അടിമാലി: കുളിക്കാൻ പുഴയിലിറങ്ങി കാണാതായ വിനോദ സഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാലക്കുടി ആളൂർ ആനത്തടം വിതയത്തിൽ ക്രാസിൻ തോമസാണ് (29) മരിച്ചത്. ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കുറത്തിക്കുടി ആദിവാസി കോളനിക്കുസമീപം ഉൾവനത്തിൽ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂൺ 18ന് വൈകീട്ട് മൂന്നോടെയാണ് യുവാവിനെ മാങ്കുളം പഞ്ചായത്തിലെ ആനക്കുളം പുഴയിലെ കുത്തൊഴുക്കിൽ കാണാതായത്. കൂന്ത്രപ്പുഴയിൽ ചുഴലിവാലൻ കുത്തിന് താഴ്ഭാഗത്ത് ആദിവാസികൾ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ നിബിഡ വനപ്രദേശമായ ഇവിടെ ചെന്നെത്തുകതന്നെ പ്രയാസമാണ്. കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽനിന്ന് മൂന്ന് മണിക്കൂറിലേറെ സഞ്ചരിക്കണം. വാർത്താവിനിമയ സംവിധാനങ്ങളുമില്ല. മാങ്കുളം പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം ഉൾപ്പെടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ശക്തമായ മഴ തുടരുന്നതും വനപ്രദേശമായതും തിരച്ചിലിന് തിരിച്ചടിയായി. തുടർന്നാണ് ആദിവാസികൾ തിരച്ചിലിനിറങ്ങിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് നടപടി പൂർത്തിയാക്കും. ഭാര്യ: റിയ. മക്കൾ: എസ്തർ, ഇവറോസ്.