കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഈയുള്ളവൻ പങ്കെടുത്ത ഒട്ടനവധി സംവാദങ്ങളുണ്ട്. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രഗല്ഭരുമൊത്ത് നടത്തിയ ആ സ്നേഹസംഭാഷണങ്ങളത്രയും ജീവിതത്തിലെ നിറമുള്ള ഓർമകളാണ്. പലപ്പോഴായി അതെല്ലാം പലയിടത്തായി എഴുതിയിട്ടുമുണ്ട്. അതിൽ പ്രധാനമെന്ന് തോന്നുന്ന ചില സംവാദ സന്ദർഭങ്ങളെ ഓർത്തെടുത്ത് ഒരൊറ്റ ഫ്രെയിമിൽ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ കുറിപ്പ്.
ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത സംവാദം 1962ലാണ്. കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് 'ഫ്രീ തിങ്കേഴ്സ് ഫോറം' എന്ന കൂട്ടായ്മക്ക് രൂപംനൽകിയിരുന്നു. അവരെ യുക്തിവാദികളെന്നോ, സ്വതന്ത്ര ചിന്തകരെന്നോ വിശേഷിപ്പിക്കാനാവില്ല; പക്ഷേ, ജീവിതത്തിൽ മതം അപ്രസക്തമാണെന്ന് കരുതുന്നവരായിരുന്നു അവർ. മുക്കം പീസി ടാക്കീസിൽ ഒരു പരിപാടി സംഘടിപ്പിച്ചു. മുഖ്യപ്രഭാഷണം യു. കലാനാഥനാണ്. ഞാനന്ന് വിദ്യാർഥിയാണ്. പരിപാടിയെക്കുറിച്ച് കേട്ടറിഞ്ഞ ഞാനും ഏതാനും സുഹൃത്തുക്കളും ചേന്ദമംഗലൂരിൽനിന്ന് മുക്കത്തേക്ക് നടന്നെത്തി. കലാനാഥൻ മാസ്റ്ററുടെ പ്രസംഗം ഒന്നര മണിക്കൂറെങ്കിലും നീണ്ടു. മതവിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും നിരർഥകതയെക്കുറിച്ചും അവ എപ്രകാരം ശാസ്ത്രവിരുദ്ധമാകുന്നുവെന്നതിനെക്കുറിച്ചുമായിരുന്നു സംസാരം. സംഘാടകരിലും ശ്രോതാക്കളിലും ഭൂരിഭാഗം മുസ്ലിംകളായതിനാലാകാം, പ്രധാനമായും മാസ്റ്ററുടെ വിമർശനശരങ്ങൾ ഇസ്ലാമിനുനേരെയായിരുന്നു. പ്രസംഗത്തിനുശേഷം, ആർക്കുവേണമെങ്കിലും ചർച്ചയിൽ പങ്കെടുക്കാമെന്ന് അറിയിപ്പുവന്നു. ഞാൻ ഉടൻ സ്റ്റേജിൽ കയറി. മോഡറേറ്റർ എനിക്ക് 20 മിനിറ്റ് സമയം തന്നു. ഒന്നരമണിക്കൂർ പ്രസംഗത്തിന് മറുപടി പറയാൻ 20 മിനിറ്റ് പോരാ. അതിനാൽ, ഇസ്ലാമിനെക്കുറിച്ച് സവിശേഷമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ അബദ്ധങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാനാണ് ഞാൻ ശ്രമിച്ചത്. മതവിമർശനത്തിന് അദ്ദേഹം ആധാരമാക്കിയത് ശാസ്ത്രത്തെയാണല്ലോ. ഒരു കാര്യത്തെ ശാസ്ത്രീയമായി സമീപിക്കുമ്പോൾ, അല്ലെങ്കിൽ വിമർശിക്കുമ്പോൾ അക്കാര്യം കൃത്യമായി പഠിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. എന്നാൽ, ഇസ്ലാമിനെക്കുറിച്ച അടിസ്ഥാനകാര്യങ്ങൾപോലും അദ്ദേഹം വേണ്ടത്ര പഠിച്ചിട്ടില്ലെന്ന് സമർഥിക്കാനാണ് ഞാൻ ശ്രമിച്ചത്.
സദസ്സിൽ ഭൂരിഭാഗവും മുസ്ലിംകളായതിനാലാകാം, പ്രസംഗത്തിന് നല്ല കൈയടി ലഭിക്കുകയും ചെയ്തു. ഒന്നാമതായി, സദസ്സിൽ ഭൂരിഭാഗവും വിശ്വാസികളാണ്. എനിക്കുശേഷം മറ്റുചിലർകൂടി പ്രസംഗിച്ചു. ഇതിനിടെ എപ്പോഴോ സംവാദം തർക്കങ്ങൾക്ക് വഴിമാറി. അപ്പോഴേക്കും ഞാൻ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഹാളിന് പുറത്ത് മുക്കത്തുകാരൻ ബി.പി. മൊയ്തീനെ കണ്ടു.
''എന്താ, ചർച്ചയിലൊന്നും പങ്കെടുക്കുന്നില്ലേ?'' -ഞാൻ ചോദിച്ചു.
''ശുദ്ധ ഭ്രാന്ത് ! മതവിശ്വാസമുള്ളവർ അങ്ങനെ നടക്കട്ടെ. അതിനെ എതിർക്കുന്നവർ അങ്ങനെയും മുന്നോട്ടുപോകട്ടെ. ഈ തരത്തിലുള്ള പരിപാടിയൊക്കെ സംഘടിപ്പിച്ച് ആളുകളെ പ്രകോപിപ്പിച്ചിട്ട് എന്തുകാര്യം?''
