ആഗോളതലത്തിലും ദേശീയമായും സോഷ്യൽ മീഡിയ കാമ്പയിനുകൾ വിപുലമായതോതിൽ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ടെങ്കിലും മുഖ്യധാരാ സാമൂഹികവ്യവസ്ഥയും പൊതുബോധവും പ്രബലമായി തുടരുന്നുണ്ട്.അച്ചടിമുതലാളിത്തത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി, പരസ്പരം ഒരു ബന്ധവുമില്ലാത്ത മനുഷ്യര്‍ തങ്ങളെല്ലാവരും ഒരേ സങ്കൽപിത സമൂഹത്തിന്റെയും...
ആഗോളതലത്തിലും ദേശീയമായും സോഷ്യൽ മീഡിയ കാമ്പയിനുകൾ വിപുലമായതോതിൽ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ടെങ്കിലും മുഖ്യധാരാ സാമൂഹികവ്യവസ്ഥയും പൊതുബോധവും പ്രബലമായി തുടരുന്നുണ്ട്.
അച്ചടിമുതലാളിത്തത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി, പരസ്പരം ഒരു ബന്ധവുമില്ലാത്ത മനുഷ്യര്‍ തങ്ങളെല്ലാവരും ഒരേ സങ്കൽപിത സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അംഗങ്ങളാണെന്നു വിചാരിച്ചതിന്റെ ചരിത്രപരവും സാമൂഹികവുമായ വിശകലനമാണ് ബെനഡിക്ട് ആൻഡേഴ്സന്റെ സങ്കൽപിത സമൂഹങ്ങള്‍ (Imagined Communities, 1983) എന്ന പ്രഖ്യാത കൃതി. നാലു പതിറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം ദേശീയതാസംവാദങ്ങളിലും മാധ്യമപഠനങ്ങളിലും മൗലികമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. അച്ചടിമുതലാളിത്തത്തില്നിന്നും അവിശ്വസനീയവും ചടുലവുമായി മാധ്യമസ്വഭാവവും അതിലൂടെ നിർമിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളും സംവാദങ്ങളും മാറിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. പാരസ്പര്യത്തിന്റെയും സൗഹൃദമേഖലയുടെയും സാങ്കൽപികമായ വ്യാപ്തി സമൂഹമാധ്യമങ്ങളില്‍നിന്ന് വേറിട്ട് ഭാവനചെയ്യാന്‍ കഴിയാത്തവിധത്തിൽ ജീവിതത്തിന്റെ ഗതിവേഗങ്ങളെ മാറ്റിയിട്ടുമുണ്ട്. മുമ്പുണ്ടായിരുന്നതില്നിന്നും വ്യത്യസ്തമായി, ആന്‍ഡ്രോയ്ഡ് ഫോണുകളും ഐഫോണുകളും സാങ്കേതികമായ നിരക്ഷരതയെ എളുപ്പത്തില്‍ പരിഹരിക്കുന്നതിനാല്‍ സൈബര്ജീവിതത്തിലേക്കും അതിന്റെ സംവാദമണ്ഡലത്തിലേക്കും അനായാസമായി പ്രവേശിക്കാൻ ആര്‍ക്കും കഴിയും. അതുകൊണ്ടുതന്നെ സൈബർ സംവാദങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവും നൈതികവുമായ വ്യവഹാരങ്ങളെ പരിഗണിക്കാതെ പൊതുജീവിതത്തെ നിര്‍വചിക്കാനോ നിർണയിക്കാനോ കഴിയാത്ത അവസ്ഥയായിരിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങളുടെ അപ്രമാദിത്വവും ആധികാരികതയും സമൂഹമാധ്യമങ്ങളുടെ വരവോടെ ദുര്‍ബലമായിട്ടുണ്ടെന്ന് വാദിക്കാമെങ്കിലും പലവിധത്തിലുള്ള നിയന്ത്രണങ്ങളും നടപടികളുംകൊണ്ട് സ്വതന്ത്രപദവി നഷ്ടമായ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളും. ഭരണകൂടവിരുദ്ധമോ മുഖ്യധാരാ രാഷ്ട്രീയവിമര്ശനമോ എളുപ്പത്തിൽ നടത്താൻ കഴിയാത്തവിധത്തിൽ സര്‍ക്കാറുകളുടെ നിയന്ത്രണം പ്രബലമാണ്. പ്രത്യേകിച്ച് ഓണ്‍ലൈൻ മാധ്യമങ്ങളെയും എൻ.