ഇന്നേദിവസം തന്നെ സേതുരാമൻ സീതാറാം ഹൗസിങ് കോളനി സന്ദർശിക്കാനെത്തിയത് ഒന്നോർത്താൽ ആകസ്മികം തന്നെ. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അരവിന്ദൻ അന്ന് കുറച്ച് തിരക്കിലായിരുന്നു. മൂന്നിടത്ത് ചെടിനടൽ നടത്താനുണ്ട്. മുൻവർഷങ്ങളിൽ നട്ട ചെടികൾ വളർന്നുനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുപ്പും സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ചന്ദ്രി വിളിച്ചത്.
കേട്ടപ്പോൾ അതാരാണെന്ന് ഉടൻ തിരിച്ചറിയാനായില്ല. അല്ല, സേതു എന്നയാളെ നേരിൽ കണ്ടാലും മനസ്സിലാവുമായിരുന്നില്ല എന്നതാണ് സത്യം. ഒന്നുരണ്ടു തവണ അരവിന്ദൻ സംസാരിച്ചതു മുഴുവനും സേതുവിന്റെ അച്ഛൻ സീതാരാമനുമായിട്ടായിരുന്നല്ലോ...
വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വാസ്തവത്തിൽ അങ്ങനെ ഒരാൾ കാത്തുനിൽപ്പുണ്ട് എന്ന കാര്യം അരവിന്ദൻ മറന്നുകഴിഞ്ഞിരുന്നു. മുറ്റത്ത് വലതുവശത്തായി ചന്തത്തിൽ നട്ടുപിടിപ്പിച്ച കാറ്റാടിമരത്തിന്റെ ശുഷ്കിച്ച നിഴലിൽ ജീൻസും ടീഷർട്ടുമിട്ട ഒരു ചെറുപ്പക്കാരൻ കൈയിലെ വിലകൂടിയ ഫോണിൽ തലപൂഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് കയറുന്നതിനോടൊപ്പം അരവിന്ദൻ ആതിഥേയത്വത്തോടെ പറഞ്ഞു.
''വരൂ... കയറിവരൂ. കയറി ഇരിക്കാമായിരുന്നു. സോറീട്ടോ ഒന്നുരണ്ടു ചെറിയ പരിപാടികളുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയത്. വരൂ വരൂ...''
ചെറുപ്പക്കാരൻ എല്ലാറ്റിനും മറുപടിയായി ചിരിക്കുകമാത്രം ചെയ്തു. അയാളുടെ ചിരിയിൽ വിഷാദം കലർന്നിട്ടുണ്ട് എന്ന് അരവിന്ദന് തോന്നി. അതോ, ഔപചാരികത ചാലിച്ചപ്പോൾ അത് വിഷാദമായി മാറിയതാവുമോ?
''വരൂ... ഇരിക്കൂ...''
ചെറുപ്പക്കാരൻ അപ്പോഴും സ്മാർട്ട് ഫോണിൽ ഏതോ ചാറ്റിങ്ങിന്റെ ഇടയിലാണെന്ന് തോന്നി.
എനിക്കീ ചാറ്റിങ്ങൊന്നു പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു, താങ്കൾ ഇപ്പോൾ എന്തിനാണ് വന്നത്? എന്നമട്ടിലൊരു ചെറിയ വെപ്രാളം അരവിന്ദൻ അയാളുടെ ശരീരഭാഷയിൽനിന്നും വായിച്ചെടുത്തു.
ചൂരൽക്കസേരയിലിരുന്നുകൊണ്ട് ചെറുപ്പക്കാരൻ ഭവ്യതയോടെ പരിചയപ്പെടുത്തി.
''ഓ! സീതാരാമൻ, ഞാനെത്ര തവണ ഫോൺചെയ്തു! അച്ഛനോട് ഇവിടെ വരെ വരാൻ പറഞ്ഞിട്ട് ഇതുവരെ വന്നതേയില്ല.''
അരവിന്ദന് കുറച്ചുകൂടി എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്നമട്ടിൽ സേതുരാമൻ കുറച്ചുസമയം മൗനമായി ഇരുന്നു. പിന്നെ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
''അച്ഛൻ മരിച്ചു... കഴിഞ്ഞയാഴ്ച.''
