ഈ നഗരമൊരിക്കൽ മനോഹരമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. അത് ശരിയാണോ എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. മങ്ങിയ കാഴ്ചയുമായാണ് ഇക്കാലമത്രയും ഞാനിവിടെ ജീവിച്ചുതീർത്തത്. കണ്ണു പരിശോധിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധ്യംവന്നപ്പോഴേക്കും സമയമൊരുപാട് വൈകിപ്പോയിരുന്നു. മുന്നിലുള്ള ഫലകത്തിൽ കാണുന്ന അക്കങ്ങൾ വായിക്കാൻ പറഞ്ഞ് ഡോക്ടർ പലതരം ലെൻസുകൾ എന്റെ കണ്ണിനു മുന്നിൽ വെച്ചുതരും വരെ ലോകം അങ്ങനെയൊക്കെ തന്നെയാണെന്നാണ്...
ഈ നഗരമൊരിക്കൽ മനോഹരമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. അത് ശരിയാണോ എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. മങ്ങിയ കാഴ്ചയുമായാണ് ഇക്കാലമത്രയും ഞാനിവിടെ ജീവിച്ചുതീർത്തത്. കണ്ണു പരിശോധിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധ്യംവന്നപ്പോഴേക്കും സമയമൊരുപാട് വൈകിപ്പോയിരുന്നു. മുന്നിലുള്ള ഫലകത്തിൽ കാണുന്ന അക്കങ്ങൾ വായിക്കാൻ പറഞ്ഞ് ഡോക്ടർ പലതരം ലെൻസുകൾ എന്റെ കണ്ണിനു മുന്നിൽ വെച്ചുതരും വരെ ലോകം അങ്ങനെയൊക്കെ തന്നെയാണെന്നാണ് ഞാൻ കരുതിപ്പോന്നിരുന്നത്. ക്ലിനിക്കിൽനിന്നു പുറത്തുവന്നപ്പോഴാണ് പ്രശ്നത്തിന്റെ തീവ്രത തിരിച്ചറിയുന്നത്. വെളിച്ചങ്ങൾ ഇടതടവില്ലാതെ തത്തിക്കളിക്കുന്നൊരു വേദിയാണ് നിരത്തെന്ന് അപ്പോൾ തോന്നി. ഇത്രയും കാലം ഒന്നും പഠിക്കാൻ കൊള്ളാത്ത, കണ്ണുകാണാത്തൊരു യൂൻഗിയൻ പൂച്ചയായിരുന്നല്ലോ ഞാനെന്നോർത്തു. കാര്യങ്ങളുടെ കിടപ്പ് നേരാംവണ്ണമല്ല എന്ന് സൂചിപ്പിക്കുന്ന അനേകം തെളിവുകൾ നിരീക്ഷിച്ചുകൊണ്ട് ഞാൻ വീട്ടിലേക്കു നടന്നു. ഇപ്പോളീ ഇടവഴി നനച്ച് പെയ്തിറങ്ങുന്ന അതേ മഴ തന്നെയാണ് കഴിഞ്ഞ വർഷം ഇവിടെ നനച്ചത്. എന്റെ വിരൽത്തുമ്പുകൾക്ക് ജീവൻ നൽകുക ശ്രമകരമായൊരു ദൗത്യമാണെന്ന് അപ്പോൾ തോന്നി. തരിശിൽനിന്ന് ഉടലെടുക്കുന്നൊരു സംഗതിയെന്നാൽ എന്താണെന്ന് ഞാനപ്പോൾ കണ്ടറിയുകയായിരുന്നു. ഇല്ല, ഒരു മഴക്കും രണ്ടുതവണ ഒരേ ഇടവഴിയിൽ പെയ്യാനൊക്കില്ല. അങ്ങനെ സംഭവിച്ചാൽ ഒരു വർഷമെടുത്തിട്ടും നമ്മൾ ഒരു അടിപോലും മുന്നോട്ടു പോയില്ല എന്നാണതിനർഥം.