മൊയ്തീൻ മതവിശ്വാസിയൊന്നുമല്ല. അന്നേരത്തെ തർക്കങ്ങളൊക്കെ കണ്ടതിനാലാകാം അങ്ങനെയൊരു നിരീക്ഷണം മൊയ്തീൻ നടത്തിയത്. ഏതായാലും, സംഘാടകരെ സംബന്ധിച്ച് അതൊരു 'നഷ്ടക്കച്ചവട'മായിരുന്നുവെന്ന് അക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ പിന്നീട് എന്നോടു പറഞ്ഞു.
പീസി തിയറ്ററിലേത് എന്നെ സംബന്ധിച്ച് തീർത്തും അവിചാരിതമായൊരു സംവാദമായിരുന്നുവെങ്കിലും യുക്തിവാദത്തെ സംബന്ധിച്ചും മതനിരാസവാദത്തെക്കുറിച്ചുമൊക്കെ ആഴത്തിൽ പഠിക്കാനുള്ള പ്രേരണ ആ സംഭവം നൽകി എന്നതാണ് യാഥാർഥ്യം. പക്ഷേ, പിന്നെയും രണ്ടു വർഷം തുടർന്ന വിദ്യാഭ്യാസകാലത്തിനിടയിൽ അതൊന്നും നടന്നില്ല. 1964ൽ, 'പ്രബോധന'ത്തിൽ എഡിറ്റോറിയൽ അംഗമായി ചുമതലയേറ്റതിനുശേഷമാണ് വേണ്ടത്ര അങ്ങനെയൊരു പഠനത്തിന് അവസരം വന്നത്. എം.സി. ജോസഫിന്റെ 'യുക്തിവാദി' മാസിക അന്ന് ഓഫിസിൽ വരാറുണ്ട്. എഡിറ്റർ ടി. മുഹമ്മദ് സാഹിബ് അതിന്റെ സ്ഥിരം വായനക്കാരനാണ്. പതിയെ ഞാനും അതിന്റെ വായനക്കാരനായി. നിർമത വാദം, നിരീശ്വരവാദം തുടങ്ങിയ സങ്കൽപങ്ങളുടെ പ്രചാരണങ്ങൾക്കപ്പുറം, വിശ്വാസത്തിലെ അന്ധവിശ്വാസങ്ങളെ വിമർശനവിധേയമാക്കുക എന്നതായിരുന്നു പൊതുവിൽ എം.സി. ജോസഫിന്റെയും 'യുക്തിവാദി'യുടെയും ഒരു ലൈൻ. ഒപ്പം, വിശ്വാസത്തിൽ വൈകൃതമെന്ന് തോന്നുന്ന ചില കാര്യങ്ങളും അതിൽ വരും. യുക്തിവാദത്തെയും യുക്തിവാദി പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള പ്രാഥമിക ധാരണ എനിക്ക് ലഭിക്കുന്നത് ആ വായനയിലൂടെയാണ്. ഇതോടൊപ്പം, എ.ടി. കോവൂരിന്റെയും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെയും ചില ലേഖനങ്ങൾ വായിക്കാൻ കിട്ടി. ഇവരുടെയൊക്കെ പൊതുവായൊരു സമീപനം, സമൂഹത്തെ അപകടത്തിലേക്ക് നയിക്കുന്ന അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് തുറന്നുകാണിക്കുക എന്നതായിരുന്നു. വിവിധ മതങ്ങളുടെ ഭാഗമായി പ്രചാരത്തിലുണ്ടായിരുന്ന ഭൂത-പ്രേത-പിശാചുക്കളെക്കുറിച്ച വിശ്വാസങ്ങളും ദിവ്യാത്ഭുതങ്ങളും മറ്റുമൊക്കെയായിരുന്നു ഇവരുടെ പ്രധാന വിഷയങ്ങൾ. ഒരർഥത്തിൽ, മതവിശ്വാസികളിൽതന്നെ വലിയൊരു വിഭാഗം ഈ അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നു. അവർ മതവിശ്വാസത്തിന്റെതന്നെ ഭാഗമായി ഈ അന്ധവിശ്വാസങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ യുക്തിവാദികൾ മതത്തെ പൂർണമായി നിരാകരിച്ചു എന്ന വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ഏതായാലും, പുതിയകാലത്ത് നവ നാസ്തികരെന്നും സ്വതന്ത്ര ചിന്തകരെന്നും അവകാശപ്പെടുന്നവരുടെ മതവിമർശനത്തിൽനിന്ന് തീർത്തും ഭിന്നമായിരുന്നു അത്.
അക്കാലത്ത് യുക്തിവാദികളുടെ വലിയ വക്താവായിരുന്നു കോഴിക്കോട്ടുകാരനായ ഡോ.ഇ.വി. ഉസ്മാൻകോയ. അറിയപ്പെടുന്ന ഭിഷഗ്വരൻകൂടിയായിരുന്നു അദ്ദേഹം. യുക്തിവാദത്തിന്റെ അളവുകോൽവെച്ച് ഇസ്ലാമിനെയാണ് അദ്ദേഹം കാര്യമായി വിമർശിച്ചത്. അദ്ദേഹവുമായി ഫറോക്ക് ടൗണിൽവെച്ച് ഒരു സംവാദത്തിന് അവസരമുണ്ടായി. ഞാനും ശൈഖ് മുഹമ്മദ് കാരകുന്നുമാണ് ഇസ്ലാമിനെ പ്രതിനിധാനംചെയ്ത് സംസാരിച്ചത്. ആ പരിപാടി ഫലപ്രദമായിരുന്നു എന്നാണ് പിന്നീട് തോന്നിയത്. കുറച്ചുകാലത്തിനുശേഷം, ആദ്യ വാദങ്ങളിൽനിന്നൊക്കെ അദ്ദേഹം പിന്മാറി.
