കരുനാഗപ്പള്ളി: റിട്ട. ഡെപ്യൂട്ടി ഹെൽത്ത് ഡയറക്ടറും ജനകീയ ഡോക്ടറും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറുമായ കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം (പുത്തൻതെരുവ്) അനസ് മൻസിലിൽ ഡോ. എൻ.എ. മൻസൂർ (77) നിര്യാതനായി. കൊല്ലം പരവൂർ പൊഴിക്കര നീരൊഴുക്കിൽ വീട്ടിൽ കുടുംബാംഗമാണ്. നാല് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് മരിച്ചത്.
കരുനാഗപ്പള്ളി പുത്തൻതെരുവിൽ 1970 കളിൽ സ്വകാര്യ ആശുപത്രി സ്ഥാപിച്ച് ജനകീയ ഡോക്ടറായി നാട്ടിൽ ശ്രദ്ധേയനായി. പിന്നീട് സർക്കാർ സർവിസിൽ പ്രവേശിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് മുതൽ സലഫി പ്രസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ ഡോക്ടർ മൻസൂർ കൊല്ലം ജില്ലയിൽ പ്രസ്ഥാനത്തിനെ വളർത്തുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. കെ.എൻ.എം കൊല്ലം ജില്ല പ്രസിഡൻറ്, പുത്തൻതെരുവ് സലഫി ട്രസ്റ്റ് സ്ഥാപകചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സലഫി ട്രസ്റ്റിെൻറ ചെയർമാനാണ്.
ഭാര്യ: ഫിർദൗസ. മക്കൾ: ഷെബാന (കോഴിക്കോട്, ജെ.ഡി.ടി പോളിടെക്നിക് അധ്യാപിക), ഷറീന (അബൂദബി), അനസ് (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: അൻസാരി (ചീഫ് എൻജിനീയർ, ഹാർബർ എൻജിനീയറിങ് വകുപ്പ്), ആസിഫ് (ബിസിനസ്, ദുബൈ). ഖബറടക്കം കോവിഡ് പരിശോധനക്കുശേഷം വെള്ളിയാഴ്ച പുത്തൻതെരുവ് ശരീഅത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.