ഗ്രന്ഥകാരനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു
ഹരിപ്പാട്: മലങ്കര ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റിയും കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും ഗ്രന്ഥകാരനും പ്രമുഖ വേദശാസ്ത്ര പണ്ഡിതനുമായ രാമപുരം കീരിക്കാട് ഊടത്തിൽ ഫാ.ഡോ.ഒ. തോമസ് (68) നിര്യാതനായി. സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ജനറൽ, പരുമല കൗൺസലിങ് സെന്റർ ഡയറക്ടർ, സ്നേഹലോകം, ദൂതൻ മാസികകളുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവിതപാതയിൽ, ഭൂമിയിൽ പറുദീസ, അവർ ഒന്നാകുന്നു, മനസ്സും ജീവിതവും ഇടയലേഖനങ്ങൾ ഒരു വ്യാഖ്യാനം, കൈവിളക്ക്, ക്രിസ്തുദർശനവും ജനകീയ ആത്മീയതയും എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. മാവേലിക്കര പടിഞ്ഞാറെത്തലക്കൽ കുടുംബാംഗം എലിസബത്ത് തോമസാണ് ഭാര്യ. മക്കൾ: അരുൺ തോമസ് ഉമ്മൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), അനില എൽസ തോമസ് (ഗ്രെയിൻ സ്റ്റാർസ്, എറണാകുളം), അനിഷ സൂസൻ തോമസ്. മരുമക്കൾ: ടീമാ മേരി അരുൺ (ടെക്നോപാർക്ക്, തിരുവനന്തപുരം), ഫാ.ഡോ. തോമസ് ജോർജ് (വികാരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി, പൂയപ്പള്ളി), റെജോ ജോസഫ് വർഗീസ്.