മേൽ പറഞ്ഞതത്രയും പ്രസംഗ സംവാദങ്ങളായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ എന്നെ തൂലികാസംവാദത്തിന് നിർബന്ധിപ്പിച്ചത് ജോസഫ് ഇടമറുകിന്റെ 'ഖുർആൻ ഒരു വിമർശനപഠനം' എന്ന പുസ്തകമാണ്. ഡൽഹിയിലെ എതീസ്റ്റ് പബ്ലിഷേഴ്സ് ആയിരുന്നു പ്രസാധകർ. അത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്ഥാപനമാണ്. ആ പുസ്തകം മുസ്ലിം സമുദായത്തിൽ വലിയ കോളിളക്കമുണ്ടാക്കി. അതിന്റെ ഉള്ളടക്കം ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അവമതിക്കുന്നതാണെന്നതരത്തിൽ ചർച്ച ഉയർന്നുവന്നു. വിമർശനങ്ങളെ പൊതുവായി നോക്കുമ്പോൾ, ഒരു ജനാധിപത്യരാജ്യത്ത് അതിൽ തെറ്റുപറയാനാകില്ല. എന്നാൽ, ചില പരാമർശങ്ങളൊക്കെ പ്രകോപനപരമായിരുന്നു. ഉദാഹരണത്തിന്, ''മുഹമ്മദ് ജനിക്കാതിരുന്നുവെങ്കിൽ ഈ ലോകം ഇതിനേക്കാളേറെ സമാധാനപൂർണമാകുമായിരുന്നു'' എന്നുതുടങ്ങിയ പരാമർശങ്ങളൊക്കെ അതിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചില മതസംഘടനകൾ പുസ്തകം കണ്ടുകെട്ടണമെന്ന് പ്രസ്താവനയിറക്കി. എന്നാൽ, പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെടാതെ ജമാഅത്തെ ഇസ്ലാമി വിമർശനത്തിന് മറുപടി എഴുതാൻ തീരുമാനിച്ചു. അക്കാര്യം എന്നെ ചുമതലപ്പെടുത്തി. അതാണ് 'യുക്തിവാദികളും ഇസ്ലാമും' എന്ന പുസ്തകരചനയിലേക്ക് നയിച്ചത്.
'ഖുർആൻ വിമർശനപഠനം' എന്നതായിരുന്നു ഇടമറുകിന്റെ ശീർഷകമെങ്കിലും വാസ്തവത്തിൽ വലിയൊരു ഭാഗം വിമർശനവും ഹദീസിനെക്കുറിച്ചായിരുന്നു. ചെറിയൊരുഭാഗം മാത്രമാണ് ഖുർആൻ പരാമർശമുണ്ടായിരുന്നത്. ഏതായാലും, ഇടമറുകിന് മറുപടി എഴുതാൻ ഒരുപാട് റഫർ ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ വിമർശനവിധേയമാക്കിയ ഖുർആൻ/ഹദീസ് ഭാഗങ്ങൾ സംബന്ധിച്ച ഇസ്ലാമികപണ്ഡിതരുടെ ആധികാരിക കാഴ്ചപ്പാടുകൾ വിശദീകരിക്കുക എന്നതായിരുന്നു ഞാൻ അവലംബിച്ച രീതി. ഖുർആൻ/ഹദീസ് വചനങ്ങൾ ഇറങ്ങിയ സന്ദർഭം, അതിന് വിവിധ പണ്ഡിതന്മാർ നൽകിയ വിശദീകരണം തുടങ്ങിയവയൊക്കെ കൃത്യമായി അടുക്കിവെച്ചതോടെ ഇടമറുകിനുള്ള മറുപടിയായി. വാസ്തവത്തിൽ, എന്റേതായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും ആ പുസ്തകത്തിലില്ലെന്നുതന്നെ പറയാം. വിമർശനവിധേയമായ വിഷയത്തിൽ ലബ്ധപ്രതിഷ്ഠരായ പണ്ഡിതർ എന്തു പറയുന്നുവെന്ന് സൂചിപ്പിക്കുകമാത്രമാണ് ഞാൻ ചെയ്തത്. ബുദ്ധി, യുക്തി, ശാസ്ത്രം, ജീവൻ തുടങ്ങിയ വിഷയങ്ങളൊക്കെ അതിൽ ചർച്ചയായി. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാനിയമം തുടങ്ങി എക്കാലവും യുക്തിവാദികളുടെ ഇഷ്ടവിഷയങ്ങളിലും ഇസ്ലാമിന്റെ കാഴ്ചപ്പാട് എഴുതി. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന് നല്ല സ്വീകാര്യത കിട്ടി. ഇപ്പോൾ അതിന്റെ എട്ടാം പതിപ്പാണ് വിപണിയിലുള്ളത്.
