മൂന്നുമുതൽ അഞ്ച് ആഴ്ചവരെയൊക്കെ കോഴിമുട്ട കേടുകൂടാതെ റഫ്രിജറേറ്ററിലും മറ്റും സൂക്ഷിക്കാനാകുമെന്നാണ് പറയാറുള്ളത്. ഇംഗ്ലണ്ടിലെ ബക്കിങ്ഹാമിൽനിന്ന് കണ്ടെടുത്ത ഒരു കോഴിമുട്ടയുടെ പ്രായം ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത് 1700 വർഷമാണ്. അവിശ്വസനീയമായി തോന്നാം.
എന്നാൽ, സംഗതി സത്യമാണ്. ബക്കിങ്ഹാമിൽ പുരാഖനനത്തിലേർപ്പെട്ട ഒരുസംഘം ഗവേഷകർക്കാണ് തിരച്ചിലിനിടയിൽ നാല് കോഴിമുട്ടകൾ കിട്ടിയത്.
1700 വർഷം മുമ്പ് ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ജനവിഭാഗങ്ങളുടെ നഗരാവശിഷ്ടങ്ങൾ ഖനനം ചെയ്യുന്നതിനിടെയാണ് തുകൽ ചെരിപ്പ്, മൺപാത്രം, മൃഗങ്ങളുടെ അസ്ഥി എന്നിവക്കൊപ്പം മുട്ടയും കണ്ടെത്തിയത്. ഇവക്കെല്ലാം ഏതാണ്ട് 1700 വർഷമാണ് ഗവേഷകർ ശാസ്ത്രീയ പരിശോധനക്കൊടുവിൽ തിട്ടപ്പെടുത്തിയത്. നാലിൽ രണ്ട് മുട്ടയും ഖനന സമയത്തുതന്നെ പൊട്ടിയിരുന്നു.
മൂന്നും നാലും പൂർണരൂപത്തിൽത്തന്നെ കിട്ടി. എന്നാൽ, മൂന്നാമത്തേത് അറിയാതെ പൊട്ടിയപ്പോൾ അതിൽനിന്ന് ഫോസ്ഫറസിന്റെ കെട്ട ഗന്ധം പുറത്തുവന്നു. സാധാരണഗതിയിൽ ഒന്നോ രണ്ടോ വർഷമേ ഫോസ്ഫറസ് സാന്നിധ്യമുണ്ടാകൂ. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഗവേഷകർക്കിടയിൽ വലിയ ചർച്ചയായി. ഇതിന് ഉത്തരം കണ്ടെത്താൻ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളൂ: അവശേഷിക്കുന്ന മുട്ട ശാസ്ത്രീയമായി പരിശോധിക്കുക.
എന്നാൽ, പുരാഖനനത്തിൽനിന്ന് കണ്ടെടുത്ത വസ്തു എന്ന നിലയിൽ അത് സംരക്ഷിക്കുകയും വേണം. ഇതുരണ്ടും ഒരുപോലെ സാധ്യമാക്കാൻ മുട്ട സ്കാൻ ചെയ്യാൻ തീരുമാനിച്ചു. മുട്ടക്കുള്ളിൽ ദ്രവരൂപത്തിൽ മഞ്ഞക്കരുവും വെള്ളയും (ആൽബുമിൻ) കേടില്ലാതെ അവശേഷിച്ചതായി സ്കാനിങ്ങിൽ തിരിച്ചറിഞ്ഞതോടെ ഗവേഷകരുടെ അത്ഭുതം ഇരട്ടിച്ചു.
ഉള്ളിൽ മഞ്ഞയും ആൽബുമിനും അടങ്ങിയ വർഷങ്ങൾ പഴക്കമുള്ള മുട്ടകൾ ഗവേഷകർ സൂക്ഷിച്ചിട്ടുണ്ട്. അതുപക്ഷേ, മമ്മിഫൈഡ് രൂപത്തിലാണ്. എന്നാൽ, ഒരു സംരക്ഷണ സംവിധാനവുമില്ലാതെ ഇത്രയും കാലം ഈ മുട്ട കേടുകൂടാതെ അവശേഷിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
മുട്ടക്ക് ചെറിയ ദ്വാരമിട്ട് അതിനുള്ളിലെ ദ്രവസാമ്പിൾ ശേഖരിക്കാനാണ് ഗവേഷകരുടെ പദ്ധതി. അതുവഴി, മുട്ടയിട്ട കോഴിയെക്കുറിച്ച വിവരങ്ങൾ ലഭ്യമാകും. ഒരുപക്ഷേ, സവിശേഷ ജീവിവർഗമായിരിക്കും ഇതെന്നും അനുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.