മക്കരപ്പറമ്പ് (മലപ്പുറം): പ്രമുഖ ഉർദു ഭാഷ പ്രചാരകനും ഗ്രന്ഥകാരനും മലയാളത്തിലെ ആദ്യ ചന്ദ്രമാസ കലണ്ടർ ശിൽപിയുമായ കൂരിമണ്ണിൽ കുഞ്ഞിമുഹമ്മദ് എന്ന കുമുകുമ മാസ്റ്റർ (61) നിര്യാതനായി. ഉർദു സാഹിത്യമേഖലയിൽ കുമുകുമ എന്ന തൂലികനാമത്തിലാണ് അറിയപ്പെടുന്നത്. പുണർപ്പ വി.എം.എച്ച്.എം.യു.പി സ്കൂളിൽ 37 വർഷം ഉർദു അധ്യാപകനായിരുന്നു. പുണർപ്പ നൂറുൽഹുദ മദ്റസ, മക്കരപ്പറമ്പ് ഉമറുൽ ഫാറൂഖ് മദ്റസ, മലപ്പുറം ജലാലിയ മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഇരുമ്പുഴിയിലെ പരേതരായ കുരിമണ്ണിൽ അലവിക്കുട്ടി കുഞ്ഞുഹാജിയുടെയും വാറങ്ങോട് നെടുങ്ങാട്ട് ആസ്യയുടെയും മൂത്ത മകനാണ്.കേരളത്തിലെ ആദ്യ ഉർദു ബാലസാഹിത്യ മാസികയായ ഝലക്ക് മഹ് നാമയുടെയും ‘അരങ്ങ്’മലയാള മാസികയുടെയും സ്ഥാപകനും പത്രാധിപരുമായിരുന്നു. ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി, കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മങ്കട ഉപജില്ല സെക്രട്ടറി, ഇരുമ്പുഴി മഹല്ല് പരിപാലന കമ്മിറ്റി സെക്രട്ടറി, കൾചറൽ യൂത്ത് മൂവ്മെൻറ് സെക്രട്ടറി, സിമി ജില്ല ഓഫിസ് സെക്രട്ടറി, സാക്ഷരത മിഷൻ കോഓഡിനേറ്റർ, മക്കരപ്പറമ്പ് മസ്ജിദ് ഉമറുൽ ഫാറൂഖ് വെൽഫെയർ കമ്മിറ്റി സെക്രട്ടറി, പുണർപ്പ സാധു സംരക്ഷണ കമ്മoറ്റി, ഫാത്തിമ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, നൂറുൽ ഹുദ മദ്റസ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചലനമറ്റ ഹൃദയങ്ങൾ, കാലനിർണയവും അനുഷ്ഠാന കർമങ്ങളും ആഗോള ഹിജ്റ കലണ്ടറും ബ്ലണ്ടറും, മാസപ്പിറവി ഏകീകരണം, ഇസ്ലാമിലെ സാങ്കേതിക പദാവലികൾ തുടങ്ങിയ ഗവേഷണ ഗ്രന്ഥങ്ങളുടെ കർത്താവാണ്.പ്രമുഖ പ്രസാധകർക്കായി അറബി, ഉർദു, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിഭാഷയും ലിപി വിന്യാസവും ചെയ്തിരുന്നു. കുമുകുമ ടൈപ്പ് സെറ്റിങ് പബ്ലിക്കേഷൻ സ്ഥാപകനാണ്. അറബി-ഹിജ്റ, ചന്ദ്രമാസ കലണ്ടർ, ചന്ദ്രമാസഡയറി, ഹിലാൽ കമ്മിറ്റി കലണ്ടർ തുടങ്ങിയവ തയാറാക്കിയിരുന്നു. ഭാര്യ: നെടുങ്ങോട്ട് റംല (വാറങ്ങോട്). മക്കൾ: രോഷ്നിമോൾ, യാസിർ മോൻ (കെ.എസ്.ആർ.ടി.സി, മലപ്പുറം ഡിപ്പോ). മരുമക്കൾ: അബ്ദുൽ ലത്തീഫ് (കൊടിഞ്ഞി), ഷമീമ കോഡൂർ, (അധ്യാപിക, പുണർപ്പ യു.പി സ്കൂൾ). സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് (സൗദി), സൈനബ, ജാഫർ, ഉബൈദുല്ല, മുഹസീൻ, സുമയ്യ.