ചെറുകഥാ ലോകത്തെ രാജ്ഞി

മേയ്​ 13ന്​ വിടപറഞ്ഞ സാഹിത്യ നൊ​േബൽ ജേതാവും കനേഡിയൻ എഴുത്തുകാരിയുമായ ആലീസ്​ മൺറോയെയും അവരുടെ രചനകളെയും ഒാർക്കുകയാണ്​ എഴുത്തുകാരി കൂടിയായ ലേഖിക.2013 മേയില്‍, 13നോ മറ്റോ ആണെന്ന് തോന്നുന്നു, അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊ​േബല്‍ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയില്‍ ആലീസ് മണ്‍റോവിന്‍റെ പേര് ഉണ്ടായിരുന്നെങ്കിലും വലുതായി ചര്‍ച്ചചെയ്യപ്പെട്ടില്ലാതിരുന്ന കാരണം എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. അന്ന് ഞാന്‍ മലേഷ്യയിലായിരുന്നു. രാത്രിയില്‍ ഫോണില്‍ മെസേജ് വന്നത് നോക്കിയപ്പോള്‍ കൂട്ടുകാരിയും എഴുത്തുകാരിയുമായ ജയശ്രീ തോട്ടക്കാടിന്‍റേതാണ്. അപ്പോള്‍ എനിക്ക് ഉറപ്പായി,...

മേയ്​ 13ന്​ വിടപറഞ്ഞ സാഹിത്യ നൊ​േബൽ ജേതാവും കനേഡിയൻ എഴുത്തുകാരിയുമായ ആലീസ്​ മൺറോയെയും അവരുടെ രചനകളെയും ഒാർക്കുകയാണ്​ എഴുത്തുകാരി കൂടിയായ ലേഖിക.

2013 മേയില്‍, 13നോ മറ്റോ ആണെന്ന് തോന്നുന്നു, അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊ​േബല്‍ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയില്‍ ആലീസ് മണ്‍റോവിന്‍റെ പേര് ഉണ്ടായിരുന്നെങ്കിലും വലുതായി ചര്‍ച്ചചെയ്യപ്പെട്ടില്ലാതിരുന്ന കാരണം എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. അന്ന് ഞാന്‍ മലേഷ്യയിലായിരുന്നു. രാത്രിയില്‍ ഫോണില്‍ മെസേജ് വന്നത് നോക്കിയപ്പോള്‍ കൂട്ടുകാരിയും എഴുത്തുകാരിയുമായ ജയശ്രീ തോട്ടക്കാടിന്‍റേതാണ്. അപ്പോള്‍ എനിക്ക് ഉറപ്പായി, നൊ​േബല്‍ സമ്മാനം ആലീസ് മണ്‍റോവിനു തന്നെ. എന്‍റെ ആലീസ് മണ്‍റോ കമ്പം ജയശ്രീക്ക് നന്നായി അറിയാം. പ്രിയ എഴുത്തുകാരിയുടെ നേട്ടം എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.

കാനഡയിലെ വാൻകൂവറില്‍ കുറച്ചുനാള്‍ താമസിക്കാന്‍ ഇടയായ അവസരത്തിലാണ് ഞാന്‍ ആലീസ് മണ്‍റോ എന്ന എഴുത്തുകാരിയെ വായിച്ചുതുടങ്ങുന്നത്. ഭര്‍ത്താവ് മോഹന് ഒരുപാട് ഔദ്യോഗിക യാത്രകള്‍ ഉണ്ടായിരുന്നതുകൊണ്ട് പുതിയൊരു സംസ്കാരവുമായി ഇണങ്ങാനും ഏകാന്തതയെ നേരിടാനും പുസ്തകങ്ങളായിരുന്നു ആശ്രയം. ആലീസ് മണ്‍റോവിന്‍റെ ഏതു കഥയാണ് ആദ്യം വായിച്ചത് എന്നോർമയില്ല. പക്ഷേ എന്നെ അവരിലേക്ക് അടുപ്പിച്ച കഥ ‘The Love of a Good Woman’ എന്നതാണ്. ആ കഥയില്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും മാധവിക്കുട്ടിയുടെയും സങ്കലനം കണ്ടു. വളരെ സാധാരണമായി മൂന്ന് കൗമാരക്കാരുടെ നീന്തല്‍പര്യടനത്തെപ്പറ്റി പറഞ്ഞുതുടങ്ങുന്ന കഥ വികസ്വരമാകുന്ന രീതി അത്ഭുതാവഹമായിരുന്നു. ‘ഡാര്‍എസ് സലാം’ എന്ന കഥയില്‍ സംഭവിക്കുന്നപോലെ ഒരു വമ്പന്‍ ട്വിസ്റ്റിലാണ് കഥ അവസാനിക്കുന്നത്. Jut Land, Heart Failure, Mistake, Lies എന്ന നാലു ഭാഗങ്ങളിലായി വിസ്തരിക്കുന്ന കഥയിലെ Lise എന്ന ഭാഗത്തിന് മാധവിക്കുട്ടിയുടെ ‘നുണകള്‍’ എന്ന കഥയുമായുള്ള അസാമാന്യമായ സാദൃശ്യം എന്നെ അത്ഭുതപ്പെടുത്തി.

