2020 മാർച്ച് 20ന് നാട്ടിലെത്തിയതാണ് ജെന്നിയും പേപ്പൻ വർഗീസും, ചെെന്നെയിൽനിന്ന്. അമ്മാമ്മക്ക് നെഞ്ചുവേദന. ജെന്നിയുടെ അപ്പൻ ദേവസ്സ്യയുടെയും പേപ്പൻ വർഗീസിെൻറയും അമ്മ. അന്ത്യകൂദാശവേണം എന്ന കരച്ചിൽ. മകൻ വർഗീസിനെ വരുത്താൻ വർഷത്തിലൊരിക്കൽ ആടുന്ന നാടകം.
26നു മടക്കഫ്ലൈറ്റ്. 25ന് പൊടുന്നനെ ലോക്ഡൗൺ. രണ്ടുപേരും ഇവിടെ പെട്ടു. കൊറോണ കാരണം ആഹ്ലാദിച്ച ലോകത്തെ ആദ്യത്തെ സ്ത്രീയാകണം കാട്ടാളൻ ലോന ഭാര്യ ത്രേസ്യ എന്ന ഈ അമ്മാമ.
കുത്തിയിരുപ്പിെൻറ മുപ്പത്തഞ്ചാം നാൾ അതായത് ഏപ്രിൽ 29ന് ജെന്നി ആരോടും മിണ്ടാതെ മുങ്ങി. വീടിെൻറ പിറകിൽക്കൂടി. അത്രക്ക് ബോറഡിച്ചുപോയിട്ടാണ്!
ലക്ഷ്യമുള്ള യാത്രയൊന്നുമല്ലായിരുന്നു. പുഞ്ചപ്പാടം താണ്ടി പള്ളിവളപ്പ് എന്നറിയപ്പെടുന്നൊരു നോമാൻസ് ലാൻഡ് കടന്ന് പോട്ടച്ചിറയിലിറങ്ങി മാട്ടം കേറി ചെറ്റ്യംപാടത്തേക്ക് ഇറങ്ങി തോട്ടുവക്കിൽക്കൂടി നടന്നു നടന്ന് എത്തിയത് സ്കൂൾകാലം മുതലേയുള്ള കൂട്ടുകാരി അഭിരാമിയുടെ വീടിനുപിറകിലുള്ള തോട്ടിറമ്പിൽ.
അവിടെനിന്ന് ആഞ്ഞൊന്ന് കൂവി.
കൂവാനുള്ള തെൻറ കഴിവ് പൊയ്പ്പോയെന്ന് തിരിച്ചറിഞ്ഞ ജെന്നി രണ്ടുവിരലുകൾ വായിലിട്ട് തങ്ങളുടെ സ്കൂൾകാല വിസിൽ മുഴക്കി. ഹിപ്പ് ഹിപ്പ് ഹുറേ!
പഴയ ഓർമയിലവൾ വെയ്റ്റ് ചെയ്തു. രണ്ടുമാത്ര.
അത്ഭുതം! റിട്ടേൺ വിസിൽ വന്നു.
അഭിരാമി ചാലക്കുടിയിലെ ഒന്നാം നമ്പർ മലഞ്ചരക്ക് വ്യാപാരി പുരുഷോത്തമെൻറ മകൾ. ജാതിയ്ക്കായാണു മുഖ്യം. സ്വന്തം പുരയിടത്തിൽ മുപ്പത്തേഴ് വമ്പൻ ജാതിമരങ്ങളുണ്ട്. കടയിൽ കർഷകർ ചില്ലറ വിൽപനക്കായി എത്തുന്നത് കൂടാതെ വർഷക്കണക്കിൽ ജാതിമരങ്ങൾ ഒറ്റുവാങ്ങലുമുണ്ട്. ഒരു ജാതിയൊരുമതമൊരുദൈവം എന്നാണ് വിശ്വാസം.
തൃശൂർ നഗരത്തിലെ അരണാട്ടുകര ഗ്രാമനഗരത്തിലെ ലിയോ തരകൻ എന്ന നസ്രാണിപ്പയ്യനു മകളെ കെട്ടിച്ചുകൊടുക്കാൻ ഒരു വിരോധവും ഇല്ല പുരുഷോത്തമന്. ഇനിയുള്ള കാലത്ത് പിള്ളേരു പ്രേമിച്ചുവേണം കെട്ടാൻ എന്ന അഭിപ്രായവുമുണ്ട്. അതിനുവേണ്ടി സാങ്കേതികമായി അഭിമോൾക്ക് മാമോദീസ മുങ്ങണം എന്ന് തരകന്മാർക്കുണ്ടെങ്കിൽ അതിനെന്താ ആയിക്കോട്ടെ എന്നാണ് നിലപാട്.
പക്ഷേ...
വേറൊരു വിഷയമുണ്ടിതിൽ! ഈ പയ്യെൻറ പിതാവ് സ്തെബസ്ത്യാനോസ് തരകൻ പ്രമാദമായ ഒരു കേസിലെ പ്രതിയാണ്. അല്ല, ആയിരുന്നു. തെളിവുകളില്ല എന്ന കാരണത്താൽ ഊരിപ്പോന്നെങ്കിലും 1999ൽ 93 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. ആ കറ കറയാണല്ലോ! ഇവിടെ വിട്ടുവീഴ്ച ചെയ്യാൻ തക്ക പുരോഗമനം വേണ്ട എന്നാണ് പുരുഷോത്തമന്. കാരണം, ഒരു കുടുംബത്തെ മൊത്തം ഇല്ലാതാക്കിയവനാണ് തരകൻ എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. ഇന്നും!
അഭിരാമിക്ക് കിതപ്പും വിമ്മിഷ്ടവും. ജെന്നിയെല്ലാം കേട്ടിരുന്നു.
ഒരു കുടുംബത്തെ ഒന്നോടെ തീർന്നുപോയ കേസാണ്. ഇരട്ടറോമീ തിരോധനക്കേസ്. റോമി തെക്കൻ (പുരുഷൻ 39), റോമി റോമി (സ്ത്രീ 34), റിമ റോമി (പെൺകുട്ടി 9), റെയാൻ റോമി (ആൺകുട്ടി 6). ഈ ഗൾഫ്കുടുംബം ഒന്നാകെ അപ്രത്യക്ഷമായി. ലീവിനു വന്നതാണ്. പത്ത് ദിവസം കഴിഞ്ഞാൽ പോകാനിരുന്നവർ. 1999 ആഗസ്റ്റ് 18 ഉച്ചതിരിഞ്ഞ് 4:08നു ശേഷം ഇവരെ ആരും കണ്ടിട്ടില്ല! കേട്ടിട്ടുമില്ല!
അന്ന് ലിയോ തരകനു പ്രായം ആറ്.
എെൻറ അപ്പൻ സ്തെബസ്ത്യാനോസ് തരകൻ. അപ്പനപ്പൂപ്പന്മാരായി കച്ചോടക്കാരാണ്. റബർ തോട്ടത്തിൽ വളർത്തുന്ന ഒരുതരം കാട്ടുപയറുണ്ട്. ഈ റബറുമരം മണ്ണിനെ വെറും തവിടാക്കികളയും. അതിനൊരു തട ആയിട്ടാണീ പയർ. നൈട്രജൻ സെപ്ലെ. കാട്ടുപയർ. ഇതിന് ഫാർ ഈസ്റ്റിൽ വൻ ഡിമാൻഡാണ്. അധികമാരും കൈവെക്കാത്ത മേഖല. അതിെൻറ ഇന്ത്യയിലെ തന്നെ ഏക എക്സ്പോർട്ടർ ആയിരുന്നു അപ്പാപ്പൻ. അപ്പനും അതിെൻറ മേൽനോട്ടത്തിലുണ്ടാർന്നു. പക്ഷേ സ്വന്തം നിലക്ക് തുടങ്ങിയ ജ്വല്ലറി വർക്സാണ് അപ്പെൻറ തട്ടകം. ആളെ െവച്ച് ആഭരണ നിർമാണം. നല്ല കച്ചോടമാരുന്നു. കത്തിക്കയറുകയായിരുന്നൂന്ന് പറയാം. അതിെൻറ എടേലു റിയൽ എസ്റ്റേറ്റ് ബിസിനസും.
തൊണ്ണൂറുകളിലെ ആദ്യ റിയൽ എസ്റ്റേറ്റ് ബൂം.
കുരിയച്ചിറ സിറ്റീല് അപ്പനൊരു പ്ലോട്ടുണ്ട്. ഗോസായിക്കുന്ന് കേറിവരുമ്പോ ലെഫ്റ്റ് സൈഡില്. മറിച്ചുവിൽക്കാൻ വേണ്ടി വാങ്ങിയിട്ടത്. 93ല്. കേട്ടാ വിശ്വസിക്കൂല്ല. സെൻറിന് 7500 ഉർപ്പിക അന്ന്. ഇരുപത് സെൻറാണ്. അതിെൻറ കൂടെ ഒരു മൂലപ്ലോട്ടായി കിടപ്പുണ്ട് ഒരു നാൽപത് സെൻറ്. ചങ്ക്പ്ലോട്ട്. അതുകൂടി കയ്യിലെത്ത്യാ ജാതി എയ്മാവും. രണ്ടുവശം റോഡ്. പക്ഷേ ഉടമസ്ഥര് ബലം പിടുത്തം! ഗൾഫാണ്. ഇവടെ അടുത്ത് പേരാമ്പ്രക്കാരാണ്. അമ്പിനും വില്ലിനും അടുക്കണില്ല. പിള്ളേർ വലുതാവുമ്പഴയ്ക്കും ഇവടെ പെര പണിത് താമസാക്കാനാണത്രെ. പീസീടവടെ എൻട്രൻസിന്. നൊ പ്ലാൻ ടു സെയിൽ. അപ്പനാണെങ്കി ഒരു കാര്യം വിചാരിച്ചാ അത് നടത്താണ്ട് ഇരിപ്പില്ല. പല വഴി നോക്കി. എന്തിനേറെ പറയണം. കുണ്ടുകുളം പിതാവിനെക്കൊണ്ട് വരെ ഇക്കാര്യം സംസാരിപ്പിച്ചിട്ടുണ്ടെന്ന് കരക്കമ്പിയുണ്ട്. ഉണ്ടാവും. ഞാൻ ചോയ്ച്ചട്ട്ണ്ട്. ഒന്ന് മിണ്ടാണ്ടിര്ന്നെടാന്ന് പറയും. അതാണപ്പൻ.
1999 ജൂലായീല് റോമി കുടുംബം ലീവിനു വന്നു. മൂന്ന് തവണ അപ്പൻ അവരെപ്പോയ് കണ്ടു. 90ല് സെൻറിനു വെറും മൂവായിരം കൊടുത്ത് വാങ്ങിയ സ്ഥലമാ! ഇരുപത്തൊന്ന് വരെ പറഞ്ഞു അപ്പൻ. 99ല്. ഏഴെരട്ട്യേ! ഇല്ല റോമിചേട്ടൻ വഴങ്ങീല്ല! അവസാനം അപ്പൻ ഒരു ഡയലോഗ് അടിച്ച്. സ്തെബസ്ത്യാനോസ് കണ്ണുവെച്ച പ്ലോട്ട് സ്തെബസ്ത്യാനോസിേൻറൽക്ക് തന്നെ വരുമെടാ എന്ന്. അവരടെ വീട്ടിലിരുന്നേ! അത് റോമിചേട്ടനത്ര പറ്റീല്ല. ആളെണീറ്റ് ചേട്ടൻ ചെല്ല്... വീട്ട്യേക്കേറി വന്ന് തിമ്മെരട്ടെടുക്കാണ്ട് സ്കൂട്ടാവ് വേം എന്ന് പറഞ്ഞൂന്നും, അപ്പൻ എണീറ്റപ്പോ ഈ റോമീനെ ഒന്ന് തള്ളീന്നും പറയുന്നു. എന്നട്ട് സ്കൂട്ടറീ കേറീട്ട് ഒന്നെരപ്പിച്ച് ''എെൻറ പേര് സ്തെബസ്ത്യാനോസ് എന്നാണെങ്കില് ഡാ ക്ടാവേ… നിന്നെ കൊന്നിട്ടാണെങ്കിലും ആ ഹലുവ ഞാന്തന്നെ മുറിക്കും ട്ട്രാ'' എന്ന് കീച്ചി. ഇതൊക്കെ നടക്കുമ്പോ അവടെ ഒരാളുണ്ട്. റോമീടെ അപ്പെൻറ കൂട്ടുകാരൻ. ഒരു തഹസിൽദാര്. അതാണ് കോടാലി അപ്പെൻറ നേരെ വന്നത്. ഈ സംഭവം ജൂലായ് 25ന്. ഞായറാഴ്ച. പിന്നെ അപ്പൻ ഈ കാര്യമേ ഉപേക്ഷിച്ചു.
പക്ഷേ പത്തിരുപത് ദിവസം ആയിണ്ടാവും. ഒരു വിളി. സ്തെബസ്ത്യാനോസേട്ടാ ഞാൻ റോമ്യാണ്. ആ സ്ഥലം ചേട്ടൻ എടുത്തോ. ഞാനത് മൂവായിരത്തിന് വാങ്ങീതാ. എനിക്കൊരു പത്തെരട്ടി വേണം. മുപ്പത്. നാപ്പതേകാൽ സെൻറ് സൂക്ഷം. റൗണ്ടാക്കി പന്ത്രണ്ട് ലക്ഷം. എഴുതുമ്പൊ സെൻറിന് പത്തുർപ്പ്യ കാട്ട്യാമതി. ആ നാല് ചെക്കായിട്ട് വൈറ്റ്. ബാക്കി എട്ട് ക്യാഷ് മതി. മുറിക്ക്യാം?
അപ്പന് വിശ്വസിക്കാനായില്ല! ഇവനെന്തോ പറ്റീ എന്നാണ് അപ്പന്. അപ്പോ റോമി വീണ്ടും: എനിക്കിപ്പോ രണ്ട് ലക്ഷം വേണം. അത്യാവശ്യാണ്. മറ്റന്നാ. പിന്നെ ഒരുമാസത്തുള്ളിൽ തീറ്. കരാർ എഴുതിക്കോ. പക്ഷേ അഡ്വാൻസ് രണ്ട്, മറ്റന്നാ ഞാൻ അരണാട്ടര വീട്ടിൽ വരാ.
