കൊളംബോ: ശ്രീലങ്കയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുതിർന്ന നേതാവ് റനിൽ വിക്രമസിംഗെയെ നിയമിച്ച് ജനരോഷം തണുപ്പിക്കാനുള്ള പ്രസിഡന്റ് ഗോടബയ രാജപക്സയുടെ ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി. അപ്രതീക്ഷിത നീക്കത്തിലൂടെ വ്യാഴാഴ്ച ചുമതലയേറ്റ റനിലിന്റെ സർക്കാറിൽ ചേരില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികൾ, അദ്ദേഹത്തിന്റെ നിയമനം ജനഹിതത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതികരിച്ചു. എന്നാൽ, സാമ്പത്തിക പുനരുജ്ജീവന പരിപാടികളുമായി സഹകരിക്കുമെന്ന് അവർ വ്യക്തമാക്കി.
അതേസമയം, രാജപക്സ വിരുദ്ധ പ്രക്ഷോഭം നടക്കട്ടെയെന്നും താൻ അതിൽ ഇടപെടുന്നില്ലെന്നും പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കി. സ്ഥാനമേറ്റെടുത്തശേഷം തലസ്ഥാന നഗരിയിലെ പ്രമുഖ ബുദ്ധവിഹാരം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പൂർണ സാമ്പത്തിക തകർച്ചക്ക് ഉത്തരവാദികളായ രാജപക്സ സർക്കാറിനെതിരെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സക്ക് രാജിവെക്കേണ്ടി വന്നതിനെ തുടർന്നാണ്, തന്റെ അടുപ്പക്കാരനായ റനിലിനെ പ്രസിഡന്റ് ഗോടബയ നിയമിച്ചത്. പ്രസിഡന്റ് രാജിവെക്കുന്നതുൾപ്പെടെയുള്ള ഉപാധികൾ അംഗീകരിച്ചാൽ ഇടക്കാല ഐക്യ സർക്കാർ രൂപവത്കരിക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്തമാക്കിയതിനു പിറകെയാണ് അപ്രതീക്ഷിതമായി റനിലിന്റെ പേര് ഉയർന്നുവന്നത്.
രാജപക്സ-വിക്രമസിംഗെ സർക്കാറിന്റെ ഭാഗമാകാൻ തങ്ങളില്ലെന്ന്, ഗോടബയയുടെ പാർട്ടിയായ എസ്.എൽ.പി.പിയിലെ തന്നെ സ്വതന്ത്ര വിഭാഗത്തിന്റെ നേതാവ് വിമൽ വീരവൻസ വെള്ളിയാഴ്ച പറഞ്ഞു. സർക്കാറിലേക്കില്ലെന്ന്, മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എൽ.എഫ്.പിയും പ്രതികരിച്ചു. പാർലമെന്റിലേക്ക് ഒരാളെ പോലും എത്തിക്കാൻ സാധിക്കാത്ത യു.എൻ.പി നേതാവ് റനിൽ വിക്രമസിംഗെക്ക് പദവിയിൽ ഇരിക്കാൻ അർഹതയില്ലെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി കുറ്റപ്പെടുത്തി.
ഈ മന്ത്രിസഭയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ച എസ്.ജെ.ബി നേതാവ് രഞ്ജിത്ത് മഡ്ഡുമ, റനിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ജനശബ്ദത്തിന് ഒട്ടുംവില കൽപിക്കാത്ത നീക്കമാണിതെന്ന് മറ്റൊരു പ്രതിപക്ഷ കക്ഷിയായ ജെ.വി.പിയുടെ നേതാവ് അരുണ കുമാര ദിസ്സനായകെയും പ്രതികരിച്ചു.
രാജ്യത്തെ പ്രമുഖ ബുദ്ധപുരോഹിതിനും പൗരസമൂഹ പ്രതിനിധികളുമാണ് ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, പ്രതിപക്ഷം ഇടഞ്ഞുതന്നെ നിൽക്കുന്നതോടെ പുതിയ പ്രധാനമന്ത്രിക്ക് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന് സംശയമുയർന്നിരിക്കുകയാണ്. 225 അംഗ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട തന്റെ ഒരു സീറ്റുമാത്രമാണ് റനിലിന്റെ പാർട്ടിക്കുള്ളത്. മറ്റു പ്രതിപക്ഷ പാർട്ടികളെല്ലാം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷം വാങ്ങി നൽകാൻ ഗോടബയക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ദ്വീപുരാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.