മന്ത്രിസഭ വികസിപ്പിച്ച് റനിൽ; ചേരില്ലെന്ന് മുഖ്യ പ്രതിപക്ഷം

കൊളംബോ: ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ നാലു മന്ത്രിമാരെ ഉൾപ്പെടുത്തി ഐക്യസർക്കാർ മന്ത്രിസഭ രൂപവത്കരിച്ചു. ജനരോഷത്തെ തുടർന്ന് രാജിവെച്ച മഹിന്ദ രാജപക്സ നയിച്ചിരുന്ന മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന ജി.എൽ. പെരിസിന് ഇതേ വകുപ്പ് തന്നെ നൽകിയിട്ടുണ്ട്. 20 അംഗ മന്ത്രിസഭയാകും രൂപവത്കരിക്കുക എന്നാണറിയുന്നത്. ഇതിനിടെ, പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കുന്ന റനിലിന് പിന്തുണ നൽകുമെന്ന് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്.എൽ.പി.പി) അറിയിച്ചു. 'റനിലുമായി ഞങ്ങൾക്ക് രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റാനാവശ്യമായ അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്ന നേതാവാണദ്ദേഹം' -എസ്.എൽ.പി.പി നേതാവ് എസ്.എം. ചന്ദ്രസേന അഭിപ്രായപ്പെട്ടു.

സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ ഇടക്കാല ഐക്യസർക്കാറിൽ ചേരണമെന്ന് ആവശ്യപ്പെട്ട് റനിൽ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസക്ക് കത്തയച്ചിട്ടുണ്ട്. രാഷ്ട്രീയ വേർതിരിവ് മാറ്റിവെച്ച് കക്ഷിരഹിത സർക്കാറിന്റെ ഭാഗമായി രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. എന്നാൽ, റനിൽ മന്ത്രിസഭയിൽ ചേരില്ലെന്നും അദ്ദേഹത്തിന്റേത് നിയമവിരുദ്ധ നിയമനമാണെന്നുമുള്ള നിലപാടിൽ തന്നെയാണ് മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്.ജെ.ബി.വി)യും മറ്റ് പ്രതിപക്ഷ പാർട്ടികളും. 225 അംഗ പാർലമെന്റിൽ എസ്.എൽ.പി.പിക്ക് 114 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി. മറ്റു ചില ചെറു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ റനിലിന് ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ധനത്തിനും പാചകവാതകത്തിനുമുള്ള ക്ഷാമം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭരംഗത്തുതന്നെയാണ്.  

Tags:    
News Summary - New Lankan PM Ranil Wickremesinghe Inducts 4 Ministers into Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.