വന്നു. അപ്പനു ഒന്നും പിന്നേക്ക് വെക്കുന്ന സ്വഭാവം ഇല്ലല്ലോ. കമ്പ്ലീറ്റ് എഴുതി വെപ്പിച്ചു. തീറ് തന്നെ. നാല് ലക്ഷം ചെക്കും ബാക്കി വക്കനും! അന്ന് ബുധനാഴ്ച. കൃത്യം ഡേറ്റ് ഓഗസ്റ്റ് 18. വീട്ടിൽ െവച്ച് ഇടപാട് നടത്തി അപ്പത്തന്നെ രജിസ്ട്രാറെ വരുത്തി എല്ലാം സെറ്റാക്കി. രണ്ട് റോമിമാരുടെയും പേരിലായിരുന്നു സ്ഥലം.
എനിക്ക് നല്ല ഓർമേണ്ട്. സുന്ദരിയായ റോമി ആൻറീം ബ്രോയിലർ കോഴിമാതിരി രണ്ട് ഗുണ്ടുമണി പിള്ളേരും. അവറ്റങ്ങളെ ഒന്ന് ഞെട്ടിക്കാൻ ഞാൻ ചേച്ചി ലിയോണിെൻറ കൂടെ മുറ്റത്തെ മാവിൽ കേറി കാലിൽ തലകീഴെ തൂങ്ങിക്കിടന്നതൊക്കെ നല്ല ഓർമ.
സാറെ, അപ്പൻ കൊടുത്ത കാശ് റോമിച്ചേട്ടൻ എണ്ണിനോക്കീല്ല. ചെക്ക് പോക്കറ്റിൽ ഇട്ടപ്പോ അപ്പൻ പ്രത്യേകം പറഞ്ഞതാ, എടാ സൂക്ഷിക്കണം, വിയർപ്പിൽ മഷിപടരും. ഏയ്. ഇല്ല ചേട്ടാ, ഇത് ഇപ്പോ തന്നെ ഡെപോസിറ്റും, ബി ഓ ഐല് എനിക്ക് സേവിങ്സ് അക്കൗണ്ടുണ്ട് എന്ന്. ഇതൊക്കെ അന്നത്തെ ഓർമല്ല്യാട്ടാ. വിവരം വെച്ചപ്പതൊട്ട് ഞാനും അപ്പനും ഈ സംഭവങ്ങൾ എത്രയോ വട്ടം ഡിസ്കസ് ചെയ്തതാണെന്നോ.
എട്ട് ലക്ഷത്തിെൻറ കാഷ് ബാഗ് കാറിൽ സേഫാക്കി വെപ്പിച്ച് ''എട റോമി, കറങ്ങിത്തിരിയാണ്ട് ഇതെവിടേക്കാന്ന്ച്ചാ എത്തിക്കടാ പെട്ടന്ന്'' എന്ന് ഉപദേശിച്ച് വിട്ടതാണു സാർ അപ്പൻ.
ആ പോക്ക് ഇറങ്ങിപ്പോയതാ അവര്. മാരുതിക്കാറിൽ. എസ്റ്റീം.
എല്ലാം കസേരയിൽ തലചായ്ച്ച് കണ്ണടച്ച് കേട്ടിരുന്നു വർഗീസ് കാട്ടാളൻ. അവിടിവിടെ നരച്ച താടി രോമങ്ങൾ ട്രിം ചെയ്യാതെ നീണ്ടിരിക്കുന്നു. പേപ്പൻ എത്രയോ കാലത്തിനുശേഷമാണ് ഇത്രകാലം വീട്ടിൽ താമസിക്കുന്നത് എന്ന് ജെന്നി ഓർത്തു. കല്യാണം കഴിക്കാത്ത, 'പുറന്തീറ്റ' തിന്ന് ജീവിക്കുന്ന ഇളയമകനെ അമ്മാമ ഇഷ്ടവിഭവങ്ങളൊക്കെ വെച്ചൂട്ടിച്ചൂട്ടിച്ച് പേപ്പൻ ഇപ്പൊ കുറച്ച് ബൾക്കി ആയിരിക്കുന്നു.
ഐ.പി.എസിൽനിന്ന് സ്വമേധയാ പോന്ന വർഗീസ് ചെന്നൈ ബേസ്ഡ് ക്രൈം കൺസൾട്ടൻറാണ്. തമിഴ്നാട് കേഡറായിരുന്നെങ്കിലും ഐ.ബി ആയിരുന്നു തട്ടകം.
വെറുതെയിരിക്കുന്ന പേപ്പനെ ഈ തരകെൻറ ഇഷ്യൂ ഒന്ന് കേൾപ്പിക്കുക. അഭിരാമിക്കുവേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ താൻ എന്ന ചിന്തയായിരുന്നു ജെന്നിക്ക്. അവളുടെ അച്ഛൻ പേപ്പെൻറ ക്ലാസ്മേറ്റാണ്. ഒന്ന് മുതല് പത്ത് വരെ. ഈ ഗ്രാമത്തിൽനിന്നുള്ള ഏക സിവിൽ സർവീസ് എന്ന ഗ്ലാമർ ഉണ്ട് പേപ്പന്. ലിയോയുടെ അപ്പെൻറ ആ ബ്ലാക്ക് മാർക്ക് ഒന്ന് മാറികിട്ടാൻ വർഗീസ് കാട്ടാളൻ ഐ.പി.എസ് പഴയ സതീർഥ്യൻ പുരുഷോത്തമനുമായി ഒരു വട്ടം സംസാരിച്ചാൽ മതിയാകും എന്ന് എന്തോ ജെന്നിക്ക് വിശ്വാസമുണ്ട്.
''ശരി. ലിയോ! സീംസ് ഇൻററസ്റ്റിങ്. അന്ന് നിങ്ങളുടെ വീട്ടിൽനിന്ന് പോയ ആ കാർ സഹിതം റോമീകുടുംബം അപ്രത്യക്ഷമായെന്ന് അല്ലേ.''
''അതേ, സാർ.''
''അന്ന് ആൺ റോമി ഇട്ട ഡ്രസ്സ് നിനക്കോർമയുണ്ടോ ലിയോ?''
ഇതെന്ത് ചോദ്യം എന്ന് ലിയോ പകച്ചു.
''ഷർട്ടും മുണ്ടുമായിരുന്നു സാർ. കടും നീല ഷർട്ട്.''
''ആ ചെക്ക് വിത്ത്ഡ്രോൺ ആയോ?''
''ഇല്ല. സാർ. അവർ ബാങ്കിൽ ചെന്നിരുന്നു. പക്ഷേ ഇടപാട് സമയം കഴിഞ്ഞിരുന്നുപോലും. റോമി കുറച്ച് തർക്കിച്ചിരുന്നു. ഗൾഫ്കാരുടെ യൂഷ്വൽ അറോഗൻസ്. ബാങ്ക് സ്റ്റാഫിന് ഇവരെ ഈസിയായി ഓർമ വന്നു എന്ന് എഫ്.ഐ.ആറിൽ ഉണ്ട്.''
''ലിയോ. ആ മാരുതിക്കാർ ഏത് കളറായിരുന്നു?''
''സിൽവർ. എസ്റ്റീം. അന്നേ കുറച്ച് പഴക്കം ഫീലുള്ള വണ്ടിയായിരുന്നു.''
''എസി ആയിരുന്നോ?''
''ഓഹ്! ഈസ് ഇറ്റ് റെലവൻറ്? അല്ലായിരുന്നു എന്നാണോർമ… അപ്പൻ ഗ്ലാസിനുള്ളിൽ തലയിട്ട് കാഷ് സൂക്ഷിക്കാൻ പറഞ്ഞപോലെയാണ് ഓർമ.''
ജെന്നിക്കറിയാം പേപ്പെൻറ ഈ നമ്പർ. ക്ലയിൻറുകളെ ഒന്ന് ജാഗരൂകരാക്കലാണ് തികച്ചും പ്രസക്തമല്ലാത്ത ഈ ചോദ്യങ്ങളുടെ ഉന്നം. കേസിനെപ്പറ്റിപറയുമ്പോൾ അത്രയും മൈന്യൂട്ട് ആയ കാര്യങ്ങൾവരെ പറയണം എന്ന് കക്ഷികളെ ഉദ്ബോധിപ്പിക്കാനുള്ള സൂത്രം.
''ഉം. പെട്ടന്ന് സ്ഥലക്കച്ചവടം ഉറപ്പിക്കുന്നു. പണക്കൈമാറ്റം നടത്തുന്നു. രോഗാവസ്ഥയിലുള്ള, മൂവ്മെൻറ് സാധ്യമല്ലാത്തവർക്ക് മാത്രം കൊടുക്കുന്ന പ്രിവിലേജ് ആയ 'രജിസ്ട്രാർ സ്ഥലത്തെത്തി ആധാരം രജിസ്ട്രാക്കൽ' സംവിധാനം സ്തെബസ്ത്യാനോസ് തരകൻ ഉപയോഗപ്പെടുത്തുന്നു. രജിസ്ട്രേഷൻ നടക്കുന്നു. രൂപയുംകൊണ്ട് സ്ഥലം വിട്ട, വിറ്റ കക്ഷികളായ റോമിയെയും കുടുംബത്തെയും പിറകെപ്പോയി വകവരുത്തുന്നു. കാഷും ഒരിക്കലും വിത്ത്ഡ്രോൺ ആകാത്ത ചെക്കും കൈക്കലാക്കുന്നു. സ്തെബസ്ത്യാനോസ് അറസ്റ്റിലാകുന്നു. അല്ലേ... ഡെഡ് ബോഡികൾ കിട്ടാത്തതിനാൽ തെളിവിെൻറ അഭാവത്തിൽ കുറ്റവിമുക്തനാക്കപ്പെടുന്നു.''
''സാർ… പ്ലീസ്... അപ്പൻ അത് ചെയ്തിട്ടില്ല... ഇത് പൊലീസുകാരുടെ കഥയാണ്...''
''അല്ലടോ ലിയോ, ഞാൻ ഇരട്ടറോമീ തിരോധാനക്കേസിെൻറ സമ്മറി പറഞ്ഞതാണ്...അപ്പനിപ്പോ എവിടെയുണ്ട്?''
''വീട്ടിൽ. അരണാട്ടുകര.''
''ലിയോ... ആ ദിവസം വീട്ടിലുണ്ടായിരുന്നവർ ആരൊക്കെ എന്ന് എെൻറ ഒരൂഹം പറയാം. നീയും അപ്പനും പെങ്ങളും അമ്മയും വിട്. ബാക്കി നോക്കാം. ഒന്ന് രജിസ്ട്രാർ. രണ്ട് അയാളുടെ പ്യൂൺ. മൂന്നാമൻ ആധാരമെഴുത്തുകാരൻ. നാലും അഞ്ചും ഒപ്പിടാൻ വന്ന രണ്ട് സാക്ഷികൾ.''
''എക്സാക്റ്റ്ലി. ആ സാക്ഷികളിലൊരാൾ ടാക്സി ഡ്രൈവറാണ്. രജിസ്ട്രാറുടെ സ്ഥിരം ടാക്സി. മറ്റേയാൾ വെണ്ടർ പങ്കജാക്ഷൻ കൊണ്ടുവന്ന ഒരു മേനോൻ.''
''ഒരു കാര്യം കൂടി. ഈ ചെക്കും പണവും കൈമാറ്റം നടക്കുന്നത് രജിസ്ട്രാർ സംഘത്തിെൻറ സാന്നിധ്യത്തിലാണോ? അതോ അവരെത്തും മുമ്പാണോ? ശേഷമാണോ?''
''സാർ. ഞാനും അപ്പനും ഇക്കാര്യങ്ങൾ എത്രയോ എത്രയോ തവണ സംസാരിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്ര കണിശമായ ഓർമ. പണവും ചെക്കും കൊടുത്തത് ഇവരാരുടേയും മുന്നിൽ െവച്ചല്ല. അകത്ത് ഡൈനിങ് ടേബിളിൽ െവച്ചാണ് ഈ കൈമാറ്റം ഒക്കെ നടന്നത്. അത് കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടാണ് രജിസ്ട്രാർ ടീം എത്തുന്നത് തന്നെ.''
''ആധാരത്തിൽ എഴുതിയ തുക സെൻറിനു പതിനായിരം. അത് ചെക്കിൽ എഴുതുന്നു. നാല് ലക്ഷം. എന്നാ യഥാർഥ തുക എത്രയായിരുന്നു എന്ന് ഇവർക്കാർക്കെങ്കിലും അറിയുമായിരുന്നോ? അതിനെപ്പറ്റി എന്തെങ്കിലും ചർച്ച ആ സമയത്ത് ഉണ്ടായിരുന്നോ?''
''ഇല്ല. അപ്പെൻറ ഡീൽസ് അങ്ങിനെ ആണ്. യഥാർഥത്തിൽ എത്ര തുകയാണ് സെൻറിന് കൊടുത്തത് എന്ന് അപ്പൻ വെളിപ്പെടുത്തില്ല. താൻ വാങ്ങുന്നവരോടും അക്കാര്യം പുറത്ത് പറയരുതെന്ന് ഒന്ന് ചട്ടം കെട്ടും. അതീ ഫീൽഡിലെ അന്നത്തെ ഒരു പ്രത്യേകതയാണ്.''
''ഉം. എന്തായാലും നമുക്ക് നോക്കാം. കുറച്ച് കാര്യങ്ങൾ വിശദമായി അറിയാനുണ്ട്. അപ്പനോട് പറ. കേസിനെപ്പറ്റി അറിയുന്ന ഇൻഫോർമേഷൻ കമ്പ്ലീറ്റ് ഒന്ന് തയാറാക്കി വെക്കണം.
നാളെ ഞാനും ജെന്നിയും അവിടെ വരും.''
''വഴിനീളെ ചെക്കിങ് ആണു സാർ. കൊറോണ. എളുപ്പമല്ല.''
''നീയെങ്ങിനെ ഇവിടെ എത്തി അപ്പോ?''
''സാർ സത്യം പറഞ്ഞാൽ എെൻറ ഫ്രൻഡ് രെജീഷ്. അവൻ എസ്.ഐ ആണ്. അവൻ അറേഞ്ച് ചെയ്തോണ്ട് മാത്രം...''
''ഓക്കേ. ഞങ്ങൾ എത്തിക്കോളാം. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക്.''
