ചെങ്ങന്നൂർ: പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാം വാർഡ് മഴുക്കീർ പടിക്കലെ വീട്ടിൽ അനീഷിനെയാണ് (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് അനീഷ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയത്. ജോലിയിലെ സമ്മർദത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിച്ച ശേഷം മുകൾനിലയിലെ മുറിയിലേക്ക് പോയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏറെനേരമായിട്ടും താഴേക്കിറങ്ങി വരാതിരുന്നതിനെ തുടർന്ന് ഉച്ചക്ക് ഒന്നരയോടെ അമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നിലവിളി കേട്ടെത്തിയ അയൽക്കാർ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജോലിയിലെ സമ്മർദത്തെക്കുറിച്ച് അനീഷ് നേരത്തേ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായാണ് വിവരം. മൂന്നുദിവസം മുമ്പ് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. പിതാവ്: പി.ഇ. ചെല്ലപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി). മാതാവ്: ശാന്തമ്മ. ഭാര്യ: ജിഷ (ഏറ്റുമാനൂർ കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരി).
മൂന്ന് വയസ്സുള്ള അതിഥി മകളാണ്. സഹോദരങ്ങൾ: അഭിജിത്ത് (സുനിൽ - സബ് ട്രഷറി ചെങ്ങന്നൂർ), അരുൺ (അമ്പിളി - സിവിൽ പൊലീസ് ഓഫിസർ, കോയിപ്രം സ്റ്റേഷൻ പത്തനംതിട്ട).