ചെറുകഥ എന്ന സാഹിത്യരൂപത്തില്‍തന്നെ മിക്കവാറും ഒതുങ്ങിനില്‍ക്കുകയും അതിന്‍റെ ഘടനയില്‍ വിപ്ലവാത്മകമായ പരീക്ഷണങ്ങള്‍ നടത്തുകയുംചെയ്ത എഴുത്തുകാരിയാണ് ആലീസ് മണ്‍റോ. കവിതപോലെ തന്നെ പൂർണതയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാവുന്ന ചെറുകഥയോട് പ്രത്യേക പക്ഷപാതം പുലര്‍ത്തുന്ന, അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന നിളാ നദിയെ ഇഷ്ടപ്പെടുന്ന എം.ടിയെപോലെ താന്‍ ജനിച്ചുവളര്‍ന്ന തെക്കുപടിഞ്ഞാറന്‍ ഒണ്‍ടോറിയോവിലെ സാധാരണക്കാരുടെ വികാരവിചാരങ്ങളും ജീവിതരീതിയും ചെറുകഥകളില്‍ രേഖപ്പെടുത്താനാണ് ആലീസ് താല്‍പര്യപ്പെട്ടത്. “The reason I write so often about the country to the east of Lake Huron is just that I love it. It means something to me that no other country can.” (Alice Munro, Introduction, Selected Stories, McClelland & Stewart 1996) എന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരെ കഥാലോകത്തിലേക്കെത്തിക്കുമ്പോഴും സ്ത്രൈണ ചിത്തത്തിന്‍റെ സ്വാഭാവികതകളെയും സങ്കീർണതകളെയും ആവിഷ്കരിക്കാനായിരുന്നു ആലീസിന് കൂടുതല്‍ ഇഷ്ടം. അവരുടെ സ്വാഭാവികമായ വികാരങ്ങളെയും അപ്രതിരോധ്യമായ കാമനകളെയും സാഹസികമാംവിധം പര്യവേക്ഷണം ചെയ്യാനുള്ള താല്‍പര്യവും സ്ത്രൈണ സ്വത്വത്തിന്‍റെ അർഥം ആരായുവാനുള്ള വെമ്പലും മാധവിക്കുട്ടിയെപ്പോലെതന്നെ ആലീസിനും പ്രിയങ്കരമായിരുന്നു. മനുഷ്യചിത്തത്തിന്‍റെയും ബന്ധങ്ങളുടെയും സങ്കീർണതകള്‍ ആവിഷ്കരിക്കുമ്പോഴും സുതാര്യമായ ഒരു ശൈലിയാണ് ആലീസ് പിന്തുടര്‍ന്നത്. എം.ടിയെയും മാധവിക്കുട്ടിയെയുംപോലെ ഒരു മികച്ച കഥാകാരി എന്ന ഖ്യാതി നേടിയെടുക്കാന്‍ ഇതും സഹായകമായിട്ടുണ്ടാകും.

1950ല്‍ ‘The Dimensions of a Shadow’ എന്ന കഥ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആലീസ് മണ്‍റോ സാഹിത്യത്തിന്‍റെ ഭൂമികയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് അവര്‍ 14 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരവധി സമാഹരിക്കാത്ത ചെറുകഥകളും. സാഹിത്യമാണ് തന്‍റെ ജീവന്‍ എന്ന് വിശ്വസിച്ചിരുന്ന ആലീസിന്‍റെ ആദ്യ കഥാസമാഹാരം ‘Dance of the Happy Shades’ 1968ലാണ് പുറത്തിറങ്ങുന്നത്. 1971ൽ പുറത്തിറങ്ങിയ ‘Lives of Girls and Women’ എന്ന സമാഹാരത്തിലെ കഥകള്‍ പരസ്പരബന്ധിതമാണെന്നതുകൊണ്ട് ഒരു നോവലിന്‍റെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. പിന്നീട് വായനക്കാരെ ആഹ്ലാദിപ്പിച്ച എത്രയോ കഥകള്‍.