ലിയോ ഇറങ്ങി. കാറിൽ കയറി. ജെന്നിയും മുറ്റത്തേക്കിറങ്ങിയിരുന്നു അയാളെ യാത്രയാക്കാൻ. വർഗീസ് സിറ്റൗട്ടിൽ എണീറ്റ് നിൽക്കുകയായിരുന്നു.
പെെട്ടന്ന് ലിയോ കാറിൽ നിന്നിറങ്ങി.
''സാർ... റെലവൻറാണോ എന്നറിയില്ല. റോമിയുടെ കാർ. മാരുതി എസ്റ്റീം. അന്നയാൾ മുറ്റത്തിട്ട് കാർ തിരിക്കാൻ പാടുപെട്ടു. കാറിെൻറ മുന്നിലും പിറകിലും ചുവന്ന ഇൻസുലേഷൻ ടേപ്പ് കൊണ്ട് L എന്ന് ഒട്ടിച്ചിരുന്നു. അത് ഇളക്കാൻ ഞാനൊരു ശ്രമം നടത്തീപ്പൊ അമ്മ ഒച്ചവെച്ചത് നല്ല ഓർമ.''
''ഹ ഹ ഹ! യുവർ മെമ്മറി ഈസ് സൂപ്പർ ലിയോ. ബൈ ദ ബൈ… ഈ കേസ് നമ്മൾ ഒന്നൂടി തുരക്കുന്ന കാര്യം അഭിരാമിയും പുരുഷനും അറിയണ്ട. ടൂ ഓൾഡ് ടു ഹോപ്. പ്രതീക്ഷ ഒന്നും വേണ്ട.''
നിത്യദുഃഖത്തിൽ അമർന്നിരിക്കുന്ന ഒരു സാധുവായിരിക്കും സ്തെബസ്ത്യാനോസ് എന്നായിരുന്നു ജെന്നീടെ മനസ്സിൽ. ഇത് പക്ഷേ ജില്ല് ജില്ല് എന്ന് തെറിച്ച് നിൽക്കുന്ന ഒരു പേഴ്സണാലിറ്റി. വൈബ്രൻറ് എന്ന് പറയാവുന്ന ഒരു സുന്ദരവൃദ്ധൻ.
''എെൻറ കച്ചോടങ്ങൾ പൊതുവെ രഹസ്യമായിരുന്നു. ഒന്നാമത് മ്മക്ക് ബ്രോക്കർ എടപാട് ഇല്ല. ഇപ്പഴത്തെ അത്ര ഇല്ലെങ്കിലും അന്നും വഴീക്കോടെ പോയോൻ വരെ വരും എർത്തായിറ്റ്. എന്തെങ്കിലും കിട്ടാൻ. എന്തായാലും ആധാരം രജിസ്ട്രാക്കുമ്പൊ ചിക്ലായ് എണ്ണികൊടുക്കുന്നുണ്ട് രജിസ്ട്രാർ മൊതല് പിയൂണിനു വരെ. അപ്പോ പിന്നെ തലവെളിപ്പെടുത്താണ്ട് വീട്ട്യെ വച്ച് നടത്താലോ രജിസ്ട്രേഷൻ. വാങ്ങിക്കഴിഞ്ഞോ വിറ്റുകഴിഞ്ഞോ അറിഞ്ഞാ മതീലോ നാട്ടാര്.
റോമീടെ കേസില് ഞാൻ തൂങ്ങി. ആ കാലൊന്നും സഹിക്കില്ല്യാട്ട. കൊറെ തിരിച്ചറിയലുകളുണ്ട്. അതൊക്കെ ഒരു അസ്സെറ്റ് തന്ന്യണ്. മെയിൻ കാര്യം നിങ്ങള് വീണുകെടക്കുമ്പ അറിയാംന്ന്ള്ളതാണ് ആരാ നിങ്ങടെ ശരിക്കുംള്ള ചങ്ക്ന്ന്. കയ്യിലിള്ളപ്പ കൂടെ നിക്കണ ഒറ്റ മൻഷ്യരേം നമ്പണ്ടാട്ട. അവര് കളം മാറും. ആ അത് വേറെ വിഷയം. പിന്നെ പേപ്പറ് കാര്. ഇപ്പൊ ടീവിക്കാര് ഒറ്റ അക്ഷരം വിശ്വസിക്കണ്ടാട്ടാ! മ്മടെ നെഞ്ചത്തക്ക് വരുമ്പഴേ നമ്മളറിയൂ സത്യം അയ്യന്തോള്ന്ന് പൊറപ്പെടാൻ ആലോയ്ക്കുമ്പഴയ്ക്ക് നൊണ നടുവിലാലില് എത്തീണ്ടാവുംന്ന്.
അത് പോട്ടെ ഇതിൽക്കങ്ങട് വരാം വർഗീസ് സാറെ... ഇവര് സ്ഥലം വിറ്റ്. പൈസേം വാങ്ങിപ്പോയി. മ്മക്ക് വേറെ ഒന്നും അറീല്ലല്ലോ.
ഇവരെങ്ങാണ്ട് പൊർപ്പെട്ട് പോയി. മ്മളു ഇത് വല്ലതും അറീണുണ്ടോ? തീറ് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് ബോംബേക്ക് പോണ്ടിയിര്ന്ന്. ഒരു ചെറിയ കല്ലൊരക്കമ്പനി സെറ്റാക്കീണ്ടാർന്ന്. അതിെൻറ ആവശ്യത്തിന്. ഡയമണ്ട് സേട്ടുമാരെ കണ്ട് തിരുവോണത്തിൻറന്നാണ് തിരിച്ചെത്തീത്. ഏഴൂസം കഴിഞ്ഞിട്ട്. അന്നന്നെ വൈന്നേരാണ് പ്ലോട്ടിൽക്ക് പോണത്. എടേലുള്ള മതിലു പൊളിച്ച് ഒറ്റപ്ലോട്ടാക്കണോ വേണ്ട്യോന്ന് വിചാരിച്ച് നിക്കുമ്പഴാണ് അപ്രത്തെ ചേടത്ത്യാര് വിളിച്ച് പറയണത്. ഈ റോമ്യേം കുടുംബത്തിനേം കാണാനില്ലാന്ന് ഒരു കരക്കമ്പി ഇണ്ട്ന്ന്. രസന്താന്ന്ച്ചാ റോമീടെ സ്ഥലം ഇപ്പൊ എെൻറ പേരിലായീന്ന് ഈ ചേട്ത്ത്യാരറിഞ്ഞട്ടില്ല! ശെഡാ ഇവരെവടെപ്പൂവാനാണ് വല്ല പോട്ടാശ്രമത്തിലെങ്ങാനും ആഴ്ചധ്യാനം കൂടാൻ പോയിണ്ടാവും എന്ന് പറഞ്ഞ് എെൻറ പണി നോക്കിയ ഞാനാണ് ഒരാഴ്ച കഴിഞ്ഞപ്പോ അകത്താവണത്. ഉണ്ട തിന്നണത്. തൊണ്ണൂറ്റി മൂന്ന് ദിവസാ സാറെ കെടന്നത്. ദേ നോക്ക്യേ സാറെ ഇപ്പഴും ആകാശത്ത് മഴക്കാറ് കണ്ടാ മതി കൂമ്പിന് ഒരു നീരാവരും. അമ്മാതിരി ഇട്യാണ്. ശവം കാട്ടിക്കൊടുക്കാൻ! മ്മളെവടന്ന് കാട്ടാനാ?
ക്രൈംബ്രാഞ്ച് ആണ് എന്നെ കസ്റ്റഡീലാക്കീത്. അവസാനം കണ്ടത് നമ്മളാണല്ലോ! ഈ റോമി പ്ലോട്ട് വിറ്റ കാര്യം അവെൻറ കുടുംബത്ത് മിണ്ടീട്ടില്ലാർന്ന്. അതും മ്മക്ക് പാരയായ്. ആ... കർത്താവ് തലേൽ വരച്ചട്ട്ണ്ട്. കൊലപാതകി എന്ന് കേൾക്കണമെന്ന്.
പക്ഷേ ഒരു കാര്യംണ്ട്ട്ട സാറേ. എെൻറ മനസാക്ഷീടെ മുന്നില് ദേ ഞാൻ തലപൊക്കിത്തന്നെയാ നിൽക്കണേ. പക്ഷേ അവടെ ഒഴിച്ച് എല്ലാടേം ഇപ്പഴും മ്മള് ശരിപ്പുള്ള്യല്ല! ഇപ്പഴും ദാ ആ പീട്യേടെ മുന്നീക്കോടെ ഞാൻ നടന്ന് പോയാ പിന്നില് സ്വകാര്യം പറയിണ്ട്. ദേ പോണൂ റോമ്യേ മുക്ക്യോൻന്ന്. അവൻ ആ പെണ്ണിനേം കൊച്ചങ്ങളേം കൊണ്ട് ആ കാറ് ഏത് ദുനിയാവിൽക്ക് വിട്ടോ ആവോ?''
''ആരായിരുന്നു ക്രൈം ബ്രാഞ്ചീന്ന്?''
''ഉദയഭാനു സാറ്. ഡിവൈ.എസ്.പി. ലിസ്റ്റൺ ആയിരുന്നു ടീം ലീഡർ. പക്ഷേ ഈ സർക്കിള് ഉദയഭാനു ആണെന്നെ വെള്ളം കുടിപ്പിച്ചത്.''
''ആ! അത് വളരെ ഇൻററസ്റ്റിങ് ആയ കേസായിരുന്നു. ബട്ട് എ ഫെയിൽഡ് വൺ ടൂ. മിസ്സിങ്! റോമിയും കുടുംബവും.''
ഉദയഭാനു ഇപ്പോൾ എസ്.പിയാണ്. ഇവർ ചെല്ലുമ്പോൾ ക്രൈം ബ്രാഞ്ച് ഓഫീസിൽ തന്നെയുണ്ടായിരുന്നു. ഇക്കൊല്ലം റിട്ടയർമെൻറാണ്.
ആദ്യം അത്ര വെൽക്കമിങ് മൂഡല്ലായിരുന്നു.
വർഗീസിെൻറ വിസിറ്റിങ് കാർഡ് സംഗതികളൊക്കെ മാറ്റി. വർഗീസിെൻറ ഖ്യാതി നല്ലവണ്ണം അറിഞ്ഞിട്ടുള്ള ആളാണെന്ന് ജെന്നിക്ക് വ്യക്തമായി.
''പ്രധാനകാര്യം ഇതിലെ സ്തെബസ്ത്യാനോസ് ഈസ് ക്രൂക്കഡ്. ചീങ്കണ്ണി ആണ്. അതിമിടുക്കൻ. അയാളുടെ എല്ലാ പ്രവൃത്തികളും ഏറെ കാലം മുന്നിൽ കണ്ടുകൊണ്ടായിരിക്കും.''
ഇരട്ടറോമീ തിരോധാനക്കേസ് ഫയൽ എടുപ്പിക്കാൻ സമയമെടുത്തു. വന്നപ്പോൾ അതെടുത്ത് തുറന്ന് കുറച്ചുനേരം എല്ലാം നോക്കി ഉദയഭാനു താൽപര്യത്തോടെ പറഞ്ഞു തുടങ്ങി.
''മി. വർഗീസ് സെൽഫ് പ്രെയ്സിങ് ആയി പറയുകയല്ല... ലോ ആൻഡ് ഓർഡർ ഗ്ലാമറിനേക്കാൾ ഐ ലവ്ഡ് ദിസ് ഇൻവെസ്റ്റിഗേഷൻ ഡ്യൂട്ടി. ബട്ട് ദിസ് കേസ്... ഈ ഒറ്റ കേസ് മാത്രമേ എെൻറ കരിയറിൽ ബ്ലാങ്ക് ആയി ഉള്ളൂ.
ഇത് അന്വേഷിച്ച് വരുമ്പോ ഓരോന്നായി പുതിയ പുതിയ ഇൻററസ്റ്റിങ് ഫാക്റ്റ്സ് വന്നു. അതിലൊന്ന് ഇവർ ആധാരം രജിസ്റ്ററാക്കി എന്ന് പറയുന്ന ദിവസത്തിെൻറ അടുത്ത നാൾ പ്രിൻറ് ചെയ്ത ഒരു മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. എല്ലാം ഇതിൽ ഉണ്ട്. യെസ്! ഇതാ… മിസ്റ്റർ റോമി വാസ് ഡയഗ്ണോസ്ഡ് വിത്ത് ക്യാൻസർ. ചെവിയുടെയും താടിയെല്ലിെൻറയും ഇടയിൽ ചെറിയ തടിപ്പ്. ഫസ്റ്റ് സ്റ്റേജ് ഓൺലി. അമലയിൽ. റ്റു ബി ഫ്രാങ്ക്, ഇത് കേസ് പത്രങ്ങളിലൊക്കെ വന്നപ്പോൾ അമലയിൽനിന്ന് ഡയറക്ടർ ടീമിനെ ബന്ധപ്പെട്ടതാണ്. റ്റു ബി നോട്ടഡ്. ഈ റിസൽട്ട് ആരും കൈപ്പറ്റിയിട്ടില്ല. അടുത്ത ഇൻററസ്റ്റിങ് ഫാക്റ്റ് ആൺ റോമിയുടെയോ പെൺ റോമിയുടേയോ ഫാമിലിയിൽ ആർക്കും ഇവർ ഹോസ്പിറ്റലിൽ പോയി എന്നകാര്യം പോലും അറിയില്ല.
ആ... ദിസ് മി. വർഗീസ്, ഇത് വേറെ ഒരു കാൻസർ & ബയോപ്സി റിപ്പോർട്ട്. ഇത് മറ്റൊരു റ്റ്വിസ്റ്റാണ്. അതായത് ജൂലായ് 29നാണു റോമി അമലയിൽ പേഷ്യൻറായി എത്തുന്നത്. ചില സ്കാനും മറ്റും ചെയ്ത് ഓഗസ്റ്റ് മൂന്നിനു കവിളിനുള്ളിൽനിന്ന് ഡീപ് ഇഞ്ചക്ഷനോ മറ്റോ ചെയ്ത് ബയോപ്സി സാമ്പിൾ ശേഖരിച്ചു. റിസൾട്ട് വന്നത് ഓഗസ്റ്റ് 14ന്... നോക്കൂ... കാൻസറസ് സെൽസ്... പക്ഷേ ഈ കൈപ്പറ്റാത്ത റിപ്പോർട്ട് നോക്കൂ… ഇറ്റ് വാസ് ഹാംലെസ് വൺ.''
