കൊണ്ടോട്ടി: എം.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന പുളിക്കൽ മലയിൽ മുഹമ്മദ് കുട്ടി (73) നിര്യാതനായി. റിട്ട. പൊതുമരാമത്ത് വകുപ്പ് ഓവർസിയറായിരുന്നു. 1969ൽ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി എം.എസ്.എഫിനെ ശക്തപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു. 1974ൽ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ചന്ദ്രിക ദിനപത്രം എഡിറ്റോറിയൽ ബോർഡ് അംഗം, ചന്ദ്രിക ജില്ല ബ്യൂറോ ചീഫ്, എസ്.ഇ.യു സംസ്ഥാന നേതാവ്, മലപ്പുറം ജില്ല പ്രസിഡൻറ്, മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി, പി.ഡബ്ല്യൂ.ഡി സ്വതന്ത്ര വർക്കേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ്, പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ഭാര്യ: ആമിനക്കുട്ടി (റിട്ട. പ്രധാനാധ്യാപിക, ആന്തിയൂർകുന്ന് എ.എം.എം.എൽ.പി.സ്കൂൾ). മക്കൾ: ലുബ്ന, ഷബ്ന, ജസ്ന, ഫസ്മിൻ. മരുമക്കൾ: അയ്യൂബ് ചുണ്ടക്കാടൻ (കൊണ്ടോട്ടി), മുഹ്സിൻ കാരണത്ത് (കീഴുപറമ്പ്), ഹിബ ഹനാൻ (സിയാംകണ്ടം), പരേതനായ പള്ളത്തിൽ ശമീർ ബാബു(എടത്താട്ടുകര). സഹോദരങ്ങൾ: മലയിൽ ഖാലിദ്, സുബൈദ മോങ്ങം, പരേതയായ സുഹറ.