ചേര്‍ത്തല: ദേശീയപാതയില്‍ പട്ടണക്കാടും ചേര്‍ത്തല പൊലീസ് സ്റ്റേഷന് സമീപത്തും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ദേശീയപാതയില്‍ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിക്ക് സമീപം സൈക്കിളില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഷാപ്പ് ജീവനക്കാരനായ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നീലകണ്ണാട്ടു നികര്‍ത്തില്‍ മനോഹരനാണ് (62) മരിച്ചത്. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ഭാര്യ: ശശികല. മക്കള്‍: ആശ,മഞ്ജു, ഐശ്വര്യ. മരുമക്കൾ: സിലന്‍, സുരേഷ്.
ചേര്‍ത്തല പൊലീസ് സ്റ്റേഷന് സമീപം കാല്നടയാത്രക്കാരന് വാഹനമിടിച്ചു മരിച്ചു. നിര്‍ത്താതെ പോയ വാഹനം ആലപ്പുഴ ബൈപാസിന് സമീപം പൊലീസ് പിടികൂടി. തണ്ണീര്‍മുക്കം പഞ്ചായത്ത് 20ാംവാര്‍ഡ് മണവേലി തെക്ക് ദീപു നിവാസില്‍ വിശ്വനാഥനാണ് (78) മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇന്‍സുലേറ്റഡ് വാനാണ് ഇടിച്ചത്. വിശ്വനാഥന് റോഡരികിലേക്ക് തെറിച്ചുവീണു. നിര്‍ത്താതെ പോയ വാഹനത്തിന്റെ അടയാളങ്ങള്‍ ചേര്‍ത്തല പൊലീസ് വയര്‍ലെസ് സംവിധാനത്തിലൂടെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ ബൈപാസിന് സമീപം ഇടിച്ച വാഹനം പിടികൂടി. കര്‍ണാടക സ്വദേശിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ചേര്‍ത്തല പൊലീസ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. ഭാര്യ തങ്കമണി മരിച്ച് പത്താം ദിനമാണ് വിശ്വനാഥന് അപകടത്തില്‍ മരിച്ചത്. മക്കള്‍: ദീപ,ദീപു. മരുമക്കള്‍: ഷാജി, സോണി. സഞ്ചയനം ശനിയാഴ്ച രാവിലെ പത്തിന്.