ഗൗതമൻ വിക്ടോറിയ ലൈബ്രറിയുടെ വരാന്തയിൽ വെറുതെ നിൽക്കുകയായിരുന്നു. അപ്പോൾ ആശങ്കയുള്ള മുഖവുമായി നീല ചുരിദാറും കറുത്ത ദുപ്പട്ടയുമണിഞ്ഞ ഒരു പെൺകുട്ടി പ്രോപ്പർട്ടി കൗണ്ടറിലേക്ക് പോകുന്നത് അയാൾ ശ്രദ്ധിച്ചു. പിന്നെ, വരാന്ത കടന്ന് പുറത്തേക്കിറങ്ങി അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. ഉള്ളൂരിന്റെ പ്രതിമ, ആൽമരം, ഷർബത്തു വിൽക്കുന്ന ദീദി, ചെരുപ്പ് തുന്നുന്ന വൃദ്ധൻ,...
ഗൗതമൻ വിക്ടോറിയ ലൈബ്രറിയുടെ വരാന്തയിൽ വെറുതെ നിൽക്കുകയായിരുന്നു. അപ്പോൾ ആശങ്കയുള്ള മുഖവുമായി നീല ചുരിദാറും കറുത്ത ദുപ്പട്ടയുമണിഞ്ഞ ഒരു പെൺകുട്ടി പ്രോപ്പർട്ടി കൗണ്ടറിലേക്ക് പോകുന്നത് അയാൾ ശ്രദ്ധിച്ചു. പിന്നെ, വരാന്ത കടന്ന് പുറത്തേക്കിറങ്ങി അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. ഉള്ളൂരിന്റെ പ്രതിമ, ആൽമരം, ഷർബത്തു വിൽക്കുന്ന ദീദി, ചെരുപ്പ് തുന്നുന്ന വൃദ്ധൻ, എല്ലാം അതേപോലെ, അങ്ങനെതന്നെയുണ്ടെന്ന് അയാൾ ഉറപ്പിച്ചു. സിഗരറ്റ് വലിച്ചുതീരുന്നതുവരെ ധാരാളം അബ്സ്ട്രാക്ടുകൾ ഗൗതമന്റെ മനസ്സിലൂടെ കടന്നുപോയി. രാവിലെ എഴുന്നേൽക്കുന്നതിന് മുമ്പ് കാണാറുള്ള സ്വപ്നങ്ങളിൽ, സിഗരറ്റ് വലിക്കുന്ന സമയങ്ങളിലൊക്കെയും അയാളുടെ മനസ്സിലേക്ക് അബ്സ്ട്രാക്ടുകൾ കടന്നുവരും. സിഗരറ്റ് തീർന്നപ്പോൾ തല കുടഞ്ഞുകൊണ്ട് അയാൾ വരാന്തയിലേക്ക് തിരികെ നടന്നു. അപ്പോൾ ആ പെൺകുട്ടി, നീല ചുരിദാറും കറുത്ത ദുപ്പട്ടയുമണിഞ്ഞവൾ അതേ ആശങ്കയുമായി വരാന്തയിൽ നിൽക്കുന്നു. അവളുടെ കണ്ണുകളിൽനിന്ന് തകർന്ന ഒരു വീട്, അല്ലെങ്കിൽ ഭിത്തികൾ അടർന്ന ഒരു മുറി, അണയാറായ ചിമ്മിണിക്കൂട് എന്നിവ അയാൾ കണ്ടെത്തി. എന്തെങ്കിലും സഹായിക്കേണ്ടതുണ്ടോ എന്ന് ഗൗതമന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ സന്ദർഭോചിതമല്ലെങ്കിലോ എന്ന് കരുതി അയാൾ മിണ്ടാതെ ബ്രിട്ടീഷ് ലൈബ്രറിയിലേക്കുള്ള ചുവന്ന പടികൾ കയറി. അപ്പോൾ അവർക്കിടയിൽ ശൂന്യമായ തെരുവുകൾ രൂപപ്പെടുന്നതായി അയാൾ സങ്കൽപിച്ചു.
