തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജ് പ്രവേശനത്തിൽ സീറ്റ് പങ്കിടുന്നതിന് സർക്കാറും മാനേജ്മെൻറുകളും ഭാഗിക ധാരണയായി. എന്നാൽ, ഫീസ് നിരക്കിൽ 30 ശതമാനം വർധന വേണമെന്ന മാേനജ്മെൻറുകളുടെ ആവശ്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇൗ മാസം 22നകം തീരുമാനം അറിയിക്കാമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചർച്ചയിൽ അറിയിച്ചു. 50 ശതമാനം സീറ്റിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ പ്രവേശനം നടത്തും. 50 ശതമാനം സീറ്റുകളിലേക്ക് മാനേജ്മെൻറ് കൺസോർട്യം അപേക്ഷ ക്ഷണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെൻറ് നടത്താനുമാണ് ധാരണ. സർക്കാർ, മാനേജ്മെൻറ് സീറ്റുകളിൽ 55,000 രൂപ വാർഷിക ഫീസും 15,000 രൂപ സ്പെഷൽ ഫീസുമാണ് കഴിഞ്ഞ വർഷം വരെയുള്ള നിരക്ക്.
ഇൗ വർഷം വാർഷിക ഫീസ് 70,000 രൂപയാക്കി ഉയർത്തണമെന്നാണ് മാനേജ്മെൻറുകളുടെ ആവശ്യം. ഏഴു വർഷമായി ഫീസ് വർധനയില്ലാത്തത് കോളജുകളുടെ നടത്തിപ്പിന് തടസ്സമാണെന്നും മാനേജ്മെൻറുകൾ വാദിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് സർക്കാറിനു വേണ്ടി പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും. ഹയർ സെക്കൻഡറി പരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. മൂന്ന് അലോട്ട്മെൻറായിരിക്കും പ്രവേശന പരീക്ഷ കമീഷണർ നടത്തുക. മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് മാനേജ്മെൻറുകൾ സ്കോളർഷിപ് നൽകണം.
ഫീസ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കരാർ ഒപ്പുവെക്കാമെന്ന് ആരോഗ്യമന്ത്രി മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചു. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിൽ 67 നഴ്സിങ് കോളജുകളും ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷന് കീഴിൽ 32 നഴ്സിങ് കോളജുകളുമാണുള്ളത്. ചർച്ചയിൽ മന്ത്രിക്ക് പുറമേ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. നളിനാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, പ്രവേശന പരീക്ഷ കമീഷണർ എം.ടി. റെജു, അസോസിയേഷനുകളെ പ്രതിനിധാനംചെയ്ത് വി. സജി, അയിര ശശി, ഫാ. സാബു നെടുനിലത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.