മോൻസണിന്‍റെ വീട്ടിൽ നിന്ന് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ നിന്ന് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് നിർമിച്ചു നൽകിയ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് പിടിച്ചെടുത്തത്.

ഇന്നലെ അർധരാത്രിയിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെ വാടക വീട്ടിലെത്തിയത്. കേസിന്‍റെ തെളിവായ വിഗ്രഹങ്ങളും ശിൽപ്പങ്ങളും ആണ് അന്വേഷണസംഘം സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തത്.

സുരേഷ് നിർമിച്ചു നൽകിയത് ഒമ്പത് വിഗ്രഹങ്ങളാണ്. എന്നാൽ, ഇതിൽ എട്ടെണ്ണം മാത്രമാണ് ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചത്. ഒരെണ്ണം മറ്റാർക്കെങ്കിലും മോൻസൺ കൈമാറിയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സുരേഷിനെ കബളിപ്പിച്ച കേസിൽ മോൻസണിന്‍റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.

ഒമ്പത് വിഗ്രഹങ്ങളും ശിൽപ്പങ്ങളും നിർമിച്ച് നൽകുന്നതിന് മോൻസൺ 80 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് സുരേഷിന്‍റെ പരാതി. എന്നാൽ, വിഗ്രഹങ്ങളും ശിൽപ്പങ്ങളും കൈമാറിയെങ്കിലും 7.30 ലക്ഷം രൂപ മാത്രമാണ് മോൻസൺ നൽകിയത്. പണം നൽകാത്തതിനെ തുടർന്ന് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് താൻ അകപ്പെട്ടെന്നും പരാതിയിൽ സുരേഷ് പറയുന്നു. മോൻസണിനെതിരായ മൂന്നാമത്തെ കേസ് ആണ് സുരേഷിന്‍റേത്.

അതേസമയം, മോൻസണിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നു മണിക്ക് മോൻസണെ കോടതിയിൽ നേരിട്ട് ഹാജരാക്കും. സംസ്കാര ടിവിയുടെ ചെയർമാനായി തട്ടിപ്പ് നടത്തിയ കേസിൽ മോൻസണിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഈ കേസിൽ കസ്റ്റഡി അപേക്ഷ ക്രൈംബ്രാഞ്ച് ഇന്ന് നൽകിയേക്കും.

Tags:    
News Summary - The crime branch seized idols and sculptures from Monson's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.