അബുൽഖൈർ മൗലവിമാവൂർ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയും തബ്ലീഗ് ജമാഅത്ത് നേതാവുമായ ചെറൂപ്പ ചാത്തോത്ത് സി.കെ. അബുൽഖൈർ മൗലവി (സി.കെ. അഹമ്മദ് മൗലവി -85) നിര്യാതനായി. ഏറെക്കാലം മാവൂർ ജി.എം.യു.പി സ്കൂൾ, മണക്കാട് ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരുന്നു. കക്കോവ് ദാറുൽ ഹികം, വാഴക്കാട് ദാറുൽ ഉലൂം, ദയുബന്ദ് ദാറുൽ ഉലും ഇസ്ലാമിക് യൂനിവേഴ്സിറ്റി, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അഫ്ദലുൽ ഉലമയും അദീബെ ഫാസിലും പാസായി. പ്രമുഖരായ നിരവധി ഉത്തരേന്ത്യൻ പണ്ഡിതന്മാരിൽനിന്ന് മതവിജ്ഞാനം നേടിയിട്ടുണ്ട്. കണ്ണിയത്ത് അഹമദ് മുസ്ലിയായാരുടെയും എ.പി. അഹമദ് കുട്ടി നിസാമിയുടെയും ശിഷ്യനാണ്. കക്കോവ് ദാറുൽ ഹികം, കൊടിയത്തൂർ ദാറുൽ ഹുദാ എന്നിവിടങ്ങളിൽ അധ്യാപികനായിരുന്നു. ബഹുഭാഷ പണ്ഡിതനായിരുന്നു.
ജീവിതത്തിന്റെ ഒട്ടുമുക്കാൽ ഭാഗവും മത-സാംസ്കാരിക രംഗത്ത് ചെലവിട്ട അബുൽഖൈർ മൗലവിയെ 1969ൽ സൗദി ഗവ. ഹറമിൽ പ്രസംഗിക്കാൻ നിയോഗിച്ചിരുന്നു. റാബിത്വത്തുൽ ആലമിൽ ഇസ്ലാമിയുടെ ലോക സമ്മേളനത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നു. പിതാവ്: പരേതനായ ഹസൻഹാജി. മാതാവ്: പരേതനായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ആമിന. മക്കൾ: ഖൈറുന്നിസ, മഹ്ദി ഹസൻ, മുസ്തഫ അമീൻ, സഈദ് സൽമാൻ, അൻവർ സാദിഖ്, അർഷദ് ഫാറൂഖ്, അസ്ലം സിദ്ദീഖ്, നൂറുന്നിസ. മരുമക്കൾ: പരേതനായ ആലിക്കോയ, ശരീഫ് കപ്പുറം, നാജിഷ നന്മണ്ട, ആയിശ പൂനൂർ, ബുഷ്റ എടവണ്ണപ്പാറ, ശുകുറുന്നിസ കോട്ടക്കൽ, സഹീറ കുന്നുംപുറം, നസ്ലി ഫെബിൻ പൂനൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചെറൂപ്പ ഷറഫുദ്ദീൻ ജുമാമസ്ജിദിൽ.