വീടിനടുത്തെത്തിയപ്പോൾ എന്റെ ഏറ്റവും ഇളയ സഹോദരൻ അയൽപക്കത്തെ ഏതോ ഒരു കാറിൽ ചാരിനിന്ന് പുകവലിക്കുന്നതു കണ്ടു. അവന്റെ സാന്നിധ്യത്തിൽ എന്റെ അസ്വസ്ഥത ഇരട്ടിച്ചു. ഒരേ ഇടവഴിയിൽ കാലാകാലം ഞാൻ കുടുങ്ങിപ്പോവുകയും ഒരേ മഴകൊണ്ട് കുറേശ്ശയായി തുരുമ്പെടുത്തു തീരുകയും ചെയ്യുമ്പോൾ അവനു മാത്രം അങ്ങനെയൊന്നു സംഭവിക്കുകയില്ലല്ലോ എന്നൊരു ആലോചന എന്നെ കീഴടക്കുന്നുണ്ടായിരുന്നു. അവനും എന്നെ കണ്ടു. എന്റെ നേരെ തിരിഞ്ഞ് എന്റെ അസ്വസ്ഥതയുടെ കാരണം തിരക്കി. എല്ലാം വിശദീകരിച്ചു കൊടുക്കാൻ മാത്രം സമയം എന്റെ കൈയിലില്ലായിരുന്നു. ഡോക്ടറെ കാണാൻ പോയതാണെന്നും ഞാനൊരു കണ്ണുകാണാത്ത പൂച്ചയാണെന്നും അവൻ ഉടനെത്തന്നെ ഇവിടം വിടണമെന്നും ഞാൻ ചുരുക്കിപ്പറഞ്ഞു. കൈപിടിച്ച് നിരത്തു മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടയിൽ കണ്ണട കിട്ടിക്കഴിഞ്ഞാൽ എന്റെയീ അസ്വസ്ഥതക്ക് മാറ്റം വരുമെന്ന് അവൻ പറഞ്ഞു. എന്നെ ലിഫ്റ്റിലാക്കിത്തന്ന് അവൻ കൂട്ടുകാരുടെ അടുത്തേക്ക് തിരിച്ചുപോയി. അവൻ വലുപ്പം കുറഞ്ഞു കുറഞ്ഞ്, അകന്നകന്നുപോകുന്നത് ഉയർന്നു പോകുന്ന ലിഫ്റ്റിന്റെ ചില്ലിലൂടെ ഞാൻ നോക്കിനിന്നു.
അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് പുതിയ കണ്ണട കിട്ടി. അതോടെ, സംഗതികളെല്ലാം മെച്ചപ്പെട്ടു എന്ന കാര്യത്തിൽ തർക്കമില്ല. പേക്ഷ, അപ്പോഴേക്കും ഈ നഗരം കാണാനുള്ള സമയം ഒരുപാട് വൈകിപ്പോയിരുന്നു. അപാര തെളിമയോടെ എനിക്ക് കാണാനായത് ഞങ്ങളുടെ മട്ടുപ്പാവിൽനിന്ന് നോക്കിയാൽ കാണുന്ന മലയുടെ താഴ്വാരത്തുനിന്ന് ഉദ്ഭവിച്ച് എനിക്കറിയാത്തയേതോ നാടിനെ ഉന്നംവെച്ച് രാത്രിയിൽ ജ്വലിച്ചുകൊണ്ട് പറക്കുന്ന ചുവന്ന മിസൈലുകളെയും അതിരാവിലെതന്നെ ഓരോ പ്രദേശങ്ങളെ ലക്ഷ്യമാക്കി പതിയെ പറന്നുപോകുന്ന സൈനിക ഹെലികോപ്ടറുകളെയുമാണ്.
