തിരുവനന്തപുരം: സർക്കാർ -ഗവർണർ പോരിൽ സ്ഥിരം വൈസ്ചാൻസലറില്ലാതെ കേരള സർവകലാശാലക്ക് ഒരു വർഷം. വൈസ്ചാൻസലറായിരുന്ന ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി പൂർത്തിയായത് 2022 ഒക്ടോബർ 24നാണ്. തുടർന്ന് വി.സിയുടെ താൽക്കാലിക ചുമതല നൽകിയ ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് കേരള വി.സിയുടെ ചുമതലയിൽ ഒരു വർഷവും പൂർത്തിയാകുന്നു.
ഒരു വർഷം വരെ സ്ഥിരം വി.സിയില്ലാത്ത സാഹചര്യം സർവകലാശാലയുടെ ചരിത്രത്തിൽ അപൂർവവുമാണ്. കേരളക്ക് പിന്നാലെ ആറു സർവകലാശാലകളിൽ കൂടി സർക്കാർ -ഗവർണർ പോരിൽ സ്ഥിരം വി.സിമാരില്ലാത്ത സാഹചര്യമായി.
വി.സി നിയമനങ്ങളിൽ ബി.ജെ.പി സമ്മർദത്തിൽ ഗവർണർ ഇടപെടാൻ തുടങ്ങിയതോടെയാണ് സർക്കാറുമായുള്ള ഏറ്റുമുട്ടലിനുള്ള വഴിതുറന്നത്. ഇതു പിന്നീട് ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന നിയമനിർമാണം വരെ എത്തി.
വി.സി നിയമനത്തിൽ ഗവർണർക്ക് മേൽകൈ ഉണ്ടായിരുന്ന സെർച് കമ്മിറ്റിയുടെ ഘടന മാറ്റി പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ചംഗ സെർച് കമ്മിറ്റി കൊണ്ടുവരാനുള്ള ബില്ലാണ് നിയമസഭ ആദ്യം പാസാക്കിയത്. 2022 സെപ്റ്റംബർ മൂന്നിന് അംഗീകാരത്തിനയച്ച ബില്ലിൽ ഇതുവരെ ഗവർണർ തീരുമാനമെടുത്തിട്ടില്ല. കേരള വി.സി നിയമനത്തിന് മുന്നോടിയായി സെർച് കമ്മിറ്റിയുടെ ഘടന മാറ്റാനായിരുന്നു സർക്കാർ നീക്കം. ഇതിനായി സെർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല നൽകിയില്ല.
ഇതോടെ സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് യു.ജി.സി, ചാൻസലർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ചു. ഗവർണറുടെ നടപടി പിന്നീട് കോടതി റദ്ദാക്കി. ഇതിനിടെ കേരള വി.സിയുടെ താൽക്കാലിക ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാനുള്ള സർക്കാർ ശിപാർശ ഗവർണർ നിരസിച്ചു.
പകരം ആരോഗ്യ സർവകലാശാല വി.സി മോഹൻ കുന്നുമ്മലിന് ചുമതല നൽകി. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ആയുധമാക്കി ഒമ്പത് വി.സിമാർക്ക് ഗവർണർ നോട്ടീസ് നൽകിയത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തിരുന്നു.
കേരള വി.സി നിയമനം അനിശ്ചിതത്വത്തിലായതോടെ തുടർന്ന് ഒഴിവുവന്ന സാങ്കേതിക സർവകലാശാല, എം.ജി, കുസാറ്റ്, കാർഷികം, ഫിഷറീസ്, മലയാളം സർവകലാശാലകളിലെല്ലാം വി.സി നിയമനം പ്രതിസന്ധിയിലായി. ഈ സർവകലാശാലകളെല്ലാം ഇൻ ചാർജ് വി.സി ഭരണത്തിന് കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.