സമരനായകന്‍

ഇന്ത്യയില്‍ ഫാഷിസം വന്നുവെന്നൊക്കെ പല ബുദ്ധിജീവികളും വിളിച്ചുപറഞ്ഞിട്ടും എതിര്‍പക്ഷത്തെ രാഷ്ട്രീയകക്ഷികള്‍ അലസമായ മയക്കത്തില്‍തന്നെയായിരുന്നു. പേരിനെങ്കിലും പ്രതിപക്ഷമായി ഒരു പാര്‍ട്ടിയുണ്ടെങ്കിലും അതിന് പ്രതികരണശേഷിയുണ്ടായിരുന്നില്ല. ആ വിടവിലേക്കാണ് കുറച്ച് ചെറുപ്പക്കാര്‍ ഇരച്ചുകയറി വന്നത്. അവര്‍ ഒച്ചവെച്ചപ്പോള്‍ ഭരണകൂടം കുലുങ്ങി. അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് അധികാരത്തിന്‍െറ ഇടനാഴികള്‍ വരെ കിടിലംകൊള്ളിക്കുന്ന മുഴക്കം കിട്ടി. മുഷ്ടികള്‍ ആകാശത്തേക്കു ചുരുട്ടിയെറിഞ്ഞ് അവര്‍ക്കു പിന്നില്‍ ആയിരങ്ങള്‍ അണിനിരന്നു. രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്നു പടര്‍ന്ന തീ കനയ്യകുമാറിലൂടെ, ഹാര്‍ദിക് പട്ടേലിലൂടെ, അല്‍പേഷ് ഠാകുറിലൂടെ ജിഗ്നേഷ് മേവാനിയില്‍ എത്തിനില്‍ക്കുന്നു. യുവതുര്‍ക്കികള്‍ക്ക് പ്രായം നന്നേ കുറവ്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തി കൂടുതല്‍. ഈ യുവാക്കളുടെ ചടുലസാന്നിധ്യത്തെ ഭരണകൂടം ഭയക്കുന്നുവെന്നതിന്‍െറ ഒടുവിലത്തെ തെളിവായി ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തിലത്തെുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. സാങ്കേതികമായി വിട്ടയച്ചുവെങ്കിലും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

പെട്ടെന്ന് ഒരു ദിനം പൊട്ടിമുളച്ച പ്രതിഭാസമല്ല മേവാനി. ആരും മാനത്തുനിന്ന് നൂലില്‍ കെട്ടിയിറക്കിയതുമല്ല. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകന്‍ മുകുള്‍ സിന്‍ഹ രൂപവത്കരിച്ച ജനസംഘര്‍ഷ് മഞ്ചിന്‍െറ സമരമുഖങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു മേവാനി. ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുന്നതിനുവേണ്ടിയും വ്യവസായ സുരക്ഷാ സേനയിലെ ഭടന്മാരുടെ മിനിമം വേതനത്തിനു വേണ്ടിയും കൊടിയ അനീതി നേരിടുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്കു വേണ്ടിയും ജനസംഘര്‍ഷ് മഞ്ച് നയിച്ച സമരങ്ങളുടെ മുന്നില്‍ ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ ഗാന്ധിയന്‍ ചുനിഭായ് വൈദ്യക്ക് ഒപ്പം ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഭൂരഹിതരായ ദലിതര്‍ക്ക് മിച്ചഭൂമി നല്‍കുന്നതിനായി ഭൂപരിധി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2014 മുതല്‍ പ്രക്ഷോഭം നയിക്കുന്നു. കാലങ്ങളായുള്ള സമരാനുഭവങ്ങളില്‍നിന്ന് തിടംവെച്ചതാണ് ഈ പ്രതിരോധവീര്യം.
നിര്‍ണായകമായ ഒരു ചരിത്രസന്ദര്‍ഭത്തില്‍ ദലിത് ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ മുഖമായി മാറുകയായിരുന്നു മേവാനി.

