കറാച്ചി: പാക്കിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയർത്തിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായെന്ന് പാക് ധനമന്ത്രാലയം അറിയിച്ചു. സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിയിൽ ഉഴലുന്നതിനിടെയാണ് ഇന്ധന വില വർധനയെന്നത് തിരിച്ചടിയായിരിക്കുകയാണ്.
പാക്കിസ്ഥാൻ രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില കുത്തനെ വർധിപ്പിക്കാൻ കാരണമായത്. ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്ന് പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ്ദർ പറഞ്ഞു. ഒക്ടോബർ മുതൽ പെട്രോൾ വില വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റെയും വിലയും വർധിപ്പിച്ചിരിക്കുകയാണ്. ലിറ്ററിന് 18 രൂപയാണ് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 187 രൂപയുമാണ് പുതിയ വില. ഞായറാഴ്ച രാവിലെ 11 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.
2022 ൽ വിലക്കയറ്റം 25 ശതമാനം വരെ വർധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികൾക്ക് 500 ശതമാനം വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി ആറിന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61 ശതമാനമാണ് വർധിച്ചത്. രാജ്യത്ത് ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില.
ദാറിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി, പെട്രോൾ വില വൻതോതിൽ വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പാക്കിസ്ഥാന്റെ പല ഭാഗങ്ങളിലും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവിന് കാരണമായി. ഫെബ്രുവരി ഒന്നിന് പെട്രോളിന്റെയും ഡീസലിന്റെയും വില 45 രൂപ മുതൽ 80 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.