''ഹൗ ഇറ്റ് കുഡ് ഹാപ്പൻ? സേം ടെസ്റ്റ് ഡിഫറൻറ് റിസൾട്ട്...''
''യെസ്. ഇതാ ഡോക്ടർ ഉമയുടെ സ്റ്റേറ്റ്മെൻറിൽ ഉണ്ട് അത് വിശദമായി. മി. വർഗീസ്, ഐ വിൽ മേക്ക് എ കമ്പ്ലീറ്റ് കോപി ഓഫ് ദിസ് എൻറയർ ഫയൽ. യു കാൻ റെഫർ ടു ഇറ്റ്.''
''ഒരു ചോദ്യം മി. ഉദയഭാനു. എങ്ങനെയാണ് സ്തെബസ്ത്യാനോസ് ഈ കേസുമായി ലിങ്ക് ആയത്?''
''അതാണ് രസം. ഇതൊരു വാർത്തയാകുന്നത് ഇവരെ കാണാതായി പത്ത് നാൾ കഴിഞ്ഞിട്ടാണ്. മൂന്നാം നാൾ കൊടകര പൊലീസ് സ്റ്റേഷനിൽ ആദ്യ പരാതി. നാലുനാൾ കഴിഞ്ഞാൽ ഇവർ തിരിച്ച് ഗൾഫിൽ പോകുന്നു. തൃശൂരിൽ ചില ഷോപ്പിങ് ഉണ്ട് എന്നാണ് രണ്ട് റോമിമാരുടേയും വീടുകളിലെ അറിവ്. ഇന്നത്തെപ്പോലെ അല്ലല്ലോ മിനിറ്റിനുമിനിറ്റിനു അപ്ഡേഷൻ ഇല്ലല്ലോ. ആൺ റോമിയുടെ വീട്ടിലുണ്ടാകുമെന്ന് പെൺ റോമിയുടെ വീട്ടുകാരും തിരിച്ചും ഊഹിച്ചു. മൂന്നാം നാളാണ് സീരിയസ് ആയത്. സ്വാഭാവികമായൊരു അന്വേഷണം പൊലീസ് നടത്തി. മകൾ റോമിക്ക് ഈ വരവിൽ എന്തോ മാനസികവിഷമം ഉള്ളപോലെയെന്ന് അമ്മ മൊഴിനൽകിയിരുന്നു.''
''റോമിമാർ തമ്മിലുള്ള ബന്ധത്തെപ്പറ്റി?''
''അസൂയപ്പെടുത്തുന്ന ഒരുമ. പേരുമാത്രമല്ല അവർ രണ്ടുപേരും ഒരേപോലെ എല്ലാക്കാര്യത്തിലും എന്നാണ്. പക്ഷേ ഒരു ചെറിയ കൺഫ്യൂഷൻ ഉള്ള മാറ്റർ ഉണ്ടായിരുന്നു.''
''അതെന്താണ്?''
''സിറ്റിയിലെ സ്ഥലം വിൽക്കാൻ പോകുന്നു എന്ന് ഒരു സൂചനയും ഇരുവീട്ടുകാർക്കും ഉണ്ടായിരുന്നില്ല. ഇറ്റ് വാസ് ക്വയ്റ്റ് സ്േട്രഞ്ച് ഇൻഡീഡ്! പെെട്ടന്ന് എടുത്ത തീരുമാനം ആയിരുന്നു എന്നതാണ് വാസ്തവം.
കേസ് പെെട്ടന്ന് ക്രൈംബ്രാഞ്ചിലെത്തി. അന്ന് ഇലക്ഷൻ ടൈമാ. ഒരു കുടുംബം മൊത്തം മിസ്സിങ് അല്ലേ. കെ. കരുണാകരൻ ഇവടെയൊ ചാലക്കുടീലൊ എങ്ങാണ്ട് മത്സരിക്കുന്നുണ്ടായിരുന്നു. വലിയ പ്രെഷർ ആർന്ന്. സോ പെട്ടന്ന് തന്നെ കേസ് ഇവിടെയ്ക്ക് ട്രാൻസ്ഫറായ്. ബിഷപ്പുതിരുമേനീം എന്തോ ഇടപെട്ടിട്ടുമുണ്ടെന്നാണ് ഓർമ.
ഈ സ്തെബസ്ത്യാനോസ് റോമിയുമായ് ഉണ്ടായ ചെറുകിട ഉരസലിനെപ്പറ്റി ദാ ഇവിടെയുണ്ട് സാക്ഷിമൊഴി. സ്ഥലക്കച്ചോടമല്ലേ, അന്നതൊക്കെ സാധാരണമാണ്. എന്നാലും ഞാൻ സ്തെബസ്ത്യാനോസിനെപ്പറ്റി ഒന്ന് തിരക്കി. കൊള്ളാവുന്ന പുള്ളിയാണ്. വിളിച്ചുവരുത്തി. അപ്പോഴാണ് ഈ കച്ചവടക്കാര്യം അറിയുന്നത്. മൊത്തം െവച്ചു നോക്കുമ്പോൾ സ്തെബസ്ത്യാനോസ് അറിയാത്ത കളി അല്ല ഇത് എന്ന് തോന്നി. മി. വർഗീസ് അയാം ആൾ റെഡി ടൂ ലേറ്റ് ഫോർ ഏൻ അപ്പോയൻറ്മെൻറ്. ഇതാ, ഫുൾ ഡോക്യുമെൻറ്സ് കോപീസ് എടുത്തുതരും. ദിസ് ഈസ് അൺ ഓഫീഷ്യൽ. എനിക്കിനി ആറുമാസമില്ല റിട്ടയർമെൻറിന്. ഐ വിൽ ബി വെരി മച്ച് ഹാപ്പി ഇഫ് യുവർ ബ്രെയിൻ ഹെൽപ് റ്റു ക്ലോസ് റോമീസ് മിസ്സിങ് ഫയൽ... പ്ലീസ് കോൾ മി ഫോർ എനി അസിസ്റ്റൻസ്..''
രാത്രി ഏകദേശം ഒരുമണി വരെ കാട്ടാളൻ ഓരോ പേപ്പറും പരിശോധനയിലായിരുന്നു. ജെന്നിയും കൂടി, ഉറക്കം വരും വരെ. രാവിലെ അവൾ എണീറ്റുവരുമ്പോഴും വർഗീസ് അതേപോലെ പൂമുഖത്ത് ഇരിപ്പുണ്ട്. സെയിം പൊസിഷൻ. വലിയ ഫ്ലാസ്കിലെ കാപ്പി തീർന്നിട്ടുണ്ട്. അങ്ങനെയൊന്നും സിഗരറ്റ് വലിക്കാത്ത പേപ്പെൻറ മുന്നിലെ ആഷ് ട്രേ നിറഞ്ഞിട്ടുണ്ട്.
''പേപ്പാ! യു ഡിഡ്ൻറ് സ്ലീപ്പ്?''
''ഹ! ഗുഡ്മോണിങ് ജെന്നീ. ഇവിടെയിരി. നീ ഫയൽ മൊത്തം പഠിച്ചില്ലേ? വാ നമുക്കൊന്നു ഡിസ്കസ് ചെയ്യാം. നിെൻറ ബുദ്ധി നോക്കട്ടെ. പറ...''
''പേപ്പാ... ജൂലൈ 25ന് സ്തെബസ്ത്യാനോസ് റോമിയുടെ വീട്ടിൽ പോകുന്നു. ആ മാസം മൂന്നാമത്തെ വിസിറ്റാണ്. പ്ലോട്ട് കിട്ടില്ലെന്നറിഞ്ഞ ഒരു റിയൽ എസ്റ്റേറ്റ്കാരെൻറ ഫ്രസ്ട്രേഷൻ. ചെറിയ കശപിശ. ഈ പ്രൊപോസൽ ഉപേക്ഷിച്ചു അയാൾ. അപ്പോൾ ഓഗസ്റ്റ് 15ന് റോമി വിളിക്കുന്നു. സ്ഥലം കൊടുക്കാൻ സമ്മതം അറിയിക്കാൻ. അതായത് ഈ 20 ദിവസങ്ങൾക്കുള്ളിൽ റോമിമാർക്ക് പണത്തിന് വലിയ ഒരാവശ്യം വന്നിരിക്കുന്നു.''
''എക്സാക്റ്റിലി!''
''ആ ആവശ്യം എന്ത് എന്നത് ഈ കേസിൽ ഇമ്പോർട്ടൻറ് ഫാക്റ്റർ ആണ്. അതിെൻറ കൂടെ ചേർത്ത് വായിക്കേണ്ട ചിലതുണ്ട്.''
''അവയേവ?''
''സപ്തംബർ ഒന്നിനു ജോയിൻ ചെയ്യേണ്ട റോമി അവധി ഒരുമാസത്തേക്ക് നീട്ടിത്തരാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട് അബുദാബിയിലെ കമ്പനിയിൽ. ഒഴിവാക്കാനാകാത്ത സാഹചര്യം എന്ന് മാത്രമേ റീസൺ പറഞ്ഞിട്ടുള്ളൂ.''
''ഓക്കേ... ദെൻ...''
''അപ്പോൾ റോമിമാർ ലീവ് നീട്ടിവെയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. നാല് ടിക്കറ്റും പോസ്റ്റ്പോൺ ചെയ്യാൻ അക്ബർ ട്രാവൽസിൽ കൊടുത്തിട്ടുണ്ട്. അതായത് അവർക്ക് തൽക്കാലം തിരിച്ച് പോകാൻ പറ്റാത്ത എന്തോ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.''
''അതെന്താകണം ജെന്നീ?''
''ഇറ്റ്സ് ക്ലിയർ! ആൺ റോമിക്ക് കാൻസർ ആണ്.''
''പക്ഷേ ആ രണ്ടാം ബയോപ്സി റിപ്പോർട്ട് ആദ്യത്തേതിനു വിരുദ്ധമാണ്.
അയാൾക്ക് കാൻസർ ഇല്ല.''
''പക്ഷേ പേപ്പാ, ഇതീ ഫയലിൽനിന്ന് അറിയുന്നത് ഇങ്ങനെയാണ്...''
''എങ്ങനെ ആണെന്നാണെെൻറ ചോദ്യം.''
''റോമിക്ക് കവിളിനുള്ളിൽ ഒരു തടിപ്പ് പോലെ തോന്നാൻ തുടങ്ങിയിട്ട് ഏറെ നാളായി. അയാൾ അതിനു ഹോസ്പിറ്റലിൽ പോകാനൊന്നും റെഡിയല്ലായിരുന്നു. അതിനു തക്ക അസ്ക്യതകൾ ഒന്നുമില്ല. പക്ഷേ പെൺ റോമി അക്കാര്യത്തിൽ വലിയ ടെൻഷെൻറ ആളായിരുന്നു. കെട്ട്യോെൻറ കവിളിനുള്ളിലെ തടിപ്പിനെപ്പറ്റി തെൻറ അമ്മയോട് പറഞ്ഞിട്ടുണ്ട്...ജൂലൈ 25ന്, അതായത് സ്തെബസ്ത്യാനോസ് അവസാനം വീട്ടിൽ വന്ന അന്ന് ഇവർ ചാലക്കുടി സെൻറ് ജെയിംസിലെ ഡോ. ചാക്കോയെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. അദ്ദേഹമാണ് അമലയിലേക്ക് റെഫർ ചെയ്യുന്നത്. ആ റെഫറൻസ് ലെറ്റർ അമലയിൽനിന്ന് കിട്ടിയത് ഇതാ ഫയലിലുണ്ട്.''
''ഇവിടെ എന്തെങ്കിലും ഒരു ചെറിയ ഡ്രാമ ജെന്നിക്ക് തോന്നിയോ?''
''ഉവ്വ് പേപ്പാ. ഡോക്ടർ ചാക്കോയെ കണ്ട കാര്യവും ഓഗസ്റ്റ് ഒന്നിന് അമലയിൽ പോയകാര്യവും അതിനുശേഷം അമലയിലെ മൂന്ന് വിസിറ്റുകളും റോമിയും റോമിയും അല്ലാതെ ഇരു വീട്ടുകാരോ കൂട്ടുകാരോ അറിഞ്ഞിട്ടില്ല!''
''എന്തായിരിക്കാം അതിനു കാരണം?''
''കാൻസർ ഫോബിയ എന്ന് പറഞ്ഞൂടെ? 99ൽ എന്നൊക്കെ പറയുമ്പോൾ കാൻസർ എന്ന വാക്കിെൻറ അർഥം തന്നെ ദ എൻഡ് എന്നാകണം. സോഷ്യലി ഒറ്റപ്പെടും. നോ ഡൗട്ട്... സോ അറ്റ്ലീസ്റ്റ് അണ്ടിൽ കൺഫേം ദെ വാണ്ട് ഇറ്റ് ആസ് എ സീക്രട്ട് മേ ബീ...''
''വെരി വാലിഡ് ജസ്റ്റിഫിക്കേഷൻ ജെന്നി.''
''അപ്പോൾ ബയോപ്സി റിപ്പോർട്ട് വരുന്നു. ഡേറ്റഡ് ഓഗസ്റ്റ് 9. ഇതാ ഈ പേപ്പർ. ഇത് പ്രകാരം അത് അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന കാൻസറസ്മുഴയാണ്.
റോമിമാർ തകർന്നു. സംശയം വേണ്ട, തകരും.''
''അപ്പോൾ എന്താണീ രണ്ടാം റിപ്പോർട്ട്.''
''അതെ. പേപ്പൻ ഈ കോൾ ലിസ്റ്റ് ശ്രദ്ധിച്ചോ? റോമീടെ ഫോണിെൻറ ബില്ല്.''
''യെസ് ജെന്നീ. പോസ്റ്റ് പെയ്ഡ് സെൽഫോൺ. അന്നൊക്കെ ഈ ഫോൺ ബിൽ ഡീറ്റെയിൽസേ ഉള്ളൂ. ഇന്നത്തെപ്പോലെ മൊബൈൽ ട്രാക്കിങ് ഒന്നുമില്ല. രജിസ്ട്രേഷൻ നടന്ന അന്ന് വൈകീട്ട് 4.05ന് റോമിയുടെ മൊബൈലിൽനിന്ന് ഡോക്ടർ ഉമയ്ക്ക് കോൾ പോയത്? അമലയിലെ ഓങ്കോളജിസ്റ്റ്.''