എന്നിട്ട് അയാൾ കഴുത്തിൽ ഞാത്തിയിട്ടിരുന്ന മാസ്കുകൊണ്ട് മൂക്കും വായും മൂടി. ഏതോ ഒരു േപ്രരണയാൽ അരവിന്ദനും സ്വന്തം മാസ്ക് പൂർവസ്ഥിതിയിലാക്കി.
''ഓ സോറി.''
''അയ്യോ എങ്ങനെ?''
''എന്തായിരുന്നു അസുഖം?''
എന്നിങ്ങനെ നിരവധി ആംഗിളുകളിൽ ഒരാൾക്ക് പ്രതികരിക്കാവുന്ന ഒരു സിറ്റ്വേഷനാണ് അത്. പക്ഷേ, അതൊക്കെ ഉപേക്ഷിച്ച് ഒരു കൊടും മൗനത്തിന്റെ പരന്ന പ്രതിരോധത്തിലായിപ്പോയി, അരവിന്ദൻ. അങ്ങനെ അനിശ്ചിതത്വത്തിന്റെ ഒന്നുരണ്ട് മിനിറ്റുകൾ കടന്നുപോകുമ്പോഴാണ് ചന്ദ്രി ചായയുമായി കടന്നുവന്നത്.
''കേറിയിരിക്കാൻ പറയാമായിരുന്നില്ലേ നിനക്ക്? ഇത് സീതാരാമന്റെ മകൻ സേതുരാമനാണ്. നമ്മുടെ ആ പ്ലോട്ടുകാടിന്റെ...''
''ഞാൻ പറഞ്ഞതായിരുന്നു.''
മൗനം മുറിഞ്ഞുപോയതിന്റെ ആശ്വാസം പ്രകടമാക്കിക്കൊണ്ട് അപ്പോൾ സേതു പറഞ്ഞു.
''ഓ... അതൊന്നും സാരമില്ല.''
ചായ കൊടുക്കുമ്പോൾ ചന്ദ്രി അനാവശ്യമായി ഇങ്ങനെ ചോദിച്ചു:
''അച്ഛനൊക്കെ സുഖമല്ലേ?''
സേതുവിന്റെ മറുപടിയിൽ ഇത്തവണ പ്രതിരോധത്തിലായത് ചന്ദ്രികയാണ്. എന്നാലും പെണ്ണുങ്ങൾക്ക് സ്വതസ്സിദ്ധമായ നിഷ്കളങ്കതയോടെ അവൾ പ്രതികരിച്ചു.
''അയ്യോ... കഷ്ടമായി. എന്തായിരുന്നു അസുഖം?''
''പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു, പ്രായമായതിന്റെ തന്നെ.''
''ഓഹോ, എത്ര പ്രായമായി?''
''എൺപത്തി അഞ്ച് കഴിഞ്ഞു.''
വീണ്ടും മൗനം. പുറത്ത് മഴ ചാറിയേക്കും എന്ന സൂചനപോലെ അന്തരീക്ഷം കറുത്തുനിന്നു. എന്നാൽ മഴക്കാലമാണെന്ന യാതൊരടയാളവും കാണിക്കാത്തവിധം ഉഷ്ണം മുറിക്കകത്ത് പൊതിഞ്ഞുനിൽപ്പുണ്ടായിരുന്നു. മുന്നിലിരിക്കുന്ന ചെറുപ്പക്കാരന്റെ നെറ്റിയിൽ തുടയ്ക്കാതെ വിട്ട പൊടിവിയർപ്പ് അരവിന്ദനിൽ ചെറിയൊരു അസ്വസ്ഥത ഉളവാക്കി. അയാൾ എഴുന്നേറ്റ് ഫാൻ ഓൺചെയ്തു. സേതുരാമൻ ഒന്ന് ദീർഘമായി ശ്വസിച്ചു.
സീതാരാമന് അവസാനമായി ഫോൺ ചെയ്തിട്ട് മൂന്നു നാലു മാസമെങ്കിലും ആയിക്കാണും എന്ന് അരവിന്ദൻ ഓർത്തു. ചുരുങ്ങിയ വാക്കുകളിൽ ആ സംഭാഷണം അവസാനിക്കുകയും ചെയ്തു.