 

പക്ഷേ, 1961ല്‍ ‘വാൻകൂവര്‍ സണ്‍’ എന്ന പത്രത്തില്‍ വന്ന ലേഖനത്തിലെ ‘വീട്ടമ്മ കഥയെഴുതാന്‍ സമയം കണ്ടെത്തുന്നു’ എന്നും ‘ഏറ്റവും കുറഞ്ഞരീതിയില്‍ പ്രശംസിക്കപ്പെടുന്ന എഴുത്തുകാരി’ എന്നുമൊക്കെയുള്ള പരാമര്‍ശത്തില്‍നിന്ന് ‘ചെക്കോവിന്‍റെ പിന്‍ഗാമി’ എന്ന വിശേഷണത്തിലേക്കും നൊ​േബല്‍ സമ്മാനം നേടുന്ന ആദ്യത്തെ കനേഡിയന്‍ എഴുത്തുകാരി എന്ന പദവിയിലേക്കും എത്തിച്ചേരാന്‍ ആലീസ് പിന്നിട്ട കനല്‍വഴികളും അനുഭവിച്ച ഉള്ളുരുക്കങ്ങളും ചെറുതല്ല. സാഹിത്യലോകത്തിലെ ലിംഗപരമായ വിവേചനങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന നീക്കങ്ങളെയും ഗാര്‍ഹികതലത്തിലെ അസ്വാരസ്യങ്ങളെയും എഴുത്തിലൂടെ ആലീസ് നേരിട്ടു. ‘Lives of Girls and Women’, ‘Who Do You Think You Are?’ എന്നീ സമാഹാരങ്ങളിലെ കഥകള്‍ സ്വാനുഭവങ്ങളുടെ വെളിച്ചം നിറഞ്ഞതാണ്.

ഡെന്‍ ജോര്‍ഡാന്‍റെ വീക്ഷണത്തിലൂടെ വിരിയുന്ന ‘Lives of Girls and Women’ എന്ന സമാഹാരത്തിലെ കഥകള്‍ ചെറുപട്ടണത്തിലെ വീര്‍പ്പുമുട്ടിക്കുന്ന ജീവിതവും പെണ്‍കുട്ടികളോടുള്ള വിവേചനങ്ങളും കുടുംബബന്ധത്തിലെ പൊരുത്തമില്ലായ്മകളും ആവിഷ്കരിക്കുന്നു. ‘Who Do You Think You Are?’ എന്ന സമാഹാരം പിന്നീട് ‘The Beggar Maid Stories of Flo and Rose’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പഠിക്കാന്‍ മിടുക്കിയായ, സ്കോളര്‍ഷിപ്പോടെ യൂനിവേഴ്സിറ്റിയില്‍ പോകുന്ന റോസിന് മികച്ച വിജയം കൈവരിച്ചിട്ടും പണമില്ലാത്ത കാരണം പഠിത്തം നിര്‍ത്തേണ്ടിവരിക എന്ന സ്ഥിതി സംജാതമായി. അപ്പോഴാണ് പാട്രിക് എന്ന യുവാവ് വിവാഹാഭ്യർഥനയുമായി വരുന്നത്. തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ ഇഷ്ടമില്ലാത്ത റോസ് അവര്‍ തമ്മിലുള്ള സാമ്പത്തിക വൈരുധ്യത്തെ കുറിച്ചോ തന്‍റെ ജീവിതാഭിലാഷത്തെ കുറിച്ചോ ഒന്നും ഓര്‍ക്കാതെ വിവാഹിതയാവുകയാണ്.

