ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്ക്. തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആൻറണിയുടെ മകൻ ജവഹർ ആൻറണിയാണ് (41) മരിച്ചത്. കുടുംബത്തോടൊപ്പം ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിൽ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. കൊല്ലത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. കാർ പൂർണമായും തകർന്നു. ജവഹർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അൽഫോൺസ (35), മക്കളായ നന്ദൻ (12), നളൻ (10) എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രക്കാരായ ഒമ്പതുപേർക്കും പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഓച്ചിറ വള്ളികുന്നം ലക്ഷ്മി നിലയത്തിൽ ശ്രീകുമാർ (50), യാത്രക്കാരായ തോട്ടപ്പള്ളി വള്ളപുരക്കൽ സുനിമോൾ (42), ആലപ്പുഴ ചെമ്പകശ്ശേരിൽ രാജേന്ദ്രൻ (55), അമ്പലപ്പുഴ പടിപ്പുരയിൽ വിജീഷ് (42), തമിഴ്നാട് തിരുച്ചിറപ്പള്ളി സംഗീത പൂരം മേരി ആൻറണി (35), മകൾ അനിത മോൻ (20), പാതിരാപ്പള്ളി തടിക്കൽ ആർ.പ്രദീപ് (54), തകഴി വല്ലൂർഹൗസിൽ അജിത്ത്കുമാർ (47), അമ്പലപ്പുഴ കരൂർ നടുവിലെ മടത്തിപ്പറമ്പിൽ സതി ശ്രീകാന്ത് (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളജിലും, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
ബസ് ഇടിച്ച് വട്ടം കറങ്ങിയ കാർ പിന്നിൽ വന്ന വർക്കല സ്വദേശി ലക്ഷ്മി നാരായണൻ പോറ്റിയുടെ കാറിൽ ഇടിച്ചു. ഈ കാർ റോഡിന് സമീപത്തെ താഴ്ചയിലേക്ക് തെന്നിമാറി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗത തടസ്സമുണ്ടായി. ഹരിപ്പാട്, അമ്പലപ്പുഴ പൊലീസ്, ഹൈവേ പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജവഹറിെൻറ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.