''ഞാൻ അരവിന്ദനാണ്. സ്ഥലത്തിന്റെ കാര്യത്തിൽ എന്താണ് തീരുമാനം?''
''അത് ഞാനൊരിക്കൽ പറഞ്ഞതാണല്ലോ. ഇപ്പൊ കൊടുക്കാൻ തീരുമാനിച്ചിട്ടില്ല.''
''നിങ്ങൾ കൊടുക്കണമെന്ന് ആരു പറഞ്ഞു? ആ പ്ലോട്ട് ഒന്നു കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി ഇട്ടൂടേ ഹേ!''
മറുപുറത്ത് മൗനം.
''അടുത്ത ശനിയാഴ്ച അസോസിയേഷന്റെ മീറ്റിങ് ഉണ്ട്. നിങ്ങളൊന്ന് ഇവിടംവരെ വന്നാൽ സൗകര്യമായിരുന്നു.''
''ഞാൻ വരാം.''
എന്നാൽ, സീതാരാമൻ വരുകയോ മീറ്റിങ് തന്നെയും നടക്കുകയോ ഉണ്ടായില്ല. അപ്പോഴേക്കും രാജ്യമൊട്ടാകെ ലോക്ഡൗൺ ആരംഭിച്ചു. സീതാറാം ഹൗസിങ് കോളനിയുടെ ഒരറ്റത്ത് ഒരു കഷണം പ്ലോട്ടിൽ കാട് പടർന്നു പിടിച്ചുകിടപ്പുള്ളത് തലവേദന പിടിച്ച കാര്യമായിരുന്നു. പത്ത് സെന്റ് സ്ഥലത്ത് ഇല്ലാത്ത ജന്തുക്കളില്ല. കൂടിയ പലസമയങ്ങളിലായി പല വീടുകളിൽനിന്നും വിഷപ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്ത് തല്ലിക്കൊല്ലൽ ഈയടുത്ത കാലത്തായി പതിവായിരിക്കുന്നു. അണലി, കെട്ടുവരിയൻ, മൂർഖൻ എന്നിങ്ങനെ മാറിമാറി പലപല പരാതികളായി പ്രസിഡന്റ് എന്ന നിലക്ക് അരവിന്ദൻ കേൾക്കുന്നു.
പന്ത്രണ്ടു വീടുകളാണ് ഈ ഹൗസിങ് കോളനിയിൽ. പതിമൂന്നാമതായി സീതാരാമന്റെ പ്ലോട്ടും. അയാൾതന്നെയാണ് പ്ലോട്ടുതിരിച്ച് ഈ സ്ഥലങ്ങളൊക്കെ കച്ചവടമാക്കിയത്. എന്നാൽ, മൂലക്ക് പത്ത് സെന്റ് സ്ഥലം ബാക്കിവെക്കുകയും ചെയ്തു. അതൊക്കെ വർഷങ്ങൾക്കുമുമ്പാണ്. ഏകദേശം രണ്ട് വ്യാഴവട്ടക്കാലം മുമ്പ്.
പല കാലങ്ങളിലായി പലരിലൂടെ കൈമാറി പതിയെപ്പതിയെ വീടുവെച്ച് പന്ത്രണ്ട് കുടുംബങ്ങൾ ഇവിടെ കുടിയേറി ഇരിക്കുകയായിരുന്നു. അരവിന്ദനാണ് ആദ്യം വന്നത്. സീതാരാമന്റെ പേരുതന്നെ ഹൗസിങ് കോളനിക്ക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചതും അയാൾതന്നെ. സീതാറാം ഹൗസിങ് കോളനി. കേൾക്കുമ്പോഴേ ഒരു ഗുമ്മ് ഉണ്ട്. അത് ബുദ്ധിയായി! അയ്യർ മുതൽ നായർവരെ ഉള്ളവരേ പിന്നീട് സ്ഥലം വാങ്ങാൻ വന്നുള്ളൂ. ആദ്യ അന്തേവാസി എന്നനിലക്ക് ഹൗസിങ് കോളനിയുടെ അമരക്കാരനും പല പ്ലോട്ടിന്റെയും േബ്രാക്കറും അരവിന്ദൻതന്നെ.