സത്യം പറയാമല്ലോ, ഈ പ്രദേശങ്ങളൊന്നും ഒരിക്കൽപോലും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. നഗരത്തിന്റെ ഹൃദയഭാഗത്തെ വളരെ പരിമിതമായ അതിർത്തിക്കകത്തു മാത്രമേ ഞാൻ പോകാറുള്ളൂ. സ്കൂളും പിന്നീട് കോളജും രാത്രിസംഗമസ്ഥലങ്ങളും കോഫീ ഷോപ്പുകളുമെല്ലാം അതിനകത്തായിരുന്നു. യുദ്ധത്തിനുമുമ്പ് ഈ വിദൂര പ്രദേശങ്ങളൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടേയില്ല. ഇതിന് എന്റെ കാഴ്ചക്കുറവുമായും യാതൊരു ബന്ധവുമില്ല. എനിക്ക് ഈ നാടുമായി കാര്യമായ ബന്ധമില്ലെന്നതു മാത്രമായിരുന്നു അതിന്റെ കാരണം. മൂഢമായ ഈ നഗരം സ്വയം സമർപ്പിച്ചിരുന്നത് വിനോദസഞ്ചാരികൾക്കു മാത്രമാണ്. അവർ വന്ന് നിറപ്പകിട്ടാർന്ന പരവതാനികളും പഴയ നഗരത്തിലെ നാടൻ പീടികകളും കണ്ട് ആശ്ചര്യപ്പെട്ടു. നാട്ടുകാർ കളിച്ചുചിരിച്ചുകൊണ്ട് അറബിയിൽ അസഭ്യം പറയുന്നത് അവരുടെ സ്നേഹപ്രകടനമാണെന്ന് തെറ്റിദ്ധരിച്ച് അതിൽ ആകൃഷ്ടരായി.
ഈ നഗരത്തിന് സംഭവിച്ചതെന്താണെന്ന് കൂടുതൽ വ്യക്തതയോടെ കണ്ടു മനസ്സിലാക്കാൻ അതിസമർഥമായി നിർമിച്ച ഈ കണ്ണട എന്നെ സഹായിച്ചു. അതുകൊണ്ടുതന്നെ മുമ്പ് അതിൽനിന്ന് ഓടിപ്പോയതോർത്ത് എനിക്ക് ലജ്ജ തോന്നി. അതിനിപ്പോൾ കൂടുതൽ പാകത കൈവന്നെന്നാണ് മനസ്സിലാകുന്നത്. ദുരന്തങ്ങൾ അതിന്റെ ആത്മാവിനെ ചെത്തിമിനുക്കിയതുപോലെ തോന്നി. എന്നിട്ടും ആർക്കുമതിനെ സംരക്ഷിക്കാനാകുന്നില്ല. ഇതിൽനിന്ന് നമുക്കെന്താണ് കിട്ടുന്നത്?
ഫോൺ ശബ്ദിക്കുന്നു. എങ്ങോട്ടോ പോകാനുള്ള വിളി. പ്രകടനം കഴിഞ്ഞ് പ്രതിഷേധക്കാർ കോഫീ ഷോപ്പുകളിൽ ക്ഷീണം തീർക്കുകയാണ്. മേശക്കരികിലൂടെ നടന്നു പോയ ഒരു സുഹൃത്ത് തന്റെ കുടുംബസ്വത്തായ നാട്ടിൻപുറത്തെ ഉഷ്ണനീന്തൽക്കുളത്തിൽ ഒരു വിനോദയാത്രക്കായി ക്ഷണിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ സാധനങ്ങളൊക്കെ കെട്ടിപ്പൂട്ടി സ്ഥലം വിട്ടു. വഴിയിൽ, ഒരു പൊലീസുകാരൻ തമാശരൂപത്തിൽ തന്റെ തോക്ക് ഒരു ചെറിയ കുട്ടിക്കു നേരെ ചൂണ്ടി അവൻ ഏത് ടീമിനെയാണ് പിന്തുണക്കുന്നത് എന്ന് ചോദിക്കുന്നതു കണ്ടു. കുട്ടിയാകട്ടെ തോക്കിനു മുന്നിൽ വെല്ലുവിളിക്കുന്ന ഭാവത്തിൽനിന്ന്, കുപ്പായം പൊക്കെ തന്റെ വയറു കാണിച്ചുകൊണ്ട് അവൻ പിന്തുണക്കുന്ന ടീമിന്റെ മാനം കാത്തു. എന്നാൽ, പൊലീസുകാരന് ഇതത്ര