വായനമുറിയിലിരിക്കുമ്പോൾ അയാൾക്ക് കുഞ്ഞുവിനെയാണ് ഓർമവന്നത്. കുഞ്ഞുവിന്റെ കരിപടർന്ന കണ്ണുകൾ, ദാദൂ.... ദാദൂ... എന്നുള്ള അവളുടെ നീണ്ട കൊഞ്ചലുകൾ, മുഖം വീർപ്പിച്ച് കൈകൾ മുറുക്കെ കെട്ടിയുള്ള അവളുടെ പിണങ്ങിയിരുത്തം. അയാളുടെ കണ്ണ് നിറഞ്ഞു. മറ്റേതോ കാലത്തുനിന്ന് പുരാതന ഗന്ധമുള്ള ഒരുകെട്ട് ഓർമകൾ തന്നെ പൊതിയുന്നതായി ഗൗതമന് തോന്നി. അയാൾക്ക് കുളിരുന്നതായും വേദന തോന്നുന്നതായും അനുഭവപ്പെട്ടു.
കുഞ്ഞുവിന് അപ്പോൾ നാല് വയസ്സായിരുന്നിരിക്കണം, ചെമ്പ മുടിയായിരുന്നു. അതെപ്പോഴുമിങ്ങനെ കണ്ണുകളിലേക്ക് വീണുകൊണ്ടിരിക്കും. അവളെ വെറുതെ നോക്കിയിരിക്കുന്നതുതന്നെ വലിയൊരു കൗതുകമാണ്. ഒരു കാഴ്ചയിലുമൊതുങ്ങാതെ പാറി പാറി...ദീപ അവളെ എപ്പോഴും വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. എവിടെയെങ്കിലും ഒരു സ്ഥലത്ത് അടങ്ങിയിരി... കുഞ്ഞൂ... ഇങ്ങനെ ഓടി നടന്നാൽ പുഴക്കരയിലെ തൊണ്ടിയമ്മ വന്നിട്ട് നിന്നെ കൊണ്ടുപോകും ട്ടോ.....
ഇല്ല... ന്നെ ആരും കൊണ്ടുപോവൂല.... തൊണ്ടിയമ്മ വന്നാൽ ദാദു തൊണ്ടിയമ്മേനെ വഴക്ക് പറഞ്ഞിട്ട് ഓടിക്കും, അല്ലേ ദാദൂ...
അവൾ കൊഞ്ചി കൊഞ്ചി അയാളുടെ അരികിൽ വരാറുള്ളത്, ഒരിക്കലും തന്നെ ആർക്കും വിട്ടുകൊടുക്കരുത് എന്നപോലെ കുഞ്ഞുകൈകൾകൊണ്ട് അയാളെ ആകുന്നത്ര മുറുകെ പിടിച്ച് അല്ലേ... ദാദൂ... അല്ലേ ദാദൂ... എന്ന് ആവർത്തിച്ചാവർത്തിച്ചു ചോദിക്കാറുള്ളത് അയാൾ ഓർത്തു.
ഓർമയിൽനിന്നെഴുന്നേറ്റ് അയാൾ വായനമുറിയുടെ ജനാലക്കരികിലേക്ക് നടന്നു. എല്ലാം വലിയ ജനാലകൾ... അവ ചുവരിനെ സ്വതന്ത്രമാക്കുന്നുവെന്ന് അയാൾക്ക് വെറുതെ തോന്നി. ഒാരോ ആകാശവും പറവയെ സ്വതന്ത്രമാക്കുകയാണോ അതോ ബന്ധിപ്പിച്ചു നിർത്തുകയാണോ? അയാൾ ആലോചിച്ചു.
പുറത്ത് കാറ്റിന്റെ താളത്തിനൊപ്പിച്ച് മഞ്ഞയിലകൾ വീഴുന്നു. അന്തരീക്ഷത്തിൽ വിടർത്തിയിട്ട ശീലകളെന്നപോലെ മഞ്ഞയിലകൾ ചേർന്നുകൊണ്ട് നൃത്തം ചെയ്യുന്നതായി അയാൾ തിരിച്ചറിഞ്ഞു. താഴെ കുട്ടികൾ പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ട് കളിക്കുന്നു. മഞ്ഞയിലകൾ നൃത്തം ചെയ്തുകൊണ്ട് ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ മണ്ണിൽനിന്നുയരുന്ന പൂമ്പാറ്റകളായി കുട്ടികൾ പരിണമിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. അതിനിടയിൽ പറന്നുയരാനാവാതെ വീണു പോയ ഒരു കുഞ്ഞു പൂമ്പാറ്റയുടെ നിഴൽപാട് ഒരു അബ്സ്ട്രാക്ട് പോലെ അയാൾക്കുള്ളിൽ തെളിഞ്ഞുവന്നു.
