പാലക്കാട്: ജില്ല ആശുപത്രിക്ക് മുമ്പിൽ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. ന്യൂമാഹി പരിമഠം സമീർ മൻസിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകനും സാമൂഹിക പ്രവർത്തകനുമായ കെ. അഷറഫ് (അഷറഫ് മഹിമ - 63) ആണ് മരിച്ചത്. പെരിങ്ങാടി ജംഇയ്യത്തുൽ ഫലാഹ് ട്രസ്റ്റ്, പുന്നോൽ ഐഡിയൽ ട്രസ്റ്റ്, പരിമടം മഹല്ല് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന ജില്ല ആശുപത്രിക്ക് മുന്നിലെ ചിമ്മിനി മലബാർ ഹോട്ടലിന് മുകളിലെ താമസ സ്ഥലത്തുനിന്ന് ഞായറാഴ്ച പ്രഭാത പ്രാർഥനക്ക് വേണ്ടി റോഡ് മുറിച്ചുകടക്കുമ്പോഴാണ് സുൽത്താൻപേട്ട ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയും 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നഗരസഭ കൗൺസിലർമാരായ എം. സുലൈമാൻ, സെയ്ത് മീരാൻ എന്നിവർ ബന്ധുക്കൾക്ക് വിവിധ സഹായങ്ങളുമായി സ്ഥലത്തെത്തി. ഭാര്യ: സുബൈറത്തുൽ സാജിത. മക്കൾ: നഹീം അക്തർ, ഫഹീം അക്തർ (ബംഗളൂരു), ഫാത്തിമ വാജിത. സഹോദരങ്ങൾ: സുഹ്റ, നസീമ, ഹഫ്സത്, സൗജത്, നവാസ്, കരീം. മൃതദേഹം മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.