എന്നാൽ, ഈയിടെയാണ് ആ പത്തു സെന്റ് ഹൗസിങ് കോളനിക്കാർക്ക് ഭീഷണിയാവാൻ തുടങ്ങിയത്. ഒന്നുരണ്ടു വർഷങ്ങൾ ആയിക്കാണും. കൃത്യം പറഞ്ഞാൽ 2018ലെ ആദ്യ പ്രളയത്തിനുശേഷം. ഇത്രയും വിഷജീവികൾ അവിടെ താമസമുണ്ടെന്ന് അറിയുന്നത് വെള്ളം കയറിയിറങ്ങിപ്പോയ പ്രളയശേഷമായിരുന്നു. അവിടന്നങ്ങോട്ടാണ് പല സമയങ്ങളിലായി പല വീടുകളിൽ പാമ്പുകൾ സന്ദർശനം തുടങ്ങിയത്. ആദ്യമാദ്യം കോളനി നിവാസികൾ അതൊരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കിയത്. എന്നാൽ, സംഗതി പതിവായപ്പോഴാണ് അവർ മീറ്റിങ് വിളിച്ചുചേർത്തത്. ഹൗസിങ് കോളനിയുടെ ഒരരികിൽ കിടന്നിരുന്ന ആ പത്ത് സെന്റ് സ്ഥലം അതുവരെ എല്ലാവർക്കും വെയ്സ്റ്റ് ഇടാൻ സൗകര്യമുള്ള ഇടം മാത്രമായിരുന്നു. അത് സീതാരാമന്റെ സ്ഥലമാണെന്നുപോലും ആർക്കും അറിഞ്ഞുകൂടായിരുന്നു. പഴയ ഫയലുകളിൽനിന്ന് തപ്പിപ്പിടിച്ചാണ് അരവിന്ദനുപോലും സീതാരാമന്റെ നമ്പർ കണ്ടുപിടിക്കാനായത്.
''ആ സ്ഥലം...''
മുമ്പിലിരിക്കുന്ന സേതുരാമൻ അങ്ങനെ പറഞ്ഞുതുടങ്ങിയപ്പോൾ അരവിന്ദന് സമാധാനമായി.
''അതെ, ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. ആ സ്ഥലം, അതെന്തു ചെയ്യാനാണ് താങ്കളുടെ തീരുമാനം?''
''വാസ്തവത്തിൽ അത് ഒന്നും ചെയ്യുന്നില്ല എന്ന് പറയാനാണ് ഞാനിപ്പോൾ താങ്കളെ കാണാൻ വന്നതുതന്നെ.''
ഇത്തവണ അരവിന്ദൻ പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നുമില്ലാതെതന്നെ ഞെട്ടി.
''ഹേയ്! അതെങ്ങനെ ശരിയാവും?''
മുമ്പിലിരിക്കുന്ന ചെറുപ്പക്കാരൻ അരവിന്ദനെ പകച്ചുനോക്കി.
''നോക്കൂ സീതാരാമൻ...''
''അല്ല! സേതുരാമൻ...''
''അതെ! സേതു. നിങ്ങളെന്റെ കൂടെ ഒന്നു വരൂ. ആ സ്ഥലത്തിന്റെ കിടപ്പ് നേരിട്ടു കണ്ടാൽ മാത്രമേ നിങ്ങൾക്ക് കാര്യം ബോധ്യമാവുകയുള്ളൂ...''
''അതെയതെ. എനിക്കാ സ്ഥലം ഒന്ന് കണ്ടാൽക്കൊള്ളാമായിരുന്നു.''
അതും പറഞ്ഞ് സേതു വെളിയിലേക്ക് ഇറങ്ങി. രാവിലെതൊട്ട് തിരക്കിലായിരുന്നതിനാൽ ഇട്ടിരുന്ന ഖദർവേഷം മുഷിഞ്ഞും വിയർത്തും നാശമായി എന്ന ചിന്തയിൽ അരവിന്ദൻ ഒരുനിമിഷം നിന്നു. പിന്നെ അങ്ങനെയൊക്കെ മതി എന്ന തീരുമാനത്തിൽ സേതുവിനെ ധൃതിയിൽ അനുഗമിച്ചു.
സേതു അതുവരെയില്ലാത്ത ഉന്മേഷത്തോടെ പറഞ്ഞുതുടങ്ങി.
