മാഹി: പള്ളൂർ-പന്തക്കൽ റോഡിൽ നടന്നുപോകവേ ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പ്രിൻസിപ്പൽ മരിച്ചു. പന്തോക്കാട് സിമൻറ് കടക്കുസമീപം ‘അരുണിമ’യിൽ സി. ബാലകൃഷ്ണനാണ് (69) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് പന്തോക്കാട് അവിട്ടം കെട്ടിടത്തിനുസമീപം റോഡരികിലൂടെ നടന്നുപോകുമ്പോൾ പള്ളൂർ ഭാഗത്തുനിന്നുവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് തലക്ക് പരിക്കേറ്റ ബാലകൃഷ്ണനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലും നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ മരിച്ചു.
ആദ്യം പുതുച്ചേരി റവന്യൂ സർവിസിൽ പ്രവേശിച്ച ബാലകൃഷ്ണൻ, ബാഹൂർ കമ്യൂണിറ്റിയിൽ തഹസിൽദാറായും മാഹി നഗരസഭ കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. കമീഷണർ സ്ഥാനം രാജിവെച്ച് കേരള സർവിസിൽ അധ്യാപകനായി. മഞ്ചേശ്വരം ഗവ.കോളജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം മൊകേരി ഗവ. കോളജിൽ പ്രിൻസിപ്പലായി വിരമിച്ചു.
ഭാര്യ: പി. സുഭാഷിണി (റിട്ട. അധ്യാപിക, തിരുവങ്ങാട് ഗേൾസ് ഹൈസ്കൂൾ). മക്കൾ: പി. അരുൺകുമാർ (സീനിയർ അസോസിയറ്റ്, എസ്.ബി.ഐ തലശ്ശേരി), ഡോ. അമൃത. മരുമകൾ: വിഭ ഭരതൻ (സീനിയർ അസോസിയറ്റ്, എസ്.ബി.ഐ മാഹി). സഹോദരങ്ങൾ: സി. വിമല (റിട്ട. സീനിയർ സ്റ്റെനോഗ്രാഫർ, സെക്രട്ടേറിയറ്റ്, പുതുച്ചേരി), സി. ഹരിദാസൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, കണ്ണൂർ കോടതി), സി. രമണി (റിട്ട. പ്രധാനാധ്യാപിക, പള്ളിക്കര ഗവ. ഹൈസ്കൂൾ), സി. ചിത്രലത (റിട്ട. പ്രധാനാധ്യാപിക, ഒ.കെ.യു.പി സ്കൂൾ, എടക്കാട്).