പടിഞ്ഞാറത്തറ: ആദ്യകാല അറബി അധ്യാപക സംഘടനാ നേതാവ് പടിഞ്ഞാറത്തറ എം. മുഹമ്മദലി മാസ്റ്റർ (76) നിര്യാതനായി. മദ്റസാ പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു. കേരള മുസ്ലിം ജമാഅത്ത് സ്ഥാപക അംഗമാണ്. മദ്റസ അധ്യാപകരുടെ തൊഴിൽ സംഘടന രൂപവത്കരണം, അധ്യാപകർക്കുള്ള ഇൻ സർവിസ് കോഴ്സ്, പാഠപുസ്തക രചന ശില്പശാലകള് എന്നിവക്ക് നേതൃത്വം നൽകി. കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ അധ്യാപക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്നു. കൽപറ്റ ദാറുൽ ഫലാഹ്, മുഅസ്സസ ആർട്സ് കോളജ്, അൽഹസന വിമൻസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു. ഇസ്ലാമിക് എജുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ സ്ഥാപക ജനറൽ മാനേജറാണ്. കാപ്പുണ്ടിക്കൽ മഹല്ല് ജനറൽ സെക്രട്ടറിയായിട്ടുണ്ട്. വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് അംഗം, മുസ്ലിം ജമാഅത്ത് നിർവാഹക സമിതി അംഗം ചുമതലകൾ വഹിച്ചു വരുകയായിരുന്നു.ഭാര്യ: ആയാർ നഫീസ. മക്കൾ: സുമയ്യ, ആബിദ്, യാസിർ, റഹീമ, ഹാഫിള് സാലിം, സുലൈം, ഫാത്തിമ. മരുമക്കൾ: ഹുസൈൻ സഖാഫി പന്നൂർ, അബ്ദുല്ല അഞ്ചാംപീടിക, ശംസുദ്ദീൻ സഖാഫി മുത്തങ്ങ, റംല, ആമിന, റബീഅത്ത്, നഈമ, പരേതനായ കൈപ്പാണി സൂപ്പി മുസ്ലിയാർ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഖലീൽ അൽ-ബുഖാരി, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ എന്നിവർ അനുശോചിച്ചു.