ദഹിച്ചില്ലെന്ന് ബോധ്യമായി. ആ കുട്ടിയുടെ രൂപം എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. അയൽക്കാരിൽ ആരുടെ മകനാണിതെന്ന് ഓർത്തെടുക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി. വളരെ പെട്ടെന്നുതന്നെ അതിലെ അബദ്ധം എനിക്ക് മനസ്സിലാവുകയും ചെയ്തു. അവനെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചറിയുകയെന്നത് തീർത്തും അസാധ്യമായിരുന്നു. കാരണം, ഇപ്പോൾ മാത്രമാണ് എന്റെ കാഴ്ചക്ക് വ്യക്തത കൈവന്നത്. അവന്റെ രൂപം എന്തുതന്നെയായിരുന്നാലും എന്റെ കണ്ണുകൾക്കത് പുതുമയാണ്. ഞാൻ അവരുടെ ഇടയിലേക്കു ചെന്ന് ആ കുട്ടിയുടെ കൈ പിടിച്ച് വേഗം നടന്നു. എനിക്ക് എത്രയും വേഗത്തിൽ നീന്തൽക്കുളത്തിലേക്ക് എത്തണമായിരുന്നു. നാട്ടിൻപുറം സ്വാഭാവികമായും യുദ്ധഭൂമിയായിരുന്നു. എന്നാൽ, അതിൽ തന്നെയായിരുന്നു ഏറ്റവും നല്ല പ്രതിവിധിയും. അവിടെ ചെന്ന് പലയിനം ബോംബുകളും വെടിയുണ്ടകളും തണലിടുന്ന അതേ വെള്ളത്തിൽ നല്ലവണ്ണം മുങ്ങിനിവരുക. ഞങ്ങൾ ചെക്ക്പോസ്റ്റുകൾ ഓരോന്നായി കടന്ന് നഗരത്തിന്റെ ഹൃദയഭാഗം മുറിച്ചു കടന്നു. സൈനികർ സാധാരണ മറ്റേത് അമ്മയെയും കുഞ്ഞിനെയും കടത്തിവിടുന്ന ലാഘവത്തോടെ ഞങ്ങളെയും കടത്തിവിട്ടു. ആ കുട്ടിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നതിലൊന്നും കാര്യമായി താൽപര്യം കാണിച്ചതുമില്ല. ഞാനവന്റെ കൈയിലെ പിടിമുറുക്കി. ആ ജലാശയത്തിലേക്കു നീളുന്ന കാലടികൾക്ക് ആക്കംകൂട്ടി. ഞങ്ങളായിരുന്നു ആദ്യം എത്തിയത്. നീന്തൽക്കുളത്തിലേക്കുള്ള ഗേറ്റ് ചാടിക്കടക്കുക അത്ര പ്രയാസമുള്ള സംഗതിയായിരുന്നില്ല. അകത്തു കടന്നപ്പോൾ എന്റെ ഏത് അയൽക്കാരന്റെ മകനാണവനെന്ന് ഞാൻ ചോദിച്ചു. ആ പ്രദേശത്തല്ല തന്റെ വീടെന്നും പിതാവൊരു ഇറച്ചിവെട്ടുകാരനാണെന്നും അവൻ പറഞ്ഞു. പണ്ട്, എന്റെ കുട്ടിക്കാലത്ത് വീടിനടുത്ത് കട നടത്തിയിരുന്ന പഴയൊരു അറവുകാരനെ ഞാനോർത്തു. എന്നാൽ, അയാൾക്ക് ഈ പ്രായത്തിലൊരു മകനുണ്ടാകുമെന്ന് സങ്കൽപിക്കാൻ എനിക്ക് സാധിച്ചില്ല. അയാൾക്ക് യുവാവായ ഒരു മകനുണ്ടായിരുന്നത് എനിക്കോർമയുണ്ട്. അവനെപ്പോളും ഒറ്റക്ക് സംസാരിക്കുമായിരുന്നു. ആർക്കും അവന്റെ പേര് നിശ്ചയമുണ്ടായിരുന്നില്ല. "ഇറച്ചിവെട്ടുകാരന്റെ മകൻ" എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്. അടക്കാക്കുരുവികളോടായിരുന്നു അവനു കമ്പം. അവയെ പിടിച്ച് കൂട്ടിലടച്ച് അവിടെയുള്ള കുട്ടികൾക്ക് നിർബന്ധപൂർവം സമ്മാനിക്കുന്നത് അവന്റെ പതിവുവിനോദമായിരുന്നു. ഒരിക്കൽ എനിക്കും കിട്ടി ഈ സമ്മാനം; കൂടും അതിൽ കാപ്പിനിറത്തിലൊരു കുരുവിയും. ഇത്തരമൊരു സംഭവവികാസത്തിൽ എന്റെ ഉമ്മ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇറച്ചിവെട്ടുകാരന്റെ മകനിൽനിന്നൊരു സമ്മാനം സ്വീകരിക്കുന്നത് ഞങ്ങൾക്കിടയിലെ ഔപചാരികതക്ക് ഭംഗംവരുത്തുമെന്നതായിരുന്നു ഉമ്മയുടെ ഭയം. എന്തായാലും അധികദിവസം കഴിയുന്നതിനു മുമ്പുതന്നെ കുരുവി ചത്തു. ഇറച്ചിവെട്ടുകാരന്റെ മകനെക്കുറിച്ച് പ്രസിദ്ധമായൊരു കഥയുണ്ട്. ഒരു ശൈത്യകാല പുലരിയിൽ ബേക്കറിയുടെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽനിന്ന് സ്കൂൾ ബസിലേക്കു കയറുകയായിരുന്നു ഞാൻ. ഇറച്ചിവെട്ടുകാരന്റെ മകൻ കൈയിലൊരു കടലാസുകെട്ടുമായി ദേഷ്യത്തിൽ തന്നോടുതന്നെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ നേരെ നടന്നുവന്നു. ഇങ്ങനെ ഭ്രാന്തുകാണിച്ചു വരുന്ന അവൻ ബസിലുള്ള മറ്റു കുട്ടികളുടെ മുന്നിൽവെച്ച് എന്നെ അഭിവാദ്യം ചെയ്യുമോ എന്നാലോചിച്ച് എനിക്ക് വല്ലാത്ത ജാള്യത തോന്നി. എന്നാൽ, അതിനേക്കാൾ ഭയാനകമായൊരു സംഗതിയാണവൻ ചെയ്തത്. അവൻ ബേക്കറിയുടെ മുന്നിൽ നിന്നു, എന്നിട്ട് കീശയിൽനിന്നൊരു ലൈറ്റർ പുറത്തെടുത്ത് അട്ടഹസിച്ചുകൊണ്ട് കൈയിലുള്ള കടലാസുകെട്ടിന് തീകൊളുത്തി. കണ്ടുനിന്നവരുടെ മുഖങ്ങളിലെല്ലാം ഭീതിപരന്നു. കുട്ടികളും ബസ് ഡ്രൈവറും ബേക്കറിയുടമസ്ഥനും ഭയന്നു. കാരണം, ആ കടലാസുകളിൽ പ്രസിഡന്റിന്റെ ചിത്രമായിരുന്നു. അതോടെ ഇറച്ചിവെട്ടുകാരന്റെ മകൻ അപ്രത്യക്ഷനായി. അവന്റെ ഉപ്പയുടെ കട കുറച്ചുദിവസത്തേക്ക് അടഞ്ഞുകിടന്നു. അതുകഴിഞ്ഞ് അയാൾ ധൈര്യം സംഭരിച്ച് വീണ്ടും കടതുറന്നു. പേടിച്ച് വഴിയിൽ കണ്ണുംനട്ടിരിക്കുന്നതു പതിവായി. കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇറച്ചിവെട്ടുകാരന്റെ മകനും അവിടേക്ക് തിരിച്ചുവന്നു, ഒറ്റക്ക് സംസാരിക്കുന്നതും കുട്ടികൾക്ക് കുരുവിയെ സമ്മാനിക്കുന്നതുമായ വിനോദങ്ങൾ പുനരാരംഭിച്ചു. പിന്നീടൊരു ദിവസം അവർ രണ്ടുപേരും അപ്രത്യക്ഷരായി. അറവുശാല പൂട്ടി സീലു വെച്ചു. അതിന്റെ സ്ഥാനത്ത് ഒരു മെഡിക്കൽ ഷോപ്പു തുറന്നു. ഇറച്ചിവെട്ടുകാരനെയും മകനെയും വെച്ചുനോക്കുമ്പോൾ തീർത്തും മടുപ്പനായ ഒരു ചെറുപ്പക്കാരനാണത് നടത്തിയിരുന്നത്. അയാളുടെ ആകെയുള്ള പ്രത്യേകത നാട്ടുകാരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്ന സ്വഭാവമായിരുന്നു. നാട്ടിൽ നടക്കുന്ന വിവാഹമോചനത്തെയും അവിഹിതബന്ധങ്ങളെയും നിഷേധികളായ പെൺകുട്ടികളെയും സംബന്ധിച്ച് കടയിൽവരുന്നവരോട് ചോദ്യങ്ങൾ ചോദിക്കലായിരുന്നു അയാളുടെ പ്രധാന തൊഴിൽ. ഞാൻ എന്റെ കൂടെയുള്ള കുട്ടിയോട് അവന്റെ ഉപ്പയുടെ പേരു ചോദിച്ചു. ഇറച്ചിവെട്ടുകാരന്റെ മകന്റെ സഹോദരനോ മറ്റോ ആണോ എന്നറിയലായിരുന്നു ഉദ്ദേശ്യം. പേക്ഷ, അവൻ പറഞ്ഞുതന്ന പേര് എനിക്ക് ഓർമയിൽനിന്ന് തപ്പിയെടുക്കാനായില്ല. തീർത്തും സ്വാഭാവികം! ഇറച്ചിക്കടയുടെ മുന്നിലുള്ള ബോർഡിലെ പേര് ഒരിക്കൽപോലും ഞാൻ വ്യക്തമായി വായിച്ചിട്ടുണ്ടാവാൻ വഴിയില്ല. ഞാൻ കുട്ടിയോട് ശ്രദ്ധിക്കണമെന്നു പറഞ്ഞു. ഇനിയൊരിക്കലും ഒരാളും തന്റെ നേരെ തോക്കുചൂണ്ടാതെ നോക്കണമെന്നു പറഞ്ഞു. അവൻ വലിയ താൽപര്യമില്ലാത്ത മട്ടിൽ തോൾ കുലുക്കി. മത്സരം തുടങ്ങുന്നതിനു മുമ്പ് തിരിച്ചുപോവുക മാത്രമാണ് തന്റെ ആവശ്യമെന്ന് അവൻ പറഞ്ഞു.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതിഗതികളെല്ലാം ശാന്തമായി. ഞങ്ങൾ രണ്ടുപേരും വെള്ളത്തിനടിയിലേക്കെത്തിയപ്പോൾ പാപങ്ങളും വിരസമായെന്റെ ജീവിതകഥയും കണ്ണുകളിൽ പതിഞ്ഞ സൈനിക ഹെലികോപ്ടറുകളുടെ തെളിമയാർന്ന പുതിയ ചിത്രങ്ങളുമെല്ലാം പുറത്ത് ചിതറിക്കിടന്നു. കുട്ടിയിപ്പോൾ സുരക്ഷിതനാണ്. ഇവിടെ അവനെത്തേടി ആരും വരാൻ പോകുന്നില്ല. ഒരുപേക്ഷ, അലക്ഷ്യമായി വന്ന് ചുറ്റും വെള്ളം തെറിപ്പിക്കുന്ന ഒരു ഷിൽക്കാ മിസൈലൊഴിച്ച്. അതു സാരമില്ല, ആരും കണ്ണട ധരിച്ചല്ല കുളത്തിൽ നീന്തുന്നത്. അതുകൊണ്ട് ഞങ്ങൾക്കെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാൻ എനിക്കൊരിക്കലും സാധിക്കുകയില്ല. തെളിഞ്ഞ കാഴ്ചയുള്ള നീന്തലുകാരെത്ര ഹതഭാഗ്യർ! കാലങ്ങളായി ഈ നഗരത്തിനു സംഭവിക്കുന്നതെല്ലാം അവർക്ക് വ്യക്തമായി കാണേണ്ടിവന്നില്ലേ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.