വിദേശ നയങ്ങളുടെ രാഷ്ട്രീയ പോരാട്ടം

ഇസ്രായേലിനുമേൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണവും തുടർന്നുണ്ടായ സംഘർഷങ്ങളും അമേരിക്കൻ സമൂഹത്തെ വിദേശനയങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിലേക്കെത്തിച്ചിട്ടുണ്ട്. ഇസ്രായേലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ബൈഡൻ പിന്നീട് ഗസ്സയിലെ കൊലകളെക്കുറിച്ച് പ്രസ്താവനകൾ ഇറക്കിയതല്ലാതെ ആക്രമണം നിർത്തലാക്കാൻ കാര്യമായൊന്നും ചെയ്തതുമില്ല

അമേരിക്കൻ തെരഞ്ഞെടുപ്പ് ചർച്ചകളിൽ എക്കാലവും മുന്നിൽ നിന്നിരുന്നത് സാമ്പത്തിക നയങ്ങളാണ്. എന്നാൽ, വിദേശനയങ്ങൾ വ്യാപക ചർച്ചയാവുകയും അത് ഭൂരിപക്ഷവോട്ടിനെ ബാധിക്കുകയും ചെയ്യുന്ന തലത്തിലേക്ക് സമ്മതിദായകസമൂഹം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നു. വിവിധ രാജ്യങ്ങൾ തമ്മിൽ തുടർച്ചയായുണ്ടായ യുദ്ധങ്ങളും സംഘർഷങ്ങളും അതിലെ അമേരിക്കൻ ഇടപെടലുകളും രാജ്യത്തിനകത്ത് രാഷ്ട്രീയ ധ്രുവീകരണത്തിനും വിഭാഗീയതക്കും വലിയതോതിൽ കാരണമായിട്ടുണ്ട്.

1964ൽ അന്നത്തെ പ്രസിഡന്റ് ലിൻഡൻ ബി ജോൺസൺ വിയറ്റ്നാമിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ട് തന്റെമേൽ ചാർത്തപ്പെട്ട മൃദു ഇടതുപക്ഷ ചായ്‌വിനെ മറികടന്നു. 1996ൽ സെർബിയയിൽ ആക്രമണം നടത്തി ശക്തി തെളിയിക്കാൻ ബിൽ ക്ലിന്റനെ അദ്ദേഹത്തിന്റെ ഉപദേശകർ ശ്രമിക്കുകയും ചെയ്തു. ഇറാഖ് യുദ്ധത്തിൽ ബുഷിന് നേരെയുണ്ടായ തീവ്രവിമർശനങ്ങളെ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണയാൾ നേരിട്ടത്.

ശക്തമായ ലീഡർഷിപ് തെളിയിക്കുക എന്നത് അമേരിക്കൻ പ്രസിഡന്റിന്റെ ചുമതല കൂടിയാണെന്നിരിക്കെ വിദേശ നയങ്ങളെ രാഷ്ട്രീയശക്തി തെളിയിക്കാനുള്ള മാധ്യമമായിട്ടെടുക്കുന്നു. സ്വതന്ത്ര രാജ്യങ്ങളുടെ നേതൃപദവിയുള്ള അമേരിക്കയിലെ തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ലോകത്തെയാകമാനം ബാധിക്കുകയും ചെയ്യുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം, മറ്റുനാടുകളിൽ നിന്നുള്ള ഭീഷണികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാനും അമേരിക്കയെ തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്താൻ മറ്റുനാടുകളെ അനുവദിക്കാതിരിക്കുകയും ചെയ്യാനുമുള്ളതാണ് പ്രധാനമായും വിദേശനയം.

