ബംഗളൂരു: മംഗളൂരുവിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബന്ത്വാൾ ടൗണിനടുത്ത ഇദുക്കി വില്ലേജിലെ കമ്യൂണിറ്റി ഹാൾ കസ്റ്റഡിയിലെടുത്തു. മിട്ടൂർ എന്ന പേരിലുള്ള ടൗൺഹാൾ ഭീകരപ്രവൃത്തികൾക്കായി ഉപയോഗപ്പെടുത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ടൗൺഹാളും ചുറ്റുമുള്ള സ്ഥലവും തങ്ങളുടെ കസ്റ്റഡിയിലാക്കിയതെന്നും എൻ.ഐ.എ സംഘം പറഞ്ഞു. നിരോധിത സംഘടനയായ പി.എഫ്.ഐ പ്രവർത്തകർ ഇവിടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പരിശീലനം നേടിയതായും പറയുന്നു. കമ്യൂണിറ്റി ഹാൾ ആർക്കും വാടകക്ക് നൽകരുതെന്നും ഒരു തരത്തിലുള്ള പ്രവൃത്തിയും ഇവിടെ നടത്തരുതെന്നും ഉടമക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണിനെ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ നെട്ടാരുവിലെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങവേ ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രവീൺ കൊല്ലപ്പെട്ട സുള്ള്യ ബെല്ലാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ വധക്കേസിൽ 20 പ്രതികൾക്കെതിരെ എൻ.ഐ.എ ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 14 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലായ ആറുപേർക്കെതിരെ തിരച്ചിൽ തുടരുകയാണ്. 240 സാക്ഷിമൊഴികളുള്ള 1500 പേജുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. കേസിലെ പ്രതിയും എൻ.ഐ.എ കസ്റ്റഡിയിലുള്ളയാളുമായ ഷാഫി ബെല്ലാരെക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്ന് അടുത്തിടെ എസ്.ഡി.പി.ഐ അറിയിച്ചിരുന്നു. ഇത് ഏറെ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.