തോട്ടം തൊഴിലാളിയാണ് യുവതി
രാജക്കാട്: ശാന്തൻപാറ പള്ളിക്കുന്നിനുസമീപം പാറക്കുളത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി പ്രിയങ്കയെയാണ് (22) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രിയങ്കയോടൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി പ്രദീപിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശ് സ്വദേശികളായ അജിത്, സാവിത്രി, പ്രിയങ്ക, പ്രദീപ് എന്നിവർ പള്ളിക്കുന്നിനു സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. തമിഴ്നാട് സ്വദേശി പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിലെ ജോലിക്കാരാണ് ഇവർ. കഴിഞ്ഞ ഞായറാഴ്ച ഇവർ തമ്മിൽ കലഹമുണ്ടായതായി സമീപവാസികൾ പറഞ്ഞു. തുടർന്ന് വിഷം കലർത്തിയ ചായ കുടിച്ച അജിത്ത്, സാവിത്രി എന്നിവരെ ഏലത്തോട്ടം സൂപ്പർവൈസർ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇരുവരും ചൊവ്വാഴ്ചയാണ് ഡിസ്ചാർജായത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതുമുതൽ പ്രദീപിനെയും പ്രിയങ്കയെയും കാണാതായതായി പൊലീസ് പറയുന്നു. പ്രിയങ്കയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കാണാതായ പ്രദീപിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.