നന്ദഗോപന്മാഷ് തീവണ്ടിയാത്ര ചെയ്തിട്ട് രണ്ടു വര്‍ഷമെങ്കിലും ആയിക്കാണും. ഇപ്പോള്‍ ചെയ്യേണ്ടതാകട്ടെ, തന്റെ പ്രായം നോക്കുമ്പോള്‍ ദീര്‍ഘം എന്ന് പറയാവുന്ന ഒരു യാത്രയും- തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ. രണ്ടു മക്കളില്‍ അവശേഷിച്ച ഒരേയൊരു മകള്‍, ഗൗരി, അവളുടെ മകന് നിഷാദിനെയും കൂട്ടി ഇടക്കിടെ വാരാന്ത്യങ്ങളില്‍ തന്നെ കാണാന്‍ വരികയാണ് പതിവ്, ചിലപ്പോള്‍ രാമനാഥനും ഒപ്പം ഉണ്ടാവും. പക്ഷേ ഇക്കുറി അവള് പുതിയ വീടുവെച്ച് താമസിക്കുകയാണ്. വീട് ഇങ്ങോട്ട് കൊണ്ടുവന്നു കാണിക്കാന്‍ വയ്യല്ലോ, അവള് പടം അയച്ചിരുന്നെങ്കിലും. അവളുടെ അമ്മ ആറു കൊല്ലം മുമ്പേ യാത്രയായി, പിന്നെ താനല്ലാതെ ആരാണ് അവള്‍ക്കുള്ളത്?
പണ്ട് യാത്രകള്‍ രസമായിരുന്നു. കാഴ്ചകള്‍ കണ്ടും സ്റ്റേഷനുകളുടെ പേരുകള്‍ വായിച്ചും അധികം നേരം നിര്‍ത്തുന്നിടത്ത് ഒന്നിറങ്ങി ഒരു ചായയോ ജ്യൂസോ കുടിച്ച് വണ്ടി വിടുമ്പോള്‍ ഓടിക്കയറിയുമുള്ള യാത്രകള്‍. പക്ഷേ ഇപ്പോള്‍ ഒരു കണ്ണിനു കാഴ്ച മിക്കവാറും ഇല്ലാതായിരിക്കുന്നു. മറ്റേതിന്റേത് മങ്ങിയിരിക്കുന്നു. വെള്ളെഴുത്ത് തുടങ്ങിയപ്പോള്‍ തന്നെ കണ്ണട ഉപയോഗിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചതാണ്. ഇപ്പോള്‍ ആണ്ടുതോറും കണ്ണടച്ചില്ലിനു കട്ടി കൂടിക്കൂടിവരുന്നു. കേള്‍വി കുറഞ്ഞുതുടങ്ങിയപ്പോള്‍ -അത് സമ്മതിക്കാന്‍ തനിക്ക് ആദ്യം വലിയ മടിയായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു- മകള്‍ ഒരു ശ്രവണസഹായി വാങ്ങിക്കൊടുത്തു, ആരും ശ്രദ്ധിക്കാത്തത്ര ചെറിയത്. അവള് ആമസോണിന്റെ മാതൃകാ ഉപഭോക്ത്രിയാണ്. പല പുതിയ ഉൽപന്നങ്ങളും ആദ്യം വാങ്ങുന്നത് അവള് ആയിരിക്കുമെന്ന് തോന്നുന്നു. ചിലതെല്ലാം തിരിച്ചയക്കുന്നതും കാണാം. ഏതായാലും കാഴ്ചപോയാലും കേള്‍വിയുണ്ടല്ലോ എന്നത് ഈ തൊണ്ണൂറ്റിയാറാം വയസ്സില്‍ വലിയ ആശ്വാസംതന്നെ.
വാസ്തവത്തില്‍ നല്ലൊരു വായനക്കാരനായിരുന്നു എല്ലാവരും 'മാഷ്' എന്ന് വിളിച്ചിരുന്ന നന്ദഗോപന്. മലയാളം അധ്യാപകനായതുകൊണ്ടുമാത്രം വായിക്കാന്‍ തുടങ്ങിയ ആളല്ല, കുട്ടിക്കാലം മുതലേ സാഹിത്യപ്രേമി. ചില പരിമിതികള്‍, അഥവാ, ഉറപ്പുകള്‍, അയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നല്ല. എല്ലാ ഉറപ്പുകളും പരിമിതികളുമാണല്ലോ. ഉദാഹരണത്തിന് ഗണം തിരിക്കാന്‍ കഴിയാത്ത കവിതകള്‍ പുള്ളിക്കു സഹിക്കാന്‍ പറ്റുമായിരുന്നില്ല. എന്തിനാണ് നന്നായി വൃത്തം അറിയും എന്ന് തെളിയിച്ചിട്ടുള്ളവര്‍ പോലും ഗദ്യത്തില്‍ എഴുതുന്നതെന്നത് മാഷിന് ഇപ്പോഴും അത്ഭുതമായിരുന്നു. ചില കവികളോട് മാഷ് അതു നേരിട്ട് ചോദിച്ചിട്ടുമുണ്ട്. ചിലര്‍ വെറുതെ ഒന്ന് പുഞ്ചിരിക്കും, ചിലര്‍ ഇയാള്‍ ഒരു പഴഞ്ചന്‍ എന്ന മട്ടില്‍ മുഖം ചുളിക്കും. സത്യം പറഞ്ഞാല്‍ ഇതുവരെ ആ ചോദ്യത്തിന് മര്യാദക്ക് ഒരുത്തരം മാസ്റ്റർക്ക് കിട്ടിയിട്ടില്ല. അതുപോലെ ഒരുതരം ഭ്രമം ഉണ്ടാക്കുന്ന കഥകള്‍ എഴുതുന്നവര്‍. യാഥാർഥ്യവുമായി എന്തെങ്കിലുമൊരു ബന്ധം കഥക്കു വേണ്ടേ! ആ തകഴിയും ദേവും ഒക്കെ എന്ത് നല്ല എഴുത്തുകാരായിരുന്നു! അക്ഷരത്തെറ്റുകള്‍ സഹിക്കുകയില്ല എന്നതും മലയാളം അധ്യാപകന് ആയിരുന്നതിന്റെ അവശിഷ്ടവികാരമാകാം. കർമണിപ്രയോഗവും കര്ത്തരിപ്രയോഗവും തമ്മിലുള്ള വ്യത്യാസം അറിയാത്തവര്‍, 'ഷ'യും 'ക്ഷ'യും, അല്ലെങ്കില്‍ 'ഫ'യും 'ഭ'യും 'ബ'യും, ശരിക്ക് പ്രയോഗിക്കാനോ ഉച്ചരിക്കാനോ കഴിയാത്തവര്‍, സന്ധിയും സമാസവും അറിയാത്തവര്‍ -ഇവരൊക്കെ സാഹിത്യകാരന്മാരും കാരികളും വൃത്താന്ത വായനക്കാരും ചര്ച്ചാപ്രമാണികളും ആകുന്ന ഒരു കാലം അദ്ദേഹത്തിന്റെ ഏറ്റവും ക്രൂരമായ ദുഃസ്വപ്നങ്ങളില്പോലും ഉണ്ടായിരുന്നില്ല.
