കൊല്ലം: റവന്യൂ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയും ജോയൻറ് കൗണ്‍സിൽ നേതാവുമായിരുന്ന കൊല്ലം പാലത്തറ ദേവി നഗർ 41/1 നിഹാരികയിൽ ദിലീപ് തമ്പി (57) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച ആശ്രാമം മൈതാനത്ത് പ്രഭാതസവാരിക്കിടയില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംസ്കാരം പോളയത്തോട് ശ്മശാനത്തില്‍ നടന്നു. ഭാര്യ: വീണ (ചിറക്കര പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക്). മക്കള്‍: ആര്‍ച്ച നിഹാരിക ദിലീപ് (പുത്തൂര്‍ ആയൂര്‍വേദ കോളജ് വിദ്യാർഥിനി), സാന്ദ്രാ നിഹാരിക ദിലീപ് (മാര്‍ ഇവാനിയോസ് കോളജ് വിദ്യാർഥിനി). സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ഐപ്സോ ജില്ല സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. മൗണ്ടനീയറിങ് സംഘടനയിലും പാരാഗൈഡിങ് സംഘടനയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മന്ത്രി കെ. രാജു, എം.എല്‍.എമാരായ മുല്ലക്കര രത്നാകരന്, ചിറ്റയം ഗോപകുമാര്‍, ജി.എസ്. ജയലാല്‍, എം. നൗഷാദ്, റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വാഹിദ്, കലക്ടര്‍ ബി. അബ്ദുല്‍ നാസർ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.