അക്കാലത്തുതന്നെ, വേറെയും ആളുകൾ ഇടമറുകിന് മറുപടി എഴുതിയിരുന്നു. ആ വകയിൽ അഞ്ചോ ആറോ പുസ്തകങ്ങൾ പുറത്തിറങ്ങി എന്നാണ് ഓർമ. ഇതിനെല്ലാം വിശദീകരണവുമായാണ് ഇടമറുക് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയത്. രണ്ടാം പതിപ്പിന്റെ മുഖവുരയിലായിരുന്നു മറുപടി. മറുപടിപ്പുസ്തകങ്ങളിൽ പലതും മുഖവിലക്കെടുക്കുന്നില്ലെന്നും അതിൽ പറയുന്ന കാര്യങ്ങൾ തന്റെ വിമർശനങ്ങളെ സാധൂകരിക്കുന്നുവെന്നുമാണ് ആമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ, 'യുക്തിവാദികളും ഇസ്ലാമും' ഉയർത്തിയ മറുവാദങ്ങൾ പ്രസക്തമായതിനാൽ അതിനുള്ള മറുപടിയായിട്ടാണ് പ്രസ്തുത മുഖവുരയെന്ന് അദ്ദേഹം പ്രത്യേകം എഴുതി. 25 പേജുകൾ അതിനായി നീക്കിവെച്ചു. ഒന്നാം പതിപ്പ് അതുപോലെ നിലനിർത്തി, മുഖവുര ചേർത്ത് രണ്ടാം പതിപ്പ് ഇറക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പതിപ്പിൽ ചൂണ്ടിക്കാണിക്കപ്പെട്ട വസ്തുതാപരമായ തെറ്റുകൾപോലും തിരുത്താൻ അദ്ദേഹം തയാറായില്ല. എത്രത്തോളമെന്നാൽ, ഇസ്ലാമിനെക്കുറിച്ച പ്രാഥമികമായ അറിവുകൾപോലും അദ്ദേഹം തെറ്റിച്ചിരുന്നു. മുഹമ്മദ് നബിയുടെ അടിമസ്ത്രീകളിൽ മാരിയതുൽ ഖിബ്തിയ്യ എന്നൊരു വനിതയുണ്ടായിരുന്നു. ഈ സ്ത്രീയെ മാരിയ എന്നും തുൽ ഖിബ്തിയ്യ എന്നും പേരായ രണ്ട് ആളുകളായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചത്. ഈ പിശകുപോലും രണ്ടാം പതിപ്പിൽ തിരുത്തിയില്ല. ഇത്തരം കാര്യങ്ങളിലെ പരിഹാസ്യത തുടർപതിപ്പുകളിൽ ചൂണ്ടിക്കാണിക്കാൻ ഞാൻ നിർബന്ധിതനായി. ഏതായാലും, ആ പുസ്തകം യുക്തി/മതനിരാസവാദങ്ങൾക്കെതിരായ ഇസ്ലാമികപക്ഷത്തുനിന്നുള്ള സാമാന്യം നല്ലൊരു റഫറൻസായി മാറി. വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന വിശ്വാസപരമായ വികലധാരണകളെക്കൂടി അകറ്റാൻ ഈ സംവാദപുസ്തകം പ്രയോജനപ്പെട്ടു എന്ന് പ്രതികരണത്തിൽനിന്ന് മനസ്സിലായി.
ഇടമറുകുമായുള്ള സംവാദം തുടരുന്നതിനിടെതന്നെ യുക്തിവാദികളുമായി വേദി പങ്കിടാൻ അവസരമുണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ തുടങ്ങിയവയും യഥേഷ്ടം നടന്നു. അതോടൊപ്പംതന്നെ മറ്റൊരു സംവാദം ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു. ഇസ്ലാമിലെ പുരോഗമനപക്ഷം എന്ന അവകാശവാദവുമായി രംഗത്തെത്തിയ ചിലർ ശരീഅത്ത് നിയമങ്ങളടക്കം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയായിരുന്നു അത്. ചേകന്നൂർ മൗലവിയൊക്കെയായിരുന്നു അതിൽ പ്രമുഖൻ. ഇസ്ലാമിക കർമശാസ്ത്രത്തിൽ വിദഗ്ധനായിരുന്ന അദ്ദേഹം മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തിനെതിരെയാണ് ആദ്യം രംഗത്തെത്തിയത്. ഉദാഹരണത്തിന്, നബിയുടെ കാലത്തുണ്ടായിരുന്ന വസ്തുക്കൾക്കേ സകാത് ബാധകമാകൂ എന്ന യാഥാസ്ഥിതിക നിലപാടിനെ അദ്ദേഹം ചോദ്യംചെയ്തു (അദ്ദേഹം മാത്രമല്ല, സമുദായത്തിലെ ഉൽപതിഷ്ണുവിഭാഗവും ഇതിനെ ചോദ്യംചെയ്തു). എന്നാൽ, അദ്ദേഹം തന്റെ വാദങ്ങൾ പിന്നെയും 'പരിഷ്കരിച്ചുകൊണ്ടേയിരിക്കു'ന്നതിനാണ് കേരളം സാക്ഷിയായത്. ഹദീസിന്റെ സ്വീകാര്യതയായിരുന്നു അതിലൊന്ന്. പ്രവാചകനിൽനിന്ന് ഉദ്ധരിക്കപ്പെട്ട വാക്കുകളും പ്രവൃത്തികളും സ്വീകാര്യമാകാൻ നിലവിലുള്ളതിനേക്കാൾ കർക്കശമായ മാനദണ്ഡങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. ഫലത്തിൽ, ഒരുപാട് ഹദീസുകൾ തള്ളപ്പെടാൻ അത് കാരണമായി. അതുവഴി, ഇസ്ലാമിലെ അടിസ്ഥാന കർമങ്ങൾപോലും തള്ളപ്പെടുന്ന സ്ഥിതിയുമായി