ഇങ്ങനെയൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് വണ്ടി വന്നു കിടക്കുന്നത് നന്ദഗോപന് ശ്രദ്ധിച്ചത്. വണ്ടി പ്ലാറ്റ്ഫോമില്‍നിന്ന് വളരെ ഉയരെ നില്ക്കുന്നതായിത്തോന്നി. പണ്ട് ഇത്ര ഉയരെ ആയിരുന്നില്ല. കയറാന്‍ നോക്കുമ്പോള്‍ കാല് വഴങ്ങുന്നില്ല. ഒരു ചെറുപ്പക്കാരന് ദയ കാണിച്ചതുകൊണ്ട് റെയില്‍പാളത്തില്‍ വീഴാതെ രക്ഷപ്പെട്ടു. അയാള്‍ക്ക് 'ഷ'യും 'ക്ഷ'യും തമ്മിലുള്ള വ്യത്യാസം അറിയുമോ എന്തോ! ഏതായാലും യൗവനവും വാർധക്യവും തമ്മിലുള്ള വ്യത്യാസം അറിയാം. അത്രയും നല്ലത്.
തന്റെ സീറ്റ് ഒരാളുടെ സഹായത്തോടെ കണ്ടുപിടിച്ച് ഇരുന്നു. സ്റ്റേഷനിലേക്ക് ഓട്ടോയിലാണ് വന്നതെങ്കിലും, ഉച്ചക്ക് ഒന്ന് കിടക്കാത്തതിന്റെയാകാം, ക്ഷീണമുണ്ടായിരുന്നു. വണ്ടി ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലിനായിരുന്നല്ലോ. അതുകൊണ്ട് ഇരുന്നയുടന്‍ ഒരു മയക്കത്തിലേക്ക് വീണു. അതില്‍ എല്ലാ സ്വപ്നവുംപോലെ കുഴഞ്ഞുമറിഞ്ഞ ഒരു സ്വപ്നവും കണ്ടു. ഇയ്യിടെ കാണാറുള്ള അധികം സ്വപ്നങ്ങളിലും താന്‍ അലഞ്ഞു തിരിയുന്നതായാണ് കാണാറുള്ളത്. ചിലപ്പോള്‍ തന്റെ വീടന്വേഷിച്ച്, ചിലപ്പോള്‍ സ്കൂള്‍ അന്വേഷിച്ച്, സ്കൂളില്‍ തന്നെ തന്റെ ക്ലാസ് അന്വേഷിച്ച്, ഏതെങ്കിലും ഓഫീസ് അന്വേഷിച്ച്, വീണ്ടും വീണ്ടും ചുറ്റിത്തിരിയുന്ന കാഴ്ചകള്‍. പണ്ട് കുന്നിന്മുകളില്നിന്ന് താഴെ കുളത്തിലേക്കു വീഴുന്നതും കാട്ടില്‍ ഒറ്റയാന്റെ മുന്നില്‍ അകപ്പെടുന്നതും അപ്പോള്‍ നിലവിളിച്ചാല്‍ ശബ്ദം വരാത്തതും മറ്റുമായിരുന്നു. ലക്ഷ്മി ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ദുഃസ്വപ്നങ്ങള്‍ അധികം കാണാറില്ല. എങ്ങാന്‍ കണ്ടു ശബ്ദമുണ്ടാക്കിയാല് തന്നെ അവള് ഒന്ന് പുറത്തു തട്ടിയാല്‍ അത് മാഞ്ഞു പോകുമായിരുന്നു. പക്ഷേ ഇപ്പോള്‍ നന്ദഗോപന് കണ്ട സ്വപ്നത്തില്‍ ലക്ഷ്മി വീണ്ടും വന്നു. അവര്‍ ഒന്നിച്ച് ഉമ്മറത്തെ തിണ്ണയില്‍ മഴ കണ്ട് ഇരിക്കുകയായിരുന്നു. പിന്നില്‍ മൂത്തവള്‍, ജാനകിക്കുട്ടി, ഒരു പാട്ടും മൂളി നില്‍പ്പുണ്ടായിരുന്നു. ''കുങ്കുമപ്പൂവുകള്‍ പൂത്തൂ'' എന്ന പാട്ട്. എപ്പോഴോ പാട്ട് നിലച്ചു. ജാനകിക്കുട്ടിയെ കാണാതായി.
കണ്ണു തുറന്നപ്പോള്‍ വണ്ടി കൊല്ലത്തെത്തിയിരുന്നു. വണ്ടിയില്‍ 'ചായ ചായ' എന്നു പറഞ്ഞു നടന്നുകൊണ്ടിരുന്നയാള് അല്‍പ്പം സംശയത്തോടെയും വിസ്മയത്തോടെയും തന്നെ നോക്കുന്നത് നന്ദഗോപന് അറിഞ്ഞു. താന്‍ പതിവുപോലെ വേച്ചു വേച്ചല്ല നടക്കുന്നതെന്നും ഒരു വിധം നന്നായിത്തന്നെ തനിക്ക് കണ്ണ് കാണാമെന്നും അയാള്‍ ശ്രദ്ധിച്ചു. കുളിമുറിയില്‍ കടന്നു മുഖം കഴുകുമ്പോള്‍ കണ്ണാടിയില്‍ നോക്കി അയാള്‍ അമ്പരന്നു: മുഴുവന്‍ നരച്ചിരുന്ന തന്റെ മുടിയില്‍ കുറെയധികം ഭാഗം കറുത്തിരിക്കുന്നു. വണ്ടിയില്‍ ചാരിയിരുന്നപ്പോള്‍ എന്തെങ്കിലും പറ്റിപ്പിടിച്ചതാവും എന്നു കരുതി കഴുകി നോക്കി. കറുപ്പ് പോകുന്നില്ല. മുഖത്തെ ചുളിവുകള്‍ കുറഞ്ഞിരിക്കുന്നു. തന്റെ സ്വപ്നം അവസാനിച്ചില്ലേ? അയാള്‍ വീണ്ടും വീണ്ടും മുഖം കഴുകി കണ്ണാടിയില്‍ നോക്കി. ചായക്കാരന്റെ അത്ഭുതം നിറഞ്ഞ നോട്ടത്തിന്റെ അർഥം ഇപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. പുറത്തു വന്നപ്പോള്‍ ''നന്ദഗോപന് സാറല്ലേ'' എന്ന് ഒരു ചെറുപ്പക്കാരന് ചോദിച്ചപ്പോഴാണ് ഇതു താന്‍ തന്നെ എന്ന് അദ്ദേഹത്തിന് ബോധ്യമായത്. ''അതെ, എങ്ങനെ മനസ്സിലായി?'' ''ഓ, സാറെന്നെ കൊട്ടാരക്കര സര്‍ക്കാര്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്, ഞാന്‍ അത്ര നന്നായി പഠിക്കുന്ന കുട്ടിയൊന്നുമായിരുന്നില്ല, ഓര്‍ക്കാന്‍ വഴിയില്ല. ജോര്‍ജുകുട്ടി. ഇപ്പോള്‍ കൊല്ലത്തു കഴിയുന്നു. ഇക്കണോമിക്സ് ആണ് ഒടുവില്‍ പഠിച്ചത്. പിന്നെ ഗവേഷണം എന്നൊക്കെപ്പറഞ്ഞ് ഒരു കൊല്ലം ജർമനിയിലും മറ്റും കറങ്ങിനടന്നു. അല്‍പ്പമൊക്കെ എഴുതാറുണ്ട്, കാക്കനാടന് എന്ന പേരില്‍. ഇപ്പോള്‍ ഇരവിപുരത്താണ് താമസം.''