ഉനയില്‍ കഴിഞ്ഞ ജൂലൈ 11ന് ചത്ത പശുവിന്‍െറ തോലുരിച്ചുവെന്ന പേരില്‍ ദലിത് യുവാക്കളെ ഗോരക്ഷാ സമിതിക്കാര്‍ തല്ലിച്ചതച്ചതിന്‍െറ വിഡിയോ പ്രചരിച്ചതോടെ ഗുജറാത്തില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നു. ജൂലൈ 31ന് ആയിരക്കണക്കിന് ദലിതരെ പങ്കെടുപ്പിച്ച് റാലി നയിച്ചവരുടെ മുന്‍നിരയില്‍ മേവാനിയുണ്ടായിരുന്നു. ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ മറവുചെയ്യുന്നതും തോട്ടിപ്പണി ചെയ്യുന്നതും നിര്‍ത്തുകയാണെന്ന് ദലിതര്‍ പ്രഖ്യാപിച്ചത് അന്നു നടന്ന ദലിത് മഹാസമ്മേളനത്തിലാണ്. ഉന ദലിത് അത്യാചാര്‍ ലഡത് സമിതി രൂപവത്കരിച്ചപ്പോള്‍ മേവാനി അതിന്‍െറ കണ്‍വീനര്‍ ആയി. ആഗസ്റ്റ് അഞ്ചിന് അഹ്മദാബാദില്‍നിന്ന് ഉനയിലേക്കുള്ള ദലിത് അസ്മിത യാത്ര നയിച്ചതും മേവാനിതന്നെ. 400 കിലോമീറ്റര്‍ ജാഥ സഞ്ചരിച്ചപ്പോള്‍ മാന്യമായ സാമൂഹികജീവിതം നിഷേധിക്കപ്പെട്ട ആയിരങ്ങള്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി. ഓരോ ഗ്രാമത്തിലും ചേര്‍ന്ന സമ്മേളനങ്ങളില്‍ ദലിതര്‍ പ്രതിജ്ഞയെടുത്തു. പുരോഗമന ചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും ജാഥയെ പിന്തുണച്ചു. ആഗസ്റ്റ് 15ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പതാക ഉയര്‍ത്തിയ സമ്മേളന നഗരിയില്‍ ദലിത് ജനതയുടെ ആത്മാഭിമാനത്തിനും അന്തസ്സിനും വേണ്ടി പതിനായിരങ്ങള്‍ കൈകോര്‍ത്തു.

ചത്ത പശുക്കളുടെ തൊലിയുരിക്കുന്നതും അവ മറവുചെയ്യുന്നതും തോട്ടിപ്പണിയും തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മേവാനി അവിടെ കൂടിയ ആയിരങ്ങളോട് ചോദിച്ചു. എല്ലാവരും ഏകസ്വരത്തില്‍ ഇല്ല എന്ന് ഉറക്കെ പറഞ്ഞു. ഇത്തരം പരമ്പരാഗത ജോലികള്‍ ദലിതര്‍ ഉപേക്ഷിക്കുകയാണെന്ന് മേവാനി എഴുതിത്തയാറാക്കിയ പ്രതിജ്ഞയില്‍ വായിച്ചു. ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ വീതം ഭൂമി നല്‍കണമെന്നും അല്ലാത്തപക്ഷം ട്രെയിന്‍ തടയുന്നതുപോലുള്ള പ്രത്യക്ഷസമരമാര്‍ഗങ്ങളിലേക്കു പോവേണ്ടിവരുമെന്നും യോഗം പ്രഖ്യാപിച്ചു. ഇവരുടെ പ്രതിഷേധമാണ് മോദിയുടെ വായ തുറപ്പിച്ചത്. ഗോ രക്ഷയുടെ പേരില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ മോദിക്ക് അപലപിക്കേണ്ടിവന്നു. ഗുജറാത്തിലെ ജനസംഖ്യയില്‍ 7.1 ശതമാനം മാത്രമാണ് ദലിതര്‍. അവിടത്തെ വോട്ട്ബാങ്കിനെ ബാധിക്കില്ളെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ ദലിതര്‍ക്കിടയില്‍ അതിന്‍െറ അനുരണനങ്ങള്‍ ഉണ്ടാവുമെന്ന ഭീതിയായിരുന്നു മോദിയുടെ ഈ അഭിപ്രായപ്രകടനത്തിനു പിന്നില്‍.