''ഉവ്വ് പേപ്പാ... ഇതാ ഡോക്ടർ ഉമയുടെ സ്റ്റേറ്റ്മെൻറ്. സ്കാൻ റിപ്പോർട്ടും ബയോപ്സി റിപ്പോർട്ടും ഒക്കെ െവച്ച് ഉണ്ടാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം കാൻസർ കൺഫേംഡ്. എന്നാൽ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ കെ.കെ. നായർ, ഡോ. ഉമയുടെ ഗുരു, പ്രഗല്ഭൻ... അമലയിൽ ഒരു രണ്ടുദിന സെമിനാറിന് വരുന്നുണ്ട്. അദ്ദേഹം റിസൽട്ടുകൾ എല്ലാം നോക്കട്ടെ, എന്നിട്ട് ചികിത്സയിലേക്ക് പോകാം എന്നതായിരുന്നു ഡോ. ഉമയുടെ ഉപദേശം. റോമിമാർക്കും ചികിത്സ നാട്ടിൽ വേണ്ട എന്നുണ്ടായിരുന്നു. അഡയാർ ആക്കാം എന്നും. ഓഗസ്റ്റ് 18 വൈകുന്നേരം തന്നെ വിളിച്ച് ഡോ. നായരുടെ അവെയ്ലബിലിറ്റി കൺഫേം ആക്കിയിട്ട് 19ന് വന്നാൽ മതി എന്ന് പറഞ്ഞ് തെൻറ സെൽ നമ്പർ കൊടുത്തതിൻ പ്രകാരമാണ് ഡോ. ഉമയെ റോമി വിളിക്കുന്നത്.''
''എക്സാക്റ്റിലി. ആ ഫോൺ വിളിയിൽ എന്തുണ്ടായി.''
''അവിടെ ട്വിസ്റ്റ്! അതൊരു ആഹ്ലാദകരമായ ഇൻസിഡൻറ് ആയിരുന്നു. റോമിയുടെ ഫോൺ നമ്പറുകൾ ഒന്നും ഫയലിൽ അവെയ്ലബിൾ അല്ലാതിരുന്നതിനാലാണ് വിളിച്ച് പറയാതിരുന്നതെന്നും ഇവരുടെ വിളിക്ക് കാത്തുനിൽക്കുകയായിരുന്നു ഡോ. ഉമ എന്നും ഡോക്ടറുടെ സ്റ്റേറ്റ്മെൻറിൽ ഉണ്ട്. ഡോ. ഉമയുടെ ഡയഗ്ണോസിസ് പാടെ തെറ്റായിരുന്നു. ഡോ. നായരുടെ എക്സ്പീരിയൻസ് വേറെ ലെവലായതുകൊണ്ട് ഇതിനു ഒരു ചികിത്സയും വേണ്ട എന്നും ഒട്ടും വിസിബിൾ അല്ലാത്ത വേദന ഇല്ലാത്ത ഇത് കാൻസറസ് അല്ലെന്നും പതിനഞ്ചുകൊല്ലത്തിൽ ഒന്നര മില്ലിമീറ്റർപോലും ഇത് വളരുന്നതല്ലെന്നും അദ്ദേഹത്തിനു മനസ്സിലായി. എന്തായാലും നാളെ വരണം. ഡോ. നായരെ കാണാം, വരുമ്പോൾ താനെഴുതിയ റിപ്പോർട്ട് കൂടെ കൊണ്ടുവരണം എന്നും പറഞ്ഞു ഡോ. ഉമ. അത് കീറിക്കളയാൻ വേണ്ടി മാത്രം. റോമി അത്യാഹ്ലാദത്തിലായിരുന്നെന്നും ഭാര്യക്ക് ഫോൺ കൊടുത്തെന്നും അവരുടെ ആഹ്ലാദക്കരച്ചിൽ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ടെന്നും ആണ് ഡോ. ഉമ സ്റ്റേറ്റ്മെൻറ് കൊടുത്തിരിക്കുന്നത് പേപ്പാ...''
''അതെയതേ...''
''പേപ്പാ ജീവിതം തീർന്നു എന്ന മൂഡോഫ് െവച്ചാണ് റോമി, ഫാമിലിയുമായി വന്ന് അന്ന് ആധാരം രജിസ്റ്റർ ചെയ്യുന്നത്. ഈ ഡോക്ടർ ഉമയുടെ കോൾ രാവിലെ ആയിരുന്നെങ്കിൽ ഒരുപക്ഷേ...''
''അതേ! പ്ലോട്ട് വിൽപന നടക്കില്ലായിരുന്നു.
തെൻറ ചികിത്സക്ക്, അതും രഹസ്യമായി അഡയാറിൽ, ഒരു ഹ്യൂജ് എമൗണ്ട് വേണ്ടിവരും എന്നറിഞ്ഞതിനാലാകാം റോമി പെട്ടന്ന് സ്ഥലം വിൽക്കുന്നത്.''
''അല്ലാതെ വേറെ എന്ത് മോട്ടീവ് ഉണ്ടാകാനാണ് അതിനു പിറകിൽ...''
''യെസ് കണ്ടിന്യു യുവർ ഫൈൻഡിങ്സ് ജെന്നി... യു ആർ വെൽ സ്റ്റഡീഡ്.''
''ഇല്ല പേപ്പാ...എെൻറ സ്റ്റോറി ഇതായിരുന്നു: റിസൽട്ട് അറിഞ്ഞ റോമിയും ഭാര്യയും ആകെ തകരുന്നു. അവർ തമ്മിൽ അത്ര അറ്റാച്ച്മെൻറ് ഉണ്ട്. ആ ഒരു പ്രത്യേക അവസ്ഥയിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. തങ്ങൾ ഇല്ലാതായാൽ അനാഥരായിപ്പോകുന്ന കുട്ടികളെ ഓർത്തപ്പോൾ സഹിക്കുന്നില്ല. അവരെയും കൂടെ കൂട്ടാൻ തീരുമാനിക്കുന്നു. കാറുമായി നാലുപേരും ഊട്ടിയിലേക്ക് പോകുന്നു. അല്ലെങ്കിൽ കൊടൈക്കനാൽ. വിജനമായ കാട്ടിലെ ഹൈറേഞ്ചിലെ ഏതെങ്കിലുമൊരു സൂയിസൈഡ് പോയൻറിലേക്ക് കാറുമായ്...ഒരാളും ഒരിക്കലും എത്താത്ത ഏതോ ഗർത്തത്തിൽ. പക്ഷേ...എെൻറയീ തിയറി ഓടില്ല. ഡോ. ഉമ കൊടുത്ത മെസേജ് പാർട്ടി നടത്താൻ തക്ക ഹാപ്പി ന്യൂസ് ആണല്ലോ. നോ വേ ഫോർ എ സൂയിസൈഡ്.''
''ജെന്നീ, നോട്ട് എ ക്രൂഷ്യൽ പോയൻറ്... ഡോ. ഉമക്ക് 4.05ന് വിളിച്ച ആ കോളിനുശേഷം ആ ഫോണിൽനിന്ന് ഒരു കോൾ പോയിട്ടില്ല. അന്ന് വൈകുന്നേരം ഇവരെ കാണാതെ റോമിയുടെ അപ്പൻ വിളിക്കുന്നത് 5.55 നാണ്. അപ്പോളോയിൽനിന്ന് സൈറൻ അടിച്ചപ്പോൾ.
അന്നേരം സ്വിച്ച്ഡ് ഓഫ്ആണ്. പിന്നെ വീട്ടുകാരെല്ലാം വിളിക്കുമ്പോൾ ഫോൺ സ്വിച്ച്ഡ് ഒാഫ് ആണ്. നിെൻറ തിയറിപ്രകാരം ഇവർ ഒരു യാത്ര പോയിട്ടുണ്ടെങ്കിൽ ഫോൺ ഓഫ് ആക്കുമോ?''
''പേപ്പാ എെൻറ ആ തിയറി കാൻസർ കൺഫേമെങ്കിൽ മാത്രം. അത് വിട്ടേക്കൂ...''
''ഇനി രണ്ട്, പാടുപെട്ട് രജിസ്ട്രേഷൻ നടത്തി ചങ്കായ സ്ഥലം അന്യനായ ഒരാൾക്ക് കൊടുത്ത് ആ ചെക്ക് പോലും മാറാതെ കാഷ് യൂസ് ചെയ്യാതെ ഒന്നടങ്കം ആത്മഹത്യ! മൊത്തം ഒരു അപാകത ഇല്ലേ?''
ജെന്നിക്ക് ദേഷ്യം വന്നു.
''ഞാൻ ആ തിയറിവിട്ടെന്ന് പറഞ്ഞില്ലേ പേപ്പാ…''
''എടി... ഒരു പ്രധാന കാര്യമുണ്ട്. നീ ശ്രദ്ധിച്ചുനോക്ക്. 4.05നു ഇവർക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ വാർത്ത കിട്ടുന്നു. ശരിക്കും മരിച്ചെണീറ്റ അത്ര ത്രിൽ. ശരിയല്ലേ? എന്നിട്ടും ഫോണിൽനിന്ന് ഒരു കോൾ പോലുമില്ല. അറ്റ്ലീസ്റ്റ് പെൺറോമി സ്വന്തം അമ്മയെ വിളിച്ച് സന്തോഷത്താൽ ഒന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യണ്ടെ?''
''വേണം. വേണ്ടതാണ്. നോർമലി...''
''ഇവിടെ അത് ഉണ്ടായില്ല. തന്നെയുമല്ല, പിന്നീട് ഇവരെപ്പറ്റി ഒരു ക്ലൂ പോലുമില്ല. ജെന്നീ... ഇവിടെ നിന്ന് വി കാൻ ഡിഗ് എ ലോട്ട്...''
''മീൻസ്?''
''ജെന്നീ, ക്രൈം ബ്രാഞ്ച് ഈ കേസന്വേഷിച്ച രീതിയിൽ ഒരു അപാകതയുണ്ട്. ഒറ്റ തിയറി െവച്ച് മുന്നോട്ട് പോയി. കുറ്റാന്വേഷണത്തിലെ ഒരു വലിയ പോരായ്മയാണത്. നമ്മുടെ ആ കൺക്ലൂഷനിലേക്ക് ബാക്കി എല്ലാം എത്തിക്കാൻ ശ്രമിക്കും. കേസാകുമ്പോൾ പ്രതി വേണം. പത്രങ്ങളൊക്കെ അന്ന് പ്രതികൾക്ക് വേണ്ടി ദാഹിക്കും. ഇലക്ഷൻ സെപ്തംബർ 11നും. ഇവരെ കാണാതാകുന്നത് ഓഗസ്റ്റ് 29നും. ഒരു കുടുംബത്തിെൻറ തിരോധാനമാണ്. ചില്ലറക്കളിയാണോ? പ്രതിയെ കിട്ടിയില്ലെങ്കിൽ വോട്ടിനെ ബാധിക്കും, ഇല്ലേ? സോ ഇവർക്ക് മി. എക്സ് വേണം. സ്തെബസ്ത്യാനോസിനെ ആ സ്ലോട്ടിൽ ഈസി ആയി വെക്കാം. കാരണം കംപ്ലീറ്റ് സാഹചര്യങ്ങളും അയാൾക്ക് എഗെയിൻസ്റ്റാണ്. പത്രങ്ങൾക്ക് ദിവസങ്ങളോളം നാലുകോളം കൊടുത്താൽ മതി...നീയാ പത്രക്കട്ടിങ്സ് ഹെഡ്ഡിങ്ങുകൾ ഒന്ന് വായിച്ചേ ജെന്നീ...''
''ഇരട്ട റോമീ തിരോധാനം. പിറകിൽ റിയൽ എസ്റ്റേറ്റ് മാഫിയ'' -സെപ്തംബർ 08.
''പൊലീസ് ഇരുട്ടിൽ തപ്പുന്നു. -യു.ഡി.എഫ് കൺവീനർ'' -സെപ്തംബർ 09.
''സ്തെബസ്ത്യാനോസ് ധാരാവിയിൽ പോയതെന്തിന്'' -സെപ്തംബർ 09.
''സബ് രജിസ്ട്രാറുടെ നീക്കം സംശയാസ്പദം'' -സെപ്തംബർ 10.
''കുടുംബം അറിയാതെ സ്ഥലം വിൽപന. റോമീകേസ് പുതിയ വഴിത്തിരിവിലേക്ക്'' -സെപ്തംബർ 11.
''സ്തെബസ്ത്യാനോസും ഗുണ്ടാത്തലവൻ ഇറച്ചിപോളും ബന്ധുക്കൾ'' -സെപ്തംബർ 13.
''ഹ ഹ! മതി മതി... ആഘോഷങ്ങളാണ്. ഉദയഭാനു അതിൽ രമിച്ചെന്ന് തോന്നുന്നു.''
''പേപ്പാ... നമ്മളിപ്പോ എന്ത് ചെയ്യും?''
''ജെന്നീ... എട്ട് ലക്ഷം കാഷും നാലിെൻറ ചെക്കും. ഇതിവരുടെ കയ്യിൽ ഉണ്ട് എന്ന് അറിയാവുന്നത് സ്തെബസ്ത്യാനോസിനു മാത്രം. അല്ലേ? എന്നിട്ടും സാക്ഷികളായി ഒപ്പിട്ട ടാക്സി ഡ്രൈവർ രവിയും ഒരു ദാമോദരമേനോനും മുപ്പത്തേഴു ദിവസം അകത്ത് കിടന്നു. രജിസ്ട്രാർക്ക് സസ്പെൻഷൻ കിട്ടി.
റോമിമാർ പെട്ടന്ന് ഫണ്ട് റെയ്സ് ചെയ്യാൻ ഉണ്ടായ മോട്ടീവ് ഈസ് ക്വയ്റ്റ് കൺവിൻസബിൾ. ട്രീറ്റ്മെൻറ്. എന്നാൽ ഒരു മിറാക്കിൾപോലെ അന്ന് നാലേ അഞ്ചിന് ഡോ. നായർ അവരെ തിരികെ ലൈഫിലേക്ക് കൊണ്ടുവരുന്നു. അല്ലേ? പക്ഷേ ആ മൊമെൻറ് മുതൽ അവരെപ്പറ്റി ഒരു ക്ലൂ ഇല്ല. എസ്.ഐ ഉദയഭാനു സ്തെബസ്ത്യാനോസിെൻറ പുറകെ കൂടി. അന്നേരമൊക്കെ ബോഡികൾ കിട്ടും എന്ന ഓവർ കോൺഫിഡൻസ് കൊണ്ടാകും. ബട്ട് സാഡ്ലി, കേസ് ഗോൺ ഓൺ കംപ്ലീറ്റിലി റോങ്വേ... ജെന്നീ... സ്തെബസ്ത്യാനോസ് ഈസ് ഇന്നസെൻറ് ഫോർ ഷുവർ...''