''ഓ, കാക്കനാടന്! മാതൃഭൂമിയില്‍ കണ്ടിട്ടുണ്ട്. ചില കഥകള്‍ ഇഷ്ടമായിട്ടുണ്ട്. നോവലുകളും ഉണ്ട്, അല്ലെ? 'സാക്ഷി' ഓർമയുണ്ട്. അധികം വായിച്ചിട്ടില്ല, ഈ പുതുമോടിക്കാര്‍ എഴുതുന്ന പലതും എനിക്ക് മനസ്സിലാകാറില്ലെടോ. അല്ല, അത് എന്റെ കുറ്റവും ആകാം. ഞാന്‍ പഴയ ആളുകളെ വായിച്ചു വളര്‍ന്ന ആളല്ലേ!'' ''സാര്‍ ഇപ്പോഴും മാറിയിട്ടില്ല കേട്ടോ, അതേ പ്രായം'' എന്നു മാത്രം അയാള്‍ ചിരിച്ചുകൊണ്ട് പ്രതിവചിച്ചു.
വര്‍ത്തമാനം കഴിഞ്ഞപ്പോഴാണ് നന്ദഗോപന് ആലോചിച്ചത്: താന്‍ കൊട്ടാരക്കര സ്കൂളില്‍ പഠിപ്പിച്ചത് എഴുപത്തിരണ്ടു വര്‍ഷം മുമ്പെങ്കിലും ആവണം. പിന്നീടാണ് പല സ്കൂള്‍ മാറി തിരുവനന്തപുരത്ത് നിന്ന് ഹെഡ് മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്തത്. അയാള്‍ക്ക് അന്ന് പതിന്നാലു വയസ്സായിരുന്നിരിക്കും. ഇപ്പോള്‍ എഴുപത്തിനാലെങ്കിലും. പക്ഷേ അയാളെ കണ്ടാല്‍ അത്രയൊന്നും തോന്നുന്നുമില്ല. എവിടെയോ തകരാറുണ്ട്... ഏതായാലും അദ്ദേഹം സീറ്റില്‍ തിരിച്ചുചെന്നിരുന്നു. അപ്പോള്‍ മറ്റൊരു കാര്യംകൂടി ഓർമ വന്നു: ഈ കാക്കനാടന് മരിച്ചതായി ഒരു വാര്‍ത്ത വന്നിരുന്നല്ലോ. ഒരു പത്തു കൊല്ലമായിക്കാണും. അടുത്തൊന്നും കഥകളും കാണാറില്ല.
അടുത്തിരുന്നയാള്‍ കൊല്ലത്ത് ഇറങ്ങിപ്പോയിക്കാണും. അവിടെ പുതിയ ഒരാള്‍ ആണ്. അപ്പോഴേക്കും വണ്ടി പതുക്കെ നീങ്ങിത്തുടങ്ങിയിരുന്നു. പിന്നെയും മയക്കം വരുന്നു. താന്‍ രക്തസമ്മർദത്തിന്റെ ഗുളികക്ക് പകരം ഉറക്കഗുളിക കഴിച്ചുവോ? രണ്ടും കണ്ടാല്‍ ഒരുപോലെയായിരുന്നു. ഇക്കുറി ഉറക്കം കൂടുതല്‍ ആഴത്തിലായിരുന്നു. ശരിക്കും ഒരു ബ്ലാക്ക് ഹോളില്‍ വീഴുംപോലെ. വണ്ടി വഴി തെറ്റി അങ്ങനെ വല്ലയിടത്തും ചെന്നു പെട്ടുവോ? ബെര്‍മൂഡാ ട്രയാൻഗിൾ പോലെ? കായംകുളത്തു വണ്ടി നിര്‍ത്തിയതുതന്നെ മാഷ് അറിഞ്ഞില്ല. ഇത്തവണ സ്വപ്നം കുറേക്കൂടി പഴയ കാലത്തേതായിരുന്നു. ലക്ഷ്മിയുടെ ആദ്യത്തെ പ്രസവം. താന്‍ ആശുപത്രിവരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും അക്ഷമനായി ഉലാത്തുന്നു. ആരൊക്കെയോ അതിന്നിടയില്‍ വന്നുപോയി. പലയിടത്തും വെച്ച് കണ്ടവര്‍. ചില വിദ്യാർഥികള്‍. ഒപ്പം പഠിച്ച ചിലര്‍. ആ പ്രസവം കൊട്ടാരക്കര ആശുപത്രിയില്‍ ആയിരുന്നെങ്കിലും സ്വപ്നത്തില്‍ അത് എറണാകുളം ജില്ലാ ആശുപത്രിയായിരുന്നു. ഡോക്ടര്‍ തന്റെ ഒരു അയല്‍ക്കാരനും!
ഉണര്‍ന്നപ്പോള്‍ മാവേലിക്കരയില്‍നിന്ന് കയറിയ ആള് ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുകയായിരുന്നു. ''പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിവെച്ചു കൊല്ലപ്പെട്ടു. ഇന്ദിരയുടെ സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.'' ''ഇന്ദിരാ ഗാന്ധി?'' നന്ദഗോപന് സ്വയം ചോദിച്ചു. അത് മുപ്പത്തേഴു വര്‍ഷം മുമ്പല്ലേ! എന്താണ് ഇന്നത്തെ റേഡിയോയില്‍ അത് പറയുന്നത്? താന്‍ എവിടെയാണ്? അതോ താന്‍ ഇപ്പോഴും ഉറങ്ങുകയാവുമോ? അല്ല, പുറത്തേക്ക് നോക്കുമ്പോള്‍ ആളുകളെ കാണുന്നുണ്ട്.
അത്ഭുതങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചെങ്ങന്നൂരില്‍ സ്റ്റേഷന്നടുത്തുള്ള ഒരു കവലയില്‍ നെഹ്രുവിന്റെ മരണത്തില്‍ അനുശോചിച്ചു ഒരു യോഗം നടക്കുന്നു. പ്രസംഗകന് സംസാരിക്കുന്നത്, 1964ല്‍ ചരമമടഞ്ഞ നെഹ്റു ആയിടക്കെങ്ങോ മരിച്ചപോലെയാണ്. അവിടെ വണ്ടി നിന്ന പത്ത് മിനുട്ടും മാസ്റ്റര്‍ ആ പ്രസംഗം ശ്രദ്ധിച്ചു. പഞ്ചവത്സരപദ്ധതികള്‍, നെഹ്രുവിന്റെ ചേരിചേരാനയം, അദ്ദേഹം ആസൂത്രണം ചെയ്ത സ്ഥാപനങ്ങള്‍... അങ്ങനെ പോയി ആ പ്രസംഗം.