ദാദൂ... ഞാൻ തൊണ്ടിയമ്മേനെ കണ്ടു ട്ടോ... ഇന്നലെ ഞാൻ ദാദൂനെ കാത്ത് ഈ സ്റ്റെപ്പിലിരിക്കുമ്പോൾ... ആ പുഴക്കരയിലെ റോഡിലൂടെ നടന്നുവരുന്നുണ്ടായിരുന്നു. എന്നെ നോക്കി ചിരിച്ചു. എനിക്ക് പേടിയായി ദാദൂ... ഞാൻ വേഗം ഓടി മുറിക്കുള്ളിൽ ഒളിച്ചു. അപ്പോൾ അവളുടെ കണ്ണുകൾ ഭയംകൊണ്ട് ചിമ്മിപ്പോകുന്നുണ്ടായിരുന്നു.
അയാൾ അവളെ ചേർത്തുപിടിച്ചു. ന്റെ കുഞ്ഞു പേടിക്കണ്ടാട്ടോ... നമുക്ക് തൊണ്ടിയമ്മേനെ ദൂരെ ഒരു നാട്ടില് കൊണ്ടുവിടാം. പിന്നെ തൊണ്ടിയമ്മക്ക് ഒരിക്കലും വരാൻ പറ്റില്ല. അപ്പൊ എന്റെ കുഞ്ഞൂന് ഇവിടെ സന്തോഷമായിട്ട് കളിക്കാമല്ലോ...
ആണോ... ദാദൂ... ശരിക്കും! അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി കൂടുതൽ ഉറപ്പ് തേടിക്കൊണ്ടിരുന്നു.
അച്ഛനും മോൾക്കും ഇപ്പൊ സമാധാനം ആയല്ലോ... ഇനിമുതൽ മുറിക്കുള്ളിലിരുന്ന് കളിച്ചാൽ മതി കേട്ടോ... കുഞ്ഞൂ... കുറുമ്പ അകത്തുനിന്ന് ശബ്ദമുയർത്തിക്കൊണ്ടിരുന്നു.
അയാളപ്പോൾ കുഞ്ഞുവിനെ കൂടുതൽ ചേർത്തുപിടിച്ചു. അപ്പോഴവൾ ഇളം വെള്ളിലത്താളികളെപ്പോലെ വിറച്ചുകൊണ്ടിരുന്നു.
രണ്ട്
പ്രോപ്പർട്ടി കൗണ്ടറിൽ കണ്ട നീല ചുരിദാറിട്ട പെൺകുട്ടി ഇപ്പോൾ അയാൾക്ക് മുന്നിലിരിക്കുന്നു. ഏതോ ഒരു കട്ടിയുള്ള പുസ്തകം അവൾ ഡസ്കിന് മുകളിൽ വിടർത്തിവെച്ചിട്ടുണ്ട്. ഇടയ്ക്കിടെ പേപ്പറുകൾ മറിച്ച് മറിച്ച് എന്തോ വായിക്കുന്നു. ഇടക്കിടെ ഡസ്കിൽ തല കുമ്പിട്ടിരിക്കുന്നു. പ്രോപ്പർട്ടി കൗണ്ടറിൽ അവളെ കണ്ടപ്പോൾതന്നെ ഗൗതമന് കുഞ്ഞുവിനെയാണ് ഓർമ വന്നത്. കുഞ്ഞു വളർന്ന് കോളജിലെത്തിയാൽ എങ്ങനെയായിരിക്കുമോ അതേ മാതിരിയുണ്ട് ഈ പെൺകുട്ടിയെന്ന് അയാൾക്ക് വെറുതെ തോന്നി. അയാൾ റെഫർ ചെയ്തുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് ജനാലക്കരികിലേക്ക് നടന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ താഴെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന കുട്ടികളെല്ലാം അപ്രത്യക്ഷരായിരുന്നു. നിലത്ത് വീണുകിടന്നിരുന്ന മഞ്ഞ പൂക്കളെല്ലാം കുറേയധികം വാടിക്കരിഞ്ഞിരുന്നു. പെട്ടെന്ന് പിറകിൽനിന്ന് എന്തോ ഒരു ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി. നീലയുടുപ്പിട്ട പെൺകുട്ടി നിലത്ത് വീണുകിടക്കുന്നു. തല നിലത്തിടിച്ച് ചോരയൊഴുകുന്നുണ്ട്. ഹാളിലുണ്ടായിരുന്ന എല്ലാവരും ഒാരോ ദിശയിലേക്കോടുന്നുണ്ട്. അവളുടെ നെറ്റിയിൽ നീളത്തിലൊരു മുറിവ് പൊട്ടിയൊഴുകുന്നു. ഗൗതമൻ ജനാലക്കരികിൽതന്നെ നിശ്ചലനായി നിന്നു. ചോരയും കാറ്റും ഒരുപോലെ അയാളെ ചുറ്റി ചുറ്റി തിരിഞ്ഞു. നാലഞ്ച് പേർ പൊക്കിയെടുത്ത് അവളെ താഴേക്ക് കൊണ്ടുപോയപ്പോഴും ആ കൂട്ടത്തിലൊരാൾ ഗൗതമാ... നീയൊന്ന് സഹായിക്കെടാ എന്ന് പറഞ്ഞപ്പോഴും അയാൾ വെറുതെ നിന്നു.
