ഗസ്സ സിറ്റി: വെടിനിർത്തൽ അവസാനിപ്പിച്ച് വെള്ളിയാഴ്ച ഇസ്രായേൽ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചപ്പോൾ ‘പുതിയ റൗണ്ട് കൂട്ടക്കൊലക്ക് തുടക്കം കുറിച്ചു’വെന്ന ഇറാന്റെ പ്രതികരണം അന്വർഥമാക്കുംവിധം ഗസ്സ ചീന്തിലുടനീളം മനുഷ്യക്കുരുതി. വടക്കൻ ഗസ്സയിലേതുപോലെ മുഴുനീള ബോംബിങ്ങിനൊപ്പം കര, നാവിക ആക്രമണവും തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ഇസ്രായേൽ സേന തന്നെ വെള്ളിയാഴ്ച പ്രസ്താവിച്ചിരിക്കുകയാണ്.
വെടിനിർത്തൽ നിർദേശങ്ങൾ മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമങ്ങൾ ഫലം കാണാതെ പോയതിനു പിന്നിലും ഇസ്രായേലിന്റെ വിപുല ലക്ഷ്യങ്ങളാണെന്നാണ് സൂചന. മധ്യസ്ഥർ മുന്നോട്ടുവെച്ച ചില നിർദേശങ്ങളിൽ വ്യക്തതയുണ്ടായിരുന്നുവെന്നും മൂന്നെണ്ണം തങ്ങൾ സ്വീകരിച്ചുവെന്നും എന്നാൽ ഇസ്രായേൽ എല്ലാം നിരസിച്ചെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ പറഞ്ഞതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്.
അതേസമയം, ഗസ്സയിലും വെസ്റ്റ് ബാങ്കിലും സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിനുള്ള മറുപടിയായി തങ്ങൾ ഇസ്രായേൽ നഗരങ്ങൾ ആക്രമിച്ചുവെന്ന് ഹമാസ് തങ്ങളുടെ ട്വിറ്റർ ചാനലിലൂടെ അറിയിച്ചു. അതിർത്തിയിലെ ഇസ്രായേൽ പട്ടണങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് ജിഹാദും അവകാശപ്പെട്ടു.
താൽക്കാലിക വെടിനിർത്തലിനും ഇസ്രായേൽ ജയിലിലുള്ള 240 ഫലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ആകെ 100 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. 137 ഇസ്രായേൽ പൗരൻമാരെ ഹമാസ് ഇപ്പോഴും ബന്ദികളായി വെച്ചിരിക്കുകയാണെന്ന് ഇസ്രായേൽ പറയുന്നുണ്ട്.
• ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതോടെ റഫ അതിർത്തി വഴി ഗസ്സയിലേക്കുള്ള സഹായ ട്രക്ക് നീക്കം നിലച്ചു. നാളുകളോളം നീണ്ട ഉപരോധത്തിനും യുദ്ധത്തിനുമൊടുവിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ സഹായവിതരണം ഊർജിതമായി വരുന്നതിനിടയിലാണിത്.
• ഇസ്രായേൽ ബോംബിങ്ങിനെ തുടർന്ന് പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ വീണ്ടും നിറയാൻ തുടങ്ങിയതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
• അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അതിക്രമം തുടരുന്ന ഇസ്രായേൽ വിവിധ നഗരങ്ങളിൽനിന്നായി 15 പേരെ കൂടി അറസ്റ്റ് ചെയ്തു. ജെനിൻ, ഹെബ്രോൺ, റാമല്ല, തുൽക്കരെം എന്നിവിടങ്ങളിൽനിന്നാണ് ഫലസ്തീനികളെ പിടികൂടിയത്. ഒക്ടോബർ ഏഴിനു ശേഷം അധിനിവിഷ്ട പ്രദേശങ്ങളിൽനിന്നായി 3400ഓളം ഫലസ്തീനികളെ ഇസ്രായേൽ പിടികൂടിയിട്ടുണ്ട്.
• ഇതിനിടെ വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ ജനതക്കുമേൽ അതിക്രമം അഴിച്ചുവിടുന്ന ഇസ്രായേൽ കുടിേയറ്റക്കാർക്ക് വിസ നിരോധിക്കുമെന്ന് യു.എസ്.
• താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിൽ ഖേദിക്കുന്നുവെന്നും ദുഃഖകരമാണെന്നും ഫ്രാൻസ്. ഇത് ഒരു പരിഹാരവും ഉണ്ടാക്കില്ലെന്ന് മാത്രമല്ല, കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോവുകയാണുണ്ടാവുകയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ ദുബൈയിൽ പറഞ്ഞു.
• വെടിനിർത്തൽ തുടരുന്നതിന് അന്താരാഷ്ട്ര സമൂഹം കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് ജർമനി ആഹ്വാനംചെയ്തു.
• ഇസ്രായേലിന്റെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ സമ്മേളനം ‘കോപ് 28’ൽനിന്ന് ഇറാൻ പ്രതിനിധിസംഘം ഇറങ്ങിപ്പോയി.
ഗസ്സ: ഇസ്രായേൽ ആക്രമണം പുനരാരംഭിച്ച ഗസ്സയിലെ വീടുകളിൽ ബോംബ് വർഷം. റഫ, ജബലിയ, മഗാസി, നസ്റേത്ത് തുടങ്ങി വിവിധ ഇടങ്ങളിലെ വീടുകളിലേക്കാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. പാര മെഡിക്കൽ ജീവനക്കാരും മാധ്യമപ്രവർത്തകനുമടക്കം നിരവധിപേർക്ക് ജീവൻ നഷ്ടമായി. ഖാൻ യൂനിസിൽ പുതിയ ലക്ഷ്യമായ നാസർ ആശുപത്രിക്ക് സമീപം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ മുഴുവൻ ആംബുലൻസുകളിൽ മാറ്റാൻ ഏറെ സമയമെടുത്തു.
റഫയിലും ഖാൻ യൂനിസിലും പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യമായ ഉപകരണങ്ങളില്ലാത്ത ദുഃസ്ഥിതിയാണ്. എല്ലായിടത്തും ബോംബ് വർഷിക്കുകയാണെന്ന് വടക്കൻ ഗസ്സയിൽ താമസിക്കുന്ന യൂസ്രി അൽഗൂൽ പറഞ്ഞു. ജബലിയ അഭയാർഥി ക്യാമ്പിലേക്ക് 17 വയസ്സുള്ള മകനുമായി പലായനംചെയ്യുന്നതിനിടെ ഷാതി ക്യാമ്പിൽനിന്ന് വെടിയൊച്ചയും ബോംബ് വർഷവും കേട്ടെന്ന് അദ്ദേഹം പറഞ്ഞു. തെരുവുകളിലും റോഡുകളിലും മൃതദേഹങ്ങൾ കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.