വണ്ടി തിരുവല്ലാ എത്തിയപ്പോള്‍ മണി നാലേമുക്കാല്‍. ചായയുടെ സമയം. പുതിയ ഒരു ചായക്കാരനെയാണ് കണ്ടത്. ചായ വാങ്ങിക്കുടിച്ച് പഴ്സെടുത്തു. അയാള്‍ പറഞ്ഞു: രണ്ടണ. അണയോ? നന്ദഗോപന് പത്തു രൂപയുടെ ഒരു നാണയം എടുത്തു നീട്ടി. ''സാറേ, ഇത് എവിടത്തെ കാശാ? ദുബായിയിലെയോ? നോക്കിയാട്ടെ... ഇന്ത്യയിലെ പണം കാണും. ആട്ടെ, ഞാന്‍ തിരിച്ചു വരുമ്പോ തന്നാ മതി'', അയാള്‍ ആ നാണയം മടക്കിക്കൊടുത്തു. നന്ദഗോപന് ആകെ പരിഭ്രമമായി. അയാള്‍ തിരിച്ചു വരുമ്പോള്‍ എന്ത് ചെയ്യും? മാഷുടെ പരിഭ്രമം കണ്ടു അടുത്തിരുന്നയാള്‍ രണ്ടണയുടെ ഒരു നാണയം കൊടുത്തു പറഞ്ഞു. ''സാറെന്നെ പറഞ്ഞാലറിയും. രാമകൃഷ്ണന് മാസ്റ്ററുടെ മകന്. ശിവദാസന്‍.'' മാഷ് പരിഭ്രമത്തോടെ ആ അല്‍പ്പം പഴയ നാണയത്തില്‍ നോക്കി. രണ്ടണ! വര്‍ഷം 1954. നന്ദഗോപന് വീണ്ടും നോക്കി, അതെ 1954! അമ്പത്തേഴിലാണ് നയാ പൈസാ വന്നത്, അയാള്‍ക്കത് നല്ല ഓർമയുണ്ട്. തനിക്ക് അന്ന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. മാസ്റ്റര്‍ക്ക് തല ചുറ്റുംപോലെ തോന്നി.
വണ്ടി കോട്ടയം പിന്നിടുന്നത് നന്ദഗോപന് അറിഞ്ഞു. ഒരു ചായ കൂടി ആകാം എന്ന് തോന്നിയെങ്കിലും കഴിഞ്ഞ അനുഭവംവെച്ച് അത് വേണ്ടെന്നുവെച്ചു. വീണ്ടും കണ്ണാടിയില്‍ നോക്കാനും അയാള്‍ക്ക് ഭയമായിരുന്നു. ഒപ്പം ആകാംക്ഷയും. വണ്ടിയിലെ ചില യുവതികള്‍ തന്നെ ശ്രദ്ധിക്കുന്നത് അയാള്‍ കണ്ടു. മകളുടെ പ്രായംപോലും ഇല്ലാത്തവര്‍. പക്ഷേ തന്നെ നോക്കുന്നത് ഒരു ചെറുപ്പക്കാരനെ നോക്കുംപോലെയാണ്. താന്‍ കോളേജില്‍ പഠിക്കുമ്പോഴും ബി.എഡ് കഴിഞ്ഞു സ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോഴും ഒരു യുവകോമളന് ആയാണ് അറിയപ്പെട്ടിരുന്നത് എന്ന് മാസ്റ്റര്‍ ഓര്‍ത്തു. ഇഷ്ടം കൂടാന്‍ പലരും വന്നിരുന്നു. തന്റെ സാഹിത്യാഭിരുചിയും വായനയും ക്ലാസുകളും എല്ലാം അതിനു കാരണമായിരുന്നു. പക്ഷേ ലക്ഷ്മി മാത്രമാണ് തന്നെ വീഴ്ത്തിക്കളഞ്ഞത്. പുസ്തകങ്ങള്‍ കടം വാങ്ങാന്‍ ഇടക്കിടക്ക് അവള് താന്‍ ഒറ്റക്ക് താമസിച്ചിരുന്ന ചെറിയ വീട്ടില്‍ വരുമായിരുന്നു. ഒരു ദിവസം തിരിച്ചു തന്ന ബഷീറിന്റെ 'പ്രേമലേഖന' ത്തിന്നകത്ത് അവള് ഒരു കത്ത് വെച്ചിരുന്നു -സ്നേഹം കരകവിയുന്ന ഒരു കത്ത്. പിന്നെ, ഭയംകൊണ്ടാകാം, കുറച്ചു ദിവസം വന്നില്ല. സ്റ്റാഫ് റൂമില്‍വെച്ച് ''ലക്ഷ്മി വായന നിര്‍ത്തിയോ'' എന്ന് ചോദിച്ചപ്പോഴാണ് അവളുടെ കവിള് തുടുക്കുന്നത് നന്ദഗോപന് കണ്ടത്. അന്ന് വൈകീട്ട് അവള് വന്നു. മടിച്ചു മടിച്ച് ''ഞാന്‍ ആ പുസ്തകത്തില്‍ ഒരു കടലാസു വെച്ചിരുന്നു'' എന്ന് പറഞ്ഞു. ''അധ്യാപകര്‍ക്ക് പ്രണയലേഖനം എഴുതുന്നത് ശരിയാണോ ലക്ഷ്മീ?'' എന്ന് ചോദിച്ചതേയുള്ളൂ അവള് തേങ്ങിക്കരയാന്‍ തുടങ്ങി. മാസ്റ്റര്‍ അവളുടെ കണ്ണീര് തുടച്ചുകൊടുത്തു. ''സാരമില്ല, കേട്ടോ' എന്ന് പറഞ്ഞപ്പോള്‍ അവള് തന്നെ സാകൂതം നോക്കി. ''ശരിക്കും? എന്നെ ഇഷ്ടമാണോ?'' ''ഊം'', അധ്യാപകന്റെ ഗൗരവം വിടാതെ തന്നെ മാസ്റ്റര്‍ ഒന്ന് മൂളി. അവള് നാണിച്ച് ഓടിപ്പോയി. അങ്ങനെയായിരുന്നു അക്കാലത്തെ നോവലുകളിലെയും സിനിമകളിലെയും പ്രേമകഥപോലുള്ള ആ തുടക്കം. വീടുകളില്‍ വലിയ എതിര്‍പ്പൊന്നും നേരിടാതെ ഒട്ടും വിപ്ലവകരമല്ലാത്ത ആ വിവാഹം നടന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. പിന്നെ വളരെ പെട്ടെന്നാണ് അവള് ഉത്തരവാദിത്തമുള്ള കുടുംബിനിയും അമ്മയുമായത്. കുറേക്കാലം ഒറ്റക്ക് താമസിച്ചതുകൊണ്ട് നന്ദഗോപന് നല്ല പാചകക്കാരനായിരുന്നു. അവര്‍ ഒന്നിച്ചാണ് പാചകം നടത്തുക. സഹായത്തിനു ആളെ വെക്കാനുള്ള വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഒഴിവുള്ളപ്പോള്‍ അവള് പൂച്ചെടികള്‍ വളര്‍ത്തി. ആദ്യം ഒരു ഹോബിയായാണ് തുടങ്ങിയതെങ്കിലും പിന്നെ അത് ഒരു നഴ്സറി ആയി വളര്‍ന്നു. അയാളുടെ വലിയ പരിചയവലയം വ്യാപാരത്തിന് സഹായകവുമായി. കൂട്ടത്തില്‍ ലക്ഷ്മി സ്വകാര്യമായി പഠിച്ചു ഒരു ബിരുദവും സമ്പാദിച്ചു. അപ്പോഴേക്കും ജാനകിക്കുട്ടി ജനിച്ചതുകൊണ്ട് വേറെ ജോലിക്കൊന്നും ശ്രമിച്ചില്ല. ഭാഗം കിട്ടിയ പതിനഞ്ചു സെന്റിലെ നഴ്സറി കുറച്ചു കാലംകൂടി തുടര്‍ന്നു. മൂത്തവളുടെ അപകടമരണം അവളെ തകര്‍ത്തുകളഞ്ഞു. തന്നെയും അത് അഗാധമായി ബാധിച്ചെങ്കിലും പുറമേ കാണിക്കാതെ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ലക്ഷ്മിക്ക് ഉറക്കമില്ലാതായി. വിഷാദരോഗത്തിന് ചികിത്സതന്നെ വേണ്ടി വന്നു. വായന നിന്നു. ഉറക്കഗുളികയും പതിവായി. ഗൗരിയുടെ പിറവിയോടെയാണ് അല്‍പ്പം ആശ്വാസമായത്.
