ആലുവ: യു.സി കോളജ് വല്യപ്പൻപടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ആലുവ തോട്ടക്കാട്ടുകര ശിവക്ഷേത്രത്തിന് സമീപം സചീന്ദ്രപുരം വീട്ടിൽ പരേതനായ കേശവൻ നായരുടെ മകൻ ജയമോഹനാണ് (48) മരിച്ചത്. ‘ഇന്ത്യൻ എക്സ്പ്രസി’ൽ ഫിനാൻസ് വിഭാഗം ജീവനക്കാരനാണ്.
ശനിയാഴ്ച വൈകീട്ട് 3.45ഓടെയായിരുന്നു അപകടം. ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയമോഹെന രക്ഷിക്കാനായില്ല. വെളിയത്തുനാട് മാമ്പ്ര സ്വദേശി മുഹമ്മദ് ഹംദാൻ, കരുമാല്ലൂർ ചെട്ടിക്കാട് സ്വദേശി സുരേഷ്ബാബു, കൊങ്ങോർപ്പിള്ളി സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്.
സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടതുപ്രകാരം വീട് വാങ്ങുന്നതിനായി മുഹമ്മദ് ഹംദാൻ, സുരേഷ്ബാബു എന്നിവരോടൊപ്പം ജയമോഹൻ മാളികംപീടികയിൽനിന്നും യു.സി.കോളേജ് ഭാഗത്തേക്ക് രണ്ട് ബൈക്കുകളിലായി പോവുകയായിരുന്നു. വല്യപ്പൻപടി കവലക്ക് സമീപം ഓട്ടോറിക്ഷയെ മറികടന്നുവന്ന കൊങ്ങോർപ്പിള്ളി സ്വദേശി കൃഷ്ണപ്രസാദിെൻറ ബുള്ളറ്റുമായി ഹംദാൻ ഓടിച്ച ബൈക്ക് കൂട്ടിയിടിച്ചു. ഹംദാനും പിന്നിലിരുന്ന ജയമോഹനും ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന കൃഷ്ണപ്രസാദും റോഡിലേക്ക് തെറിച്ചുവീണു. റോഡിലേക്ക് മറിഞ്ഞുവീണ ബൈക്കിലേക്ക് സുരേഷ്ബാബുവിെൻറ ബൈക്ക് ഇടിച്ചുകയറി. പരിക്കേറ്റ നാലുപേരേയും നാട്ടുകാർചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിസാര പരിക്കുകളോടെ രക്ഷപെട്ട സുരേഷ്ബാബുവിന് പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു.
ജയമോഹെൻറ മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: പരേതയായ ചന്ദ്രികദേവി. ഭാര്യ: സുപ്രിയ (കോട്ടക്കൽ ആര്യവൈദ്യ ശാല ജീവനക്കാരി, കോയമ്പത്തൂർ). മകൾ: ലക്ഷ്മി ഗൗരി നായർ (അഞ്ച് വയസ്സ്).