''ബട്ട് ഹൗ... പേപ്പാ ഹൗ കാൻ വി പ്രൂവ് ഇറ്റ്...''
''എടീ... ഇരുപത്തിരണ്ടാം വർഷത്തിലും അയാളും മകനും ഇന്നും അത് തെളിയിക്കാൻ ഇത്ര ഇൻററസ്റ്റ് എടുക്കുന്നു. കോടതി തള്ളിയ കേസാണ്. പൊലീസ് ഡിപ്പാർട്മെൻറ് ഇയാളോട് മാപ്പു പറയേണ്ടി വന്ന കേസാണ്. എന്തിന് സ്റ്റിൽ ഹി വാണ്ട്സ് ടു റി ഓപൻ ഇറ്റ്? ദേർ ഈസ് ഓൺളി വൺ മോട്ടീവ് ജെന്നീ...''
''ഹി വാണ്ട്സ് ടു നോ ട്രൂത്ത്! ഹി ബാഡ്ലി നീഡ്സ് ടു വാഷ് ഹിസ് ഹാൻഡ്സ് ഓഫ്. അയാൾ നോട്ടറ്റോൾ എ ക്രിമിനൽ ജെന്നീ... ആൻഡ് ഹി ഈസ് സോ പ്രാക്റ്റിക്കൽ. പന്ത്രണ്ട് ലക്ഷത്തിനുവേണ്ടി നാലുപേരെ കാർ സഹിതം ഇല്ലാണ്ടാക്കി ശിഷ്ടകാലം സുഖമായി ജീവിക്കാം എന്ന് വിചാരിക്കുന്ന മണ്ടൻ അല്ല എന്തായാലും. ജെന്നീ, അന്ന് റോമീസിനു എന്തോ സംഭവിച്ചു. ആർക്കും അറിയാത്ത ഒന്ന്. 1999 ഓഗസ്റ്റ് 18ന് നാലേ അഞ്ചിനും അഞ്ചേ അമ്പത്തി അഞ്ചിനുമിടയിൽ. ശരിക്കും പറഞ്ഞാൽ ഡോ. ഉമയുടെ കോൾ കഴിഞ്ഞ സമയമായ നാലുമണികഴിഞ്ഞ് എട്ട് മിനിറ്റ് എന്ന അതേ സമയത്ത് തന്നെ! എന്തോ ഒന്ന്!''
''ലൈക്ക് വാട്ട്..?''
''കണ്ടുപിടിക്കണം ജെന്നി. കണ്ടുപിടിക്കണം. ഇന്ന് ഞാൻ ഒന്ന് ഇറങ്ങുന്നു. ഒറ്റയ്ക്ക്. നീ വേണ്ട. ചെറിയ ചില കറക്കങ്ങൾ ഉണ്ട്. ഓക്കേ? പിന്നെ നെവർ ഷെയർ ദിസ് കേസ് ഡീറ്റെയിൽസ് റ്റു യുവർ ഫ്രൻഡ് അഭിരാമി ആൻഡ് ലിയോ. എന്നാ വാ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. പുട്ടും കടലയും മസാലപപ്പടവും.''
''പേപ്പാ... പ്ലീസ് ഞാനും വരും. പ്ലീസ്...''
ജെന്നിയുടെ വാശി ജയിച്ചില്ല. വർഗീസ് കൂടെ കൂട്ടിയില്ല. കുറച്ച് ഇല്ലീഗൽ ആക്ടിവിറ്റിയാണ് എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്. എന്തായാലും ഇന്നലെ രാത്രി മുഴുവൻ പേപ്പൻ ഉറങ്ങാതെ കേസ്ഫയലിൽ മുങ്ങിയിരിക്കുകയായിരുന്നതും തെൻറ സ്ക്രിബിളിങ് പാഡിൽ നിറയെ നിറയെ കുത്തിക്കുറിച്ചതും ഒക്കെ ഓർത്തപ്പോൾ ജെന്നി അടങ്ങി. ഇതുപോലെ പേപ്പൻ എന്നെല്ലാം സ്വയം മറന്നിരുന്നിട്ടുണ്ടോ അപ്പോഴൊക്കെ ഒരു കുറ്റവാളിക്കുള്ള ചീട്ട് എവിടെയോ കീറപ്പെട്ടിട്ടുണ്ടെന്ന് ജെന്നിക്ക് ചെന്നൈ ജീവിതത്തിൽനിന്ന് അറിയാവുന്നതാണ്. തെൻറ കൂട്ടുകാരി അഭിരാമിക്ക് വേണ്ടിയാണു പേപ്പെൻറ ഈ തലപുകയ്ക്കൽ. ഒന്നും കാണാതെ തന്നോട് വരരുത് എന്ന് പറയാറില്ല പേപ്പൻ. എന്തായാലും കാത്തിരിക്കാം. ജെന്നി ഉറപ്പിച്ചു.
അന്നു രാത്രി വർഗീസ് ഏറെ വൈകിയാണ് വന്നത്. ഇടയിൽ ജെന്നി രണ്ടു തവണ വിളിച്ചപ്പോൾ കോൾ കട്ട് ചെയ്യുകയായിരുന്നു. വന്ന ഉടനെ ചൂടുവെള്ളത്തിൽ കുളിക്കുകയും ലഞ്ചും ഡിന്നറും ഒരുമിച്ചെന്നപോൽ വയറുനിറയെ ഭക്ഷിക്കുകയും ചെയ്തു. ഈ സമയമത്രയും ഇപ്പോൾ പറയും ഡെവലപ്മെൻറുകൾ എന്ന ജെന്നിയുടെ കുതൂഹലത്തെ പേപ്പൻ അമ്പേ അവഗണിച്ചു. ഗുഡ് നൈറ്റ് പറഞ്ഞ് മുറിയിലേക്ക് പോകാൻ തുടങ്ങിയ അയാളെ തടഞ്ഞു നിർത്തി ജെന്നി.
''പേപ്പാ. ദിസ് ഈസ് ക്രുവൽ. അയാം യുവർ ടീം മെമ്പർ.''
''ഹ! ജെന്നി. മറ്റന്നാൾ നമുക്കൊരു ഹെക്റ്റിക് ഡേ ആയിരിക്കും. നൗ അയാം ടയേഡ്. ദോ സമയം പത്തായി. അയാം ഗോയിങ് ടു സ്ലീപ് 10 ഔവേഴ്സ്. വേക്ക് മി അപ് അറ്റ് എയ്റ്റ്. നാളെ നമുക്ക് തോട്ടിൽ മാട്ടത്തിനിടയിൽനിന്ന് മലിഞ്ഞീനെ പിടിക്കാം. സ്പെഷൽ കമ്പിച്ചൂണ്ട. അതിെൻറ പ്രത്യേകത അറിയോ? ഇരകണ്ട് അവൻ പതുക്കെ പതുക്കെ പുറത്ത് വരും. ഓക്കേ ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീംസ്.''
സാഡിസ്റ്റ് കാട്ടാളൻ. ജെന്നി പിറുപിറുത്തു.
തൃശൂർ എം.ജി റോഡിലെ മണ്ണത്ത് ലൈൻ. അതിലൂടെ അമ്പത് മീറ്റർ പോയാൽ സി.ആർ ഷോപ്പിങ് കോംപ്ലക്സ്.
ജെന്നിയും വർഗീസും എത്തുമ്പോൾ ഉദയഭാനു ഓടിവന്ന് സ്വീകരിച്ചു. അന്ന് ഓഫീസിൽ കണ്ട ഉദയഭാനു അല്ല. അയാളുടെ ശരീരഭാഷ ആകെ മാറിയിരിക്കുന്നു. വർഗീസിനോടിപ്പോൾ ഒരുതരം ആരാധന. വിധേയത്വം. ഷോപ്പിങ് കോംപ്ലക്സിെൻറ ഉടമസ്ഥരെന്ന് ജെന്നിക്ക് മനസ്സിലായ രണ്ടുപേർ വർഗീസിനെ അഭിവാദ്യം ചെയ്തു. ചാർളി ചീരൻ & റാസി മുഹമ്മദ്. വളരെ പ്ലസൻറ് ലുക്കുള്ള രണ്ടു മധ്യവയസ്കർ. അവർ തമ്മിലുള്ള റാപ്പോ ആണ് ജെന്നിയെ ആകർഷിച്ചത്. ഒരു പക്ഷേ ലോക്ഡൗണിനു ശേഷം ആദ്യമായി കാണുന്നതായിരിക്കാം. മാറിനിന്ന് അവരെപ്പോഴും ചർച്ചതന്നെ... വിഷയം ഇതൊന്നുമല്ല... കൊറോണ. ബിസിനസ്.
കുഴൽക്കിണർ കുഴിക്കുന്ന വണ്ടിയും സംഘവും. ബേസ്മെൻറ് പാർക്കിങ്ങിൽ ഒരിടത്തായി മഞ്ഞ പെയിൻറിനാൽ ഒരു വലിയ വട്ടം വരച്ചിരിക്കുന്നു. ഉള്ളിൽ ചുവന്ന പെയിൻറുകൊണ്ട് അവിടെയിവിടെ അഞ്ച് ചെറിയ വൃത്തങ്ങൾ.
നാലഞ്ചുപേരടങ്ങുന്ന സംഘം ഫോറൻസിക് വിദഗ്ധരാണെന്ന് ജെന്നിക്ക് സംസാരത്തിൽനിന്ന് പിടികിട്ടി. ഒരു ലേഡി, പൂർണിമ എന്നാണ് അവരുടെ പേരെന്നും ജെന്നി കണ്ടുപിടിച്ചു. അവരാണു സംഘത്തെ നയിക്കുന്നതെന്നും വേറെ അഞ്ചെട്ട് ബംഗാളി ലേബറേഴ്സ്.
കുഴൽക്കിണറുകാർക്ക് കാട്ടാളൻ നിർദേശം നൽകുന്നു. വിശാലമായ പാർക്കിങ് ഏരിയ മൊത്തം കാലിയായി കിടക്കുന്നു.
നാൽപത്തിമൂന്ന് ദിവസത്തെ വീട്ടിലിരിപ്പിെൻറ മുരടിപ്പിനൊരു ഇടവേള കിട്ടിയ നിഗൂഢാഹ്ലാദം അവിടെയുള്ള ഏവർക്കും ഉണ്ട്. തനിക്കുൾെപ്പടെ, ജെന്നി ഓർത്തു.
കുഴൽക്കിണർ യന്ത്രം മുരണ്ട് തുടങ്ങി. വളരെ പെെട്ടന്ന് തന്നെ ഒരു മൺകൂമ്പാരം രൂപം കൊണ്ടു. യന്ത്രം ഡ്രിൽ ചെയ്ത് തള്ളുന്ന മണ്ണ് കൂട്ടിയിടേണ്ട സ്ഥലങ്ങളെല്ലാം സ്പെസിഫിക്കായി രേഖപ്പെടുത്തിെവച്ചിരുന്നു വർഗീസ്.
അത്ര വലുതല്ലാത്ത ചളിക്കുന്നുകൾ പാർക്കിങ് ഏരിയയിലാകെ ഒന്നര മണിക്കൂറിനുള്ളിൽ രൂപംകൊണ്ടു.
ഭൂമിക്കടിയിൽനിന്ന് തുരന്നെടുത്ത കുഴമ്പുപരുവത്തിലുള്ള മണ്ണ് അപ്പഴപ്പോൾത്തന്നെ മണലരിപ്പയിലിട്ട് അതിലേക്ക് വാട്ടർ പൈപ്പ് അടിച്ച് അരിച്ചുതുടങ്ങി ബംഗാളികൾ. കോൺക്രീറ്റ് ചീളുകൾ, ഇടക്ക് കമ്പിക്കഷണങ്ങൾ അങ്ങനെ അൽപമെങ്കിലും വലുപ്പമുള്ളവ അരിപ്പയിൽ തടയുന്നത് മാറ്റിയിടുന്നു. വർഗീസും ഉദയഭാനുവും ഫോറൻസിക് വിദഗ്ധരും അവ പരിശോധിക്കുന്നുണ്ട്.
ഉച്ചയാകാറായപ്പോഴേക്കും അഞ്ചു സ്ഥലത്ത് ഏകദേശം നൂറടി ആഴത്തിൽ അഞ്ച് കുഴൽക്കിണറുകൾ രൂപംകൊണ്ടു. പരിശോധനകളും തകൃതിയായി നടന്നു.
ബേസ്മെൻറ് പാർക്കിങ് ആകെ ചളിപിളിയായി. അപ്പോഴും ഒട്ടും അസ്ക്യത പ്രകടിപ്പിക്കാത്ത ചാർളി & റാസിയോട് ജെന്നിക്ക് വലിയ ബഹുമാനം തോന്നി.
ഉച്ചക്ക് ഒന്നേമുക്കാലിന് ഫോറൻസിക് സംഘത്തിലെ പൂർണിമാ മാഡം ഗ്ലൗസിട്ട തെൻറ കൈ ഉയർത്തി സാർ എന്ന് കുറച്ച് എക്സൈറ്റ്മെേൻറാടെ വിളിക്കുന്നത് ജെന്നി കണ്ടു. വർഗീസും ഉദയഭാനുവും അങ്ങോട്ട് ഓടിയെത്തി.
പേപ്പെൻറ മുഖം വലിഞ്ഞുമുറുകുന്നു. ആത്മവിശ്വാസത്തിെൻറ വേലിയേറ്റത്തിൽ ഒരു പുഞ്ചിരിയടക്കിക്കൊണ്ട് പേപ്പൻ യെസ് എന്ന് ഉച്ചരിക്കുന്നു. ഇപ്പോൾ ഉദയഭാനു വർഗീസിെൻറ കൈയിൽ കേറി പിടിമുറുക്കി.
യെസ്!!!
ജെന്നി അവർക്കടുത്തേക്കോടി.
അന്ന് രാത്രി.