അതിനിടെ ചില ചെറുപ്പക്കാര്‍ തന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്നത് നന്ദഗോപന് ശ്രദ്ധിച്ചു. താന്‍ പണ്ടേ വായിച്ച തകഴിയുടെ 'ചെമ്മീന്‍' ഒരു യുവാവ് ആവേശത്തോടെ വായിക്കുന്നത് കണ്ടു. ''ഇത് പഴയ പുസ്തകമല്ലേ?'' നന്ദഗോപന് അറിയാതെ ഉറക്കെ പറഞ്ഞുപോയി. ആ ചെറുപ്പക്കാരന് മുറിപ്പെട്ടതായിത്തോന്നി. ''പഴയതോ? ഇറങ്ങിയിട്ട് ഒരാഴ്ച്ചയേ ആയുള്ളൂ.'' അയാള്‍ ടൈറ്റില്‍ പേജ് കാണിച്ചുകൊടുത്തു. 1956 എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. മാസ്റ്റര്‍ അങ്കലാപ്പിലായി. തന്റെ ഇടതുവശത്തിരിക്കുന്നയാള്‍ വായിച്ചുകൊണ്ടിരുന്ന 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലേക്കു മാസ്റ്ററുടെ കണ്ണുകള്‍ അറിയാതെ സഞ്ചരിച്ചു. ഒരു കഥകളിവേഷത്തിന്റെ മുഖചിത്രമുള്ള ആ വാരികയിലും വര്‍ഷം 1956 തന്നെ! അറുപത്തഞ്ച് വര്‍ഷം മുമ്പത്തേത്!
മാസ്റ്റര്‍ തന്റെ മൊബൈല്‍ എടുത്തു നോക്കി. അപ്പോഴാണ് ശ്രദ്ധിച്ചത് കൂടെ സഞ്ചരിക്കുന്ന എല്ലാവരും തന്നെത്തന്നെ നോക്കുന്നു; തന്റെ മൊബൈല്‍ ഫോണിനെയും. അവര്‍ ആരും അങ്ങനെയൊന്നു കണ്ടിട്ടില്ലെന്നത് വ്യക്തം. അയാള്‍ക്ക് ഗൗരിയെ വിളിക്കാന്‍ പേടിയായിരുന്നു. ഇതെല്ലാം എങ്ങനെ വിവരിക്കും? മൊബൈലില്‍ തീയതി 1956 നവംബര്‍ 20. വ്യാഴം. തീയതിയും ആഴ്ചയും ശരി തന്നെ. പക്ഷേ വര്‍ഷം മാറിയിരിക്കുന്നു. അപ്പോഴാണ് പെട്ടെന്ന് അതില്‍ മണിയടിച്ചത്. ''അച്ഛാ'', പരിചിതമായ ശബ്ദം. മാസ്റ്റര്‍ ഞെട്ടി. മരിച്ചുപോയ ജാനകിക്കുട്ടിയുടെ ശബ്ദം! അയാള്‍ക്കു കരച്ചിലും പരിഭ്രമവും ഒന്നിച്ച് വന്നു. ''മോളേ, നീ എവിടെയാണ്?'', നന്ദഗോപന് സംഭ്രമത്തോടെ ചോദിച്ചു. ഒരു കരച്ചില് മാത്രമായിരുന്നു മറുപടി. അയാള്‍ ചുറ്റും നോക്കി. സഹയാത്രികര്‍ തന്നെ വിസ്മയത്തോടെ നോക്കുന്നു. ഒരാള്‍ മാത്രം ചോദിക്കാന്‍ ധൈര്യപ്പെട്ടു: ''ഇതില്‍ വയറൊന്നുമില്ലല്ലോ. എങ്ങിനെയാണ് സംസാരിക്കുന്നത്?'' നന്ദഗോപന് മനസ്സിലായില്ല. ''ഇത് സാംസങ്ങിന്റെ മൊബൈല്‍ ഫോണ്‍.'' ''മൊബൈല്‍ ഫോണ്‍?'' അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. കുറെ പേര് അയാളുടെ ചുറ്റും കൂടി. ''പുറത്തുനിന്നും വരുത്തിയതായിരിക്കും, അല്ലെ?'' ''അല്ല, തിരുവനന്തപുരത്തു നിന്നു വാങ്ങിയത്.'' ''തിരുവനന്തപുരത്തോ?'' ആളുകള്‍ കൂട്ടമായി ആര്‍ത്തു ചിരിച്ചു.
നന്ദഗോപനു അവിടെനിന്ന് ഗൗരിയെ വിളിക്കാന്‍ ധൈര്യമുണ്ടായില്ല. അയാള്‍ കോറിഡോറില്‍ പോയിനിന്ന് അവളെ വിളിച്ചു. ''അച്ഛാ'', അവളുടെ ശബ്ദം പതറിയിരുന്നു. ''ഞാന്‍ എത്ര തവണ വിളിച്ചു! പേടിച്ചു പോയി!'' ''ഞാന്‍ ഉറങ്ങിപ്പോയി മോളേ!'' അയാള്‍ പറഞ്ഞു. ''ദാ, കോട്ടയം വിട്ടു.'' മറ്റൊന്നും അയാള്‍ പറയാന്‍ പോയില്ല. തനിക്കു തന്നെ മനസ്സിലാകാത്ത കാര്യങ്ങള്‍ എങ്ങനെ മറ്റൊരാളെ -അവള് മകളായാല്‍ പോലും- പറഞ്ഞു മനസ്സിലാക്കും?
കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. മാസ്റ്റര്‍ക്ക് ബാത് റൂമില്‍ പോകാന്‍ തന്നെ പേടിയായി. കണ്ണാടി നോക്കേണ്ടി വരുമല്ലോ. ടിക്കറ്റ് എക്സാമിനര്‍ വന്നു നന്ദഗോപനോട് ടിക്കറ്റ് ചോദിച്ചു. അയാള്‍ ടിക്കറ്റ് വാങ്ങി മറിച്ചും തിരിച്ചും നോക്കി. ''എന്ത്? താന്‍ ആളെ പറ്റിക്കുകയാണോ?'' 'താന്‍' എന്ന സംബോധന അടുത്ത കാലത്തൊന്നും മാസ്റ്റര്‍ കേട്ടിരുന്നില്ല. ''ഇതൊരു കടലാസാണല്ലോ. ഇതിലെ തീയതി 2021 നവംബര്‍ 20 ആണല്ലോ! താന്‍ കുറച്ചു നേരത്തെ ആയിപ്പോയി! എഴുപത്തൊന്നു കൊല്ലം നേരത്തെ!'' ''സാര്‍'', നന്ദഗോപന് വിക്കി: ''എന്റെ മകള്‍ നെറ്റില്‍ ബുക്ക് ചെയ്തു അയച്ചതാണ്. ബുക്ക് ചെയ്ത തീയതിയും അതില്‍ കാണും.'' വേറെ ഏതോ ഗ്രഹത്തില്‍നിന്നു വന്നയാളെപ്പോലെ ടിക്കറ്റ് എക്സാമിനറും മറ്റു യാത്രക്കാരും തന്നെ തുറിച്ചുനോക്കുന്നത് നന്ദഗോപന് അറിഞ്ഞു. ''നെറ്റോ? എന്താ മീന്പിടുത്തമാണോ ജോലി? അതോ ബാറ്റ്മിന്റന്‍ കളിയോ? '' ആളുകള്‍ ആര്‍ത്തു ചിരിച്ചു. ''അതൊന്നും എന്നോട് വേണ്ടാ. ഇരട്ടി ചാര്‍ജു പണമായി നല്‍കണം.'' നന്ദഗോപന് വേറെ വഴിയില്ലായിരുന്നു. പക്ഷേ ഇരട്ടി ചാര്‍ജ് എന്ന് അയാള്‍ പറഞ്ഞ തുക ഇപ്പോഴത്തെ ടിക്കറ്റുവിലയുടെ ഒരു ചെറിയ അംശമായിരുന്നു. കഴിഞ്ഞകുറി രൂപയെച്ചൊല്ലിയുണ്ടായ തര്ക്കമോര്ത്തു മാസ്റ്റര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് എടുത്തുകൊടുത്തു. ഉദ്യോഗസ്ഥന് വീണ്ടും രോഷാകുലനായി. ''ഇതാണോ പണം?'' മാസ്റ്റര്‍ പഴ്സ് തപ്പി അമ്പതിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു സ്വരം താഴ്ത്തി പറഞ്ഞു, ''ബാക്കി വെച്ചോളൂ''. ''അമ്പതിന്റെ കറന്‍സി നോട്ടോ? തന്നെ ഞാന്‍ പോലീസില്‍ ഏല്‍പ്പിക്കും.'' കണിശക്കാരനായ പരിശോധകന് ഭീഷണി മുഴക്കി. അപ്പോഴും ഒരാള്‍ സഹായത്തിനു വന്നു. ''സര്, ഈ ചെറുപ്പക്കാരന് കണ്ടാല്‍ ഒരു കുഴപ്പക്കാരനായി തോന്നുന്നില്ല. മനസ്സിനു നല്ല സുഖമില്ലെന്നു തോന്നുന്നു. ഞാന്‍ പണം തരാം.'' എന്നിട്ടയാള്‍ ഉദ്യോഗസ്ഥന് പറഞ്ഞ പണം എടുത്തു നല്കി. തന്റെ ചെറുപ്പത്തില്‍ കണ്ടിരുന്ന രണ്ടു രൂപയുടെയും ഒരു രൂപയുടെയും നോട്ടുകള്‍!
തനിക്കു ശരിക്കും എന്താണ് സംഭവിക്കുന്നത്? നന്ദഗോപന് തല ചൊറിഞ്ഞു. തന്റെ രോമശൂന്യമായിരുന്ന നെറ്റിയില്‍ നിറയെ തലമുടിയുള്ളതായി അയാള്‍ അറിഞ്ഞു. അപ്പോള്‍ വീണ്ടും ഫോണ്‍ അടിച്ചു. അത് എടുക്കാന്‍ തന്നെ അയാള്‍ക്ക് പേടിയായി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അയാള്‍ അതെടുത്ത് ചോദിച്ചു: ''ആരാ? ആരാ?'' ''അല്ലാ, എന്റെ ശബ്ദംപോലും തിരിച്ചറിയാതായോ മാഷ്? ഇത് ലക്ഷ്മിയാ. ഞാന്‍ വീട്ടില്‍ എല്ലാ കാര്യവും പറഞ്ഞു. അച്ഛനും അമ്മയ്ക്കും മാഷെ വലിയ കാര്യമാണ്. അവര്‍ക്ക് സമ്മതം. ഉടന്‍ തീയതി തീരുമാനിക്കാമെന്നു പറഞ്ഞു. മാഷ് എന്നാ വീട്ടില്‍ വരിക?'' അതെ, അത് ലക്ഷ്മിയുടെ ശബ്ദംതന്നെയായിരുന്നു. മണി കിലുങ്ങും പോലുള്ള, തനിക്കു ഭൂമിയില്‍ ഏറ്റവും പ്രിയങ്കരമായ മനുഷ്യശബ്ദം. പിറകേ നിര്‍ത്താത്ത ഒരു ചിരിയും. നന്ദഗോപന് ആകെ വിയര്‍ത്തു ഫോണ്‍ ഓഫ് ചെയ്തു കീശയിലിട്ടു. ആ ചിരി പിന്നെയും മുഴങ്ങുന്നതായി അയാള്‍ക്ക് തോന്നി.