മൂന്ന്
ഗൗതമന് തപാൽ ഓഫീസിൽ ജോലികിട്ടിയിട്ട് രണ്ടാമത്തെ വർഷമായിരുന്നു ദീപ ഗർഭിണിയാവുന്നത്. ഒരു ആക്സിഡന്റൽ പ്രെഗ്നൻസിയായിരുന്നു അത്. അറിഞ്ഞപ്പോൾ കളയണ്ട എന്ന് എല്ലാവരും നിർബന്ധിച്ചു. എന്തുവന്നാലും ഞാൻ നോക്കുമെന്റെ കുഞ്ഞിനെയെന്ന് ഗൗതമന്റമ്മ അവൾക്ക് ഉറപ്പ് കൊടുത്തു. അവൾക്ക് വേണ്ടായിരുന്നു, എന്നാൽ ഗൗതമന് കളയാൻ തീരെ മനസ്സുമുണ്ടായിരുന്നില്ല. അങ്ങനെ ഒമ്പതാം മാസം കഴിഞ്ഞ് പത്തിരുപത് ദിവസം കഴിഞ്ഞപ്പോൾതന്നെ ദീപ പെറ്റു. തളിര് പോലത്തെ ഒരു കുഞ്ഞ്. കൈയിലെടുത്ത് എത്രയോമനിച്ചാലും താഴെവെക്കാൻ തോന്നാത്തത്ര ഓമനത്തമുള്ള ഇളം മൊട്ട്. ഗൗതമൻ അവളെ കുഞ്ഞു എന്ന് പതുക്കെ വിളിച്ചു. ദീപ കണ്ണ് പൂട്ടി കിടന്നു. അവൾക്ക് വെറുതെയൊന്ന് നിലവിളിക്കാൻപോലുമുള്ള ശേഷിയുണ്ടായിരുന്നില്ല. പെണ്ണിന് വേണ്ടെങ്കിൽ ഭ്രൂണഹത്യചെയ്യാനുള്ള അവകാശം ഇപ്പോഴുണ്ട്. പേക്ഷ, അന്നൊരു പാപമായിരുന്നു. ആരും കൂടെനിൽക്കില്ല. പെറണം, അത്രതന്നെ. കുഞ്ഞിന്റെ ചോറൂണ് ദിവസം വരെ ഗൗതമന്റമ്മ മുക്കിയും മൂളിയും കുഞ്ഞിനെ നോക്കി. പെണ്ണായതാണ് കാര്യം. ചോറൂണ് കഴിഞ്ഞാൽ പിന്നെ നോക്കാൻ പറ്റത്തില്ലെന്നും പറഞ്ഞ് അവർ കൈയൊഴിഞ്ഞു. പിന്നെ ഗൗതമൻ മാത്രമായി കുഞ്ഞുവിന്റെ അരികിൽ. അയാൾക്കത് സന്തോഷമായിരുന്നു. തന്റെ കോശം ഇണയുടെ മറ്റൊരു കോശത്തോട് ചേർന്ന് വികസിക്കുന്നതും ഒരു മനുഷ്യ പകർപ്പുണ്ടാകുന്നതും അയാൾക്കൊരത്ഭുതമായി തോന്നി. അയാൾക്കതിൽ വലിയ ചാരിതാർഥ്യവും നിർവൃതിയുമുണ്ടായി. എന്നാൽ ദീപക്ക് അത്തരത്തിലുള്ള യാതൊരു വികാരവുമുണ്ടായില്ല. അവളതിനെ മാംസപിണ്ഡമായി കണ്ടു. അവൾക്ക് ശാരീരികവും മാനസികവുമായ പലതരം അസ്വസ്ഥതകളുണ്ടായി. ദീപക്ക് ദിവസങ്ങളോളം വിഷാദമുണ്ടായി. കുഞ്ഞു നൽകുന്ന സന്തോഷങ്ങളിലും ദീപയുടെ കൊടിയ സങ്കടങ്ങൾക്കുമിടയിൽ ഗൗതമൻ പിടഞ്ഞു. അയാൾ തപാലോഫീസിലെ ജോലിയുപേക്ഷിച്ചു. ദിവസം കൂടുംതോറും ദീപയുടെ വിഭ്രാന്തികൾ ഒാരോന്നായി കൂടി. അവൾ കിണറ്റിൻകരയിലേക്കും മുറിയിലെ ഫാനിൽ സാരി കെട്ടിത്തൂങ്ങുവാനും അടുക്കളയിലെ കറിക്കത്തിവെച്ച് ഞരമ്പ് മുറിക്കാനുമുള്ള പലതരം ശ്രമങ്ങളിലുമേർപ്പെട്ടു. ഗൗതമൻ കുഞ്ഞുവിനെ ചേർത്തുപിടിച്ച് കരയാതെ നിശ്ചലനായി.