''കേട്ടോ സാറെ, ഈ നന്ദാപുരത്ത് ഞാനിതാദ്യമായിട്ടാണ് വരുന്നത്. നഗരത്തിലെ കണ്ണായ സ്ഥലത്ത് പത്തു സെന്റ് ഭൂമിയുണ്ട് എന്ന കാര്യം അച്ഛൻ പറയുന്നതുതന്നെ മരിക്കുന്നതിനു കുറച്ചുനാൾ മുമ്പാണ്.''
''മോനേ സേതൂ...''
അച്ഛൻ പറഞ്ഞു. ''നിന്റെ മുത്തച്ഛൻ, അദ്ദേഹത്തിന്റെ അവസാന നാളുകളിൽ മാത്രമാണ് എന്നോട് ഈ സ്ഥലത്തെക്കുറിച്ച് പറഞ്ഞത്. മോനേ, നന്ദാപുരത്ത് നമുക്ക് കുറച്ച് സ്ഥലമുണ്ട്. നിങ്ങൾ മക്കൾക്ക് ആവശ്യമുള്ള സ്വത്തും സ്ഥലവുമൊക്കെ ഞാൻ നയിച്ചു തന്നിട്ടുണ്ട്. എന്നാൽ, ഈ സ്ഥലം നിന്റെ അച്ഛന്റെ ആഗ്രഹത്തിനുവേണ്ടിമാത്രം വാങ്ങിയതാ മോനെ. നന്ദാപുരത്തെ ഈ സ്ഥലം വെറുതെ ഇടണം. അതു നമ്മുടേതൊന്നുമല്ല എന്ന മട്ടിൽ. വാസ്തവത്തിൽ ഭൂമിയെ വിലയ്ക്കുവാങ്ങാൻ നമ്മൾ ആരാണ്? അവിടെ അതിരുകെട്ടിത്തിരിച്ച് വീടുവെക്കാനും കൃഷിചെയ്യാനും ഒക്കെ നമ്മൾക്കെന്തധികാരം?
നന്ദാപുരത്തെ ആ സ്ഥലം പരിപാലിക്കാതെ വെറുതെ ഇടണം എന്നാണ് എന്റെ ആഗ്രഹം. അതങ്ങനെ വെറുതെ കിടന്ന് പുല്ലുമൂടി കാടുപിടിച്ച് തഴച്ചുനിൽക്കട്ടെ. ഇത്തിരെയെങ്കിൽ ഇത്തിരി. ആ കാടുകണ്ട് ഭാവിയിൽ ആരെങ്കിലും ചോദിക്കും...
'ആഹാ! അതാരുടെ കാടാണ്?' അപ്പോൾ അറിയാവുന്ന ആരെങ്കിലുമാണെങ്കിൽ അവർ ഇങ്ങനെ മറുപടി നൽകും, അത് നമ്മുടെ രാമന്റെയല്ലേ? ആളുകൾ എന്നെ അങ്ങനെ ഓർക്കണം.''
അങ്ങനെയൊക്കെ ആഗ്രഹിച്ചാണ് അച്ഛൻ പോയത്. പക്ഷേ, എനിക്കാണെങ്കിലോ അച്ഛന്റെ വാക്കുകൾ പരിപൂർണമായി നടത്താൻ കഴിഞ്ഞില്ല. ഞങ്ങൾ പതിമൂന്ന് പേരാണ് അച്ഛന് മക്കളായിട്ടുള്ളത്. അതിലെ ബാക്കി പന്ത്രണ്ട് പേർക്കും ആ സ്ഥലം വിറ്റുതുലക്കാനായിരുന്നു ധൃതി. എന്തുചെയ്യാം! എന്നാൽ പതിമൂന്ന് അത്ര മോശം സംഖ്യയൊന്നുമല്ല. നന്ദാപുരത്ത് ഇപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഒരു പതിമൂന്നാം സ്ഥലമുണ്ട് നമ്മുടേതായിട്ട്. ഞാനതിൽ ഒന്നും ചെയ്തില്ല. അതിപ്പോൾ എന്റെ അച്ഛൻ, നിന്റെ മുത്തച്ഛൻ ആഗ്രഹിച്ചതുപോലെ ഒരു കാടായി മാറിയിട്ടുണ്ടാവും. പത്തു സെന്റ് ഭൂമിയിൽ ഒരു കാട്..! എന്റെ മരണശേഷം നീയൊന്നവിടംവരെ പോണം. ആ കാട് എങ്ങനെയുണ്ടെന്ന് ദൂരെനിന്ന് ഒന്നു കണ്ടിട്ട് തിരിച്ചുവരണം.