ഇനിയും എത്ര സ്റ്റേഷനുകള്‍ എന്നാലോചിച്ചപ്പോള്‍ അയാള്‍ക്ക് തല ചുറ്റി. സമയം നോക്കി, വാച്ച് നിലച്ചിരിക്കുന്നു. ഇനി തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി... പിന്നെയാണ് കണ്ണൂര്‍. രാത്രി പന്ത്രണ്ടു ഇരുപതിനാണ് അവിടെ എത്തുക, സമയത്തിന് എത്തുകയാണെങ്കില്‍. ഷൊര്‍ണൂര്‍ നിന്ന് അത്താഴം കഴിക്കണം. പക്ഷേ തന്റെ പണവും കാര്‍ഡുമൊന്നും ആരും സ്വീകരിക്കുന്നുമില്ല. അത്താഴമൊന്നും വേണ്ടെന്നുവെക്കാം. കൈയില്‍ അല്‍പ്പം പഴങ്ങള്‍ കരുതിയിട്ടുണ്ട്; ബിസ്കറ്റും. തൃശൂര്‍ എത്തിയത് അറിഞ്ഞില്ല. അവിടന്ന് കേറിയ ഒരാളുടെ കൈയില്‍ ബഷീറിന്റെ 'ബാല്യകാലസഖി' കണ്ടു. ഏതോ പഴയ പതിപ്പാണ്. കെട്ടും മട്ടും കണ്ടാലറിയാം. താന്‍ ലക്ഷ്മിയുമായി പ്രേമത്തിലായ കാലത്താണ് അത് വായിച്ചത്. ഇരുപത്തിരണ്ടാം വയസ്സില്‍. തന്റെ പത്തൊമ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം അപ്പോഴേക്കും പ്രസിദ്ധമായി പല പതിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. നന്ദഗോപന് ആ കാലം ഓര്‍ത്തു. ബഷീറിന്റെ പ്രേമലേഖനം പ്രണയസുരഭിലമായ ആ കാലത്ത് അയാള്‍ക്ക് കാണാപ്പാഠമായിരുന്നു. തന്റെ മിടുക്കരും മിടുക്കികളുമായ പല ശിഷ്യരെയും അയാള്‍ ഓര്‍ത്തു. സ്കൂള്‍ ലൈബ്രറിയില്‍ മലയാളപുസ്തകങ്ങള്‍ വരുത്തുന്നതും ഏറെക്കാലം അയാളായിരുന്നു. അതുകൊണ്ടാകാം പല പുസ്തകങ്ങളും ആദ്യം ഇറങ്ങിയ വര്‍ഷങ്ങള്‍ ഇത്രയധികം ഇന്നും ഓർമയില്‍ നില്‍ക്കുന്നത്. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' ഇറങ്ങിയ ഉടന്‍ വായിച്ച ഒരാള്‍ നന്ദഗോപനായിരുന്നു. 'മലയാളത്തില്‍ സി.വിക്കു ശേഷം ക്ലാസിക്കുകള്‍ ഉണ്ടാവുന്നില്ലെന്നു ആരു പറഞ്ഞു' എന്ന പേരില്‍ പ്രാദേശികപത്രത്തില്‍ ഒരു ലേഖനവും അതിനെക്കുറിച്ചെഴുതി, അതിറങ്ങിയ 1958ല്‍ തന്നെ. എം.ടിയുടെ 'നാലുകെട്ടും' ആവര്‍ഷം തന്നെയാണിറങ്ങിയത്. അതിനെക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. അതിനും രണ്ടു വര്‍ഷം മുമ്പ് പുറത്തു വന്ന 'ചെമ്മീനി'നെയും. കള്ളപ്പേരിലാണ് ലേഖനം എഴുതിയത്. സി.വിക്കും ചന്തുമേനോനും ശേഷം മലയാളസാഹിത്യം മരിച്ചു എന്ന് കരുതുന്ന കുറെ ആളുകള്‍ അക്കാലത്തുണ്ടായിരുന്നു. ബഷീറിനെപ്പോലും സമ്മതമില്ലാത്തവര്‍. തര്‍ക്കത്തിനൊന്നും സമയമില്ലാത്തതിനാലാണ് കള്ളപ്പേരുപയോഗിച്ചത്. നന്ദഗോപനെ 'നന്ദിതാ ഗോപാല'നാക്കി.
വണ്ടി ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്നപ്പോള്‍ എട്ടര മണിയായിരുന്നു. അല്‍പ്പം ലേറ്റ് ആണ്. സ്റ്റേഷന് ചുവരുകളില്‍ മുഴുവന്‍ ഇ.എം.എസിന്റെ ചിത്രങ്ങള്‍. 'ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റു' എന്ന് ചുവന്ന അക്ഷരത്തില്‍ അച്ചടിച്ച പോസ്റ്ററുകളും. അധികം ദിവസം പഴക്കമില്ല. ആ ദിവസം അയാള്‍ക്ക് ഓർമയുണ്ട്. റോഡു നീളെ ചെങ്കൊടികളായിരുന്നു. 1957 ഏപ്രില്‍ അഞ്ച്. തനിക്കും അല്‍പ്പം സന്തോഷം തോന്നാതിരുന്നില്ല. ഒന്നുമില്ലെങ്കില്‍ അധികവും പഠിപ്പുള്ള മന്ത്രിമാരാണല്ലോ. കൃഷ്ണയ്യരും മുണ്ടശ്ശേരിയും എ.ആര്. മേനോനും...വിശപ്പ് തോന്നിയപ്പോള്‍ ഒരു ആപ്പിളും ഏത്തപ്പഴവും കഴിച്ചു വെള്ളം കുടിച്ചു. അതിനെ അയാള്‍ അത്താഴം എന്ന് വിളിക്കാന്‍ തീര്‍ച്ചയാക്കി.
തിരൂര്‍ സ്റ്റേഷനില്‍ ഒരു പയ്യന് സായാഹ്ന പത്രവുമായി ഓടി നടക്കുന്നുണ്ടായിരുന്നു. ''ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ചു, സായാഹ്നപത്രം, കാലണ'' എന്ന് വിളിച്ചു പറഞ്ഞാണ് അവന് ഓടിനടന്നിരുന്നത്. പലരും പത്രം വാങ്ങുന്നുണ്ടായിരുന്നു. നന്ദഗോപനും കൗതുകംകൊണ്ട് ഒരെണ്ണം വാങ്ങി. ആദ്യം നോക്കിയത് തീയതിയാണ്. 1948 ജൂണ്‍ 17. പഴയ ചിത്തഭ്രമം തിരിച്ചു വരുംപോലെ. നാല്പ്പത്തെട്ടില് തനിക്കു ഇരുപത്തിമൂന്ന് വയസ്സ്. ആ ദിവസം അയാള്‍ക്ക് ഓർമയുണ്ട്. രമണന് കാണാപ്പാഠമാക്കിയ ഒരാള്‍ക്ക് അത് ഓര്‍ക്കാതെ വയ്യല്ലോ. സാക്ഷരകേരളം മുഴുവന്‍ ഏങ്ങലടിച്ചു കരഞ്ഞ ദിവസങ്ങളായിരുന്നു ആ ആഴ്ച മുഴുവന്‍. ആ പത്രത്തില്‍ സുമുഖനായ ചങ്ങമ്പുഴയുടെ ഒരു ചിത്രവും ചില കവിതകളുടെ വരികളും രമണന്റെ പ്രസിദ്ധമായ ആമുഖപ്രസ്താവവുമെല്ലാം ഉണ്ടായിരുന്നു; കൃതികളുടെ അപൂർണമായ ഒരു പട്ടികയും. വണ്ടി അല്‍പ്പംകൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ വിലാപജാഥപോലെ കറുത്ത ബാഡ്ജ് ധരിച്ച ഖദര്‍ധാരികളുടെ ഒരു സംഘം മൂകമായി നീങ്ങുന്നത് കണ്ടു. ഗാന്ധിയുടെ പടം മാലയണിയിച്ചു മുന്നില്‍ ഒരാള്‍ കൈയില്‍ പിടിച്ചിട്ടുണ്ട്. ചിലര്‍ പോസ്റ്ററുകളും പിടിച്ചിരിക്കുന്നു. 'ഗാന്ധി ജയിക്കട്ടെ!', 'മഹാത്മാവിന്റെ കൊലപാതകിയെ ഉടന്‍ അറസ്റ്റു ചെയ്യുക' ഇങ്ങനെ ചില മുദ്രാവാക്യങ്ങള്‍. ജൂണില്നിന്ന് മുമ്പത്തെ ജനുവരിയിലേക്ക് അല്‍പ്പം ചില കിലോമീറ്ററുകളെ ഉള്ളൂ എന്ന് നന്ദഗോപന് തോന്നി. ഒപ്പം മറ്റൊരു കാര്യവും ശ്രദ്ധയില്‍പെട്ടു: അടുത്തൊന്നും വഴിയില്‍ വലിയ കെട്ടിടങ്ങളൊന്നും കാണാനില്ലായിരുന്നു. മൂന്നു വര്‍ഷം മുമ്പു യാത്ര ചെയ്തപ്പോള്‍ വഴിയരികില്‍ ഒരുപാട് വലിയ കടകളും സൂപ്പര്‍ സ്റ്റോറുകളും ഹോട്ടലുകളും കണ്ടിരുന്നു. സ്റ്റേഷനുകള്‍ക്കും കൂടുതല്‍ പഴക്കം തോന്നിച്ചു. ചില യാത്രക്കാര്‍ ഷര്‍ട്ട് പോലും ഇട്ടിരുന്നില്ല.
