കൊല്ലപ്പെട്ട ജിഷ്ണു

വിവാഹ സംഘത്തിൽ ബോ​ംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു; തിരച്ചിൽ ഉൗർജിതം

വിവാഹ സംഘത്തിലുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന. ഏച്ചൂര്‍ സ്വദേശി മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു മരിച്ചത്. ആറു പേർക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്.

ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ട‍ടയിൽ നിന്നുമുള്ള വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്.

വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ജിഷ്ണു സംഘത്തിലുണ്ടായിരുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഇതിൽ രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽകൊണ്ട് പൊട്ടുകയായിരുന്നു. സ്ഫോടനത്തിൽ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തൽക്ഷണം അവിടെത്തന്നെ കൊല്ല​പ്പെട്ടു. ശരീരഭാഗങ്ങൾ മീറ്ററുകൾ അകലെ വരെ ചിന്നിച്ചിതറിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.

സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്,​ അനുരാഗ്​ എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ പരിക്ക്​ ഗുരുതരമാണ്.

Tags:    
News Summary - The bomber in wedding party was identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.