ടെന്നിസന്‍റെ കവിതയിലെ​ പോലെ രാജകുമാരന്‍ ഭിക്ഷക്കാരിയോട് പ്രേമം യാചിക്കുന്ന അവസ്ഥ. പക്ഷേ, പിന്നീട് ദുരിതത്തിലായിരുന്ന ഒരു സ്ത്രീയെ രക്ഷിക്കുക എന്ന മനോഭാവമാണോ പ്രേമത്തിനേക്കാളുപരി ഉണ്ടായിരുന്നതെന്ന സംശയം, നേരത്തേയുള്ള പ്രസവം, ഗാര്‍ഹിക ചുമതലകള്‍, പ്രതിബദ്ധതകള്‍ ഇതെല്ലാം എങ്ങനെയാണ് ഒരു സംവേദനക്ഷമമായ സ്ത്രീ ചിത്തത്തെ ബാധിക്കുക എന്ന് ആലീസ് വരച്ചുകാട്ടുന്നു. വാര്‍പ്പുമാതൃകയില്‍നിന്ന് വ്യതിചലിച്ചാല്‍, തന്‍റേതായ നിലപാട് പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍, ഏതൊരു സ്ത്രീയും നേരിടുന്ന ചോദ്യമാണ്, ‘‘നീ ആരാണെന്നാണ് നിന്‍റെ വിചാരം’’ (Who Do You Think You Are?). വീടിനുള്ളില്‍ തളച്ചിടാന്‍ രണ്ടാനമ്മ ​േഫ്ലാ നിരന്തരം റോസിനോട് ഇത് ചോദിച്ചിരുന്നു. കവിത മനസ്സില്‍ എഴുതി ചൊല്ലാന്‍ തനിക്ക് കഴിയും എന്നു പറഞ്ഞ വിദ്യാർഥിനിയായ റോസിനോട് ടീച്ചറും ഇത് ചോദിച്ചിരുന്നു.

 

പിന്നെയും ഇത്തരം എത്രയോ സന്ദര്‍ഭങ്ങള്‍. ഒടുവില്‍ താന്‍ ആരാണ് എന്ന് ചോദ്യം തന്‍റെ ഉള്ളിലേക്ക് തന്നെ വിട്ട് തന്നെത്തന്നെ റോസ് ക​െണ്ടത്തുകയാണ്. തന്‍റെ കഴിവുകളും പരിമിതികളും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ രണ്ടാനമ്മയുമായുള്ള ബന്ധത്തിനുപോലും വേറൊരു നിറം കൈവരുകയാണ്. ഇത്തരം ഒരു വിശദീകരണത്തിലൂടെ മാത്രമേ മോചനവും സ്വാതന്ത്ര്യവും സാധ്യമാകൂ എന്ന ആലീസിന്‍റെയും വീക്ഷണമാണ് ‘Something I've been Meaning to Tell You’ എന്ന കഥയിലൂടെ ആലീസ് പറഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്. സഹോദരിമാര്‍ തമ്മിലുള്ള കിടമത്സരം, പ്രണയ തിരസ്കാരം, പക ഇതെല്ലാം എങ്ങനെ ജീവിതത്തെ താറുമാറാക്കാം എന്നാണ് എറ്റ് (Et), ചാര്‍ (Char) എന്നീ സഹോദരിമാരുടെ ജീവിതകഥയിലൂടെ അവര്‍ ആവിഷ്കരിക്കുന്നത്. സ്ത്രീ-പുരുഷ കര്‍ത്തവ്യങ്ങളിലും വൈവാഹിക ജീവിതത്തിലെ സ്നേഹത്തിനും മക്കളോടുള്ള സ്നേഹത്തിനും തലമുറകളിലൂടെ വരുന്ന പരിണാമങ്ങളെ കുറിച്ചാണ് ‘The Progress of Love’ കൈകാര്യംചെയ്യുന്നത്. സ്നേഹത്തിന്‍റെ അനന്തവും അവ്യാ​േഖ്യയവുമായ ചതികളും ആശ്ചര്യങ്ങളും ഓര്‍മിപ്പിക്കുന്ന ‘Runaway’ മണ്‍റോവിന്‍റെ മികച്ച കഥകളില്‍ ഒന്നാണ്. 2005ല്‍ പ്രസിദ്ധീകരിച്ച ​‘Too Much Happiness’ എന്നതിനും 2012ല്‍ പ്രസിദ്ധീകരിച്ച ‘Dear Life’ എന്ന കൃതിയിലും താന്‍ അനുഭവിച്ച ജീവിതവും താന്‍ നിരീക്ഷിച്ച തന്‍റെ ചുറ്റുമുള്ള ജീവിതവും അതിലെ സ്നേഹവും പകയും ലൈംഗികതയും ഒക്കെത്തന്നെയാണ് ആലീസ് ആവിഷ്കരിക്കുന്നത്.