''പക്ഷേ നന്ദാപുരവും ഈ പത്തു സെന്റും എവിടെയാണെന്നുപോലും എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. അച്ഛനാണ് എനിക്ക് നിങ്ങളുടെ നമ്പർ തന്നത്.''
ഇത്രയും കേട്ടപ്പോൾ അരവിന്ദന് ആകെ പരിഭ്രമമായി. എന്തൊക്കെയാണീ അച്ഛനും മക്കളും പറഞ്ഞുകൂട്ടുന്നത്?
''എന്നിട്ട് നമ്പർ തരുമ്പോൾ അച്ഛൻ എന്താണ് പറഞ്ഞത്?''
അച്ഛൻ പറഞ്ഞു. ''ഈ മനുഷ്യൻ ഒരുപക്ഷേ ആ പത്തു സെന്റിന് എന്താണു വില എന്ന് നിന്നോട് ചോദിച്ചേക്കാം. അന്നേരം നീ പറയുന്ന ഏതു വിലയും നിന്റെ അച്ഛന് നീയിടുന്ന വിലയായിരിക്കും. ഒരു പക്ഷേ നിന്റെ മുത്തച്ഛന്റെ പതിമൂന്നിലൊന്നു വില...''
കോളനിയിലെ വീടുകൾക്ക് മുന്നിലൂടെ നടന്നുതീർത്ത് അരവിന്ദനും സേതുവും അന്നേരം ആ പത്തുസെന്റ് ഭൂമിയുടെ മുന്നിലെത്തിയിരുന്നു. രണ്ടാൾപൊക്കത്തിൽ ചുറ്റിലും വൃത്തിയായി മതിലുകെട്ടിയ, തുരുമ്പിച്ചുതുടങ്ങിയ ഭീമാകാരമായ ഇരുമ്പു ഗെയിറ്റ് താഴിട്ടു പൂട്ടിയ നിലയിൽ, അകമെ കാടുപിടിച്ചു കിടക്കുന്ന ഒരു വെറും പറമ്പ്.
സേതു അപ്പോൾ മാത്രം ഈറനായ കണ്ണുകളോടെ ദൂരെ നിന്ന് ആ കാട് നോക്കിക്കണ്ടു. അതൊരു വലിയ കാടൊന്നുമായിട്ടില്ലെങ്കിലും ചുറ്റുമുള്ള ഒന്നുമില്ലായ്മയിൽ അതൊരു മുഴുത്ത കാടാണല്ലോ എന്ന് അയാൾക്ക് തോന്നി.
''ഇതിങ്ങനെ വെറുതെയിട്ടാൽ ഞങ്ങൾ കോളനിയിലെ പന്ത്രണ്ട് വീട്ടുകാർക്കും വലിയ ശല്യമായിരിക്കും.'' അരവിന്ദൻ പറഞ്ഞു.
''നിങ്ങൾക്കെന്തുതോന്നി?''
അയാൾ പ്രതീക്ഷയുള്ള ഒരു നോട്ടം പായിച്ച് സേതുവിനോട് ചോദിച്ചു.
''ഈ കാട് വെട്ടിത്തെളിച്ച് ഇവിടം വാസയോഗ്യമാക്കുന്നതല്ലേ ശരി?''
''കേട്ടോ സാറെ...''
സേതു അരവിന്ദനോടു പറഞ്ഞു.
''അച്ഛൻ മറ്റൊരു കാര്യംകൂടെ സൂചിപ്പിച്ചിരുന്നു. ഈ നന്ദാപുരത്തിന്റെ പേര് പണ്ട് നന്ദാവനം എന്നായിരുന്നെത്ര...''
എന്തിനാണിയാൾ സന്ദർഭത്തിന് ഒട്ടും ചേരാത്ത ഒരു മറുപടി പറഞ്ഞ് ഇങ്ങനെ തന്നെ പരിഹസിക്കുന്നതെന്ന് അരവിന്ദനപ്പോൾ സേതുവിനോട് അരിശംതോന്നി.