മാനുഷിക പരിഗണന, ജനാധിപത്യം എന്നിവയെ പ്രചരിപ്പിക്കുക എന്നതാണ് ഡെമോക്രാറ്റ് പാർട്ടിയുടെ വിദേശനയങ്ങളുടെ ഉദ്ദേശ്യവും. എന്നാൽ, ഇക്കഴിഞ്ഞ വർഷങ്ങളിൽ അഫ്ഗാൻ, യുക്രെയ്ൻ, ഇസ്രായേൽ-ഫലസ്തീൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ ബൈഡൻ ഭരണകൂടത്തിന്റെ ഇടപെടലുകൾ അതീവ ദുർബലമായി.

അഫ്‌ഗാനിൽ നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിന്മാറ്റം ഭൂരിപക്ഷ തീരുമാനമായിരുന്നെങ്കിലും അതിന്റെ നടത്തിപ്പിലെ അപാകത വൻ ദുരിതത്തിലാണ് കലാശിച്ചത്. യുക്രെയ്ൻ യുദ്ധത്തിലും അതുതന്നെയായിരുന്നു സംഭവിച്ചതും. റഷ്യയോടുള്ള വിരോധം ഒന്നുകൊണ്ടുമാത്രമാണ് യുക്രെയ്നിലേക്ക് ബില്യൺ ഡോളറുകൾ സഹായമൊഴുക്കി നാറ്റോയെ വിന്യസിച്ചത്. സംഘർഷ തീവ്രത കുറഞ്ഞെന്നല്ലാതെ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല.

യുക്രെയ്ൻ സംഘർഷ മേഖലയായി തുടരുന്നത് യൂറോപ്പിന്റെ വ്യാപാര മേഖലയെ ബാധിക്കുകയും ചെയ്തു. ഈയിടെ നടത്തപ്പെട്ട പല സർവേകളിലും ബൈഡനുള്ള പിന്തുണ ഏറെ കുറവാണ്. പുതിയ വോട്ടർമാർ, 35 വയസ്സുവരെയുള്ളവർ, സീനിയർ പൗരന്മാർ എന്നിവരിൽ വേറിട്ട് നടത്തിയ സർവേകളെല്ലാംതന്നെ ഈ ശതമാനക്കുറവ് കാണിക്കുന്നു.

രാഷ്ട്രീയപ്പാർട്ടിയെ നോക്കിയല്ല മറിച്ച് ഇപ്പോൾ ഉള്ളവർ എന്ത് ചെയ്തു, ഇനി വരുന്നവർ എന്തെല്ലാം ചെയ്യും എന്നതിനെ ആസ്പദമാക്കിയാണ് വലിയൊരു വിഭാഗവും വോട്ട് രേഖപ്പെടുത്തുന്നത്.

ഇസ്രായേലിനുമേൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണവും തുടർന്നുണ്ടായ സംഘർഷങ്ങളും അമേരിക്കൻ സമൂഹത്തെ വിദേശനയങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിലേക്കെത്തിച്ചിട്ടുണ്ട്. ഇസ്രായേലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ബൈഡൻ പിന്നീട് ഗസ്സയിലെ കൊലകളെക്കുറിച്ച് പ്രസ്താവനകൾ ഇറക്കിയതല്ലാതെ ആക്രമണം നിർത്തലാക്കാൻ കാര്യമായൊന്നും ചെയ്തതുമില്ല.

ഇരുപാർട്ടികളും ഏതാണ്ട് ഒരുപോലെ യോജിക്കുന്ന വിഷയം ചൈനയെന്ന പൊതുശത്രുവിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ മാത്രമാവും. റഷ്യ വീണ്ടും ശക്തി പ്രാപിച്ചാൽ അത് യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സ്വാധീനത്തെ ബാധിക്കുമെന്നതിനാൽ ചൈനയെപ്പോലെ റഷ്യയും ശത്രുരാജ്യമാണ്. മെക്സിക്കൻ ലഹരി കാർട്ടലുകളെ അവരുടെ രാജ്യത്തേക്ക് സൈന്യത്തെയയച്ച് പരാജയപ്പെടുത്തുന്നതിന് റിപ്പബ്ലിക്കൻ പാർട്ടി ഉത്സാഹം കാണിക്കുന്നുമുണ്ട്.

