മൂവാറ്റുപുഴ: കോൺഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡി.കെ.ടി.എഫ്) സംസ്ഥാന പ്രസിഡന്റുമായ ജോയി മാളിയേക്കല്‍ (65) നിര്യാതനായി. വാഴക്കുളം മാളിയേക്കല്‍ പൗലോസിന്റെയും പെണ്ണമ്മയുടെയും മകനാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന മാളിയേക്കൽ യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻറായി പൊതുരംഗത്ത് സജീവമായി. ഐ.എൻ.ടി.യു .സി താലൂക്ക് സെക്രട്ടറി, എറണാകുളം ജില്ല സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.
1991ൽ നടന്ന കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ കൂത്താട്ടുകുളം ബ്ലോക്കിൽനിന്ന് ജില്ല കോൺഗ്രസ് കമ്മറ്റി അംഗമായി. ഡി.കെ.ടി.എഫ് എറണാകുളം ജില്ല സെക്രട്ടറിയായും തുടർന്ന് ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 12 വർഷമായി ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു.
ജില്ല പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. വാഴക്കുളത്തെ മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്ക് രൂപവത്കരണത്തിന് നേതൃത്വം നൽകി. ബാങ്ക് പ്രവർത്തനം ആരംഭിച്ചതുമുതൽ 20 വർഷമായി പ്രസിഡൻറായും പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയോടും എ ഗ്രൂപ്പിനോടും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാക്കളിൽ ഒരാളായിരുന്നു. ഭാര്യ: ആനി ജോയി. മകന്: പോള്‍ ജെ. മാളിയേക്കല്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കദളിക്കാട് വിമലമാതാ ചര്‍ച്ച് സെമിത്തേരിയിൽ.