''ജെന്നീ, നാളെ നമ്മൾ നിെൻറ കൂട്ടുകാരിയുടെ വീട്ടിൽ. നീ അഭിരാമിക്ക് വിളി. അവൾടച്ഛനു ഫോൺ കൊടുക്കാൻ പറ. നാളെ അവിടെയിരുന്ന് നമുക്ക് ടീവി കാണണം.''
''അതൊക്കെ കാണാം. പക്ഷേ ഇപ്പോ പറ പേപ്പാ... വേം പറ! ഇത്രക്കൊന്നും വെയ്റ്റ് ഇടണ്ട. രണ്ടൂസമായല്ലോ എന്നെ ഇങ്ങനെ പൊട്ടി ആക്കി കൂടെ കൊണ്ട് നടക്കുന്നു. ക്രുവൽ തന്ത!''
''ഒരു തവണയേ പറയൂ, ശ്രദ്ധിച്ചു കേട്ടോ. ബാങ്കിൽനിന്ന് ഇറങ്ങിയ റോമിമാർ എന്ത് ചെയ്യാനാണ് സാധ്യത? സംശയമൊന്നും വേണ്ട തങ്ങളുടെ കാറിലേക്ക് കയറും. ആണല്ലോ? ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ എം.ജി റോഡിലുള്ള ബ്രാഞ്ച് എവിടെയാണ്? അല്ലെങ്കിൽ 99ൽ എവിടെ ആയിരുന്നു. ഈസിലി സ്പോട്ടഡ്. അവിടെ കാർ പാർക്കിങ് സൗകര്യമുണ്ടോ? ഇല്ല. ബിസിയസ്റ്റ് റോഡാണ്. ഇന്ന് ഡിവൈഡർ ഉണ്ട്. അന്ന് അതുമില്ല. അപ്പോൾ അക്കാലത്ത് ഈ ബാങ്കിലും അവിടെയുള്ള മറ്റു കടകളിലും വരുന്നവർ കാർ എവിടെയായിരിക്കും പാർക്ക് ചെയ്യുക. എസ്പെഷലീ അരണാട്ടുകരനിന്ന് വരുന്നവര്...അനുഭവസ്ഥരുടെ അഭിപ്രായം തേടി. ഇന്നുള്ളതിനേക്കാൾ കൺജസ്റ്റഡായിരുന്നു അന്ന് അത്രെ. ഇന്നത്തെപ്പോലെ ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിൽ പേ പാർക്കിങ് എന്ന ബിസിനസ് അന്നില്ല. റോമി കാർ എവിടെ പാർക്ക് ചെയ്തിരിക്കാം? ഒരു ബുധൻ. ഇലക്ഷൻ അടുത്ത സമയം. കൂടാതെ ഓണം വരുന്നു. തിരക്ക് ഇരട്ടിക്കുന്ന ദിവസം. മൂന്നുമണി സമയം.
രാംദാസ് തീയറ്ററിനുള്ളിൽ എന്തായാലും ആകില്ല. പിന്നെ എവിടെ? മച്ചിങ്ങൽ ലൈൻ, മണ്ണത്ത് ലൈൻ, മാരാത്ത് ലൈൻ, കാരിക്കത്ത് ലൈൻ. ഇവിടെയൊന്നും വഴിയരികിലിടാൻ പറ്റില്ല. ബ്ലോക്കാകും. പിന്നെയുള്ളത് വുഡ്ലാൻഡ്സ് ഹോട്ടൽ പാർക്കിങ് ആണ്. അവിടെ കാർ ഇട്ട് ബാങ്ക് ഇടപാടിനു പോകാൻ ചാൻസ് കുറവാണ്. സെക്യൂരിറ്റി സമ്മതിക്കില്ല. ആ ഓപ്ഷൻ ഒന്ന് വിട്ട് ചിന്തിക്കാം. പിന്നെ എവിടെ? ഇഞ്ചോടിഞ്ച് ബിൽഡിങ്ങുകളാണ് അന്നും. അടുത്തതായി അന്വേഷിക്കേണ്ടത് 1999 ഓഗസ്റ്റ് മാസം അവിടെ ഓപൺ ഏരിയ ആയി കിടന്ന ലാൻഡ് ഉണ്ടോ എന്നതാണ്. ഇല്ല. എങ്കിലിനി ആ സമയം കൺസ്ട്രക്ഷൻ നടത്തിയ വീടുകളോ ബിൽഡിങ്ങുകളോ ഉണ്ടോ എന്നതാണ്.''
''ജെന്നീ അവിടെ നമ്മൾ സ്കോർഡ്.''
''1999ൽ ജനുവരി മാസം പൊളിച്ചുകളഞ്ഞ ഒരു പഴയ വലിയ വീടുണ്ട്. വർക്കിങ് വിമെൻസ് ഹോസ്റ്റൽ ആയിരുന്നു. ഒരു പഴയ കോവിലകം ഹോസ്റ്റലാക്കീതാണ്.
സെപ്തംബർ മാസം അവിടെ കൺസ്ട്രക്ഷൻ തുടങ്ങി. ഇതിനിടയിലുള്ള കുറച്ചുകാലം അതിനുള്ളിൽ വണ്ടികൾ പാർക്ക് ചെയ്തിരുന്നു. കിട്ടുന്ന സ്ഥലത്ത് വണ്ടി കേറ്റിയിടുന്നു ആൾക്കാർ. ഈ ഇൻഫോർമേഷൻ കിട്ടിയത് മണ്ണത്ത് ലൈനിലെ ഒരു കോർണറിൽ ചെറിയ കൂടുപോലെ കെട്ടിയ ഷെഡിൽ സ്ഥിരം ഉണ്ടാകാറുള്ള ചുമട്ട് തൊഴിലാളികളിലൊരാളായ അരവിന്ദൻ എന്ന വൃദ്ധനിൽനിന്നാണ്! ലോക്ഡൗൺ ലംഘിക്കാൻ ഇറങ്ങിയതാ പാവം. ദേർ വി ക്ലിക്ക്ഡ് ജെന്നി!
അരവിന്ദേട്ടാ… ആ പറമ്പിലൊരു കിണറുണ്ടായിരുന്നല്ലോ എന്ന എെൻറ ചോദ്യത്തിൽ നമ്മുടെ കേസ് തീർന്നു ജെന്നീ.''
''കോർപറേഷൻ ഓഫീസിൽനിന്ന് അപ്പോ തന്നെ പഴയ പ്ലോട്ട് സ്കെച്ച് പൊക്കിച്ചു.''
''പേപ്പാ, ലോക്ഡൗൺ അല്ലേ?''
''ജെന്നീ, ഉദയഭാനു വിചാരിച്ചപോലെ തണുപ്പനല്ല നീറാണ്. നീറ്.
സെക്രട്ടറിയും മൂന്ന് കൺസേൺഡ് സ്റ്റാഫും എത്തി. പൊലീസ് വണ്ടിയിൽ. ഈ സ്കെച്ച് തപ്പൽ എളുപ്പമല്ലായിരുന്നു. എന്തായാലും സംഗതി ഉച്ചയായപ്പോഴേക്കും കിട്ടി. തൃശൂർ നഗരത്തിലെ കിണറുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്ന ഒരു ഓർമ മുമ്പെപ്പഴോ കേട്ടിട്ടുണ്ട്. അതിനാൽ തന്നെ പ്ലോട്ട് സ്കെച്ചിൽ കിണർ ഉണ്ടാകുമെന്ന് എനിക്ക് തോന്നി. പക്ഷേ ഫ്ലോപ്പ്ഡ്. അത് ചീറ്റി ജെന്നി. അത്ര ഡീറ്റെയിൽഡ് അല്ല പ്ലോട്ട് സ്കെച്ച്. അത് അതിർത്തികൾക്ക് മാത്രം പ്രയോരിറ്റിയുള്ള ഒന്നാണ്.''
''എന്നിട്ട്?''
''എന്നാൽ ഈ സമയംകൊണ്ട് ആ കോംപ്ലക്സിെൻറ ഓണർമാരെ വരുത്തി. ചാർളീം റാസീം... സൂപ്പർ ഗയ്സ് ആക്ച്വലി. അവർ ശരിക്കും വീടിനു പുറത്തിറങ്ങാൻ പറ്റിയ ഒരു ഹാപ്പിനെസ്സിലായിരുന്നു.
അതിലെ റാസി സിവിൽ എഞ്ചിനീയറാണ്. അവരുടെ പക്കൽ ഒരു പക്കാ സ്കെച്ച് ഉണ്ടായിരുന്നു. അത് റാസി വരച്ചത്. ഉടനെ അത് പോയി തപ്പിയെടുത്തു. അതിലീ കിണറിെൻറ സ്ഥാനം ഉണ്ട്. എക്സാക്റ്റ്.''
''പക്ഷേ... ഹൗ കം റോമീ...''
''ജെന്നീ, നാലുമണി കഴിഞ്ഞ് അഞ്ച് മിനിറ്റിലാണല്ലോ ഡോ. ഉമക്ക് വിളിക്കുന്നത് റോമി. അഞ്ചേ അമ്പത്തഞ്ചിെൻറ, അപ്പോളാ ഷിഫ്റ്റ് ചേഞ്ചിങ് സൈറൺ കേട്ടപ്പോഴാണ് റോമീടെ അപ്പച്ചൻ റോമിമാരും പിള്ളേരും ഇതുവരെ എത്തിയില്ലല്ലോ എന്നോർത്ത് സെല്ലിലേക്ക് വിളിക്കുന്നത്. വിളിക്കാൻ കാരണം റോമി കാറിൽ പോയതാണ്. അത്ര എക്സ്പർട്ട് ആയിട്ടില്ലല്ലൊ. അപ്പോൾ സ്വിച്ച്ഡ് ഓഫ്. അല്ലേ. ആ നൂറ്റിപ്പത്ത് മിനിറ്റിനുള്ളിൽ എന്തോ സംഭവിച്ചു.
അതായത് കാറും നാലുപേരും ഈ ഭൂമിയിൽനിന്നേ അപ്രത്യക്ഷരായി, അല്ലേ? ആകാശം. കടൽ. അതിനിടയിൽ കട്ടിയിൽ കിടക്കുന്ന മണ്ണ്. ആകാശം വിടാം. കടലിൽ പോയെങ്കിൽ എവിടെയെങ്കിലും കരക്കടിയും ഇല്ലേ? പിന്നെയുള്ള ഏകസാധ്യത ഭൂമിക്കടിയിലാണ് അല്ലേ?''
''എന്നാലും പേപ്പാ...''
''തീർന്നില്ല. ആ ഓണർമാരില്ലേ? അവരുടെ സഹകരണം. അതിലൊരാളുടെ ഓർമ! കിണർ മൂടിയാലേ അവർക്ക് ഈ ഷോപ്പിങ് കോംപ്ലക്സ് പണിയാനാകൂ. വലിയ ആഴമുള്ള കിണർ. വെള്ളം കച്ചറയാണ്. പഴയ കോവിലകത്തിൽ ഇത് അടുക്കള കിണറായിരുന്നു. അതായത് വീടിനുള്ളിൽ. ഹോസ്റ്റലാക്കിയ സമയമായപ്പോഴേക്കും ഉപയോഗിക്കാറില്ല. പഴയ വീട് പൊളിച്ച് വിറ്റതിനുശേഷമാണീ പ്ലോട്ട് ഇവർ വാങ്ങുന്നത്. ഇവരുടെ പ്ലാനിൽ കിണർ കോംപ്ലക്സിനുള്ളിലാകും. കൺസ്ട്രക്ഷനു വെള്ളം എടുക്കാമല്ലൊ എന്നായിരുന്നു അവരുടെ ആദ്യ ചിന്ത. പക്ഷേ അന്ന് മുനിസിപ്പാലിറ്റി കോർപറേഷൻ ആയിമാറുന്ന സമയമാണ്. നിയമം ക്ലാരിറ്റി ഇല്ല. ഉദ്യോഗസ്ഥർ കടും വെട്ടാണ്. കിണറിരിക്കും ഭൂമിയിൽ പുതിയ കെട്ടിടത്തിനു സാങ്ഷനു ഈസിയായി ഉടക്ക് വെക്കും. പണം പിടുങ്ങുന്നതിനേക്കാൾ ഉപരി സാങ്ഷൻ ഡിലേ ആക്കുമോ എന്ന ഭയം ചാർളി റാസിക്ക്.
വീട് പൊളിച്ച് വാങ്ങിയത് ഒരു സെയ്തു സായ്വ്. കംപ്ലീറ്റ് ഐറ്റംസ് അയാൾ പൊളിച്ചു കൊണ്ടുപോയപ്പോൾ കിണർ ഓപണായി. കിണർ നികത്താനും സെയ്തു സായ് വിനെ കരാറാക്കി ഇവർ. ജനുവരിയിലാണിത്. എന്നാൽ സെയ്തു അത് വൈകിച്ചു. എന്തായാലും സെയ്തു അയാൾ അവിടെയിവിടെ പൊളിക്കുന്നതിലെ അവശിഷ്ടങ്ങൾ ഇടയ്ക്ക് കൊണ്ടുതട്ടാനുള്ള ഇടമാക്കി ഈ കിണർ. അതങ്ങനെ കിടന്നു.''
''അപ്പോൾ?''
''റോമി ഡ്രൈവിങ്ങിൽ വിദഗ്ധനല്ല. ആ വെക്കേഷനാണ് കാർ വാങ്ങിയത്. L ബോർഡ് വച്ചിട്ടാണ് ഓട്ടം. കിണറിെൻറ തൊട്ടുമുന്നിൽ പാർക്ക് ചെയ്യുന്നു. ഒരുപക്ഷേ കുറ്റിച്ചെടികളുണ്ടാകാം. കിണർ ഉണ്ടെന്ന് തോന്നിപ്പിക്കില്ലായിരിക്കാം. ഒരു മഴക്കാലം ഇടയിലുണ്ടായല്ലോ. കുറ്റിച്ചെടികളും പുല്ലും നിറയെ ഉണ്ടായിരുന്നു എന്ന് ചാർളി റാസി ഓർക്കുന്നുണ്ട്.''
''ബാങ്കിൽനിന്ന് അരിശത്തോടെ വരുന്ന റോമി. ചെക്ക് ഡെപോസിറ്റ് എടുത്തില്ലല്ലോ. ഗൾഫുകാർക്ക് പൊതുവെ ഉള്ള ഫ്രസ്ട്രേഷൻ. കൂടാതെ നാളെ തന്നെക്കാത്തിരിക്കുന്ന ഡോ. നായരുടെ സെക്കൻഡ് ഒപീനിയൻ. ജീവിതം മൊത്തം തെറ്റിയിരിക്കുന്നു. അവർ കാറിൽ കയറുന്നു. റോമിയും റോമിയും മുന്നിൽ. പിള്ളേർ പിറകിൽ. റിവേഴ്സ് എടുക്കണം.''