''നോക്കൂ മിസ്റ്റർ! നിങ്ങളുടെ സെന്റിമെന്റ്സൊന്നും ഇക്കാലത്ത് തീരെ പ്രാക്ടിക്കലല്ല! നിങ്ങൾ വഴങ്ങിയില്ലെങ്കിൽ ആർ.ഡി.ഒവിന്റെടുത്ത് പരാതി കൊടുക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഞങ്ങൾക്കിവിടെ സ്വസ്ഥമായി ജീവിക്കണ്ടേ?''
സേതുരാമൻ അത് കേട്ടതായി ഭാവിച്ചില്ല. അയാൾ നിശ്ശബ്ദനായി ഗേറ്റിനരികിലേക്ക് നടന്നു. ഗേറ്റിൽ തൊട്ടപ്പോൾ എന്തിനോ അയാൾ അവസാനമായി അച്ഛന്റെ കൈപ്പടങ്ങൾ ചേർത്തുപിടിച്ചത് ഓർത്തുപോയി. അപ്പോൾ വീശിയ ഒരു ചെറുകാറ്റിൽ അകത്തെ കാടിന്റെ മേലാപ്പ് ഒന്നുലഞ്ഞ് ശബ്ദമുണ്ടാക്കി. അതിനകത്തേക്ക് ഇപ്പോൾ പോകണ്ട. സുരക്ഷിതമായ ഒരകലം പാലിച്ചുകൊണ്ട് പിറകിൽ അരവിന്ദന്റെ അനുനയ സ്വരം. ''നമുക്ക് മാറിനിന്ന് സംസാരിക്കാം.''
''ഇനിയെന്ത് സംസാരിക്കാനാണ്?'' സേതുരാമൻ ശാന്തമായ മിഴികളോടെ ആ പത്തുസെന്റ് കാടിനെ നോക്കി. ഉയർന്ന മതിൽക്കെട്ടിനകത്ത് ചുരമാന്തിനിൽക്കുന്ന ഒരു വന്യമൃഗം.
പെട്ടെന്നുണ്ടായ ഒരുൾേപ്രരണയിൽ അയാൾ ആ ഗെയിറ്റ് ചാടിക്കടക്കാൻ മുതിർന്നു. അയാളുടെ ഭാരം താങ്ങാനാവാതെ ഒരുവേള ആ ഗെയിറ്റ് തകർന്നേക്കുമെന്നും അതിനകത്തെ വന്യത അപ്പാടെ പുറത്തേക്ക് ഇരമ്പിയെത്തിയേക്കുമെന്നും ഭയപ്പെട്ട് അരവിന്ദൻ ഒന്നുരണ്ടു ചുവടുകൾ പുറകോട്ടു മാറിനിന്നു. സേതുരാമൻ ആ പച്ചപ്പിലേക്ക് ഒരു സ്വപ്നത്തിലെന്നപോലെ നടന്നുതുടങ്ങി. നേരത്തേ നോക്കിക്കണ്ടതുപോലെയല്ല. അതൊരു അസ്സൽ കാടുതന്നെയായിരുന്നു. തന്റെ അച്ഛനും മുത്തച്ഛനും ആഗ്രഹിച്ചവിധം ഒരു മുഴുത്ത കാട്. അതിന്റെ തണലിനുപോലും പച്ചനിറമുണ്ടായിരുന്നു. ഒരു ജലാശയത്തിലൂടെ എന്നവിധം സേതുരാമൻ ആ കൊഴുത്ത പച്ചയിലൂടെ തുഴഞ്ഞുനീന്താൻ തുടങ്ങി. ഇത്രകാലം താൻ ജീവിച്ചുതീർത്ത നഗരജീവിതത്തിന്റെ ഉഷ്ണം പടംപൊഴിഞ്ഞ് നഗ്നമാകുന്നതിന്റെ ഒരു വന്യസുഖം. മരങ്ങളും വള്ളികളും കിളികളും ഇഴജന്തുക്കളും ചിതൽപ്പുറ്റുകളും നിറഞ്ഞ ഒരു വലിയ കാൻവാസ്..! അതിൽ ഏതേതിടങ്ങളിൽ ചേർത്തുവെച്ചാലാണ് താനും ആ ചിത്രത്തിന്റെ ഭാഗമാവുക എന്ന ഒരു വ്യഗ്രത അപ്പോൾ അയാളുടെ നടത്തത്തിൽ പ്രകടമായി. പതിയെപ്പതിയെ അകം ശാന്തമാകുന്നുണ്ട്. ഇത്രനാൾ തേടിനടന്നത് ഈയൊരു ശമനതാളത്തിനാണ്.