ജി.ഒകളെയും വിദേശരാജ്യങ്ങളുടെ ചട്ടുകമായും ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഉപാധികളായും കണ്ടുകൊണ്ടുള്ള പ്രതികാര നടപടികള്‍ക്കു സമീപകാലത്തുണ്ടായ നിരവധി ഉദാഹരണങ്ങൾ തെളിവായി ചൂണ്ടിക്കാണിക്കാം. 'ആള്‍ട്ട് ന്യൂസ്' എന്ന ഫാക്ട് ചെക്കിങ് ഓണ്‍ലൈൻ സ്ഥാപനത്തിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാറും പൊലീസും വേട്ടയാടിയ രീതി ഓര്‍ക്കുക. അതായത്; മുമ്പുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യവും സവിശേഷമായ പദവിയുമൊക്കെ സമൂഹമാധ്യമങ്ങളെ സംബന്ധിച്ച് പഴങ്കഥയായെന്നര്ഥം.
സംവാദമോ വിവാദമോ?
ആഗോളതലത്തിലും ദേശീയമായും സോഷ്യൽ മീഡിയ കാമ്പയിനുകൾ വിപുലമായതോതിൽ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ടെങ്കിലും മുഖ്യധാരാ സാമൂഹികവ്യവസ്ഥയും പൊതുബോധവും പ്രബലമായി തുടരുന്നുണ്ട്. അഴിമതിക്കെതിരെയുള്ള പ്രചാരണങ്ങള്‍, മീ-ടു കാമ്പയിനുകള്‍, രാഷ്ട്രീയനേതൃത്വങ്ങളുടെ ഉദാസീനമായ പ്രതികരണങ്ങളെ തിരുത്തുന്ന സന്ദര്‍ഭങ്ങൾ, മാധ്യമങ്ങളുടെ പക്ഷപാതിത്വങ്ങളെ തുറന്നുകാണിക്കുന്ന ഇടപെടലുകൾ എന്നിവയെല്ലാം സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. പേക്ഷ, വൈകാരികവും താല്ക്കാലികവുമായ പ്രതികരണങ്ങൾ പ്രശ്നങ്ങളുടെ ആഴത്തെയും പരപ്പിനെയും സ്പര്‍ശിക്കുന്നതില്‍നിന്നും തടയുന്ന ഘടകങ്ങളാണെന്നു കാണാം.
അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന്റെ ദാരുണവും ക്രൂരവുമായ കൊലപാതകം സോഷ്യല്‍ മീഡിയയുടെ ശക്തമായ ഇടപെടലിനാൽ പൊതുമനഃസാക്ഷിയിലെത്തിയെങ്കിലും പിന്നീട് ആ വിഷയം നേരിടുന്ന നീതിനിഷേധം വിപുലമായി ചര്‍ച്ചചെയ്യപ്പെട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നേതൃത്വവും സവിശേഷമായ താൽപര്യങ്ങളാല് നിയന്ത്രിക്കപ്പെടുന്നതുകൊണ്ടുതന്നെ വിഷയങ്ങളുടെ സ്വഭാവവും വിമര്ശപക്ഷത്ത് ആരാണെന്നതിന്റെയും അടിസ്ഥാനത്തിൽ ചര്‍ച്ചകൾ ദൃശ്യവും അദൃശ്യവുമായി മാറുന്നു. വ്യക്തിഹത്യയും ആക്രമണവും സോഷ്യൽ മീഡിയ ചര്‍ച്ചകളുടെ പൊതുസ്വഭാവമായതിനാൽ വളരെ പെട്ടെന്ന് ഒരാളെ അപമാനിക്കാനും അയാളുടെ അതുവരെയുള്ള മുഴുവൻ സംഭാവനകളെയും റദ്ദുചെയ്യാനും കഴിയുന്നു. ട്രോളുകൾ പലപ്പോഴും നിഷേധാത്മകമായ ഫലം ഉണ്ടാക്കുന്നതിനുപകരം ഗുണകരമായി മാറുന്നതിന്റെ സൂചനകളാണ് വലതുപക്ഷ ഹിന്ദുത്വത്തിനും അതിന്റെ പ്രചാരകര്‍ക്കും വർധിക്കുന്ന സ്വീകാര്യത. വാര്‍ത്താമുറികളിലും സോഷ്യൽ മീഡിയ ട്രോളുകളിലും മാത്രം ദൃശ്യമാകുന്ന സാംസ്കാരിക-രാഷ്ട്രീയ ചിന്തകരെയും നേതൃത്വത്തെയും ഈയൊരു വ്യവഹാരത്തിന്റെ ഉൽപന്നങ്ങളായി മനസ്സിലാക്കാവുന്നതാണ്. സത്യത്തെക്കാൾ അസത്യവും യാഥാർഥ്യത്തെക്കാൾ വ്യാജവും വിറ്റഴിക്കപ്പെടുന്ന കാലത്തിന്റെ പ്രത്യേകതകൂടിയാണിത്. എങ്കിലും, ഈ ആശയവിനിമയമേഖലയെ സൂക്ഷ്മമായി കൈകാര്യംചെയ്യാനുള്ള ശ്രമങ്ങള്‍ പരിമിതമാണെന്നു പറയാം.
സാങ്കേതികജീവിതത്തിന്റെ ഭാഗമായി വ്യക്തികള്‍ തമ്മിലുള്ള അകലം കുറഞ്ഞിട്ടുണ്ടെങ്കിലും, വിയോജിപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകടിപ്പിക്കുമ്പോൾ, അത്ഭുതകരമായ രീതിയിൽ ശത്രുതയുണ്ടാക്കുകയും അവ സംഘടിതമായ പകയായി മാറുകയും ചെയ്യുന്നു. പരിചിതര്‍ക്കും അപരിചിതര്‍ക്കും പുലഭ്യം പറയാവുന്ന രീതിയിലുള്ള കാമ്പയിനുകളുടെ മൂര്‍ച്ചയും പരിഹാസ്യതയും കാരണം നിശ്ശബ്ദരായിപ്പോയ നിരവധിപേരുണ്ട്. ഒരു വിഷയത്തിലുള്ള അഭിപ്രായത്തെ വളരെപ്പെട്ടെന്നു വിഭാഗീയമാക്കാൻ സോഷ്യല്‍ മീഡിയ മെക്കാനിസത്തിനു സാധിക്കുന്നുണ്ട്. പിന്തുണക്കുന്നവരുടെ പെരുപ്പവും പരസ്പരമുള്ള പ്രോത്സാഹനവും മാത്രം മുതല്‍ക്കൂട്ടാക്കി പരിഹാസ്യമായ സാമൂഹിക-സാംസ്കാരിക ജീവിതത്തെ അനായാസമായി നിർമിച്ചെടുക്കാൻ ഒരാള്‍ക്ക് കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. രഹസ്യവും പരസ്യവുമായ സംവാദങ്ങളെയും സംഭാഷണങ്ങളെയും സൂക്ഷിച്ചുവെച്ച് അവശ്യസന്ദര്‍ഭങ്ങളിൽ അതെടുത്തു പ്രയോഗിക്കാന്‍ കഴിയുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യതയെന്നത് അപ്രായോഗികമായി മാറുന്നു. 'വലിച്ചുകീറുക', 'തേച്ച് ഒട്ടിക്കുക' തുടങ്ങിയ വിശേഷണങ്ങൾകൊണ്ട് ഒരാളുടെ വ്യക്തിജീവിതത്തെ നിഗൂഢമായി തകര്‍ക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരായി സമൂഹം മാറുന്നു. വാസ്തവത്തില്‍, സൗഹൃദമെന്നതിന്റെ ആഴമില്ലായ്മയെ കൃത്യമായി സൂചിപ്പിക്കുന്ന വ്യവഹാരഭാഷതന്നെ സോഷ്യ മീഡിയ ചര്‍ച്ചകൾ ഉണ്ടാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയും കീഴാള-ദലിത് സംവാദങ്ങളും
രണ്ടായിരത്തിന്റെ തുടക്കത്തോടെ വൈജ്ഞാനികമണ്ഡലത്തിലും പ്രക്ഷോഭരംഗത്തും ഏറെ ദൃശ്യത കൈവരിക്കാനും അത് വിപുലമായ രീതിയിൽ പൊതുമണ്ഡലത്തിന്റെ ഭാഗമാക്കാനും കേരളത്തിലെ കീഴാള-ദലിത് വ്യവഹാരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എഴുത്തുകാര്‍, പ്രക്ഷോഭകാരികളും ബഹുജന പിന്തുണയുമുള്ള ആക്ടിവിസ്റ്റുകൾ, അറിവുൽപാദനത്തിലും നീതിനിഷേധത്തിനെതിരെയും പ്രതികരിക്കുന്ന വിദ്യാര്‍ഥികൂട്ടായ്മകൾ, സര്‍ഗാത്മകവും കലാപരവുമായ മുന്നേറ്റങ്ങൾ എന്നിവയിലൂടെ അവഗണിക്കാനാവാത്ത ദൃശ്യത ഈ വിഭാഗങ്ങൾ നേടിയെടുത്തിരുന്നു. അറിവിന്റെ വികേന്ദ്രീകരണവും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശനവും ഭാവുകത്വപരമായി മലയാളിയുടെ സാമൂഹിക-സാംസ്കാരിക ഭാവനയിലുണ്ടായ മാറ്റങ്ങളുമൊക്കെ ഈ പരിവര്‍ത്തനത്തെ ചലിപ്പിച്ച ഘടകങ്ങളാണ്. നമ്മുടെ സര്‍വകലാശാലയിലെ സിലബസുകൾ, മുഖ്യധാരാ പ്രസാധകരുടെ അഭിരുചിമാറ്റം, പൂർണമായല്ലെങ്കിലും വിജയിച്ച സമരങ്ങൾ ഒക്കെ എടുത്തുപറയാൻ പറ്റുന്നവിധത്തിൽ ഈ കാലത്തിേന്റതായുണ്ട്. ഇവയൊക്കെ ചരിത്രത്തില്‍നിന്നും പാഠങ്ങൾ ഉള്‍ക്കൊണ്ടും അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കിയും നിർമിച്ചെടുത്തവയാണ്. നവസമൂഹ മാധ്യമങ്ങളുടെ കാലമായപ്പോള്‍ ഭദ്രവും അംഗീകൃതവുമായ ഒരു വ്യവഹാരലോകം ദലിതരും കീഴാളസമൂഹവും ഉണ്ടാക്കിയിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. പുതിയ മാധ്യമലോകം തുറന്നുതന്ന സാധ്യതകളെ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യത്തെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പാര്ശ്വവത്കൃതസമൂഹങ്ങള്ക്ക് ദൃശ്യതയും ശബ്ദവുമായി ശക്തമായി ഇടപെടാൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞിട്ടുണ്ടോയെന്ന് ആലോചിക്കാവുന്നതാണ്. അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് കനേഡിയൻ മാധ്യമചിന്തകനായ മാര്‍ഷൽ മക് ലൂഹൻ ചൂണ്ടിക്കാണിക്കുന്ന വിചാരം/വികാരം എന്നീ ദ്വന്ദ്വം ഈ സന്ദര്‍ഭത്തെ വിശകലനം ചെയ്യാൻ പ്രയോജനപ്പെടും. അനിയന്ത്രിതമായ നിലയിൽ എതിര്‍പക്ഷത്തെ നിർമിക്കുന്ന ഭാഷയും വൈകാരിക വിക്ഷോഭങ്ങളുമാണ് തങ്ങളുടെ ആയുധമായി പലരും സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചതെന്നത് വസ്തുതയാണ്. എഴുത്തുകാരനും സാമൂഹികചിന്തകനുമായ കെ.കെ. ബാബുരാജ് ആദ്യസന്ദര്‍ഭത്തിൽ ഫേസ്ബുക്കിൽ നേരിട്ട പ്രത്യാക്രമണങ്ങളാണ് ഓര്‍മവരുന്നത്. ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളും വ്യക്തികളും സംവാദാത്മകതയോ ജനാധിപത്യബോധമോയില്ലാതെ ദലിതരുടെ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട് നടത്തിയ ആള്‍ക്കൂട്ട ആക്രമണം ചരിത്രത്തിന്റെ ഭാഗമാണ്. തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമോ ബാധ്യതയോയില്ലാത്ത 'ചരിത്രസ്രഷ്ടാക്കൾ' ആണെന്ന് സ്വയം വിശ്വസിച്ചുകൊണ്ട് നടത്തിയ നീക്കങ്ങളായിരുന്നു ഇവയെല്ലാം. ഏതെങ്കിലും സാമൂഹികപ്രസ്ഥാനത്തിന്റെ പിന്തുണയില്ലാതെ ബൗദ്ധികമായ സത്യസന്ധതയില്ലാതെ നടത്തിയ ഇത്തരം പ്രകടനങ്ങളെ ചരിത്രം തിരിച്ചറിഞ്ഞുവെന്നത് നിസ്സാരമല്ല.