അക്കാലത്ത് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി. എൻ.പി. മുഹമ്മദ്, പ്രഫ. മങ്കട അബ്ദുൽ അസീസ്, പ്രഫ. ബഹാവുദ്ദീൻ തുടങ്ങിയ ബുദ്ധിജീവികൾ ഈ സംഘടനയുടെ ചുവടൊപ്പിച്ചുകൊണ്ട് കേരളത്തിലും അത്തരമൊരു പ്രസ്ഥാനത്തിന് രൂപംനൽകാൻ തീരുമാനിച്ചു. ആ വേദിയെ ചേകന്നൂരിനെ ഉപയോഗിച്ച് സജീവമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ ഒരു യോഗം വിളിച്ചു. അതിൽ ഒരുപാടുപേർ പങ്കെടുത്തു. പക്ഷേ, അതൊരു ഇസ്ലാം വിരുദ്ധവേദിയായിട്ടാണ് പൊതുവിൽ സമുദായം വിലയിരുത്തിയത്. അവിടെ കേട്ട പ്രസംഗങ്ങളും പിന്നീട് പുറത്തിറങ്ങിയ പ്രബന്ധങ്ങളുമൊക്കെ ആ തോന്നലിനെ ന്യായീകരിക്കുകയും ചെയ്തു. സർവാംഗീകൃതമായ ഇസ്ലാമിക തത്ത്വങ്ങൾപോലും ഈ വേദിയിൽ ചോദ്യംചെയ്യപ്പെടുകയുണ്ടായി. സ്വാഭാവികമായും മുസ്ലിം സംഘടനകളെ അത് പ്രകോപിപ്പിച്ചു. എം.ഇ.എസിന് നേതൃത്വം നൽകിയ ഡോ. പി.കെ. അബ്ദുൽ ഗഫൂർ അടക്കമുള്ള ചിലരും ഇതിൽ ആകൃഷ്ടരായിരുന്നു. അതുകൊണ്ട്, ലീഗ് നേതാവായിരുന്ന ബാഫഖി തങ്ങൾ എം.ഇ.എസുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിച്ചു. ഞാൻ മനസ്സിലാക്കിയിടത്തോളം, വിദ്യാഭ്യാസമേഖലയിൽ വലിയ സംഭാവനകൾ ചെയ്യുന്ന എം.ഇ.എസിനെ അകറ്റിനിർത്തുന്നതിനോട് സി.എച്ച്. മുഹമ്മദ് കോയക്ക് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, ആ വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചില്ല. പിന്നീട്, സമുദായവികാരം മനസ്സിലാക്കി പി.കെ. അബ്ദുൽ ഗഫൂർ ഉൾപ്പെടെയുള്ളവർ മോഡേൺ ഏജ് സൊസൈറ്റിയിൽനിന്ന് പിൻവാങ്ങി.
ചേകന്നൂർ മൗലവിയെ മുന്നിൽനിർത്തിക്കൊണ്ട് സംഘടന മുന്നോട്ടുപോകില്ല എന്ന തോന്നൽ കൂടിയായിരിക്കാം ഈ പിന്മാറ്റത്തിന് പിന്നിൽ. കാരണം, സംഘാടകർ ഉദ്ദേശിച്ച പരിഷ്കരണ പദ്ധതികളായിരുന്നില്ല ചേകന്നൂരിന്റേത്. ഇസ്ലാമിന്റെ പ്രമാണങ്ങളെ തള്ളിപ്പറയൽ ഇവരുടെ അജണ്ടയായിരുന്നില്ല; അതേസമയം, ബഹുഭാര്യത്വംപോലുള്ള വിഷയങ്ങളിൽ അവർക്ക് മുഖ്യധാരാ ഇസ്ലാമിനോട് വിയോജിപ്പുമുണ്ടായിരുന്നു. അതിനിടെ, ചേകന്നൂർ നടത്തിവന്നിരുന്ന 'നിരീക്ഷണം' എന്ന പത്രം സംഘാടകർ ഏറ്റെടുത്തിരുന്നുവെങ്കിലും മൂന്ന് ലക്കങ്ങൾക്കുശേഷം നിലച്ചു. ആയിടക്കാണ് 1971ൽ, കോഴിക്കോട് ടൗൺഹാളിൽ മോഡേൺ ഏജ് സൊൈസറ്റി ഒരു സംവാദം സംഘടിപ്പിച്ചത്. ശരീഅത്തായിരുന്നു വിഷയം. എന്നെയും ക്ഷണിച്ചു. മൂസാ ബേക്കറായിരുന്നു പരിപാടിയുടെ മോഡറേറ്റർ. അനുവദിക്കപ്പെട്ട കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ വിഷയം അവതരിപ്പിച്ചു. ഡൽഹിയിലെ ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി നേതാക്കളുടെ ശരീഅത്ത് വാദങ്ങളിൽനിന്ന് വ്യത്യസ്തവും വിരുദ്ധവുമാണ് കേരളത്തിലുള്ളവരുടേത് എന്നാണ് ഞാൻ പ്രധാനമായും വാദിച്ചത്. താഹിർ മഹ്മൂദിനെപ്പോലുള്ള അവരുടെ നേതാക്കളുടെ വാദങ്ങൾ വാസ്തവത്തിൽ മുഖ്യധാരാ മുസ്ലിംകൾക്കൊപ്പമാണെന്നും ഞാൻ സമർഥിച്ചു. താഹിർ മഹ്മൂദിന്റെയടക്കമുള്ള പഠനങ്ങൾ ഇവർ അവഗണിച്ചുവെന്നുമാത്രമല്ല, 'സത്യശോധക് മണ്ഡൽ' എന്ന ഇസ്ലാം വിമർശന സംഘടനയുടെ നേതാവ് ഹമീദ് ദിൽവാനിയെപ്പോലുള്ളവരെ അവതരിപ്പിക്കാനും അവർ മടിച്ചില്ല. എന്റെ വാദങ്ങൾക്ക് ചേകന്നൂർ മൗലവിക്ക് മറുപടിയുണ്ടായിരുന്നില്ല. ബഹുഭാര്യത്വം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലൊന്നും ഒന്നും പറയാതെ ആ പ്രസംഗം നീണ്ടുപോയി. എൻ.പി. മുഹമ്മദ് മറുപടിപറയാൻ ഒരു ശ്രമം നടത്തിയെങ്കിലും അതും അത്ര ഫലവത്തായോ എന്ന് സംശയം. ഏതായാലും, ആ പരിപാടിയോടെ ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റിയുടെ കേരള ചാപ്റ്റർ ചരിത്രത്തിൽ വിലയംപ്രാപിച്ചു. ഏതാനും വർഷങ്ങൾ പിന്നെ ചേകന്നൂർ പൊതുവേദിയിലുണ്ടായിരുന്നില്ല. ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നപേരിൽ മറ്റൊരു മുഖവുമായാണ് അദ്ദേഹം പിന്നെ രംഗപ്രവേശനം ചെയ്തത്. ആ സംഘടനയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടത്.
