കനത്ത പോളിങ് രേഖപ്പെടുത്തിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉച്ചയായപ്പോഴേക്കും 45 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
കൊച്ചി: തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി. ആകെ 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്.
മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണത്തേത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71 ശതമാനം, 2021ൽ 70.39 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. അന്തിമ ശതമാനക്കണക്ക് വരുമ്പോൾ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളടക്കം എട്ട് പേരാണ് മത്സരരംഗത്തുള്ളത്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽനിന്ന് പിടികൂടിയതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ജില്ലയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വോട്ടർമാരെ മുഴുവൻ ബൂത്തുകളിലെത്തിക്കാനുള്ള ഒരുക്കം മുന്നണികൾ നടത്തിയിരുന്നു. കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് വോട്ടർമാർ രാവിലെതന്നെ കൂട്ടത്തോടെ എത്തിയതാണ് പോളിങ് തുടക്കത്തിൽ ഉയരാൻ കാരണം. എന്നാൽ, ഉച്ചക്കുശേഷം മന്ദഗതിയിലായി. കാലാവസ്ഥ പ്രവചനത്തിന് വിരുദ്ധമായി ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് ആശ്വാസകരമായി.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽതന്നെ മിക്ക ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. മണ്ഡലത്തിലെ ഏക പിങ്ക് പോളിങ് ബൂത്തിൽ യന്ത്രത്തകരാറ് മൂലം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. മറ്റൊരു ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചശേഷം വോട്ടിങ് ആരംഭിച്ചു. രാത്രിയോടെ ബാലറ്റ് യൂനിറ്റുകൾ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോ ജോസഫാണ് എൽ.ഡി.എഫിന് വേണ്ടി മത്സര രംഗത്തുള്ളത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.
കനത്ത പോളിങ് രേഖപ്പെടുത്തിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉച്ചയായപ്പോഴേക്കും 45 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമം. 66ാം നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയയാളെ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സഞ്ജു നായർ പൊലീസ് പിടിയിൽ. ഇയാളുടെ തിരിച്ചറിയൽ കാർഡ് വ്യാജമെന്ന് സംശയിക്കുന്നതായി െപാലീസ്
ഇത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിർമിച്ച വിഡിയോ ആണെന്നും സ്ഥാനാർഥിയെ മാത്രമല്ല, കുടുംബത്തെ മൊത്തം വിഷമത്തിലാക്കിയ സംഭവമാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ് ലോഡ് ചെയ്തയാൾ അറസ്റ്റിലായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു.
സത്യം പുറത്തുവരണം. അത് ജനങ്ങൾ അറിയണം. ഇക്കാര്യത്തിൽ പൊലീസ് വേണ്ടവിധം ഇടപെട്ടിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.
വോട്ടെടുപ്പ് ദിവസമായ ഇന്ന് വേറൊന്നും കിട്ടാത്തതുകൊണ്ടാണ് വ്യാജ വിഡിയോ കേസിലെ അറസ്റ്റ് എൽ.ഡി.എഫ് ആഘോഷിക്കുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. എൽ.ഡി.എഫിന്റെ കൈയിലല്ലേ ഭരണം. അവർക്കെന്തും ചെയ്യാമല്ലോ. അത് നടക്കട്ടെ. ഈ തെരഞ്ഞെടുപ്പിൽ എന്താണ് പ്രതികരണമെന്ന് നമ്മൾ കാണാൻ പോകുന്നു. വ്യാജ വിഡിയോ സംബന്ധിച്ച കാര്യങ്ങളിലൊന്നും ഇപ്പോൾ ഇടപെടുന്നില്ല. എന്റെ അഭിപ്രായം നേരത്തെ പറഞ്ഞതാണ്. ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്.
തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. ഉമ തോമസ് ആയിരിക്കും തൃക്കാക്കര എം.എൽ.എ. ഭരണയന്ത്രം മുഴുവൻ ദുരുപയോഗപ്പെടുത്തിയിട്ടും അവിടെ ഒരു ചലനവും ഉണ്ടാക്കാൻ എൽ.ഡി.എഫിനായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
രാവിലെ 11 വരെ 31.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 34.52 ശതമാനം പുരുഷൻമാരും 28.82 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു. ഇതുവരെ 32897 പുരുഷൻമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 29271 സത്രീകളും തെരഞ്ഞെടുപ്പ് നടത്തി. വനിതാ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ പക്ഷേ, പോൾ ചെയ്ത വനിതാ വോട്ടുകൾ പുരുഷൻമാരുടെതിനേക്കാൾ കുറവാണ്.
രാവിലെ 10 വരെ 23.79 ശതമാനം പോളിങ് രേഖപ്പെടുത്തി. 239 ബൂത്തുകളുടെയും 10 വരെയുള്ള പോളിംഗ് ശതമാനമാണിത്
മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസർ അറസ്റ്റിൽ. മരോട്ടി ചുവട് സെന്റ് ജോസഫ് സ്കൂളിലെ പ്രിസൈഡിങ് ഒാഫീസർ പി. വർഗീസാണ് പിടിയിലായത്. ഇയാൾക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തിൽ നിയോഗിച്ചു
തൃക്കാക്കരയിൽ വോട്ട് ചെയ്യാൻ നടനും സംവിധായകനുമായ ലാലും എത്തി. ഞാനൊരു പാർട്ടിയുടെയും ആളല്ല. ബന്ധങ്ങളുടെ പുറത്താണ് പ്രവർത്തിക്കാറെന്നും വാഴക്കാല ബൂത്തിൽ വോട്ട് ചെയ്ത ശേഷം ലാൽ പറഞ്ഞു. ആളുകളെ കുറിച്ച് പഠിച്ചാണ് വോട്ട് ചെയ്തിട്ടുള്ളത്. ട്വന്റി 20 യിൽ മെമ്പറൊന്നുമല്ല. അന്ന് അതൊരു പുതിയ ശ്രമമായിരുന്നു. നല്ലതായിരിക്കുമെന്ന് കരുതി.
ജനങ്ങൾ മാറി. ഒരു ദിവസം ഒരാൾ പറയുന്നത് കേട്ടല്ല അവർ വോട്ട് ചെയ്യുന്നത്. എല്ലാവർക്കും കാര്യങ്ങൾ അറിയാം. വിജയിക്കുന്നയാൾ എന്റെ എം.എൽ.എയാണെന്നും ലാൽ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് കരുതുന്നില്ല. നാട്ടിൽ നടക്കുന്ന പ്രശ്നമാണത്. ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. പി.ടി. തേമാസ് മാത്രമല്ല, മറ്റ് പലരും ആ സമയത്ത് ഓടി വന്നിട്ടുണ്ട്. നല്ലതിന് വേണ്ടി നിൽക്കുന്നവരെല്ലാം നല്ലവരാണെന്നും ലാൽ പറഞ്ഞു.
പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽ 64 എ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തി. മമ്മൂട്ടി ഭാര്യ സുൽഫത്തിനും നിർമാതാവ് ആന്റോ ജോസഫിനും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. എത്തിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് ബൂത്തിലുണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയെ സ്വീകരിച്ചു. വലിയ തിക്കും തിരക്കുമാണ് മമ്മൂട്ടി എത്തിയപ്പോൾ ഉണ്ടായത്.
സ്കൂളിലെ മറ്റ് ബൂത്തുകളിൽ വോട്ട് ചെയ്യാൻ വരി നിന്നവർ മമ്മൂട്ടിയെ കാണാനായി നീങ്ങിയപ്പോൾ വോട്ടിങ് അൽപ്പ സമയം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.