പക്ഷേ, ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ ചര്‍ച്ചകൾ ഗുണപരമല്ലെന്ന് വാദിക്കാൻ ഈ ലേഖകൻ ശ്രമിക്കുന്നില്ല. പൊതുബോധത്തെയും അധികാരകേന്ദ്രങ്ങളെയും തിരുത്താനും പുതിയശബ്ദങ്ങള് നിർമിക്കാനും സഹായിക്കുന്ന വിധത്തിൽ ഉള്ളടക്കവും വിനിമയരീതിയും മാറ്റാന്‍ പലരും ശ്രമിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണിഗാനത്തിനുള്ള ദേശീയ അവാര്‍ഡ് വിവാദമാക്കിയപ്പോള്‍ നാഞ്ചിയമ്മക്ക് കേരളം കൊടുത്ത പിന്തുണ സമീപകാല ഉദാഹരണമാണ്.
നവമാധ്യമങ്ങളും കേരളീയ പൊതുമണ്ഡലവും (2021) എന്ന വിഷയത്തിൽ ശ്രീജിത്ത് കുമാർ വി.എസ്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം (അപ്രകാശിതം) ഈ വ്യഹാരങ്ങളെ അക്കാദമികമായി വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യാവകാശം, അരികുജീവിതം, കീഴാളവിമര്‍ശനം, ജാതീയത തുടങ്ങിയ പ്രമേയം ചര്‍ച്ചചെയ്യുമ്പോൾ അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, കെവിന്റെ ദുരഭിമാന കൊല എന്നീ വിഷയങ്ങളിൽ സോഷ്യൽ മീഡിയയില്‍ നടന്ന ചര്‍ച്ചകളാണ് സവിശേഷമായി പഠിക്കുന്നത്.
സമൂഹത്തിലെ എല്ലാതരം പരിവര്‍ത്തനങ്ങളും കൂടുതൽ ജനാധിപത്യവത്കരണത്തിലേക്കും അധികാര വിമര്‍ശനത്തിലേക്കും നയിക്കുന്നുവെങ്കിൽ അതിനെ സ്വാഗതംചെയ്യേണ്ടതുണ്ട്. എന്നാൽ, സാങ്കേതികതയെ ഉപയോഗപ്പെടുത്തി ഭരണകൂടം പുതിയ നിയന്ത്രണങ്ങളും മനുഷ്യാവകാശ നിഷേധങ്ങളും നടപ്പാക്കുന്ന ഇക്കാലത്ത് നിര്‍ഭയമായ സംവാദങ്ങളുടെയും ഇടപെടലുകളുടെയും സാധ്യതകൂടി അവശേഷിക്കുന്നില്ല. വാക്കുകള്‍ക്കും പ്രതികരണങ്ങള്‍ക്കും പകരം അസാധാരണമായ നിശ്ശബ്ദതയും പിന്‍വാങ്ങലുമാണ് എവിടെയും കാണാനാവുക. സോഷ്യൽ മീഡിയ ആക്ടിവിസവും ഭയത്തിനും പ്രകോപനങ്ങൾക്കുമിടയിൽ നില കണ്ടെത്താൻ കഴിയാത്തവിധത്തിൽ ഭാവിയിൽ മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.