നാല്
നൂറ്റിനാൽപത്തിയഞ്ച് രാത്രിയും പകലും കഴിഞ്ഞപ്പോൾ ദീപ കുറേയധികം ശാന്തയായി. മുറിയിൽനിന്ന് നിർത്താതെയുള്ള കരച്ചിലും ദേഷ്യപ്പെടലും വിഭ്രാന്തികളുമെല്ലാമടങ്ങി. ഗൗതമന് സമാധാനമായി. അയാൾ ദിവസവും പ്രാർഥിച്ചിരുന്നു. ദിവസവും കരഞ്ഞിരുന്നു. സമയമെടുത്താണെങ്കിലും നല്ലത് സംഭവിക്കുമെന്ന് അയാൾക്കറിയാമായിരുന്നു. ദീപ ചിരിക്കുവാനും പഴയതുപോലെ സന്തോഷത്തോടെ പെരുമാറാനും തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഗൗതമൻ തപാൽ ഓഫീസിലേക്ക് ജോലിക്ക് പോയി തുടങ്ങി. വൈകുന്നേരം വരുമ്പോൾ ദീപയും കുഞ്ഞുവും വരാന്തയിലിരുന്ന് ചിരിക്കുന്ന കാഴ്ച അയാളുടെ മനസ്സ് നിറച്ചു. ജീവിതം പഴയ താളത്തിലാവുന്നതിനെ ഗൗതമൻ ദയാപൂർവം നോക്കിച്ചിരിച്ചു. ഇനിയൊരിടർച്ച ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ അയാൾ ശ്രദ്ധയോടെ നടന്നു. ഒരു പളുങ്ക് പാത്രമുടയുന്നതിന്റെ ശബ്ദംപോലും കേൾക്കുവാനുള്ള ശക്തി അയാൾക്കുണ്ടായിരുന്നില്ല. ഇനിയുള്ള കാലമെത്രയോ, അത് വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണെങ്കിലും ദീപയുടെയും കുഞ്ഞുവിന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കണമെന്ന് മാത്രമാണ് ഗൗതമന്റെ ഇപ്പോഴത്തെ ആശ. പത്ത് വർഷം മുമ്പ് അങ്ങനെ ആയിരുന്നില്ല, അയാൾ പലതിനെയും തേടി നടന്നു. എഴുത്തുകാരനാകുവാൻ കുറേ ആശിച്ചു. പല നഗരങ്ങളിലൂടെ സഞ്ചരിച്ച് വിവിധ ജീവിത സാഹചര്യങ്ങളിലൂടെ അയാൾ കടന്നുപോയി. എഴുതുവാനുള്ള സമയം അയാൾക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നെ അയാൾ അതിനെപ്പറ്റി ഓർമിക്കാതെയായി.
