കോഴിക്കോട്: മെഡി. കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്പെൻഷൻ. അതിലേറെ ഡോക്ടർക്ക് ശിക്ഷയായത് പരാതിക്കാരനും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണത്തിെൻറ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂനിറ്റ് ചീഫ് പ്രഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
ഐ.എം.സി.എച്ചിൽ കഴിഞ്ഞയാഴ്ചയാണ് സസ്പെൻഷന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിനടുത്ത പ്രദേശത്തെ കൂലിപ്പണിക്കാരനായ യുവാവിനോട് ഭാര്യയുടെ ശസ്ത്രക്രിയക്കുശേഷം കൈക്കൂലി വാങ്ങിയെന്നാണ് പരാതി. 2000 രൂപയാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. ഇതുസംബന്ധിച്ച് ഐ.എം.സി.എച്ച് സൂപ്രണ്ടിന് യുവതിയുടെ ഭർത്താവ് പരാതി നൽകി. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർ വിളിച്ചപ്പോൾ യുവാവ് ഫോൺ റെക്കോഡ് ചെയ്തു.
ഡോക്ടർ യുവാവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് കേണപേക്ഷിക്കുന്ന ഒാഡിയോ സന്ദേശവും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രാഥമികാന്വേഷണ റിപ്പോർട്ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചു. ഇതോടെയാണ് ഡോക്ടർക്ക് സസ്പെൻഷൻ ലഭിച്ചത്.
പരാതി പിൻവലിക്കണമെന്നും കാൽ തൊട്ട് മാപ്പു പറയാമെന്നും പറഞ്ഞ ഡോക്ടറോട് യുവാവ് പറഞ്ഞ ഡയലോഗും വൈറലായി. ഞാൻ കൂലിപ്പണിക്കാരനാണെങ്കിലും എെൻറ കാലിൽ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോൾ നിങ്ങൾക്കില്ലെന്നായിരുന്നു യുവാവിെൻറ മറുപടി.
പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നീണ്ട ഫോൺ സംഭാഷണത്തിലുടനീളം യുവാവ് ചുട്ട മറുപടിയാണ് ഡോക്ടർക്ക് നൽകിയത്. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡി. കോളജിൽ ചെരിപ്പുമാലയണിയിച്ച സംഭവം ഡോക്ടറെ ഓർമിപ്പിച്ച യുവാവ് ഇന്നങ്ങനെ ചെയ്താൽ ഞങ്ങളെ ക്രിമിനൽ കേസിൽപെടുത്തുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.