ഇക്കുറി സ്വപ്നത്തില്‍ കണ്ടത് നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ താന്‍ ഒറ്റപ്പെടുന്നു. അച്ഛനെയും അമ്മയെയും കാണാനില്ല. കരഞ്ഞുകൊണ്ട് നടക്കുന്നതിനിടയില്‍ ഒരാന ഓടി വരുന്നു...ഒരു ബഹളം കേട്ടാണ് നന്ദഗോപന് ഉണര്‍ന്നത്. അത് സ്വപ്നമായിരുന്നില്ല, കോഴിക്കോടായിരുന്നു. ഒരു പയ്യന് ''രമണന്, രമണന്, നാലണ മാത്രം'' എന്ന് വിളിച്ചു നടക്കുന്നു. ചങ്ങമ്പുഴയുടെ പുസ്തകത്തിന്റെ കുറെ കോപ്പികളും നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ഒരു പാടു പേര് അത് വാങ്ങുന്നുണ്ട്, കുറേപ്പേര് സ്ത്രീകള്‍. പിന്നെ ഒരു കംപാർട്മെന്റില്‍ നിറയെ ഉണ്ടായിരുന്ന പട്ടാളക്കാര്‍. പയ്യന്റെ കൈകള്‍ വേഗം ശൂന്യമായി. പുസ്തകം ഇറങ്ങിയിട്ടേയുള്ളൂ എന്ന് വ്യക്തം. എന്നായിരുന്നു രമണന് ഇറങ്ങിയത്? നന്ദഗോപന് ഓര്‍ത്തെടുക്കുകയായിരുന്നു. അയാളുടെ അധ്യാപകമനസ്സ് അധികം സമയമെടുത്തില്ല: 1936. അയാള്‍ ആ സമര്‍പ്പണം പോലും ഓര്‍ത്തു, ഒരു പ്രകടപ്രസംഗത്തിന് വേണ്ടി പഠിച്ചതാണ്, സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍:
''ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ള!''
ഒരു ഗദ്ഗദസ്വരത്തിലല്ലാതെ 'കൈരളി'ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം!
അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശയുടെയും നടുവിൽപ്പെട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്!
ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി,
ആ 'മണിനാദം' ദയനീയമാംവിധം അവസാനിച്ചു!
അന്ധമായ സമുദായം -നിഷ്ഠുരമായ സമുദായം- അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു!
പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൗതികാക്രമങ്ങൾക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു!
ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുന്നിൽ ഈ സൗഹൃദോപഹാരം ഞാനിതാ കണ്ണീരോടുകൂടി സമർപ്പിച്ചുകൊള്ളുന്നു.''
ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ അടുത്ത് വന്നിരുന്നയാള്‍ ചോദിച്ചു: ''കുട്ടി എങ്ങോട്ടാ? ഒറ്റയ്ക്കാണോ?'' നന്ദഗോപന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അയാള്‍ അടുത്ത സീറ്റുകളിലേക്ക് നോക്കി. അവയിലൊന്നും കുട്ടികള്‍ ഇല്ലായിരുന്നു. അയാള്‍ ഒന്നും പറയാതിരിക്കുന്നതു കണ്ടപ്പോള്‍ സംസാരം നിലച്ചു. താന്‍ ഊമയാണെന്നു അയാള്‍ കരുതിയിരിക്കാം. ഇനിയുമുണ്ട് രണ്ടു മണിക്കൂര്‍. നന്ദഗോപന് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും അസാധാരണമായ ഒരു ഭയം അയാളെ പിടികൂടിയിരുന്നു. വടകരയിലും തലശ്ശേരിയിലും ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്തെങ്കിലും ആരോടും സംസാരിക്കാന്‍ അയാള്‍ ധൈര്യപ്പെട്ടില്ല. വെള്ളം കുടിക്കാന്‍ നോക്കിയപ്പോള്‍ താന്‍ വല്ലാതെ ചെറുതായിരിക്കുന്നു എന്നു മാത്രം അയാള്‍ക്ക് മനസ്സിലായി.
അവസാനം അതാ കണ്ണൂര്‍. പാതിരാ ആയതിനാല്‍ സ്റ്റേഷനില്‍ അധികം പേരില്ല. പെട്ടി പൊക്കാന്‍ പ്രയാസമായിരുന്നു. മുകളില്‍നിന്ന് അതെടുക്കാന്‍ ആരോ സഹായിച്ചു. വാതില്ക്കല് കൊണ്ടുതരികയും ചെയ്തു. ഇറങ്ങുന്നവരെയൊക്കെ നിരീക്ഷിച്ചുകൊണ്ട് ഗൗരി നില്‍പ്പുണ്ട്. നിഷാദ് ഉറങ്ങിയിരിക്കും. എങ്കിലും അവനെ തനിച്ചാക്കി മകള്‍ വന്നത് അയാള്‍ക്ക് ഇഷ്ടമായില്ല. രാമനാഥന് യാത്രയിലായിരുന്നല്ലോ. എന്താണ് ഗൗരി തന്നെ നോക്കാത്തത്? ''ഗൗരീ, ഞാന്‍ ഇവിടെയുണ്ട്'', നന്ദഗോപന് വിളിച്ചുപറഞ്ഞു, പക്ഷേ ഒച്ച പൊങ്ങുന്നില്ലായിരുന്നു. ഗൗരി ''അച്ഛാ, അച്ഛാ'' എന്ന് വിളിച്ചു പ്ലാറ്റ്ഫോമിലാകെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. സ്റ്റേഷനില്‍നിന്നുള്ള വെളിച്ചം പൊട്ടിച്ചൂട്ടുപോലെ തന്നെ വഴി തെറ്റിച്ചു ഞെരിക്കാന്‍ കൈനീട്ടുംപോലെ നന്ദഗോപനു തോന്നി. വണ്ടി ആനകളുടെ ഒരു നിരയാണെന്നും. അയാളുടെ കരച്ചില് ഉത്സവപ്പറമ്പില്‍നിന്ന് വാങ്ങി ഈമ്പിക്കുടിച്ച കരിമ്പിന് കഷണത്തിന്റെ ചണ്ടിപോലെ തൊണ്ടയില്‍ തടഞ്ഞുനിന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.