ചടയമംഗലം: റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും ഇളമാട് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പുത്തൻകടയിൽ എം.എ. സത്താർ (67) നിര്യാതനായി. പഞ്ചായത്ത് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ, പഞ്ചായത്തീരാജ് ആക്ട് നടപ്പാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച ഉപസമിതി അംഗം, ഇളമാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ദീർഘകാലം ത്രിതല പഞ്ചായത്ത് സമിതികളിൽ അംഗമായിരുന്നു. ദീർഘകാലം കോൺഗ്രസ് ചിതറ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്, ഡി.സി.സി എക്സിക്യൂട്ടിവ് അംഗം, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ഷംലാ സത്താർ. മക്കൾ: അൻസാദ് എ. സത്താർ, ആസിഫ് എ. സത്താർ, റസീഫ് മുഹമ്മദ്. മരുമക്കൾ: റൈസാ ഖദീജ, സുഹയ്യ, ഷബ്നം.
മന്ത്രി കെ. രാജു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ ജി.എസ്. ജയലാൽ, മുല്ലക്കര രത്നാകരൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, പ്രയാർ ഗോപാലകൃഷ്ണൻ, കെ.ആർ. ചന്ദ്രമോഹനൻ, പി.എസ്. സുപാൽ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സലാഹുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ചടയമംഗലം ഏരിയ പ്രസിഡൻറ് പി.വി. സലീം, വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സെക്രട്ടറി സലീം കൊട്ടുംപുറം എന്നിവർ അന്തിമോപചാരമർപ്പിച്ചു.