മാനവികതയില്‍ ഊന്നിയ അനുതാപമാണ് ആലീസിന്‍റെ കഥകളുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ ആദ്യ സമാഹാരമായ ‘Dance of the Happy Shades’ലെ എന്നതിലെ അതേ പേരുള്ള കഥ അത്തരം ഒരു സന്ദര്‍ഭമാണ് ആവിഷ്കരിക്കുന്നത്. വൃദ്ധയായ സംഗീതാധ്യാപിക മിസ് മാര്‍സെല്ലസും രോഗിയായ മൂത്ത സഹോദരിയും സമൂഹത്തില്‍ എങ്ങനെ ഒറ്റപ്പെടുന്നു എന്ന് കഥ വിവരിക്കുന്നു. അവര്‍ നടത്തുന്ന സംഗീതാവതരണ പരിപാടിയില്‍ അവരുടെ കാലഹരണപ്പെട്ട രുചികളെയും ഭാവങ്ങളെക്കുറിച്ചുമാണ് ആ പരിപാടിക്കെത്തിയവര്‍ക്ക് പറയാനുണ്ടായിരുന്നത്.

അവര്‍ രണ്ടുകൂട്ടരും രണ്ടു ലോകത്തിലാണ്. എന്നാല്‍, അവിടെ എത്തുന്ന ഭിന്നശേഷിക്കാരിയായ കുട്ടി അവതരിപ്പിച്ച ഗാനത്തെ ആരെയും വകവെക്കാതെ ടീച്ചര്‍ അഭിനന്ദിക്കുകയാണ്. സമൂഹത്തില്‍ അപരരെ നിഴലുകളെപോലെ കാണുന്ന ഒരു കൂട്ടരോട് സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും ആവിഷ്കരണത്തിലൂടെ ഇക്കൂട്ടര്‍ക്ക് ആഹ്ലാദം കണ്ടെത്താനാകുമെന്നും അതിനെ മനസ്സിലാക്കുകയാണ് ഇകഴ്ത്തുകയല്ല വേണ്ടതെന്നുമുള്ള സന്ദേശമാണ് കഥ നല്‍കുന്നത്. Down Syndrome ബാധിച്ച കുട്ടികളുടെ കഴിവുകളെ ഗൗരവമായി അവതരിപ്പിക്കുന്ന ആദ്യകാല കഥകളില്‍ ഒന്ന് ആലീസ് മണ്‍റോവിന്‍റെ ‘Dance of the Happy Shades’ ആകാം.

‘The Death’, ‘The Face’ തുടങ്ങി നിരവധി കഥകളില്‍ അപരവത്കരിക്കപ്പെടുന്നതിന്‍റെ വേദനയും കാഠിന്യവും വ്യത്യസ്ത സാഹചര്യങ്ങളിലൂടെ ആലീസ് അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ രോഗാവസ്ഥയും ഏകാന്തതയും ഒരു വ്യക്തിയുടെ മനസ്സിനെ എങ്ങനെ ബാധിക്കാം എന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുന്നവയാണ് ‘Floating Bridge’, ‘The days of the Butterfly’ എന്നീ കഥകള്‍. അര്‍ബുദ ബാധിതയായ സ്ത്രീ ഭര്‍ത്താവിനാല്‍ അവഗണിക്കപ്പെടുമ്പോള്‍ ഒരു സുഹൃത്തിന്‍റെ ചുംബനം ജീവിതത്തെ എങ്ങനെ ദീപ്തമാക്കുന്നു, തന്‍റെ അവസ്ഥയെ നേരിടാന്‍ അവരെ പ്രാപ്തയാക്കുന്നു എന്ന് ‘Floating Bridge’ പറഞ്ഞുവെക്കുമ്പോള്‍ രോഗബാധിതയായ പാവപ്പെട്ട മൈറാ എന്ന സുഹൃത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന സുഹൃത്തുക്കളും അധ്യാപികയും അവളുടെ ജീവിതത്തില്‍ കൊണ്ടുവരുന്ന തെളിച്ചത്തെ കുറിച്ചാണ് ‘The days of the Butterfly’ പ്രതിപാദിക്കുന്നത്.