അത്രനേരം നിശ്ശബ്ദമായി കിടന്നിരുന്ന സേതുവിന്റെ സെൽഫോണിൽ അന്നേരം ഒരു സന്ദേശത്തിന്റെ കുമിളപൊട്ടി. വിദേശത്തുള്ള അയാളുടെ ഒരേയൊരു അനിയനുമായി അയാൾ കുറച്ചുമുമ്പുവരെ നടത്തിയ ചാറ്റിങ്ങിന്റെ ബാക്കി കഷണമായിരുന്നു അത്. നന്ദാപുരത്തേക്ക് ഏതാണ് വഴി? നന്ദാപുരത്തേക്ക് എത്രയാണ് ദൂരം? എന്നിങ്ങനെ അത് ഇടക്കിടെ സേതുവിനെ പിന്തുടർന്നുകൊണ്ടിരിപ്പുണ്ടായിരുന്നു. ഇത്തവണ അവന്റെ സന്ദേശമെന്താണെന്ന് സേതു പതിയെ തുറന്നുനോക്കി.
''നന്ദാപുരത്ത് സെന്റിനൊക്കെ ഇപ്പൊ എന്താണ് റേറ്റ്..?''
സേതു ആ സന്ദേശത്തിലേക്ക് കരുണയോടെ ചിരിച്ചു. മറ്റേതോ ഉഷ്ണകാലത്തിലിരുന്ന് വിയർപ്പാറ്റാൻ പാടുപെടുന്ന തന്റെ അനിയന്റെ മുഖം അയാൾക്ക് ആ സന്ദേശത്തിൽ കാണാനാവുന്നുണ്ട്.
''റേറ്റിനെപ്പറ്റി വേവലാതി വേണ്ട!''
അയാൾ മറുപടി ടൈപ്പ് ചെയ്തു.
''നമ്മളാർക്കും ഈ സ്ഥലം വിട്ടുകൊടുക്കുന്നില്ല. ദാറ്റ്സാൾ.''
ജീൻസിന്റെ പോക്കറ്റിലേക്ക് സെൽഫോൺ തിരുകിവെച്ച് തിരികെ നടക്കുമ്പോൾ സേതുരാമന് അച്ഛന്റെ മാറിടത്തിലെ രോമക്കാടുകളെ ഓർമവന്നു. അതിനിടയിലൂടെ വിരലോടിക്കണമെന്ന ഉൽക്കടമോഹം അടക്കിപ്പിടിച്ച് അച്ഛന്റെ മൃതദേഹത്തിനരികെ അനങ്ങാതെ നിന്നതും ഓർമവന്നു. നെടുനീളത്തിൽ കിടക്കുന്ന അച്ഛനെ നടന്നുതീർത്ത് അയാൾ വീണ്ടും ഗെയിറ്റിനരികിലെത്തി. അപ്പുറം വെയിൽ കുറുക്കിയെടുത്ത സ്വന്തം നിഴലുമായി കരിങ്കൽച്ചീളുകൾ പതിച്ച പാതയിൽ അരവിന്ദൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സേതുരാമൻ തണുത്ത പച്ചയിൽനിന്നുകൊണ്ട് സ്വാസ്ഥ്യത്തോടെ അരവിന്ദനെ നോക്കി. അരവിന്ദനെയും അയാളുടെ വരണ്ട ലോകത്തേയുമാണ് ഇപ്പോൾ അതിർത്തി തിരിച്ച് താഴിട്ട് പൂട്ടിയിരിക്കുന്നത്. സേതുരാമൻ ആ ഗെയിറ്റിനെ പിടിച്ചൊന്ന് കുലുക്കിനോക്കി.
''അല്ല'' അയാൾ അരവിന്ദനോട് വിളിച്ചുപറഞ്ഞു.
''ഈ ഗെയിറ്റ് അത്ര ദുർബലമൊന്നുമല്ല.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.