ സത്യസന്ധമായി ജീവിക്കാൻ പ്രാർഥനയാകുന്ന മാനവിക മോഹത്തിന്റെ ഉണർത്തുപാട്ട്.

കഥാപാത്രങ്ങളായ നബീസയും റഹീമും നിയമവിധേയമല്ലാത്ത ഒറ്റപ്പെടലിൽ ദിനങ്ങളെണ്ണുന്നവരാണ്. അവരെ സഹായിക്കാൻ അയാനും ആൽഫിയും ഫുജൈറയിലേക്ക് പോകുന്നു. പ്രാപഞ്ചിക താളംപോലെ പ്രതിസന്ധികളെല്ലാം ഒഴിഞ്ഞുതീരുമ്പോൾ, സ്പോൺസർ ഇബ്രാഹീമിന്റെ സാന്നിധ്യത്തിൽ, ഒരൊറ്റ നിമിഷത്തിൽ അവരെല്ലാം റൂമിയുടെ മൊഴികൾപോലെ സ്നേഹത്തിന്റെ ദേശം മാത്രമായി മാറുന്നു. ഒരേ പ്രാണവായുവിൽ, ഒരേ ജലത്തിൽ ഒന്നായവർ മനുഷ്യ ചേതനയുടെ നിറവുകളായ് നിറയുന്നു. നോവലിസ്റ്റിന്റെ മാനവിക ദർശനം വായനക്കാരിലും കാരുണ്യം നിറക്കുന്നുണ്ടിവിടെ.

ആൽഫി, സ്നേഹത്തെ അത്രയുമത്രയും ഉള്ളിലേക്കെടുത്ത ഒരു അപൂർവ കർമയോഗിനിയാണ്. അയാൻ എന്ന ലബനാൻകാരനെ പ്രാർഥനാപൂർണമായ പ്രണയത്താൽ ആത്മസംഗീതമാക്കിയ യുവതി. അവർ ഒരുമിച്ച്, ജീവിതത്തിന്റെ തടവറയിൽ ധ്വംസിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ രക്ഷകരാകാൻ സ്വയം നിയോഗിക്കപ്പെടുന്നു.

അതിനിടയിൽ ആകാശമായും കടലായും കുന്നുകളായും താഴ്‌വാരങ്ങളായും അയാൻ ആൽഫിയിൽ നിറയുന്നു.

തന്റെ ഹൃദയത്തിൽ കുളിർസ്പർശം പോലെ അരിച്ചിറങ്ങുന്ന പ്രണയപ്പെയ്ത്തിനെ പൂർണ നിറവിൽത്തന്നെ ആൽഫി സ്വീകരിച്ചുതുടങ്ങുന്നു. ഇണക്കത്തിന്റെ ഒരു മഹാ മുറുക്കത്തിനിടയിൽ ഒരിക്കലവൻ അവളോട് ഇങ്ങനെ ചോദിക്കുന്നുണ്ട്.

‘എനിക്കുമാത്രമായ് വെളിപ്പെടുത്താൻ ഇനിയുമുണ്ടോ നിന്നിൽ അനേകം ഭൂഖണ്ഡങ്ങൾ’ അത്രയുമത്രയുമായിരുന്നു അവർക്കിടയിലെ അടുപ്പത്തിന്റെ ആഴം.

കവി മീർ തഖ്മീറിന്റെ കവിതപോലെ കടലിലെ തിരകളെല്ലാം നിന്നോടുള്ള എന്റെ അഭിനിവേശത്തിന്റെ ഒരായിരം അടരുകളാണെന്ന് അയാൻ അവളോട് പറയുന്നുണ്ടൊരിക്കൽ. ‘എന്റെ പ്രണയം കാട്ടുതേൻപോലെയാണ്.

ഉള്ളിൽ വസന്തം അലിഞ്ഞുചേർന്നിരിക്കുന്നു’വെന്ന് കമല സുറയ്യയുടെ കാവ്യമൊഴികളെ ഓർമിപ്പിക്കുന്ന ഒരു മുഹൂർത്തമാണിത്.

നോവലിന്റെ പ്രധാനദേശം യു.എ.ഇയാണ്. ദുബൈയും ഖോർഫുഖാനും ഫുജൈറയും മാറിമാറിവരുന്ന സമയസ്ഥലികൾ. പുറത്തുനിന്ന് അകത്തേക്ക് വളരുകയാണ് ആംനെസ്റ്റിയിലെ കാലം.

ചിലപ്പോൾ ദീർഘകാലംപോലെ തോന്നുന്ന ഒരൊറ്റ രാവും പകലും.

ചിലപ്പോൾ ഒരു ദിനത്തിന്റെ ദൈർഘ്യമുള്ള ആഴ്ചകൾ. അടുപ്പം, അകൽച്ച, മജ്ജയിൽ പടർന്നു കയറുമ്പോഴുള്ള വിഷാദത്തിന്റെ മുൾപ്പടർപ്പുകൾ. സ്ത്രീജന്മത്തിന്റെ കരകാണാക്കടൽ. താങ്ങാനാകാത്ത ഭാരത്തിന്റെ ദുർഘടാവസ്ഥകൾ... ഒടുവിൽ പുതിയ ഒരു ജന്മത്തിലൂടെ ഭാവിയെ തൊടാനായി ആൽഫി സ്വയം ഏറ്റെടുത്ത മാതൃഭാവത്തിന്റെ നിസ്തുല പോരാട്ടങ്ങൾ. ഒരു സ്ത്രീക്കുമാത്രം സാധ്യമാകുന്ന ദിവ്യപ്രണയത്തിന്റെ ആത്മമുദ്രകൾ.

ആംനെസ്റ്റി വായിച്ചുതീരുമ്പോൾ, വിങ്ങുന്ന വായനക്കാരന്റെ ഹൃദയത്തെ ഹൃദയം തന്നെ സമാധാനിപ്പിച്ചു ശാന്തമാക്കുന്ന സുഖം വന്നുചേരും.

സഹീറ തങ്ങൾ, കവി എന്നനിലയിൽ മലയാളിക്ക് സുപരിചിതയാണ്. റാബിയ എന്നപേരിൽ വർഷങ്ങൾക്കുമുമ്പ് എഴുതിയ നോവലും ശ്രദ്ധിക്കപ്പെട്ടു. സ്‌ത്രീമനസ്സിന്റെ സങ്കീർണതകളെ മറ്റൊരിക്കലുമില്ലാത്തവിധം അനാവരണം ചെയ്യുന്ന, ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നോവൽ. ഈയടുത്തകാലത്തു പുറത്തിറക്കിയ ‘വിശുദ്ധ സഖിമാരും’ സ്വീകരിക്കപ്പെട്ടു.

എഴുത്തിൽ തന്റേതായ ഒരിടം തീർക്കാൻ സഹീറക്ക് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലെഴുതിയ ആംനെസ്റ്റി നോവലിലൂടെ തന്റെ സർഗയിടത്തെ കൂടുതൽ വിശാലമാക്കിയിരിക്കുന്നു എഴുത്തുകാരി.

154 പേജുകൾ വരുന്ന നോവൽ പ്രസാധനം ചെയ്തത് ന്യൂഡൽഹിയിലെ എംപ്റ്റി കാൻവാസ് പബ്ലിഷേഴ്സ് ആണ്. 225 രൂപ വിലയുള്ള പുസ്തകത്തിന്റെ നിർമിതി ശ്രദ്ധേയമാണ്. മൻസൂർ ചെറൂപ്പയുടേതാണ് മനോഹരമായ കവർ ഡിസൈൻ.

Tags:    
News Summary - malayalam book review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.