വയസ്​ ഇപ്പോള്‍ 36. ധിഷണാശക്തിയും നേതൃത്വപാടവവും ഒത്തുചേര്‍ന്ന വ്യക്തിത്വം. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ആഴത്തിലുള്ള അറിവ്. അക്കാദമിക് സ്വഭാവമുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള പാണ്ഡിത്യം. ഗുജറാത്തിയില്‍ ഗസലുകള്‍ എഴുതി വിറ്റ് ജീവിച്ച ദരിദ്രകവി മറീസിനെപ്പറ്റി ഗവേഷണം നടത്തി എഴുതിയ ബൃഹദ്ഗ്രന്ഥം അടുത്ത ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. കവി വിറ്റ 25 ഗസലുകള്‍ മേവാനി കണ്ടെടുത്തിട്ടുണ്ട്. പഠനകാലത്ത് സമാന്തര നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1980 ഡിസംബറില്‍ ഗുജറാത്തിലെ മെഹ്സാനയില്‍ ജനനം. അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലെ ക്ളര്‍ക്ക് ആയിരുന്നു പിതാവ് നാഥുഭായ് മേവാനി. അഹ്മദാബാദിലെ എച്ച്.കെ ആര്‍ട്സ് കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം. അവിടത്തെ സഞ്ജയ് ഭാവെ, സൗമ്യ ജോഷി എന്നീ അധ്യാപകരില്‍നിന്നാണ് സാമൂഹിക നീതിയുടെ പാഠങ്ങള്‍ അഭ്യസിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുള്‍ സിന്‍ഹയുടെ പ്രവര്‍ത്തനങ്ങളും ആനന്ദ് തെല്‍തുംബെയുടെ ജാതിവിരുദ്ധ എഴുത്തുകളും രാഷ്ട്രീയ ബോധത്തിന് ഊര്‍ജം പകര്‍ന്നു.

ഭവന്‍സ് കോളജില്‍നിന്ന് ജേണലിസം പഠിച്ചു. 2004 മുതല്‍ 2007 വരെ ‘അഭിയാന്‍’ എന്ന ഗുജറാത്തി മാസികക്കുവേണ്ടി മുംബൈയില്‍ ജോലിചെയ്തു.  2008ല്‍ സാമൂഹിക നീതിക്കുവേണ്ടി പൊരുതുന്ന പൗരാവകാശ സംഘടനയായ ജനസംഘര്‍ഷ് മഞ്ചില്‍ ചേര്‍ന്നു. അതിനിടെ അഹ്മദാബാദിലെ ഡി.ടി ലോ കോളജില്‍നിന്ന് നിയമം പഠിച്ചു. ദലിതരുടെയും കര്‍ഷകരുടെയും കേസുകള്‍ എടുക്കുന്ന വിവരാവകാശപ്രവര്‍ത്തകനായി.  2014ല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ പാര്‍ട്ടിവക്താവ് ആയിരുന്നു. ജൂലൈ 11ന്‍െറ സമരത്തിനുശേഷമാണ് ദലിത് സ്വത്വരാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ശ്രദ്ധ തിരിക്കുന്നത്. കേരളത്തില്‍ പട്ടികജാതി ക്ഷേമസമിതിയുടെ പരിപാടികള്‍ ബഹിഷ്കരിച്ചെങ്കിലും ഡല്‍ഹിയില്‍ സി.പി.എം മുന്‍കൈയെടുത്തു നടത്തിയ ദലിത് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി എത്തി. ഗുജറാത്ത് ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അഹ്മദാബാദിലെ ദലിതര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഘാനിനഗറില്‍ താമസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.