ജീവിതം യഥാർഥത്തിൽ നിങ്ങളെ എന്താണ് പഠിപ്പിക്കുക എന്നറിയാമോ, അതൊന്നും തന്നെ പഠിപ്പിക്കുന്നില്ല. ഒഴുക്കിനൊത്ത് നീന്തുക, എല്ലാ അവസ്ഥകളെയും സ്വീകരിക്കാനുള്ള പ്രാപ്തിയുണ്ടാക്കുക. ജനനത്തിനും മരണത്തിനുമിടയിലെ അവസ്ഥകളിലൂടെ ഒരു മനുഷ്യൻ സഞ്ചരിക്കുന്നു, അപ്പോഴയാൾക്ക് പലതരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നു. അതിൽ എല്ലാവിധ അനുഭൂതികളും അയാൾക്കുണ്ടാകുന്നു, വേദനയും നിരാശയും വേർപാടുമുണ്ടാകുന്നു. കുറേയധികം സഞ്ചരിച്ചപ്പോൾ ഗൗതമന് മനസ്സിലായി, തനിക്കുണ്ടായേക്കാവുന്ന അവസരങ്ങളെത്ര തുച്ഛമാണെന്ന്. അയാൾ യാത്രയുടെ ഗതി തിരിച്ചു. അയാൾക്ക് സമാധാനത്തോടെ ജീവിക്കണമായിരുന്നു. ദീപയോടൊത്ത് ജീവിക്കാൻ തീരുമാനിച്ച ദിവസങ്ങളിൽ അയാൾക്ക് സമാധാനമുണ്ടായി. ചെറിയ ചില പിണക്കങ്ങളിൽപോലും അയാൾക്ക് സമാധാനമുണ്ടായിരുന്നു. കുഞ്ഞു ജനിച്ചപ്പോൾ അയാൾ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും പാരമ്യത്തിലെത്തി. ഒരേപോലെ സന്തോഷത്തിനും സങ്കടത്തിനും ഇടയിൽ ഗൗതമൻ കുറേയധികം കഷ്ടപ്പെട്ടു. ജീവിതം ഇങ്ങനെയൊക്കെയായിരിക്കുമെന്ന ബോധ്യം അയാൾക്ക് നേരത്തേ ഉണ്ടായതിനാൽ ഈ അവസ്ഥകളിലൂടെയെല്ലാം ഗൗതമൻ കടന്നുപോകാൻ തയാറായിരുന്നു. ഇപ്പോൾ ഓഫീസിൽ പോകുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നു. കുഞ്ഞുവിന്റെ കൂടെ കുറേ സമയം സമാധാനത്തോടെയിരിക്കുന്നു. ദീപയോട് പഴയതുപോലെ സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും അവൾക്കുണ്ടായ മാറ്റങ്ങൾ അയാളെ സന്തോഷിപ്പിച്ചു. രാത്രിയിൽ ദീർഘനേരമിരുന്ന് എഴുതുന്നത് കാണാം. ഗൗതമൻ എഴുതാൻ നടന്നിരുന്ന കാലത്ത് ദീപയും എഴുതാനാഗ്രഹിച്ചിരുന്നു. എഴുതുവാനുള്ള താൽപര്യമാണ് രണ്ട് പേരെയും ജീവിതത്തിലൊന്നിപ്പിച്ചത്. ഒന്നിച്ചപ്പോൾ എഴുത്ത് വേണ്ടാതായി. ദീപയാണ് തീരെ എഴുതാതെയായത്. അന്നവൾ എഴുതാൻ കഴിയാത്തതിനെ പറ്റി മിക്കപ്പോഴും വിഷമിച്ചിരുന്നു. ഞങ്ങളുടെ സ്നേഹം ദിനംപത്രി വളർന്നെങ്കിലും എഴുതുവാനുള്ള അവളുടെ കഴിവ് പതിയെ നഷ്ടപ്പെടുകയായിരുന്നു. ആയിടക്ക് കുറേയധികം ജോലികൾ അവൾ തിരഞ്ഞു, ഒന്നും തരപ്പെട്ടില്ല. പിന്നീട് ജീവിതത്തിനോടൊത്ത് ജീവിക്കുവാൻ അവൾ പഠിക്കുകയായിരുന്നു. പ്രസവിക്കുന്നതിനെപ്പറ്റിയോ, കുഞ്ഞിനെപ്പറ്റിയോ അവൾ ചിന്തിച്ചിരുന്നില്ല. ഗൗതമൻ അവളുടെ പ്രശ്നങ്ങളെയെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. എന്നാലത് അയാളെക്കൊണ്ട് പരിഹരിക്കാനാവുമായിരുന്നില്ല. വളരെ ശ്രദ്ധയോടെയും എല്ലാ അനുതാപത്തോടെയും അവളെ ശുശ്രൂഷിക്കുവാൻ ഗൗതമൻ തയാറായിരുന്നു. അയാൾ അവളോട് എല്ലാ സമയത്തും ചേർന്ന് നിന്നു. അതുകൊണ്ടുതന്നെ അയാൾക്കതറിയാമായിരുന്നു, എന്നെങ്കിലുമൊരിക്കൽ എല്ലാം ശാന്തമാകുമെന്ന്. അല്ലെങ്കിലും, മനുഷ്യാവസ്ഥയുടെ ഘടനയെപ്പറ്റി ഗൗതമന് നന്നായറിയാമായിരുന്നു. ഒരു പരിധിവരെ മാത്രമാണ് എല്ലാ വികാരങ്ങളും നിലനിൽക്കുക, അത് കഴിഞ്ഞാൽ എത്ര കഠിനമായ അവസ്ഥയാണെങ്കിലും മറ്റൊരു ഘടനയിലേക്ക് വ്യാപരിക്കും. അപ്പോൾ ആയാസരഹിതമായോ നിസ്സാരമായോ മുമ്പ് മറികടന്നതിനെയെല്ലാം തോന്നാം. മനുഷ്യന്റെ മാനസികനിലകളെപ്പറ്റി ഗൗതമന് അങ്ങനെയൊരു ധാരണയുണ്ടായിരുന്നതിനാൽ അയാൾക്ക് ഒാരോ മനുഷ്യനെയും കാത്തുനിൽക്കാനുള്ള കഴിവുണ്ടായിരുന്നു. ഒരു നീണ്ട കാലത്തിലെ എല്ലാ വെയിലും അയാൾ ഏറ്റു. എല്ലാ മഴയും എല്ലാ മഞ്ഞും അയാൾ നനഞ്ഞു.
അഞ്ച്
വിക്ടോറിയ ലൈബ്രറിയുടെ ചുവന്ന പടികളിലൂടെ അയാൾ സാവധാനമിറങ്ങി. കുറച്ച് മണിക്കൂറുകൾ, പഴയ ഓർമകളിൽ അയാൾ ചിതറിപ്പോവുകയായിരുന്നു. സമയം താഴ്ന്ന് താഴ്ന്ന് ചെറിയൊരു തീഗോളംപോലെ അയാൾക്കു മുന്നിലേക്ക് ഉരുണ്ടുവീണു. അതിൽ ജീവിതത്തിന്റെ, കാലത്തിന്റെ കനമുണ്ടായിരുന്നു. അതിൽ എല്ലാ ജീർണതകളുമുണ്ടായിരുന്നു. ചുവന്ന പരവതാനിയിലൂടെ താഴേക്കുരുണ്ട് ഏറ്റവുമവസാനത്തെ പടിയിൽത്തട്ടി താഴെവീണ് എല്ലാം ചിതറിത്തെറിച്ചു. അതെല്ലാം പൊട്ടിയൊഴുകി ഒരു സമുദ്രത്തിന് സമാനമായി നിറഞ്ഞു. ഗൗതമൻ കോണിപ്പടിയുടെ കൈവരിയിൽ പിടിച്ചു. അയാളുടെ ശരീരത്തിൽ രക്തയോട്ടം നിലച്ചിരുന്നു. തനിക്ക് ചുറ്റിലും പൊട്ടിയൊഴുകുന്ന ജീവിതം, അത് പലരുടേതുമാണ്. രാവിലെ കണ്ട നീല ചുരിദാറണിഞ്ഞ ആശങ്കയുള്ള മുഖവുമായി പ്രോപ്പർട്ടി കൗണ്ടറിലേക്ക് വന്ന ആ പെൺകുട്ടിയുടെ ശരീരം വിളറിവെളുത്ത് അയാളുടെ കൺമുന്നിലൂടെ ഒഴുകിേപ്പായി. കുഞ്ഞുവിന്റെ കരച്ചിൽ, ദാദൂ... ദാദൂ... എന്ന് വിളിച്ച് അവൾ സമുദ്രത്തിൽ മുങ്ങിത്താഴുന്നു. അവളുടെയരികിൽ വലിയൊരു മാറാപ്പും തൂക്കി കോന്ത്രൻ പല്ലുകളും