ശരീഅത്ത് സംവാദം ശരിക്കും ചൂടുപിടിക്കുന്നത് അതിനും ശേഷമാണ്. 1985ൽ വിവാഹമോചിതയുടെ ജീവനാംശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയെ തുടർന്നാണത്. ഭോപാലുകാരനായ മുഹമ്മദ് അഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ ഭാര്യ ശാബാനു ബീഗവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. ജീവനാംശം ആവശ്യപ്പെട്ട് ശാബാനു കോടതിയെ സമീപിച്ചപ്പോൾ അനുകൂല തീരുമാനമുണ്ടായി. കീഴ്കോടതി വിധിക്കെതിരെ അഹമ്മദ് ഖാൻ അപ്പീൽ പോയി. അങ്ങനെയൊക്കെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. മറ്റെല്ലാ സമുദായത്തിലെയും വിവാഹമോചിതകൾക്ക് ജീവനാംശം നിയമമാക്കിയപോലെ മുസ്ലിം സ്ത്രീകൾക്കും അതിന് അവകാശമുണ്ടെന്ന നിരീക്ഷണവും തദടിസ്ഥാനത്തിലുള്ള വിധിയുമായിരുന്നു പരമോന്നത നീതിപീഠത്തിന്റേത്. ഇത് ശരിയല്ലെന്നും ശരീഅത്ത് വിരുദ്ധമാണെന്നും മുസ്ലിം സംഘടനകൾ വാദിച്ചു. അതോടെയാണ് തർക്കം ഉടലെടുത്തത്. പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി മുസ്ലിം വ്യക്തിനിയമ ബോർഡിലെ പണ്ഡിതന്മാരെ ചർച്ചക്കു വിളിച്ചു. രാജീവിന് മുന്നിൽ അവർ തങ്ങളുടെ വിയോജിപ്പുകൾ അവതരിപ്പിച്ചു: ഒന്ന്, ഖുർആനാണ് പ്രസ്തുതവിധിക്ക് ആധാരമായി അവലംബിച്ചതെന്ന് വിധിപ്രസ്താവത്തിലുണ്ട്. 1937ലെ, ശരീഅത്ത് നിയമമനുസരിച്ച് കോടതിക്ക് ഖുർആനിനെയോ സുന്നത്തിനെയോ സ്വതന്ത്രമായി വ്യാഖ്യാനിക്കാൻ അധികാരമില്ലെന്നിരിക്കെ ഇത്തരമൊരു നിരീക്ഷണം പാടില്ലാത്തതായിരുന്നു. എന്നല്ല, ഖുർആനെ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. രണ്ട്, ഖുർആനിൽ പരാമർശിച്ച മതാഅ് ജീവനാംശമല്ല; ഒറ്റത്തവണ നൽകുന്ന പ്രായശ്ചിത്ത സംഖ്യയാണ്. മൂന്ന്, ഏക സിവിൽകോഡിന് സമയമായിരിക്കുന്നുവെന്ന് ആ വിധിയിൽ സുപ്രീംകോടതി പറയുന്നുണ്ട്. അത് സ്വീകാര്യമല്ല. ഭരണഘടനയുടെ നിർദേശകതത്ത്വങ്ങളിൽ അത് പറയുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഏറെ സങ്കീർണതകൾക്ക് അത് വഴിവെക്കും. ഇത്രയും കേട്ട രാജീവ്ഗാന്ധി പണ്ഡിതന്മാരോടുതന്നെ ബദൽ ആരാഞ്ഞു. അവർ മറ്റൊരു പ്രായോഗികരേഖ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. അതാണ് പിന്നീട് 1986ലെ, മുസ്ലിം വനിത (വിവാഹമോചിത) സംരക്ഷണനിയമം എന്നപേരിൽ നിലവിൽവന്നത്.
ആ നിയമം മറ്റൊരു രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. മുസ്ലിം പ്രീണനത്തിനായി രാജീവ് ചുട്ടെടുത്ത നിയമമായി അത് വ്യാഖ്യാനിക്കപ്പെട്ടു. ആ ചർച്ചയിലേക്ക് കടക്കുന്നില്ല. എന്നാൽ, സുപ്രീംകോടതി വിധിയെ തുടർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ സി.പി.എം വലിയൊരു കാമ്പയിന് തുടക്കമിട്ടു. വിധിയിൽ പരാമർശിച്ച ഏക സിവിൽ കോഡ് നടപ്പാക്കുകതന്നെയാണ് വേണ്ടതെന്ന ശക്തമായ വാദമാണ് ഇ.എം.എസ് ഉയർത്തിയത്. ശരീഅത്ത് നിയമം കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമാണ്. ഈ കാമ്പയിന് ചൂടുപകരാൻ പാർട്ടി കൊണ്ടുവന്നത് ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയായിരുന്നു. ശരീഅത്ത് വിഷയത്തിൽ രാജീവുമായി തെറ്റി പാർട്ടി വിട്ടുനിൽക്കുന്ന സമയത്താണ് ആരിഫ് മുഹമ്മദ് ഖാന് കേരളത്തിലേക്കുള്ള ക്ഷണം. സി.പി.എമ്മിന്റെ കാമ്പയിനെതിരെ വിപുലമായ തോതിൽ മറു കാമ്പയിനുകളും മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. ആ പ്രചാരണത്തിൽ ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധാനംചെയ്തുകൊണ്ട് ഞാൻ കുറെ വേദികളിൽ പങ്കെടുത്തു. ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ ഇസ്ലാമിന്റെ യഥാർഥ കാഴ്ചപ്പാട് വിശദീകരിക്കാനും ഇതുസംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ദൂരീകരിക്കാനുമാണ് ആ വേദികളത്രയും ഉപയോഗപ്പെടുത്തിയത്. അതേസമയം, ശരീഅത്തിനുമേൽ പൗരോഹിത്യം ഏൽപിച്ച കെട്ടുപാടുകൾ സൃഷ്ടിച്ച സങ്കീർണതകളെ ചൂണ്ടിക്കാണിക്കാനും മറന്നില്ല.
എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ ഈ വിഷയത്തിൽ നടന്നൊരു ചർച്ചയാണ് എടുത്തുപറയേണ്ടത്. മാർക്സിസ്റ്റ് ചിന്തകനായ പി. ഗോവിന്ദപ്പിള്ള, ജസ്റ്റിസ് ജാനകിയമ്മ തുടങ്ങിയവർക്കൊപ്പമാണ് അന്ന് ഞാൻ വേദിപങ്കിട്ടത്. പി.ജിയാണ് ശരീഅത്തിനെതിരെ ഏറ്റവും കൂടുതൽ ആഞ്ഞടിച്ചത്. സംവാദത്തിന്റെ എല്ലാ മാന്യതയും അദ്ദേഹം പുലർത്തിയെങ്കിലും, വിഷയത്തിൽ കടുത്തഭാഷയിൽതന്നെ അദ്ദേഹം പാർട്ടിലൈൻ അവതരിപ്പിച്ചു. എന്റെ അവസരം വന്നപ്പോൾ, വിഷയത്തിൽ പി.ജിക്കുള്ള അജ്ഞത തുറന്നുകാട്ടാനാണ് ഞാൻ ശ്രമിച്ചത്. ശരീഅത്ത് സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച പലവാദങ്ങളും വസ്തുതാപരമായി നിലനിൽക്കുന്നതായിരുന്നില്ല. അക്കാര്യം ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കാൻ സാധിച്ചു. ചർച്ചക്കുശേഷം നടന്ന സ്വകാര്യ സംഭാഷണത്തിൽ, താൻ ഈ വിഷയം വേണ്ടത്ര പഠിച്ചിട്ടില്ലായിരുന്നുവെന്ന് പി.ജി തുറന്നുസമ്മതിക്കുകയും ചെയ്തു. തുടർന്ന്, ഒരു ഖുർആൻ പരിഭാഷ തനിക്ക് തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം അതിനുള്ള ഏർപ്പാടുകൾ ചെയ്താണ് അന്ന് എറണാകുളത്തുനിന്ന് മടങ്ങിയത്.
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (അന്നത്തെ വി.ജെ.ടി ഹാൾ) നടന്നൊരു പരിപാടിയും അവിസ്മരണീയമാണ്. രാഷ്ട്രീയപ്രമുഖരും നിയമസഭാ സാമാജികരും പങ്കെടുത്ത പരിപാടിയായിരുന്നു അത്. ശരീഅത്തും ഏക സിവിൽകോഡും പുതിയ നിയമനിർമാണവുമൊക്കെയാണല്ലോ ചർച്ചാവിഷയം. അതുകൊണ്ടുതന്നെ, ഗൗരവപ്പെട്ടൊരു സദസ്സായിരുന്നു അത്. അക്കാലത്ത്, കെ.ആർ. ഗൗരിയമ്മ ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ഈ വിഷയത്തിൽ കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്ന അജ്ഞത വെളിവാക്കുന്നു. ഇസ്ലാമികസമൂഹം സ്വസമുദായത്തിലെ സ്ത്രീകൾക്കുനേരെ നടത്തുന്ന ക്രൂരതകൾക്ക് ഉദാഹരണമായി അവർ അവതരിപ്പിച്ചത് 'മഹർ സമ്പ്രദായ'ത്തെയാണ്! ഇസ്ലാമിക ശരീഅത്തിനെയും അതിന്റെ വ്യാഖ്യാനങ്ങളെയും വിശദീകരിക്കാനാണ് ഞാൻ ശ്രമിച്ചത്. മാസങ്ങൾക്കുശേഷം ശരീഅത്ത് ചർച്ച പതിയെ കെട്ടടങ്ങി. താൻ ശരീഅത്തിനെ കുറിച്ച് വേണ്ടത്ര പഠിച്ചിരുന്നില്ലെന്ന് ഇ.എം.എസ് തന്നെയും കുറ്റസമ്മതം നടത്തുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം, സി.പി.എംതന്നെയും ഏക സിവിൽകോഡ് രാജ്യത്തിന് അപകടകരമാകും എന്ന നിലപാടിലെത്തുകയും ചെയ്തിട്ടുണ്ട്. അന്ന്, സി.പി.എം കെട്ടിയിറക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിലിരുന്ന് ഇടതുസർക്കാറിന് പല തലവേദനയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി മറ്റൊരു കൂട്ടരുമായും സംവാദത്തിലേർപ്പെട്ടിട്ടുണ്ട്. അൾട്രാ സെക്കുലറിസ്റ്റുകൾ എന്ന് അവരെ വിശേഷിപ്പിക്കാമെന്നുതോന്നുന്നു. ശരീഅത്ത് സംവാദത്തിലും അവരുണ്ടായിരുന്നു. കെ.ഇ.എൻ 'സ്വർഗം, നരകം, പരലോകം' എഴുതിയത് ഈ സംവാദകാലത്താണ്. കെ.ഇ.എന്നും ഹമീദ് ചേന്ദമംഗലൂരും ചേർന്നെഴുതിയ മറ്റൊരു പുസ്തകവുമുണ്ട്. 