അഞ്ചുപേർക്ക് പരിക്ക്
പുനലൂർ: കല്ലട ജലസേചനപദ്ധതിയുടെ വലതുകര കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ടുതൊഴിലാളികൾ മരിച്ചു.
കുലശേഖരപുരം രാമനാമഠത്തിൽ മേക്കതിൽ രാജൻ-ബേബി ദമ്പതികളുടെ മകൻ ആർ.ജിഷ്ണു (32), കരുനാഗപ്പള്ളി ഇടക്കുളങ്ങര പുലിയൂർവഞ്ചി തെക്ക് കാവിന്റെ തെക്കതിൽ ബാബു (55) എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുലശേഖരപുരം ദ്വാരകയിൽ പ്രമോദിനെ(45) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഡ്രൈവർ കുലശേഖരപുരം ആദിനാട് നോർത്ത് ബാസ്റ്റ്യൻ (22), വവ്വാക്കാവ് പാട്ടത്തിൽവീട്ടിൽ സന്തോഷ് (40), കുലശേഖരപുരം ആലുംതറ മുക്ക് അനൂപ് ഭവനിൽ അനൂപ് കൃഷ്ണൻ (33), പശ്ചിമ ബംഗാൾ സ്വദേശി അലോബ് ദേബ് ശർമ (22) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉറുകുന്ന് കനാൽപാലത്തിന് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം.
ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം കുന്നുംപുറം ഭാഗത്ത് വീടിന്റെ കോൺക്രീറ്റ് പണിക്കായി എത്തിയവരുടെ പിക് അപ്പാണ് അപകടത്തിൽപെട്ടത്. കോൺക്രീറ്റ് കഴിഞ്ഞ് കരുനാഗപ്പള്ളിയിലേക്ക് മടങ്ങവേ ഇറക്കത്തിൽ വാഹനം നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കോൺക്രീറ്റ് മിക്സർ ഉൾപ്പെടെ നിർമാണ സാമഗ്രികളും വാഹനത്തിലുണ്ടായിരുന്നു. റോഡിലെ കട്ടിങ്ങിൽ ഇടിച്ച പിക് അപ് 75 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിന്റെ ശിഖരത്തിൽ തട്ടി സാവധാനം താഴേക്കുപോയതും കനാലിൽ വെള്ളം കുറവായിരുന്നതും കൂടുതൽ ആളപായം ഒഴിവാക്കി. പിക്അപ്പിന് അടിയിൽപ്പെട്ട ജിഷ്ണു തൽക്ഷണം മരിച്ചു. ബാബുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെ ഭാര്യ: അഖിന. മക്കൾ: അഭിനവ്, അഭിനന്ദ. ബാബുവിന്റെ ഭാര്യ: വസന്ത. മക്കൾ: ദീപിക, ദീപ്തി. മരുമക്കൾ: ഷൈൻ രാജ്, അഖിൽ.