ബൈഡൻ ഭരണകൂടത്തിന്റെ എല്ലാ ന്യൂനതകളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി പരമാവധി ശ്രമിക്കുന്നു. തൊഴിൽമേഖല ശക്തിപ്പെടുത്താനും സാമ്പത്തികരംഗം കൂടുതൽ ഉന്മേഷമാക്കാനും റിപ്പബ്ലിക്കൻ പാർട്ടി മുൻതൂക്കം നൽകുന്നു.

യുക്രെയ്ൻ, ഇസ്രായേൽ-ഫലസ്തീൻ പ്രശ്നങ്ങളും വിദേശനയങ്ങളും അമേരിക്കൻ നികുതിപ്പണം രാജ്യത്തിന്റെ സുരക്ഷക്കല്ലാത്തയിടങ്ങളിലേക്ക് ഒഴുക്കുന്നതിനെയും നിശിതമായി വിമർശിച്ചുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാ മത്സരാർഥികളും കാമ്പയിനുമായി മുന്നോട്ടുപോകുന്നത്.

സൈനിക ഇടപെടലുകൾ വ്യാപകമായി അവസാനിപ്പിക്കുകയും ദേശീയ കാര്യങ്ങളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതിലേക്കാണ് കഴിഞ്ഞ കുറച്ചുവർഷമായി അമേരിക്ക നീങ്ങുന്നത്. 2011ൽ ബറാക് ഒബാമയുടെ ഇറാഖ് പിൻവാങ്ങൽ പ്രഖ്യാപനം, 2020ൽ ട്രംപിന്റെ അഫ്ഗാൻ പിൻവാങ്ങൽ പ്രഖ്യാപനം, തുടർന്നുവന്ന ബൈഡന്റെ അഫ്ഗാൻ നടപടി ദുരിതമായെങ്കിലും സൈനിക കാര്യങ്ങളെ അവിടുന്ന് നീക്കുന്നതിന് കഴിഞ്ഞു.

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽനിന്ന് പൂർണമായും മാറിനിൽക്കാനും ആ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാതിരിക്കാനുമുള്ള ശ്രമങ്ങളെയാണ് ഇവ മുന്നോട്ടുവെക്കുന്നത്.

ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേകിച്ചൊന്നും എടുത്തുപറയാനില്ലാത്ത ഇപ്പോഴത്തെ ഭരണകൂടത്തിന് വിജയസാധ്യത തീരെ കുറവാണ്. വിദേശനയങ്ങളെ മാറ്റാനും അതുവഴി രാജ്യത്ത് തൊഴിൽ-സാമ്പത്തികരംഗം ഉയർത്താനും എതിർ പാർട്ടി മുൻഗണന നൽകുകയും ചെയ്യുന്നു. സുരക്ഷ മേഖലയിൽ അമേരിക്കയെ ഏറെ ആശ്രയിക്കുന്ന യൂറോപ്യൻ മേഖലയും ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്.

യുക്രെയിനിനും മറ്റു സമീപ സംഘർഷനാടുകൾക്കും കൂടുതൽ സൈനികശക്തിയും സൗകര്യങ്ങളും നൽകിയാൽ മാത്രമേ ഇൻഡോ പസഫിക് മേഖല സ്വതന്ത്രമാവുകയുള്ളൂ, തന്മൂലം വ്യാപാര മേഖലകളും. ഡെമോക്രാറ്റ് പാർട്ടിയിൽ ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡനല്ലാതെ ശക്തനായ മറ്റൊരു സ്ഥാനാർഥിയും ഇല്ലെന്നത് വലിയൊരു ന്യൂനതയുമാണ്.

Tags:    
News Summary - The Political Struggle of Foreign Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.