'ശരീഅത്ത്: മുതലക്കണ്ണീർ' എന്നപേരിൽ ഞാനും ഒ. അബ്ദുല്ലയും ചേർന്ന് അതിന് മറുപടി എഴുതി. ശരീഅത്ത് വിഷയങ്ങളുമായി ബന്ധപ്പെട്ട വിയോജിപ്പുകൾക്കപ്പുറം ജമാഅത്തെ ഇസ്ലാമിയുടെ 'മതരാഷ്ട്ര വാദ'ത്തെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ എതിർപ്പുകളത്രയും. ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദം പോലെത്തന്നെ അപകടമാണ് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രസങ്കൽപവുമെന്ന അവരുടെ വാദത്തെ അധികരിച്ച് വലിയ ചർച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ട്. വിഷയത്തിൽ 'പ്രബോധന'ത്തിൽ ഞാനെഴുതിയ ലേഖനത്തിന് ഒരിക്കൽ എം.എൻ. കാരശ്ശേരി മറുപടി എഴുതി. 'പ്രബോധനം' അത് അപ്പടി പ്രസിദ്ധീകരിച്ചു; എന്റെ മറുപടിയും ഒപ്പം പ്രസിദ്ധീകരിച്ചു. അത് വലിയൊരു ചർച്ചയിലേക്ക് വഴിമാറി. അതിന്റെ വിശദാംശങ്ങൾ ഈ കുറിപ്പിൽ ഒതുങ്ങുകയില്ല; ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ചർച്ചയാണത്. വിഷയത്തിൽ, എത്ര സംവാദങ്ങളിൽ പങ്കെടുത്തുവെന്നു ചോദിച്ചാൽ കൃത്യമായ കണക്കില്ലെന്നേ മറുപടിനൽകാനാകൂ. ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രം എന്താണെന്ന് ഇന്ന് ഏറക്കുറെ നമ്മുടെ അനുഭവമായിത്തന്നെ മുന്നിലുണ്ട്. അപ്പോഴും, സമീകരണയുക്തിയിൽ മുന്നോട്ടുപോകുന്ന തീവ്ര സെക്കുലറിസ്റ്റുകൾ വലിയ 'കൗതുക'മായി തുടരുന്നു. ഏതായാലും, ഒരുകാലത്ത് സെക്കുലർപക്ഷത്ത് നിലകൊണ്ട എൻ.പി. മുഹമ്മദ് പിന്നീട് തന്റെ നിലപാടുകൾ മയപ്പെടുത്തിയതും ജമാഅത്തിനെ 'സർഗാത്മക ന്യൂനപക്ഷം' എന്നുവിശേഷിപ്പിച്ചതും മറക്കാനാവില്ല. ദേശീയതലത്തിൽ, ഇക്കാര്യത്തിൽ ജമാഅത്ത് വിരുദ്ധപക്ഷത്ത് നിലകൊണ്ട അസ്ഗറലി എൻജിനീയറും അവസാനകാലത്ത് സംഘടനയുടെ പല പരിപാടികളിലും ഭാഗമായി.
'മാധ്യമം' പത്രത്തിന്റെ ചുമതലയിൽ വന്നശേഷം സംവാദത്തിന്റെ ഫ്രെയിം പിന്നെയും വിശാലമായി. സംവാദകന്റെയല്ല; പലപ്പോഴും ഒരു മോഡറേറ്ററുടെ റോളാണ് എനിക്കുണ്ടായിരുന്നതെന്ന് വേണമെങ്കിൽ പറയാം. അപൂർവം അവസരങ്ങളിലേ പത്രാധിപർ എന്നനിലയിൽ സംവാദകൻ എന്നർഥത്തിൽ ഇറങ്ങിത്തിരിച്ചിട്ടുള്ളൂ. പത്രത്തിന്റെ പ്രഖ്യാപിതനയം വ്യക്തമാക്കുന്നതുപോലെ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുക എന്നതുമാത്രമായിരുന്നു ആ സംവാദങ്ങളുടെയെല്ലാം ലക്ഷ്യം. വർഗീയകലാപ മേഖലകളിൽനിന്ന് അതുവരെയും പുറത്തുവരാത്ത വാർത്തകൾ പുറത്തുകൊണ്ടുവന്ന് പൊതുസമൂഹത്തിൽ അത് ചർച്ചയാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ആ ശ്രമത്തെ പലരും അഭിനന്ദിച്ചിട്ടുമുണ്ട്. മുസ്ലിം, ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായും പത്രം സംവാദവേദിയൊരുക്കി. വികസന പ്രവർത്തനങ്ങളെ പിന്തുണക്കുമ്പോഴും അതൊരു മനുഷ്യാവകാശ-പാരിസ്ഥിതിക പ്രശ്നമായി പരിണമിക്കരുതെന്ന നിർബന്ധബുദ്ധി പത്രത്തിന്റെ പോളിസിയുടെ ഭാഗമാണ്. അത് ഉറക്കെപ്പറഞ്ഞപ്പോൾ ഭരണകൂടം എതിരുനിന്നു. സർക്കാറുമായി നീണ്ട സംവാദങ്ങൾക്ക് അത് വഴിവെച്ചു. അപ്പോഴും, എല്ലാവർക്കും പറയാനുള്ളത് പറയാൻ അവസരമൊരുക്കുക എന്ന വിശാല ജനാധിപത്യ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിച്ചത്. സംവാദത്തിന്റെ അന്തസ്സത്തയും അതുതന്നെയാണെന്നാണ് ഈയുള്ളവന്റെ ഉറച്ചബോധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.