ചുളുങ്ങിയ തൊലിയുമുള്ള ഒരു വൃദ്ധ. അവർ കുഞ്ഞുവിന്റെ ഒരു കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ട്. അവളുടെ ശരീരമാകെ നഖംകൊണ്ട് പോറലേറ്റിട്ടുണ്ട്. ഗൗതമന് കരച്ചിൽ വന്നു. ആ കാഴ്ച അയാളെ കൂടുതൽ മുറിപ്പെടുത്തി. ആ വൃദ്ധ ക്രൂരമായ ആർത്തിയോടെ കുഞ്ഞുവിന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് സമുദ്രത്തിൽ മുക്കികൊല്ലുകയാണ്. ഗൗതമൻ ലൈബ്രറിയുടെ കോണിപ്പടിയിലൂടെ താഴേക്കോടി. സമുദ്രത്തിലൂടെ നീന്തി കുഞ്ഞുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണമായിരുന്നു. അവസാനത്തെ സ്റ്റെപ്പുകളിലിറങ്ങുമ്പോൾ സമുദ്രത്തിന്റെ ചൂടേറ്റ് അയാളുടെ ശരീരമാകെ കരിഞ്ഞിരുന്നു. ഓടിവന്ന ആയത്തിൽ ഗൗതമൻ സമുദ്രത്തിലേക്ക് വീണു. ജലം തിളക്കുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ മുഴുവൻ ഗന്ധവും ജലകണികയിൽനിന്ന് തെറിക്കുന്നു. സമയസൂചികളും കാലത്തിന്റെ ദിശകളും പല ചാലുകളായി തെറ്റിയൊഴുകുന്നു. മുന്നോട്ട് നീന്തുംതോറും ഗൗതമന്റെ ശരീരം കൂടുതൽ പൊള്ളിക്കൊണ്ടിരുന്നു. തലമുടിയെല്ലാം പറ്റെ കരിഞ്ഞു. മനുഷ്യ ഇറച്ചിയുടെ വെന്തമണം. കുറച്ചുകൂടി നീന്തിയപ്പോഴാണ് ഗൗതമന് സമുദ്രത്തിന്റെ ഉള്ളറകളെപ്പറ്റി കൂടുതൽ മനസ്സിലായത്. സമുദ്രത്തിൽ ഒരുപാട് ശരീരങ്ങൾ, മരിച്ചും മരിക്കാതെയും പലവഴികളിലേക്ക് നീന്തുന്നു. ഒരു മരത്തിന്റെ ചില്ലക്കിടയിൽ ഗൗതമന്റെ ശരീരം തടഞ്ഞുനിന്നു. അപ്പോഴാണ് മറ്റൊരു ഭാഗത്തുനിന്ന് പരിചിതമായൊരു ശബ്ദം കേൾക്കുന്നത്. ഗൗതമൻ ചില്ലകൾക്കിടയിലൂടെ തലയുയർത്തി അപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചു. അയാൾ അത്ഭുതത്തോടെ ആ മുഖത്തെ തിരിച്ചറിഞ്ഞു. അത് ദീപയാണ്. അവളുടെ ശരീരം പാതി കരിഞ്ഞിരിക്കുന്നു. ഗൗതമൻ ചില്ലകൾക്കിടയിലൂടെ നൂഴ്ന്ന് അവളുടെ അരികിലേക്ക് നീന്തി. അപ്പോഴേക്കും അവൾ കുരുങ്ങിക്കിടന്നിരുന്ന വേരടർന്ന് മറ്റെവിടേക്കോ ഒഴുകിപ്പോയിരുന്നു. ഗൗതമൻ ആർത്തലച്ച് കരഞ്ഞു. കുഞ്ഞുവിന്റെ ശ്വാസമറ്റ ഒരു കരിഞ്ഞ ജഡം അയാളുടെ അരികിലേക്ക് ഒഴുകി വന്നു. അയാൾ അവളെ വാരിയെടുത്തു. പെട്ടെന്നുതന്നെ ശ്വാസം നിലക്കണമെന്നാശിച്ച് അയാൾ ശബ്ദമില്ലാതെ കരഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.