സ്നേഹം കാലത്തിലും പ്രായത്തിലും വരുത്തുന്ന ഭേദങ്ങളെ ഓർമിപ്പിക്കുന്ന മികച്ച രചനയാണ് ‘The Bear Came Over Mountain’ എന്ന കഥ. കുഞ്ഞുങ്ങളുടെ കുറച്ചൊക്കെ അസംബന്ധം എന്നു പറയാവുന്ന ഒരു പാട്ടിന്‍റെ ഒരു വരിയാണ് കഥയുടെ ശീര്‍ഷകം. Went over എന്നത് Came over എന്നാക്കിയിരിക്കുകയാണ്. മല മനുഷ്യന്‍റെ യൗവനത്തില്‍നിന്നും വാർധക്യത്തിലേക്കുള്ള യാത്രയുടെ രൂപകമാണ്. പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ഗ്രാന്‍റിന്റെയും ഫിയോണയുടെയും പ്രണയ പ്രയാണം വളരെ മനോഹരമായി ആലീസ് ആവിഷ്കരിക്കുന്നു.

 

ഓരോ കഥയും നാം വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുക അത് നമ്മള്‍ ആദ്യം വായിച്ച സന്ദര്‍ഭമാകാം. അത്തരത്തില്‍ ഞാന്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന കഥ ‘The Moons of Jupiter’ ആണ്. ആപദ്ഘട്ടത്തില്‍ ബന്ധുക്കള്‍ അസ്വാരസ്യങ്ങള്‍ മറന്ന് ഒന്നുചേരേണ്ട സന്ദര്‍ഭത്തെ കുറിച്ചാണ് ഈ കഥ പറയുന്നത്. ജൂപിറ്ററിനു ചുറ്റും ചന്ദ്രന്മാരെപ്പോലെ, രോഗാതുരനായ അച്ഛനു ചുറ്റും മൂന്നു തലമുറയിലെ വ്യക്തികള്‍ ചുറ്റും വന്നുചേരുന്ന ഈ മികച്ച രചന കുടുംബബന്ധങ്ങളുടെയും വേരുകളുടെയും ശക്തിയും സ്രോതസ്സും അനുഭവപ്പെടുത്തിത്തരുന്നു. 2007ല്‍ ആലീസ് രചിച്ച ‘The View from Castle Rock’ എന്ന ഗ്രന്ഥം കുടുംബചരിത്രവും ഓർമകളും കലര്‍ന്ന കഥകളുടെ സമാഹാരമാണ്. 18ാം നൂറ്റാണ്ടില്‍ സ്കോട്‍ലന്‍ഡില്‍നിന്നും കാനഡയിലേക്ക് കുടിയേറിയ പൂർവ പിതാക്കളുടെ ചരിത്രം ആദ്യഭാഗത്ത് രേഖപ്പെടുത്തുമ്പോള്‍ സ്വന്തം ജീവിതാനുഭവങ്ങളും ഭാവനയും കലര്‍ത്തിയ കഥകളാണ് രണ്ടാം ഭാഗത്തുള്ളത്.

1951ല്‍ ജയിംസ് മണ്‍റോവിനെ വിവാഹം കഴിച്ച ആലീസ് 1972ല്‍ അദ്ദേഹവുമായി വേര്‍പിരിഞ്ഞു. അവര്‍ രണ്ടുപേരുംകൂടി സ്ഥാപിച്ച വിക്ടോറിയ ദ്വീപിലെ മണ്‍റോ ബുക്സ് ലോകത്തിലെ മികച്ച പുസ്തകശാലകളില്‍ ഒന്നാണ്. 1972ല്‍ ആലീസ് ഭൂമിശാസ്ത്രജ്ഞനും ഭൂപടം നിർമാതാവുമായ ജെറാള്‍ഡ് ഫ്രെംലിനെ വിവാഹംചെയ്തു. ആദ്യ വിവാഹത്തിലെ മൂന്നു മക്കള്‍ ഷീല, ജെന്നി, ആന്‍ഡ്രിയ അവരെ കുറിച്ചുള്ള ഓര്‍മയായി ‘The Children Stay’ എന്ന കഥയെ കാണാം. ഷീല തന്‍റെ അമ്മയെ കുറിച്ച് എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ് ‘Lives of Mothers and Daughters: Growing up with Alice Munro’.

