കോതമംഗലം: പൂയംകുട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ മാമലക്കണ്ടം ചാമപ്പാറ നിരപ്പേൽ കുട്ടപ്പെൻറ മകൻ റെജിയുടെ (47) മൃതദേഹം കണ്ടെടുത്തു. പൂയംകുട്ടി പുഴയുടെ മുകളിൽ പിണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത് സുഹൃത്തുക്കളുമൊത്ത് ഞായറാഴ്ച മീൻപിടിക്കാനിറങ്ങിയപ്പോഴാണ് റെജി അപകടത്തിൽപെട്ടത്. കൂടെയുള്ളവർ വിവരം അറിയിച്ചതിനെത്തുടർന്ന് കുട്ടമ്പുഴ റേഞ്ചിലെ വനപാലകരും നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച കോതമംഗലം അഗ്നിരക്ഷാസേന സ്കൂബാ ടീം മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ടോടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തു. സ്കൂബാ ടീം അംഗങ്ങളായ അനിൽകുമാർ, സിദ്ദീഖ് ഇസ്മായിൽ, പി.എം. റഷീദ്, കെ.എൻ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പി.സി. ജോഷി, കെ.കെ. ബിനോയി, സൽമാൻ ഖാൻ, വൈശാഖ്, ജോയ്സ് ജോയി എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിൽ പങ്കെടുത്തത്. കുട്ടമ്പുഴ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: അപ്പു, ജിത്തു.