അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം
ചേർത്തല: കണിച്ചുകുളങ്ങരക്ക് സമീപം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ച സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ വീട്ടിൽ ബിനു ചാക്കോയാണ് (39) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ ഓട്ടോകാസ്റ്റിന് മുൻവശത്തായിരുന്നു അപകടം. അസമിൽ ജോലി ചെയ്യുന്ന ബിനു കഴിഞ്ഞ 12ന് നാട്ടിൽ വന്നതാണ്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തെ സുഹൃത്തിന്റെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ തിരികെ നൽകി നെടുമ്പാശ്ശേരിയിൽനിന്ന് ഗുവാഹതി വിമാനത്തിൽ ജോലി സ്ഥലത്തേക്ക് മടങ്ങാൻ തകഴിയിലെ വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പൊള്ളാച്ചിയിൽനിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി. മാരാരിക്കുളം പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് കാർ പൊളിച്ചാണ് ബിനുവിനെ പുറത്തെടുത്തത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർക്കും കൂടെ ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.
ബിനു കരസേനയിൽ നായിബ് സുബേദറായി ജോലി ചെയ്തുവരുകയാണ്. പിതാവ്: ചാക്കോ ജോസഫ്. മാതാവ്: തങ്കമ്മ. ഭാര്യ: ഷൈനി (അധ്യാപിക ,ദേവമാത സ്കൂൾ, ചേന്നങ്കരി). മക്കൾ: ബിയോൺ ഷിനു, ഷാരോൺ മരിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പടഹാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.