 

ആദ്യ കൃതിയിലൂടെ തന്നെ ഗവര്‍ണര്‍ ജനറലിന്‍റെ പുരസ്കാരം നേടിയ ആലീസിന് നിരവധി അവാര്‍ഡുകളും ബഹുമതികളും ലഭിക്കുകയുണ്ടായി. 2013ല്‍ നൊ​േബല്‍ സമ്മാനം നേടിയപ്പോള്‍ ആലീസിനോടൊപ്പം ചെറുകഥയും സമ്മാനിതമാകുകയാണ് ഉണ്ടായത്. എന്താണ് ആ കഥകളുടെ വൈശിഷ്ട്യം? ചുറ്റുമുള്ള തുടിക്കുന്ന ജീവിതത്തില്‍നിന്ന് കണ്ടെടുത്ത മണ്‍റോവിന്‍റെ കഥാപാത്രങ്ങളുമായി വായനക്കാര്‍ക്ക് പൊടുന്നനെ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു എന്നതാണ് അവരെ പ്രിയങ്കരിയാക്കുന്ന ഒരു ഘടകം. ഒരു അതിസാധാരണ സംഭവത്തെ സൂക്ഷ്മാവതരണത്തിലൂടെ രചനാചാതുരിയിലൂടെ ഉള്ളില്‍ തട്ടുന്ന ശൈലിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്കുള്ള കഴിവ് അപാരമാണ്. ആറു പതിറ്റാണ്ടിലധികം കാലം മികച്ച കഥാകൃത്ത് എന്ന പദവി നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നത് ഒരു ചെറിയ കാര്യമല്ല.

പ്രിയപ്പെട്ട എഴുത്തുകാരിയെ നേരില്‍ ഒന്ന് കാണുക എന്നത് എന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. തണുപ്പുകാലത്ത് അവര്‍ വാൻകൂവറിലും വിക്ടോറിയ ദ്വീപിലും വരുമെന്നറിഞ്ഞ് പലവട്ടം ഞാന്‍ മണ്‍റോ പുസ്തകശാലയില്‍ പോയി. ആഗ്രഹം സാധിച്ചില്ല. വാൻകൂവര്‍ വിടും മുമ്പ് ഗ്രാന്‍റ്വിന്‍ ഐലന്‍ഡില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ആലീസ് പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞ ഞാന്‍ ടിക്കറ്റിന് ശ്രമിച്ചു. നേരത്തേ ക്യൂവിലെത്തി നിന്നെങ്കിലും കൗണ്ടര്‍ തുറന്ന ഉടന്‍ നിമിഷങ്ങള്‍ക്കകം ടിക്കറ്റ് വിറ്റുപോയി. മുഖാമുഖം പരിപാടിക്ക് മാത്രമേ ടിക്കറ്റ് ലഭിച്ചുള്ളൂ. പിന്നീട് അവിടെ അടുത്തൊരു ലൈബ്രറിയില്‍ ‘View from Castle Rock’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ അവര്‍ വായിക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നു.

 

ക്ഷയിക്കുന്ന ആരോഗ്യം കാരണം വാൻകൂവറിലെ അവസാനത്തെ പരിപാടിയായിരുന്നു അത്. അകത്തുകയറാന്‍ കഴിഞ്ഞില്ലെങ്കിലും വന്നിറങ്ങുന്നതെങ്കിലും കാണാന്‍വേണ്ടി ഞാന്‍ ലൈബ്രറിയുടെ മുന്നിലെത്തി. ഭാഗ്യംകൊണ്ടാവാം 10 ഡോളറിന്‍റെ ടിക്കറ്റ് ഒരാള്‍ എനിക്ക് 15 ഡോളറിനു തന്നു. പുസ്തകവായനക്കുശേഷം കുറച്ചുപേര്‍ക്ക് പുസ്തകം ഒപ്പിട്ടുതരാന്‍ അവര്‍ തയാറായി. ചങ്കിടിപ്പോടെ ഞാന്‍ എന്‍റെ ഊഴം കാത്തു. എന്‍റെ കൈയില്‍ മൃദുവായി അമര്‍ത്തി തലോടി, അവരുടെ മനോഹരമായ പുഞ്ചിരി സമ്മാനിച്ച് പുസ്തകത്തില്‍ എന്‍റെ പേരെഴുതി ഒപ്പിട്ടുതന്നപ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തിലായിരുന്നു.എന്‍റെ പ്രിയ എഴുത്തുകാരിയുടെ ഓർമകള്‍ക്കു മുന്നില്‍ പ്രണാമം! വിട, ആലീസ് മണ്‍ട്രോ.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.