''ഇനി നമുക്കൊന്നൂഹിക്കാം ജെന്നീ...നാലുമണിക്കാണ് ഡോ. ഉമ വിളിക്കാൻ പറഞ്ഞിട്ടുള്ളത് അല്ലേ? ഇപ്പൊ നാലേ അഞ്ച്. പെൺ റോമി ഡോക്ടർക്ക് വിളിക്കാൻ പറയുന്നു. റോമി കാർ സ്റ്റാർട്ടാക്കി എ.സി ഇട്ട്. ബൈ ദ വേ, അത് ഏസി ഉള്ള കാറായിരുന്നു എന്ന് സ്തെബസ്ത്യാനോസ് ഉറപ്പിച്ച് പറഞ്ഞു, അപ്പോ എ.സി ഇട്ട് അതീവ ടെൻഷനോടെ മൊബൈലിൽ കുത്തുന്നു.''
''യെസ് പേപ്പാ...ഉമ ഡോക്ടർ അങ്ങേ തലയ്ക്കൽ! ഉശിരൻ ട്വിസ്റ്റ്. ജീവിതം വീണ്ടും തിരിയുന്നു. ആഹ്ലാദം. പെൺറോമിയും കരഞ്ഞുകൊണ്ട് ഡോ. ഉമയോട് സംസാരിക്കുന്നു.''
''ജെന്നി, ഒരു കാര്യംകൂടിയുണ്ട്. ലേണിങ് സ്റ്റിക്കർ ഒട്ടിച്ച കാർ. സ്തെബസ്ത്യാനോസിെൻറ വീട്ടിൽ വണ്ടി തിരിക്കാൻ പാടുപെട്ട റോമി. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. കാറുംകൊണ്ട് തൃശൂർക്ക് പോയ റോമിയുടെ ഡ്രൈവിങ് 'വൈദഗ്ധ്യം' അറിയുന്നതുകൊണ്ടാണ് അപ്പൻ ആറുമണിക്ക് വിളിക്കുന്നത്...
ശരി. ജീവിതം തിരിച്ചുകിട്ടിയ ആഹ്ലാദതള്ളിച്ചയിൽ റോമി കാർ എടുക്കുന്നു. റിവെഴ്സ് ഗിയറിനു പകരം ഫസ്റ്റ് ഗിയർ ഇട്ടിരിക്കാം! ഒരു കൈപ്പിഴ! കാർ മുന്നിലേക്ക് ഇരച്ചു. ഒറ്റ സെക്കൻഡ്. കാർ കിണറ്റിലേക്ക്! ആരുടേയും ശ്രദ്ധയിൽപെട്ടില്ല. പൊതുവെ മഴക്കാലത്ത് മുളച്ച കാടും പടലും പുല്ലും ഉള്ള കോമ്പൗണ്ടാണ്. ഒച്ച കേട്ടിരിക്കാം. മൂന്ന് സെക്കൻഡ് ആരുടെയും ദൃഷ്ടി അവിടേക്ക് ഫോക്കസ് ചെയ്തില്ലായിരുന്നിരിക്കാം. ക്വയ്റ്റ് പോസിബിൾ...''
''പേപ്പാ... ക്വയ്റ്റ് ഹൊറിബിൾ ടൂ...''
''കിണറിനുള്ളിൽ വെള്ളവും കോൺക്രീറ്റ് വേസ്റ്റുകളും. കൂടെ കാറും നാലുപേരും.''
''ജെന്നീ ഇനിയുമുണ്ട്...സെപ്തംബർ 5 നു സി.ആർ കോംപ്ലക്സ് ഫൗണ്ടേഷനു കുറ്റി നാട്ടലാണ്. കിണർ ആ സായ്വ് മൂടിയിട്ടുമില്ല. ചാർളി സെയ്തുവുമായി ഒരു വലിയ വഴക്കുണ്ടാക്കി. അത് വ്യക്തമായി ഓർക്കുന്നുണ്ട് ചാർളി. ഓഗസ്റ്റ് 15നാണത്. തേക്കിൻ കാട്ടിൽ പരേഡിൽ ചാർളിയുടെ മകൻ ഉണ്ടായിരുന്നു. അതിനു വന്നപ്പോഴാണ് സെയ്തുവിെൻറ ടിപ്പർ ലോറി നായ്ക്കനാൽ പരിസരത്ത് കണ്ടതും കൈയോടെ അയാളെ പിടിച്ചതും. അന്ന് സെപ്തംബർ ഒന്നിനു കിണറേ അവിടെ ഉണ്ടാകില്ല എന്ന് സെയ്തു വാക്ക് നൽകിയത് ചാർളിക്ക് കൃത്യം ഓർമയുണ്ട്. രസം കൃത്യം വാചകം ഓർമയുണ്ട് എന്നതാണ്. ചീത്തയിൽനിന്ന് രക്ഷപ്പെടാനോ എന്തോ സായ്വ് പറഞ്ഞ ഡയലോഗ് ഇതായിരുന്നു: ഈ വരണ ഒന്നാന്തിയ്ക്ക് ആ കിണറ് ഒരു സങ്കൽപമായി മാറീണ്ടാവും. ഇത് സേതൂെൻറ ഒറപ്പാണ് സാറേ...''
''സായ്വ് നാടകനടനായിരുന്നിരിക്കും. അപ്പോൾ ആ ദിവസങ്ങളിൽ സെയ്തുവിെൻറ ടിപ്പർ നിരന്തരം കിണർ നികത്തുന്നുണ്ടാകണം അല്ലേ പേപ്പാ?''
''കാർ അകത്ത് പോയതിെൻറ പിറകെ ടിപ്പർ വന്ന് ഒരു ലോഡ് അടിച്ചിട്ടുണ്ടെങ്കിൽ? വീണ്ടും വീണ്ടും കൊണ്ടുവന്ന് തട്ടിയിട്ടുണ്ടായിരുന്നെങ്കിൽ?''
''ഉണ്ടായിരുന്നെങ്കിൽ അല്ല പേപ്പാ...ഉണ്ട്. അതല്ലേ പ്ലാസ്റ്റിക് ബാഗ് വേസ്റ്റ് ഡ്രിൽ ചെയ്തപ്പോ...''
''ബാഗ് മാത്രമല്ല ജെന്നീ... ഇഷ്ടംപോലെ ഐറ്റംസ്... എന്തായാലും സെപ്തംബർ അഞ്ചിനു തന്നെ കുറ്റിയടി നടന്നു. അപ്പോഴേക്ക് അവിടെ കിണർ ഇല്ലായിരുന്നു.''
''പേപ്പാ... എനിക്ക് ശ്വാസംമുട്ടുന്നു.''
''ജെന്നീ, ഒരു വലിയ ഭാഗ്യം ഈ ഷോപ്പിങ് കോംപ്ലക്സിനു ബേസ്മെൻറ് പാർക്കിങ് ഉണ്ട് എന്നതാണ്. അല്ലാത്തപക്ഷം അതൊരു ബേക്കറിയോ ബ്യൂട്ടിപാർലറോ ആയിരുന്നെങ്കിൽ? പിന്നെയും ലക്ക് ഉണ്ട്. ലോക്ഡൗൺ അല്ലായിരുന്നെങ്കിൽ?''
''കിണറിെൻറ സ്പോട്ട് ഐഡൻറിഫൈ ചെയ്തു. ഡ്രിൽ ചെയ്ത് മണ്ണെടുക്കണം. കാറിെൻറ തകിട്, എല്ല്, ദ്രവിക്കാത്ത പ്ലാസ്റ്റിക് കാഷ് ബാഗ് എന്തെങ്കിലും ഒന്ന് കിട്ടിയാൽ കിണർ ഫുൾ കുഴിക്കാൻ ആയിരുന്നു പ്ലാൻ. കിട്ടി!''
''കിണർ കുഴിക്കൽ തുടങ്ങി. ഇന്ന് രാത്രി ഫുൾ പണിയാണ്. ആവശ്യത്തിനു ലേബേഴ്സ് ഉണ്ട്. എക്യൂപ്മെൻറ്സും. ഉദയഭാനു ഈസ് എ ഗ്രേറ്റ് എക്സിക്യൂഷണർ! കംപ്ലീറ്റ് സീക്രട്ട് ആണ്! നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക്...''
''ഒന്നരയ്ക്ക്...''
''നമ്മൾ പുരുഷോത്തമെൻറ വീട്ടിൽ ലഞ്ച്. അത്ര തന്നെ!''
''പേപ്പാ...അഭിയോട്... ലിയോയോട്...ആ സ്തെബസ്ത്യാനോസ് അങ്കിളിനോട്... എനിക്കിപ്പൊ പറയണം!''
''നൊ നൊ നൊ നൊ!!!''
''പേപ്പാ... വൈ!!!''
''എടീ...കീപ് മം. ആൻറ്...സ്തെബസ്ത്യാനോസിെൻറ തലയ്ക്ക് മീതെ തൂങ്ങുന്ന വാളാണീക്കേസ്…''
അഭിരാമിയുടെ വീട്… തെൻറ പഴയ സതീർഥ്യൻ വർഗീസ് കാട്ടാളൻ ഐ.പി.എസ് വീട്ടിൽ വന്നതിെൻറ ആഹ്ലാദത്തിൽ പുരുഷോത്തമൻ കിണറിൽ താഴ്ത്തിക്കെട്ടിയിട്ടിരുന്ന നെല്ല് വാറ്റിയ ലോക്ഡൗൺ സ്പെഷൽ എടുത്തു. ഓടിച്ചിട്ടുപിടിച്ച പൂവൻകോഴി വറവാകുന്ന മണം.
ജെന്നിയും അഭിരാമിയും സെറ്റിയിലിരിക്കുകയാണ്. വാറ്റിെൻറ സിറുമലിൽ കാട്ടാളൻ പുരുഷോത്തമനോട് പഴയ കഥകൾ അടിച്ച് ചിരിക്കുന്നു.
റിമോട്ട് വർഗീസിെൻറ കൈയിലാണ്.
കൃത്യം ഒന്നര!
ടി.വിയിൽ ബ്രേക്കിങ് വന്നു.
ഇരട്ടറോമീ തിരോധാനകേസ് നാടകീയ വഴിത്തിരിവിൽ.
എല്ലാ ചാനലിലും കിണറിൽനിന്ന് ഉയർത്തുന്ന കാറിെൻറ അസ്ഥികൂടം.
ക്രൈംബ്രാഞ്ച് എസ്.പി ഉദയഭാനുവിെൻറ മുഖം.
റിട്ടയറാകാൻ പോകുന്ന തെൻറ ജീവിതത്തിലെ ആനന്ദനിമിഷമെന്ന് ഉദയഭാനു.
കോടതി കേസ് തള്ളിയിട്ടും പ്രതിയായി സംശയിക്കപ്പെട്ട, വേട്ടയാടപ്പെട്ട സ്തെബസ്ത്യാനോസിെൻറ നിരന്തര സമ്മർദത്താൽ ഈ കേസ് താൻ ഒരിക്കലും ക്ലോസ് ചെയ്തിരുന്നില്ലെന്ന് ഉദയഭാനു വികാരാധീനനായി കാമറകളോട്!!
''എന്നും താൻ ഇതിനു പിറകെ ആയിരുന്നു. നിരപരാധിത്വം തെളിയിക്കാൻ വെമ്പുന്ന സ്തെബസ്ത്യാനോസും തെൻറയൊപ്പമുണ്ടായിരുന്നു.''
സ്ക്രോളിങ്...
സ്തെബസ്ത്യാനോസ് സ്വന്തം വീട്ടിൽനിന്ന് ടി.വിയിൽ...
''സത്യം ജയിക്കും. സത്യമേ ജയിക്കൂ. ഈ കൈകൾ ശുദ്ധമാണ്. ആ ഉറപ്പാണെെൻറ മൂലധനം.''
അയാൾക്ക് പിറകിൽ ലിയോ!
വാർത്ത വന്നപ്പോൾ അറിയാതെ എണീറ്റു മുന്നോട്ട് നിന്ന് സ്ക്രീനിലേക്ക് ഉറ്റുനോക്കുകയായിരുന്ന അഭിരാമി സെറ്റിയിലേക്ക് വീഴുംപോലെ ഇരുന്നുപോയി. പിന്നെ ചാടി എണീറ്റ് ജെന്നിയെ ഇറുക്കി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
കണ്ണീരോടെ അവൾ വർഗീസിനേയും കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ! കൂടെ ചെവിയിൽ: താങ്ക്സ് പേപ്പാ...
പുരുഷോത്തമനും വർഗീസും അടുത്തത് ഒഴിച്ചു.
പത്രങ്ങളിലെല്ലാം ഉദയഭാനു വീരചരിതം. സിറ്റി എഡിഷനിൽ ഇരുകൈകളും ഉയർത്തി നിൽക്കുന്ന ലിയോയുടെ അപ്പെൻറ കളർ ഫോട്ടം; വിശുദ്ധനായ സ്തെബസ്ത്യാനോസ് എന്ന് ഫ്രണ്ട് പേജ് ബോക്സ്.
കാട്ടാളൻ തയാറാക്കി കൊടുത്ത ക്ലോസിങ് റിപ്പോർട്ട് വെച്ച് ഉദയഭാനു ഇരട്ടറോമീതിരോധാന കേസ് ഫയൽ മുറുക്കി കെട്ടി.
പുരുഷോത്തമന് ഒറ്റ ഡിമാേൻറ ഉണ്ടായിരുന്നുള്ളൂ. ലോക്ഡൗൺ കഴിയണം. മൂവായിരം പേരെ വിളിച്ച് ആർഭാടമാക്കണം കല്യാണം.
സ്തെബസ്ത്യാനോസിന് ഒറ്റ ഡിമാേൻറ ഉണ്ടായിരുന്നുള്ളൂ… ഒരു കാരണവശാലും അഭിരാമിയെ മാമോദീസ മുക്കരുത്: മാലാഖയാണവൾ!
വർഗീസിന് ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ: ഈ കേസിൽ താൻ ഇല്ല!
ജെന്നിക്ക് മാത്രം ഡിമാൻറുകൾ ഉണ്ടായിരുന്നില്ല!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.